Thursday, September 27, 2007

ഒന്നാം പാഠം

എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍.. ആയിരത്തി തൊള്ളായിരത്തി.... (സോറി, ഇനി പറയില്ല .. എന്തിനാ വെറുതെ കാല്‍ക്കുലേറ്റര്‍ എടുപ്പിയ്ക്കണത്‌..)

ഞാന്‍ നാലാം ക്ലാസ്സില്‍ പഠിയ്ക്കുമ്പോള്‍... അതുമതി.
വെള്ളിയാഴ്ച അവസാന പിരീയഡ്‌ എപ്പോളും ഡ്രില്ല് ആയിരുന്നു. ശനിയും ഞായറും കയ്യെത്തും ദൂരത്തെത്തിയ ആഘോഷം അപ്പൊഴേ തുടങ്ങും.
ഉള്ള നേരം കൊണ്ട്‌ എന്തു കളിയ്ക്കണം.. ന്ന്‌ കണ്‍ഫ്യൂഷന്‍ ആയി നില്‍ക്കുമ്പോള്‍, സിസ്റ്റര്‍ ഒരു ചോദ്യം.

"ആര്‍ക്കൊക്കെയാണ്‌ മറിയച്ചേട്ടത്തിയെ സഹായിയ്ക്കാനിഷ്ടമുള്ളത്‌?"
ഇതെന്തു ചോദ്യം?
മറിയച്ചേട്ടത്തി നമ്മുടെ സ്വന്തം ആളല്ലേ... (ചോദ്യം മറിയച്ചേട്ടത്തീടെ പ്രസന്‍സില്‍ കൂടി ആകുമ്പോള്‍ മറിച്ചു ചിന്തിയ്ക്കാന്‍ നോ ചാന്‍സ്‌).

സംഭവം എന്താ..ന്നു വച്ചാല്‍..

ചേട്ടത്തി തൊട്ടപ്പുറത്ത്‌ മഠം വക തോപ്പില്‍, കശുമാങ്ങ പൊട്ടിയ്ക്കാന്‍ പോകുന്നു. അതെല്ലാം പെറുക്കി പാത്രത്തിലാക്കാന്‍ "ചേട്ടത്തിയോട്‌ ഇഷ്ടമുള്ളവര്‍ക്ക്‌" ചെല്ലാം.
വേണ്ടവര്‍ക്ക്‌ മാങ്ങ തിന്നുകയും ആവാം. (അത്‌ ബോണസ്സ്‌).

വീട്ടില്‍ കശുമാങ്ങ പോയിട്ട്‌, വറുത്തു തോടുകളഞ്ഞ അണ്ടിപ്പരിപ്പ്‌, അമ്മയെടുത്തുതന്ന്‌ തിന്നേ ശീലമുള്ളൂ.

പക്ഷേ..
ഇവിടത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്‌, ഞങ്ങളില്‍ ഭൂരിഭാഗവും, മാങ്ങ പെറുക്കല്‍ മല്‍സരത്തിന്‌ റെഡിയായി.

എല്ലാരും വളരെ നന്നായിട്ട്‌ പെര്‍ഫോം ചെയ്തു. മാങ്ങ താഴത്ത്‌ വീഴാന്‍ ആലോചിക്കുമ്പോഴേയ്ക്കും.. ചാടിപ്പിടിക്കലായി. കൂടുതലാര്‍ക്കു കിട്ടീന്ന് കണക്കെടുപ്പായി. അങ്ങിനെയങ്ങിനെ... 4 മണിയ്ക്കു എല്ലാ കളികള്‍ക്കും കൂടി കൂട്ടമണിയടിച്ചു.

പിറ്റേന്ന്‌ കാലത്ത്‌, ചായകുടിയെല്ലാം കഴിഞ്ഞ്‌, തലേന്ന്‌ പൊട്ടിപ്പോയ മണിമാല കോര്‍ത്തു ശരിയാക്കുമ്പോള്‍..

അമ്മയുടെ വക ഒരു നീട്ടിവിളി.

ആ വിളിയുടെ "പിച്ച്‌ " തീരെ ശരിയല്ലാത്ത പോലെ... എന്നാലും നല്ല "ഫീല്‍"(ഒരു പന്തികേടിന്റെ) ഉണ്ടുതാനും.

