Sunday, March 10, 2013

പരീക്ഷണപ്പറക്കല്‍

അകത്തും പുറത്തും
കൊല്ലപ്പരീക്ഷയുടെ വെയിലാണ്‌
പുസ്തകത്തിന്‌ പനിയ്ക്കുന്നുണ്ട്‌

കൊമ്പന്‍മീശയും സിക്സ്‌പാക്കും വരച്ചതിന്‌
തല്ലുവാങ്ങിത്തന്ന മഹാത്മാവിന്റെ തല,
പ്രതിയും പ്രതിപ്രവര്‍ത്തകരും തലപൊളിയ്ക്കുന്ന
രാസത്വരകങ്ങളുടെ കൂട്ടുകുടുംബം
പലിശയും കൂട്ടുപലിശയും
ഗുണനചിഹ്നത്തില്‍ കോര്‍ത്ത മാറാപ്പ്‌
കൊണ്ടും കേട്ടും തഴമ്പിച്ച
ചെമ്പരത്തിയുടെ പരിച്ഛേദം

പാഠങ്ങളൊക്കെ തുള്ളിവിറയ്ക്കുന്നു;

പിച്ചും പേയും പറയുന്നുണ്ട്‌
ഭരണപരിഷ്കാരങ്ങള്‍

മൗലികാവകാശമെന്ന പേജില്‍ നിന്നും
സിലബസിലില്ലാത്ത സ്വപ്നപ്പച്ചയിലേയ്ക്ക്‌
"പുഞ്ചനെല്‍പ്പാടങ്ങള്‍ പുഞ്ചിരിക്കൊള്‍കവേ-
കൊഞ്ചുന്ന പൂഞ്ചിറക്‌" പറന്നുപറന്നുപോകുന്നു



Thursday, March 7, 2013

ആദ്യാക്ഷരമാല

സംഭാഷണങ്ങളേയില്ലാത്ത
നെടുനീളന്‍ നാടകംപോലൊരു വരാന്ത

ഒരറ്റം മുതല്‍ മറ്റേയറ്റം വരെ
തലപ്പില്‍ താമരയിതളും
താഴേയ്ക്ക്‌ മുന്തിരിവള്ളിയും ചുറ്റി
ചന്തം നരച്ച തൂണുകള്‍;
ദ്രവിച്ച കഴുക്കോല്‍കൂട്ടമെഴുതിയ
മേല്‍ക്കൂരയെത്താങ്ങിത്താങ്ങി
നിന്നനില്‍പ്പിലുറഞ്ഞുപോയവര്‍

പകലിതളുകള്‍
വെളുത്ത്‌
ചുകന്ന്‌
കരിഞ്ഞ്‌ തീരുന്ന താളത്തില്‍
ഒഴുകിപ്പരക്കുന്ന ഓരോ നിഴലും
സങ്കടത്തിന്റെ കൈവരി കടന്ന്‌
ഇപ്പോള്‍ പടിയിറങ്ങുമെന്ന്‌ തോന്നും;
ഒരു മിടിപ്പുനേരം
തമ്മില്‍ത്തമ്മില്‍ വിരല്‍കോര്‍ത്ത്‌
തന്നിലേയ്ക്ക്‌തന്നെ വറ്റിപ്പോകും

വെയിലൊളിയ്ക്കുന്ന തണലില്‍
മഴ എത്തിനോക്കിയാലും
പാടത്തിനക്കരെയിക്കരെ
മഞ്ഞ്‌ മുങ്ങാംകുഴിയിട്ടാലും
പൊട്ടിപ്പോകാത്ത നിഴല്‍രേഖ മുറിച്ച്‌

ആഴത്തില്‍ നുരചിതറും
ജലഭംഗിയിലേയ്ക്കുള്ള സ്വപ്നാടനം പോലെ

നിന്റെ കാഴ്ചയിലേയ്ക്കുള്ള വഴിയിലാണ്‌
വഴി നിറഞ്ഞ ആകാശവെളിച്ചത്തിലാണ്‌
കാലാഹരണപ്പെട്ടെന്നു കരുതിയ
വാക്കുകളുടെ വിത്തുകിളിര്‍ത്തത്‌
പൂത്ത്‌ ചുവന്ന്‌
കവിത ശ്വസിച്ചത്‌