Wednesday, October 20, 2010

ഉപേക്ഷിയ്ക്കാനാവാത്ത ഉടൽ‌ക്കുപ്പായങ്ങൾ

"രണ്ടുപറ തവിടിനു പകരം
പുള്ളോത്തി തന്നതാ
ചുണ്ടുവരണ്ടൊരു പെണ്‍കിടാവിനെ"

ചിറിയിലൂടെ ഇഴഞ്ഞിറങ്ങുന്ന
ചൊകചൊകന്ന പാമ്പിന്‍കുഞ്ഞിനെ
നീട്ടിത്തുപ്പിയൊരു
നാട്ടുനടപ്പുകഥ;
മുറ്റത്തും മനസ്സിലും
ചോരപ്പത്തി വിടര്‍ത്തും

എന്റേതല്ലാത്ത ഇടത്തില്‍
ഞാനല്ലാത്ത ഞാന്‍ എന്ന്‌
അനാഥമായ ഉള്‍വഴികളില്‍
പുള്ളോര്‍ക്കുടത്തിന്‍ മുഴക്കം

ആയില്യം നക്ഷത്രം
അധിദേവത സര്‍പ്പം

ചുണ്ടുപോലെ വരണ്ടുപോയ മനസ്സില്‍
നെടിയ വരമ്പിലൂടെ
രണ്ടുപറ തവിടുമായി
പുള്ളോത്തി നടന്നു

വിജനമായ രാക്കിനാക്കള്‍
ഒരിടിവെട്ടിലും കെട്ടുപോകാത്ത ഇഴജന്മങ്ങളായി
പറന്നു കൊത്തി

രാവിനു മൂര്‍ച്ചയേറും യാമങ്ങളില്‍
കെട്ടുപിണഞ്ഞ കടും നിറങ്ങളെ,
മുടിയിഴച്ചും പൂക്കുല തല്ലിയും
അഴിച്ചെടുക്കാനാവാതെ..

ഇരുട്ടു പന്തലിച്ച ആകാശത്തിനു കീഴെ
ചിറകു വെട്ടി ഉപേക്ഷിയ്ക്കപ്പെട്ടവള്‍
അസ്ഥിത്വത്തിന്‍ ചോദ്യചിഹ്നത്തില്‍
തലകീഴായാടി

പാടത്തിനക്കരെനിന്ന്‌
കവുങ്ങിന്‍ പൂമണം പൊതിഞ്ഞ്‌
ജനല്‍വഴിയിലൂടെ
വീണ്ടും
കാറ്റ്‌ കടത്തിക്കൊണ്ടു വരുന്നു;
മേലാകെ തണുപ്പിഴയുമൊരു
പുള്ളുവന്‍ പാട്ട്‌
*****************************