Sunday, March 29, 2009

പരീക്ഷക്കണക്കുകൾ

നിരയൊപ്പിച്ച്‌ നിര്‍ത്തിയ
മെലിഞ്ഞ ഒറ്റകളെ വിഴുങ്ങി,
വെട്ടും കുത്തും കിട്ടി തെറിച്ചവരെ
തൊട്ടു കൂട്ടി,
കൊഴുത്ത സംഖ്യകള്‍ ഏമ്പക്കമിടും.

ഹരണത്തില്‍ ശോഷിച്ചവനും,
ഒടുക്കം ശേഷിച്ചവനും
ചേര്‍ന്നുനില്‍ക്കും സമവാക്യം കണ്ട്‌,
വീര്‍ത്ത വയറിനുള്ളിലെ
വീര്‍പ്പുമുട്ടലുകള്‍ മുഴച്ചുവരും.
'പുനര്‍ജ്ജനി' ചൊല്ലി, അവരെ
സ്വാതന്ത്ര്യക്കുപ്പായമിടീച്ചാല്‍ പിന്നെ
പയറ്റു തന്നെ.

ചോരമുക്കി ഉണക്കിയ,
അപായചിഹ്നങ്ങളും,
ഉറുമി ചുരുട്ടിയ വട്ടങ്ങളും കൂടി
മാര്‍ക്കുലിസ്റ്റുണ്ടാക്കുന്നത്‌
ഇങ്ങനെയാണ്.

Sunday, March 8, 2009

ചുകപ്പിന്റെ നിറം

ഒരേ മടിത്തട്ടിൽ കേട്ട കഥയിൽനിന്നും
പലനിറം പൂശിയ ശരികൾ,
ചില്ലുപൊടി കൂട്ടിയുണക്കിയ നൂലിൻ തുമ്പിൽ
തമ്മിൽ തമ്മിൽ തരം നോക്കി
കൊത്തി പറക്കുന്നുണ്ട്‌.

കൊയ്തുപാടത്തുനിന്നും
അരിവാളുകൾ
തിരിഞ്ഞുനോക്കാനാവാത്ത അകലങ്ങളിലേയ്ക്ക്‌
ചേക്കേറിക്കഴിഞ്ഞപ്പോഴാണോ..
അന്തിമാനത്ത്‌, കാറ്റ്‌ വരച്ചിട്ട തിരകൾ
ആളിക്കത്താൻ തുടങ്ങിയത്‌ ..?

ദ്രവിച്ച തായ്‌ത്തടിയിൽ
പടർന്ന്‌ കുഴഞ്ഞ വള്ളികൾ
ഇല പൊഴിയ്ക്കാത്ത നേരമില്ല.

വഴിയില്ലായ്മകളിലേയ്ക്ക്‌
കൈചൂണ്ടിയാവാൻ അരുതാതെ
ചോര വാർന്നൊരു നക്ഷത്രം
ആകാശത്തിപ്പോഴും...