Sunday, April 26, 2009

കാണാക്കിളിവാതിൽ

എന്നാണടച്ചതെന്നോ
ഇന്നേവരെ തുറന്നിട്ടേയില്ലെന്നോ
ആരും പറഞ്ഞുകേട്ടിട്ടില്ല.

അച്ഛനോര്‍മ്മ വച്ച കാലവും
അച്ഛാഛന്റെ ഓര്‍മ്മയിലുള്ള കാലവും
ഉള്ളൊന്നു തുറക്കാന്‍ പറ്റീട്ടില്ലെന്ന്‌.

മുട്ടി നോക്കിയിരിയ്ക്കാം..
ഇല്ലാത്താക്കോലിട്ട്‌ ശ്രമിച്ചിരിയ്ക്കാം,
ഇപ്പൊ തുറക്കാമെന്ന്‌ അഹങ്കരിച്ചിരിയ്ക്കാം..

കണ്ണടയ്ക്കാത്ത, കാതനക്കാത്ത കാത്തിരുന്ന്‌
നിശാഗന്ധി പൂക്കും സംഗീതം അറിയുന്നവന്‍
സൂത്രക്കണക്കില്‍ പാതി തുറക്കുമെന്നൊരു പഴങ്കഥ.

താക്കോല്‍പ്പഴുതിലൂടെയുള്ള
രഹസ്യ സഞ്ചാരങ്ങളെ കേട്ടിട്ടുണ്ട്‌;
അനുഭവിച്ചിട്ടുമുണ്ട്‌.
അതിന്മേലുള്ള കണക്കിലും
അനുമാനത്തിലുമൊതുങ്ങുമോ ഉള്ളറ.

എലിപ്പുറത്തു പുറപ്പെട്ടുപോയി
പൂട്ടുകളെത്ര പൊളിയ്ക്കുന്നു..!

കള്ളന്‍ കയറാതെ,
കയറിയോരൊന്നും പുറത്തുപോകാതെ,
അലസമെന്ന വിധം ചാരിയിട്ടേയുള്ളൂ..
എന്നിട്ടും...
അറിഞ്ഞൊന്നു മനസ്സ്‌ തുറക്കാന്‍..

Tuesday, April 7, 2009

വെള്ളം ഉറങ്ങിക്കിടക്കുകയാവും..

കൈനീട്ടിത്തൊടാന്‍ തോന്നും..

ഒന്നു തറപ്പിച്ചു നോക്കിയാല്‍
‍ആകാശക്കണ്ണാടിയില്‍
എന്റെ കറുത്തമുഖം കാട്ടിത്തരും.

ഇല നുള്ളിയെറിഞ്ഞാല്‍
ഇക്കിളിയെന്ന്‌ മേനിയുലയ്ക്കും.

മഴത്തുള്ളിയില്‍ ഓളം വെട്ടുമ്പോഴല്ല;
ശ്വാസം തുളുമ്പാത്ത നില്‍പ്പിലാണ്‌
നിന്റെ ചന്തം.

ഞാനറിയാതെ കുതിയ്ക്കുന്നുണ്ട്‌ മനസ്സ്‌.

നഖമുന തട്ടുമ്പോഴേയ്ക്കും
അനങ്ങിക്കളയരുത്‌.

കാല്‍വിരല്‍ തൊട്ട്‌ മുടിത്തുമ്പു വരെ
നിന്നെ പുതയ്ക്കുവോളം
ഇതേ നില്‍പ്പ്‌ നില്‍ക്കുമെങ്കില്‍..
മുങ്ങിയും പൊങ്ങിയും
ആഴങ്ങളില്‍ ജീവനൊളിപ്പിച്ച്‌,
നിന്നില്‍ മയങ്ങണം.

ഒന്നിനും ഒരടയാളവും ബാക്കിവയ്ക്കാതെ
ചുളിവീഴാത്ത വിരിപ്പാകണം നീ.

നാളെ, പല കൈകളെന്നെ ഉയര്‍ത്തുമ്പോള്‍,
ഒഴുകി മാറി,
നീ നിന്നിലേയ്ക്കു തന്നെ പെയ്യും.

ആ നിമിഷത്തില്‍,
നിശ്ചലത വലിച്ചു മാറ്റി,
എന്നില്‍ കുതിര്‍ന്നുപോയ
അവസാന തുള്ളിയ്ക്കായ്‌
നീ നിര്‍ത്താതെ കരയുമോ..
പകരമായ്‌ തന്ന
എന്റെ ജീവനെപ്പോലുമോര്‍ക്കാതെ..

**************************