Thursday, November 29, 2007

അസ്തമയം

മിഴിവാര്‍ന്ന ചിത്രങ്ങളത്രയും മിഴികള്‍ക്കു-
മതിവരാഞ്ഞുടയവന്‍ തേയ്ച്ചുമായ്ച്ചൂ...

തൂലിക നീട്ടിക്കുടഞ്ഞതില്‍ ശേഷിച്ച
മൂവന്തി വര്‍ണ്ണവും തൂത്തെറിഞ്ഞൂ...

പലവട്ടമാഞ്ഞിട്ടു,മോതുവാനാകാഞ്ഞ
പ്രണയ സന്ദേശമായ്‌ സന്ധ്യ മാഞ്ഞൂ..

ചന്തം മറഞ്ഞൂ; മറിഞ്ഞൂ കരിഞ്ചായ-
മാകെപ്പടര്‍ന്നതും നോക്കി നോക്കി

അലസമായാലസ്യ ലേശമന്യേ,യിന്നു-
മിതുവഴി,ക്കതിരോന്‍ കടന്നു പോയീ..

മേഘത്തിരശ്ശീല,യപ്പുറത്തുള്ളൊരാ-
ത്താരകക്കുഞ്ഞിന്‍ മുഖം മറയ്ക്കെ,

ഇഴ നേര്‍ത്ത വെണ്ണിലാച്ചേലയില്‍ രാവിന്റെ
മിഴിനീരു പോലിളം മഞ്ഞു വീണൂ...

ചിറകറ്റ ചിന്തകളിലിഴയുന്ന നോവിന്റെ
വിടരുന്ന ഫണമൊന്നുയര്‍ന്നു താണൂ..

മിന്നും പ്രതീക്ഷതന്‍ കണ്ണുകള്‍ മിന്നാ-
മിനുങ്ങിനെപ്പോലെപ്പറന്നകന്നൂ...

മറവിതന്‍ മാറാല മറയിലെന്നോര്‍മകള്‍
വീര്‍പ്പിടാനാകാതെ വീണുടഞ്ഞൂ..

മുടിയഴിച്ചാടുന്ന നിഴലുകള്‍ ജീവിത-
ച്ചുമരിന്‍ നിറച്ചാര്‍ത്തഴിച്ചെടുത്തൂ..

പുലരിയ്ക്കു ദീപം തെളിയ്ക്കുവാനുമ്മറ-
ത്തുരുകുന്ന കൈത്തിരി കാത്തു നിന്നൂ...

Monday, November 12, 2007

നീര്‍ത്തടം

പായല്‍ത്തുണ്ടില്‍
തെന്നിപ്പായും പ്രാണികള്‍

കിളിമാസു കളിയ്ക്കും മീനുകള്‍
ജലസമാധി ശീലിയ്ക്കും തവളകള്‍

സൂര്യാംശുവേല്‍ക്കെ
വ്രീളാവതിയാകും ചെന്താമര.

കുളിരാര്‍ന്ന കേളീരംഗം.

കലങ്ങിയ കരിമഷിയും
കുത്തിയൊഴുകും മദജലവും
വന്നെത്തും ഇടത്താവളം...

ആകാശനീലം ചേര്‍ത്ത
ഗൂഢസ്മിതം തൂകി
സ്ഥായിയാം ദു:ഖത്തിന്‍ ചെളി
ആഴങ്ങളിലൊളിപ്പിക്കും
സ്വച്ഛമാം ജലാശയം...