Thursday, February 21, 2013

കൈപ്പട തെളിയാത്ത ശബ്ദങ്ങള്‍

മുഷിയാത്ത നോട്ടമായോ
മൊടപിടിയ്ക്കാത്ത ചൊല്ലായോ
ഒപ്പമുണ്ട്‌

മതിലിന്നപ്പുറം നിന്നെന്നപോലെ
മിണ്ടിപ്പറയാറുണ്ട്‌
മഴപ്പൂപ്പല്‍ വരച്ച ചിത്രങ്ങളില്‍
തേപ്പടര്‍ന്ന കല്‍വിടവില്‍
കുടഞ്ഞെണീയ്ക്കും പന്നല്‍ച്ചെടിയില്‍
കയ്യോ കണ്ണോ തട്ടാതെ
പറച്ചിലത്രയും
വാരിയെടുക്കാറുണ്ട്‌

പറഞ്ഞുനിര്‍ത്തുന്ന നിമിഷങ്ങള്‍
വീണ്ടും മിണ്ടുംവരെ
ഒടിച്ചുകുത്തിയാല്‍ ഉടല്‍പൊടിയ്ക്കുന്നത്ര
പച്ചനീരോടിക്കിടക്കാറുണ്ട്‌..

ചോപ്പും കറപ്പും കുപ്പായമിട്ട്‌
ദൈവത്തിന്‌ എണ്ണ കൊടുക്കാന്‍
അരികുപറ്റിയിഴയും പുഴുവാണ്‌ പറഞ്ഞത്‌;
ഇപ്പുറത്ത്‌
വേനല്‍പ്പാടുകള്‍
വരഞ്ഞു വരഞ്ഞ്‌ തീപ്പിടിയ്ക്കുമ്പോഴും
മതിലിന്നപരലോകത്ത്‌
സ്ഥായിയായ ശൈത്യമാണെന്ന്‌
ഉറഞ്ഞുപോയ വാക്കുകളാണെന്ന്‌

പണ്ടേ പ്രകാശിച്ചു തീര്‍ന്ന ചൊല്ലുകള്‍
നക്ഷത്രദൂരം കടന്നുവന്നാണ്‌
ഇത്രകാലവും കൈപിടിച്ചതെന്ന്‌

ഹൃദയത്തിന്റെ തെക്കോട്ടുള്ള ചില്ലയില്‍
ഒരു പരിഹാസം പൂത്തു നില്‍ക്കുന്നോയെന്ന്‌
ഞാനെന്നോട്‌ സംശയിച്ചത്‌ അന്നാണ്‌

-------------------------------------