Monday, March 28, 2011

തോര്‍ത്ത്‌

പാതി തുറന്നിരുന്ന പാന്‍ ഡപ്പയില്‍
നുള്ളിയെടുത്തതിന്‍ കുഴി,
ആഫ്റ്റര്‍ഷേവിന്റെ മണം നനച്ച തോര്‍ത്ത്‌,
മലര്‍ന്ന കണ്ണിലും
നിവര്‍ന്ന വിരല്‍ത്തുമ്പിലും
ഒഴുകിത്തീരാത്ത സ്പന്ദനം

മാര്‍ക്കറ്റ്‌ ബില്‍ഡിംഗില്‍
രണ്ടാം നിലയിലെ
നാലാം മുറിയില്‍
ഒരൊറ്റക്കൊളുത്തിലിത്രയും
തൂങ്ങിക്കിടക്കുന്നു.

കരഞ്ഞു തേഞ്ഞ കട്ടിലില്‍
അക്കങ്ങളിട്ടു പൂട്ടിയ
തോല്‍പ്പെട്ടി

സൂത്രപ്പൂട്ടു തുറക്കാനാവാതെയാവാം
താക്കോലുമുപേക്ഷിച്ച്‌
അവന്‍ പോയ്ക്കളഞ്ഞത്‌.

Sunday, March 20, 2011

നിന്നെ മനസ്സിലാവുന്നില്ല, ചിലപ്പോഴെങ്കിലും എന്നെയും

കുടിനീരിലേയ്ക്ക്‌
തൊട്ടി മുക്കുമ്പോളാകും
നീ കിണര്‍ തന്നെ മാച്ചുകളയുന്നത്‌
നെല്ലിയ്ക്കച്ചവര്‍പ്പ്‌ തൊണ്ടയിലിരുന്ന്‌ പെരുക്കും
കിട്ടാത്ത ജലമധുരം
പ്രതീക്ഷയുടെ വേനല്‍പ്പടിയില്‍ നിന്ന്‌ കിതയ്ക്കും

കണ്ണുനിറച്ചുമുള്ള മുള്‍ക്കള്ളിയില്‍ നിന്നും
മനസ്സൊന്നു നനച്ചിടാന്‍
മഷിത്തണ്ടു തേടുമ്പോള്‍..
കാഴ്ച്ചപ്പാടത്തു നിറയെ നീ
മണല്‍ക്കുന്നുകള്‍ വിതറും

ഒടുക്കം
ഏതൊക്കെയോ ശാപഭാഷയില്‍
ചിറികോട്ടി മുഷ്ടിചുരുട്ടി
ഉപ്പുപാത്തിയിലൊതുങ്ങുന്ന എനിയ്ക്കായി,
വരണ്ട ശിരോവസ്ത്രമൊളിപ്പിച്ച
മരുപ്പച്ചയില്‍ നിന്ന്‌
ഈന്തപ്പഴച്ചാറ്‌
ഇറ്റിത്തരുന്നവളേ.. നിന്നെയും..

പച്ചതീണ്ടാത്ത മണ്ണില്‍ അടഞ്ഞുതീരുന്ന
ജീവിതത്തവണകളെണ്ണിയെണ്ണി
പാതിയുണങ്ങിയ കരുവാടുപോലെ കൈകാലടുക്കി,
അടപറ്റിയ തലയിണയുടെ സ്വപ്നത്തിലേയ്ക്ക്‌
വലിഞ്ഞുകയറുന്ന എന്നെയും..

ഒരു മഴത്തുള്ളിയില്‍
കുതിര്‍ന്നുപോയേക്കാവുന്ന മനസ്സിന്‌
മനസ്സിലാകാതെ പോകുന്നതില്‍ എന്താണ്‌ തെറ്റ്‌?
**********************