Monday, February 28, 2011

ശബ്ദം ഉരിച്ചെടുത്ത പാട്ട്

ഉള്‍ക്കടലിലെവിടെയോ
അലയുന്നുണ്ടൊരു പുഴ

ഓളപ്പരപ്പിന്‍ അടരുകളില്‍
മൂക്കോളം മുങ്ങി കണ്ണിലിരുട്ടു കേറ്റിയും
ഇടയ്ക്കു വെയിലെടുത്തു തലതോര്‍ത്തിയും
പായലൊട്ടിയ ജന്മം മറിച്ചുനോക്കിയും
ഉള്‍ക്കടലില്‍.. ഒരു പുഴ

ചുളിഞ്ഞും കീറിയും പറിഞ്ഞും
ഒരുപാട്‌ ഏടുകളില്ലാത്ത
പഴയകാല പാട്ടുപുസ്തകം പോലെ...
പൂവെറിഞ്ഞ ചില്ലകള്‍,
കൊമ്പൊടിഞ്ഞ്‌ ഒഴുകിവന്ന മലകള്‍,
പിടികിട്ടാതെപോയ മണ്ണൊഴുക്കുകള്‍
മുങ്ങിപ്പിടഞ്ഞ
ഒടുക്കത്തെ നീര്‍ക്കുമിളയില്‍
പറ്റിപ്പിടിച്ച കയ്യെഴുത്തുകള്‍

പാതിവച്ചടഞ്ഞുപോയ തിരയൊരുക്കങ്ങള്‍
കടല്‍വഴിയിലെ ഉള്‍വലിവുകള്‍
ചര്‍ച്ചയ്ക്കെടുക്കുമോ..

ഒളിപ്പിച്ചു കൊണ്ടുനടന്ന മിനുക്കങ്ങള്‍ വെളിപ്പെട്ട്‌
കൊത്തിപ്പറിച്ചും കുതിര്‍ന്നും
തിരയ്ക്കും തിരശീലയ്ക്കും വേണ്ടാത്ത പാട്ടുകൾ
മൂന്നാം പക്കം
ഏതു തീരത്താവും?

ഒരു പരിധിയിലും വരാത്ത
സങ്കടങ്ങള്‍
ഏതൊക്കെ കാഴ്ചയിലേയ്ക്കാകും ഒപ്പിയെടുക്കപ്പെടുക?

Thursday, February 3, 2011

പാത്തുമ്മാമ

ബോധവുമബോധവും കൂട്ടിത്തുന്നിയ ഇടവഴിയിലൂടെ
ഭൂതകാലമിഴപിണഞ്ഞ നടത്തത്തിനിടയില്‍,

പ്രകാശം കണ്ണെഴുതിച്ച
ഏതോ നിമിഷത്തിനോര്‍മയെ എന്നപോലെ,
തിമിരക്കണ്ണുകൊണ്ടാണെങ്കിലും
സൂക്ഷ്മമായൊരു
വെള്ളാരംകല്ലിനെ നുള്ളി,
മാനം കാട്ടാതെ
കാല്‍വിരലില്‍ ഇറുക്കിപ്പിടിയ്ക്കും
പാത്തുമ്മാമ

പിഞ്ഞിയ കാച്ചിയൊന്നു മുറുക്കി,
ഓരോ കല്‍ത്തുണ്ടിനേയും
വീടുകാണിയ്ക്കും, പുതപ്പിച്ചുറക്കും

സ്വപ്നനാഴികകളില്‍,
മിന്നാമിന്നികള്‍ മേലാപ്പിട്ട ആകാശമുറ്റത്ത്‌
മയിലാഞ്ചിക്കൈകള്‍ക്കൊപ്പം
കൊട്ടിപ്പാടാന്‍ പോകും

മേലാകെ തളിര്‍ത്ത ചിറകുകരിഞ്ഞ്‌
കീറപ്പായിലെ പഴമ്പുതപ്പിനടിയിലേയ്ക്ക്‌
നാടുകടത്തപ്പെടുമ്പോള്‍
പാത്തുമ്മാമയുടെ പീളകെട്ടിയ പകലിനെ
മുറ്റത്തെ മാവില പല്ലു തേപ്പിയ്ക്കും
പാളത്തൊട്ടി തുളുമ്പി നില്‍ക്കും

പുള്ളിവീണ രണ്ടോട്ടുപാത്രവും
വക്കില്ലാ പിഞ്ഞാണവും
പൊളിഞ്ഞ ചാണകത്തറയില്‍
നിര്‍ത്താതെ വെടി പറയുകയാവും;
മടിയന്മാര്‍!

പണ്ടെന്നോ
ഭാഗ്യം തേടിപ്പോയ തോഴന്റെ
കൈതപ്പൂക്കും ഉറുമാല്‍ത്തുണ്ടെടുത്ത്‌
പാത്തു കസവുതട്ടമിടും,
സുറുമയെഴുതാനവന്റെ വിരല്‍ തേടും

കെട്ടിമേയാത്ത പുരയില്‍
ചിതറുന്ന മഴയിലും ചോരുന്ന വെയിലിലും
മുല്ലപ്പൂമണക്കുന്ന കെസ്സുപാട്ടൊഴുകും

പിന്നെപ്പിന്നെ
മുട്ടോളമിട്ട കുപ്പിവള പൊട്ടിപ്പൊട്ടി
കല്ലിച്ച ഓര്‍മ്മക്കൂമ്പാരത്തില്‍ കലരുമ്പോള്‍
കാറ്റിലൊരു തേങ്ങലുയരും

ഒരു സന്ധ്യയ്ക്ക്‌
മഴവില്ലിറങ്ങിയെത്തിയ
മിന്നല്‍ത്തോണിയില്‍ കയറിപ്പോയതാണ്‌;
പുലര്‍ന്നിട്ടും, മാവില കുഴഞ്ഞു വീണിട്ടും
തൊട്ടി വരണ്ടിട്ടും
പാത്തുമ്മാമ വന്നില്ല

വെള്ളാരം കുന്നുകളില്‍
മലക്കുകള്‍ പാറിനടന്നു
മഴയുണക്കാനിട്ട മൈതാനം കടന്ന്‌
മയിലാഞ്ചിക്കാട്ടിലേയ്ക്ക്‌ വഴി വളര്‍ന്നു

കേട്ടു കേട്ടു വന്ന്‌,കണ്ണുതുടച്ചവരോട്‌,
എന്റെ പാത്തു
മേഘം മുറിച്ച്‌ നീന്തി വരുന്നല്ലോ എന്ന്‌
ഓര്‍മ്മക്കല്ലുകള്‍ക്കിടയില്‍ നിന്നും
ഉറുമാലുചുറ്റിയ ഒരു പൊന്‍പണം
തിളങ്ങിക്കൊണ്ടിരുന്നു..