Sunday, January 29, 2012

ഉയിര്‍പ്പ്‌

ഓരോ തവണ മരിയ്ക്കുമ്പോഴും കരുതും
ഇനിയും ഉയിര്‍ക്കാനാവില്ലെന്ന്‌

വിരലറ്റം വരെ തളര്‍ന്നുപോയ വരികള്‍,
വര്‍ത്തമാനങ്ങള്‍,
വായനകള്‍,
കണക്കുകള്‍,
രുചിഭേദങ്ങള്‍,
പ്രണയതാളങ്ങള്‍,
ഹൃദയത്തിന്‍ സമയസൂചികള്‍..
സംസ്കരിച്ച്‌ ഉയിര്‍പ്പുണ്ടാകുമെന്ന്‌
ചിന്തിയ്ക്കുന്നതെങ്ങനെ?

പുനര്‍ജ്ജനിയുടെ
സൂത്രവാക്യമെഴുതാന്‍
ഒലീവില തേടും കിളിവാതിലുകളോടെ
കണ്ണില്‍ തൂങ്ങുന്നുണ്ട്‌,
തലമുറ താണ്ടിയ
രക്ഷാപേടകത്തിന്‍ ചുമര്‍ച്ചിത്രം

വെടിയുണ്ട തിന്നു ജീവിയ്ക്കുന്ന
ക്ഷാമകാലത്തില്‍ നിന്നും
മറുകരയിലേയ്ക്ക്‌ എത്തിപ്പിടിയ്ക്കാനായുന്ന
ഊഞ്ഞാലുകള്‍ പോലെയാണ്‌
അതിന്‍ തുഴകളത്രയും

നീണ്ട അള്‍ത്താരയില്‍,
കുരിശിലേറ്റപ്പെട്ടവന്റെ നോട്ടം
ഉരുകിയുരുകി ചരിഞ്ഞുപോയിരിയ്ക്കുന്നു

മെഴുകുതിരിയുടെ
പുരാതനമായ മഞ്ഞ വെളിച്ചത്തില്‍
മഴപ്പാറ്റകള്‍ മാലാഖച്ചിറകുരുക്കുന്നു

സാധ്യതയുടെ നേര്‍രേഖ
തേഞ്ഞുമാഞ്ഞു പോയിരുന്നിട്ടും,
കൊമ്പൊടിഞ്ഞുമരിച്ച
എന്റെ ഊഞ്ഞാലുയര്‍ത്താന്‍

അമ്മേ..എന്ന്‌
മോളേ..എന്ന്‌
എന്റെ പൊന്നേ.. എന്ന്‌

പ്രളയപ്പരപ്പില്‍ നിന്ന്‌
മൃതസഞ്ജീവനിയും കൊത്തി
വെള്ളപ്പിറാവെത്തുമെന്നും,
അടുത്ത നിമിഷം
കുരിശില്‍പ്പോലും
ഒലീവുമരങ്ങള്‍ പൊട്ടിമുളയ്ക്കുമെന്നും
കരുതിയതേ അല്ല
************************

ആനുകാലികകവിതയുടെ വാര്‍ഷികപ്പതിപ്പില്‍..

Sunday, January 8, 2012

അന്നേരം മല്‍സ്യത്തിന്റെ കണ്ണിലേയ്ക്ക്‌ നോക്കിയിട്ടുണ്ടോ..

മനസ്സുമാത്രമനങ്ങുന്ന
പതിഞ്ഞ ഈണത്തില്‍
പ്രണയമെന്നൊരു പുഴ

ഓളവിരിപ്പിലേയ്ക്ക്‌ നീന്തിക്കയറി
ജലമിടിപ്പുകളില്‍
ഉമ്മവെയ്ക്കുന്ന മല്‍സ്യങ്ങള്‍

ഒറ്റനോട്ടത്തില്‍ തെളിയാത്ത
ചിത്രങ്ങളിലൂടെ
ഉടലാകെയൊഴുകുന്ന തോണി

എത്രതവണ ആഴമളന്നാലും
മതിവരില്ല തുഴക്കോലിന്‌!

ഇലയില്‍ നിന്നും ഇലയിലേയ്ക്ക്‌ ഇറ്റുന്ന
നിലാവില്‍ നിന്നൊരു മഞ്ഞുതുള്ളി,
കൂട്ടുവന്ന കാറ്റിനെക്കൂട്ടാതെ
നനഞ്ഞിറങ്ങി
തഴുകിത്തഴുകി മൂര്‍ച്ചമാഞ്ഞ
കല്ലൊതുക്കിലൂടെ മുങ്ങാംകുഴിയിട്ടു

മണല്‍ത്തട്ടിന്‍ ഹൃദയഭിത്തിയില്‍
ദൈവം വാതില്‍ തുറന്നുവച്ചു

----------------------------------