Sunday, May 25, 2014

ബിഗ് ബാംഗ്


അപരിചിതമായ ഒരു മണൽത്തരി
നെഞ്ചിൽ വീണിട്ടാണ്
ഭൂമി പിളർന്നുപോയത്‌

 മണ്ണെന്ന്‌
മനുഷ്യനെന്ന്‌
മണ്ണിന്റെ മനസ്സെന്ന്‌
കണ്ണികൂട്ടി വച്ചതിൽ നിന്നും
ഭൂമിയോളം ക്ഷമ എന്നതിലെ
ക്ഷമ അറ്റുപോയത്‌

വേരുവേരാന്തരം നിറഞ്ഞിരുന്ന
സ്നേഹനീരുചിന്തി
ഉപ്പുകടലുണ്ടായതും
തിരയെഴുതി ഭാഗിച്ച്‌ കരയുണ്ടായതും
ഓരോ കരയിലും ഓരോ കാടുണ്ടായതും
എന്റെ വീട്‌ നിന്റെ വീടെന്ന്‌
വേലിയിൽ ശീമക്കൊന്ന പൊടിച്ചതും

പാതിരാക്കറുപ്പിൽ
അയൽ‌‌ജനാലയുടെ
നെഞ്ചുപൊട്ടിയ വിളിയിൽ
കണ്ണു തുറക്കണോ വേണ്ടയോ എന്ന്‌
ടോർച്ച്‌ തിരിഞ്ഞുകിടന്നുറങ്ങിയതും

പിറ്റേന്ന്‌,
കുഴിയിറങ്ങിയ വെള്ളക്കോടിയിൽ
കറുത്ത കൊടിയോടെ ചിതറിവീണതും
അതേ മണൽത്തരിയുടെ
അന്നേവരെ പരിചയിയ്ക്കാത്ത
പര്യായപദങ്ങളായിരുന്നു..