Thursday, October 27, 2011

ഒരിലയുടെ താഴേയ്ക്കോ മുകളിലേയ്ക്കോ ഉള്ള യാത്രയില്‍

കാത്തിരിപ്പുമുറിയുടെ
ചില്ലുവാതിലിനപ്പുറം
ഹൃദയതാളങ്ങളെ
നേര്‍ത്തും കൂര്‍ത്തുമുള്ള വരകളിലേയ്ക്ക്‌
വിവര്‍ത്തനം ചെയ്യുകയാണ്‌

ശബ്ദമരുതെന്ന്‌
ചുവപ്പക്ഷരങ്ങള്‍ വിരലുയര്‍ത്തുന്നു

സൂചിതുളച്ച്‌ ചോരയും നീരും കേറ്റുന്നതിന്റെ,
യന്ത്രസമൂഹം ചുറ്റുമിരുന്ന്‌
വള്ളിക്കൈകള്‍കൊണ്ട്‌ വരിഞ്ഞ്‌
അനങ്ങാതെ കിടത്തുന്നതിന്റെ, സങ്കടം
ദൈവത്തോട്‌ നേരിട്ട്‌ പറയുകയാവാം
കാഴ്ച അയഞ്ഞ കണ്ണുകള്‍

ഭൂമിയ്ക്ക്‌ ലംബമായിരുന്ന ജീവിതം
കല്ലിലും മുള്ളിലും തേഞ്ഞ്‌ തേഞ്ഞ്‌
തികച്ചും തിരശ്ചീനമായൊതുങ്ങുന്ന
ഗാഢവേദനയില്‍
ശരീരം പിരിഞ്ഞുമുറുകുന്ന ഞരക്കം
വാതിലിനിക്കരെയുള്ള ഉല്‍ക്കണ്ഠയില്‍
വന്നലയ്ക്കുന്നുണ്ട്‌

മസ്തിഷ്ക്കത്തിലൊരു വേലിയേറ്റമുണ്ടായിരിയ്ക്കാം
നെഞ്ചിനുള്ളിലൊരു കാട്ടുതീ
അടിവയറ്റില്‍ പൊട്ടിയൊഴുകുന്നൊരഗ്നിപര്‍വ്വതം

എഴുതിയെഴുതി മടുത്ത വികൃതിയെപ്പോലെ
വെറുമൊരു നീളന്‍വരയില്‍
ഓടിപ്പോകുന്ന ഹൃദയം,
അരുതേയെന്ന്‌ വീണ്ടും വീണ്ടും
ഈ ചില്ലുചതുരം തുരന്ന്‌ചെന്ന
യാചനയില്‍ കാല്‍കഴുകി
ഒരു ഒറ്റവരിക്കവിത പോലെ
നീണ്ടുനീര്‍ന്ന്‌ വെള്ളമൂടിക്കിടന്നു

*****************************

Monday, October 3, 2011

ദൈവത്തിന്റെ വേവലാതികള്‍

ആദ്യമുണ്ടാക്കിവച്ച മൂശയില്‍
പണിതെടുത്തവയില്‍,
ഉള്ളറയിലേയ്ക്ക്‌
ഓരോരോ ദിശയില്‍ നിന്നും
ഒഴുകിവരുന്ന വഴികളുണ്ടായിരുന്നു

അവ വന്നുമുട്ടുന്നിടത്ത്‌
അയലത്തേയ്ക്കൊരു ചില്ലകൊടുത്ത വരിയ്ക്കപ്ലാവും
ആല്‍മരം ചൂളമടിയ്ക്കുന്ന കുളിക്കടവും
നനഞ്ഞൊട്ടിയ സിനിമാപ്പരസ്യവുമായി,
ചേര്‍ത്തടച്ചാലും
പുറംലോകമെത്തിനോക്കുന്നത്ര നേര്‍ത്തതോ
കാറ്റിലുലയുന്നതോ
തിരിക്കുറ്റികള്‍ കരയുന്നതോ ആയ
വാതിലുകളുണ്ടായിരുന്നു

വെളിച്ചത്തിന്റേയും
തണുത്ത സങ്കടത്തിന്റേയും
കരകളെ മാറിമാറിത്തൊടുന്ന
വാതില്‍പ്പാളികളുണ്ടായിരുന്നു

പുതിയ പണിത്തരങ്ങളില്‍
എന്തൊക്കെ ചെയ്തിട്ടും
എല്ലാ കപ്പല്‍യാത്രകളും ചെന്നെത്തുന്നത്‌
വെന്തതോ വെന്തുകൊണ്ടിരിയ്ക്കുന്നതോ ആയ
കരകളിലാണ്‌

ഇടയില്‍
സര്‍വ്വാധികാര്യക്കാരനായി,
രഹസ്യവഴിയുടെ അവസാനപഴുതടച്ച്‌
വെളിച്ചത്തിന്‍ നെഞ്ചിലേയ്ക്ക്‌
ഒരേ ഉന്നത്തില്‍
അനേകം സാക്ഷകള്‍

ഇരുട്ടുകുത്തിയ വാതില്‍മറയില്‍
കാല്‍നടക്കാരനറിയാതെ
ഓടിയൊളിയ്ക്കുന്ന തോള്‍സഞ്ചികള്‍
ചോപ്പുകറുത്ത കുഞ്ഞുടുപ്പുകള്‍
കണ്ണുകളെണ്ണിവയ്ക്കുന്ന ഉറുമ്പുകള്‍

കടഞ്ഞെടുത്ത പടികളില്‍ കാവലിരിയ്ക്കുന്ന
ചുളിവീഴാത്ത കീശകള്‍

തലമൂടി വെള്ളം വന്നാല്‍
അതിനുമീതെ വഞ്ചി എന്ന്‌
ദൈവവും ഗതികെടുമ്പോഴാകണം
പ്രളയമുണ്ടാകുന്നത്‌

*****************************