ചങ്കു പെടച്ചിട്ടാണെങ്കിലും, ഞാന്‍ വളരെ സ്നേഹത്തോടെ അടുത്തു ചെന്നു...

ഈശ്വരാ.., വരാനുള്ളത്‌ വഴീല്‍ തങ്ങ്യാല്‍ മത്യായിരുന്നൂ... എന്ന്‌ പണ്ടാരോ പറഞ്ഞത്‌ വള്ളിപുള്ളി വിടാതെ അന്നേരം എനിയ്ക്കോര്‍മ്മ വന്നു.
കാരണം, തലേന്നത്തെ എന്റെ യൂണിഫോം ഡ്രസ്സും കയ്യില്‍ പിടിച്ചുകൊണ്ടാണ്‌ അമ്മേടെ നില്‍പ്പ്‌. അതില്‍ നിറയെ "മോഡേണ്‍ ആര്‍ട്ട്"' ചെയ്ത പോലെ കശുമാങ്ങാക്കറ. ഉള്ളതു പറയാലോ.., വേണമെന്ന്‌ വിചാരിച്ചാല്‍ കൂടി ഇതുപോലെ വരയ്ക്കാന്‍ പറ്റില്ല.

അമ്മ എന്നെക്കണ്ടതും, അപ്പുറത്ത്‌ , വെറുതെ ചുമരും ചാരിയിരുന്നിരുന്ന ചൂലില്‍ നിന്ന്‌ അഞ്ചാറ്‌ ഈര്‍ക്കില്‍ വലിച്ചെടുത്ത്‌ വിറപ്പിച്ചോണ്ട്‌ ഒറ്റ അലറല്‍..

"എന്താടീ ഇത്‌... "
(മാങ്ങാക്കറ കണ്ടിട്ട്‌ എന്താണതെന്ന്‌ മനസ്സിലാവാണ്ടുന്നുമല്ല.. എന്നാലും അതല്ലല്ലോ അതിന്റെയൊരു.. രീതി. അതോണ്ടാ..)

ഞാന്‍ എവിടെനിന്നൊക്കെയോ ധൈര്യം കടം വാങ്ങി, തനി കോണ്‍വെന്റ്‌ സ്റ്റെയിലില്‍, അറ്റെന്‍ഷനായി നിന്ന്‌ കഥ മുഴുവന്‍ ഒറ്റവീര്‍പ്പില്‍ പറഞ്ഞു.

"ങാഹാ... ഇതാണോ സ്കൂളില്‍ നിങ്ങടെ പണി.. ഇക്കൊല്ലം എടുത്ത പുത്യേ യൂണിഫോം നാശാക്കീട്ട്‌.. നിന്നെ ഞാന്‍.."

അടുത്തത്‌ ആക്ഷന്‍ ആയിരുന്നു. പക്ഷേ, അതിനുമുന്‍പേ.. സ്റ്റാര്‍ട്‌ വെടി കേള്‍ക്കാന്‍ കാത്തുനിന്നിരുന്ന ഞാന്‍.. നൂറേ നൂറില്‍.. പാഞ്ഞു.

(ഇവിടെ കൂടുതല്‍ വിശദീകരണങ്ങള്‍ക്ക്‌ സ്കോപ്പില്ല.)

ഒന്നാം പാഠം:-

തല്ല്‌ ഉറപ്പായാല്‍, കൂടുതല്‍ വേദോപദേശത്തിന്‌ നില്‍ക്കാതെ, പറ്റാവുന്ന സ്പീഡില്‍ ഓടുകയെന്നത്‌, നമ്മുടെ മൗലികാവകാശങ്ങളില്‍ ഒന്നാണെന്ന്‌ അന്ന്‌ ഞാന്‍ മനസ്സിലാക്കി.

Sunday, September 23, 2007

യന്ത്രജാലകം തുറന്നിരിയ്ക്കുമ്പോള്‍..

അഞ്ചു വയസ്സുകാരന്‍
മുന്നിലിരിയ്ക്കുന്ന മോണിറ്ററില്‍
വര്‍ണ്ണ നൂലിഴ കൊണ്ട്‌
ചിത്രം നെയ്യുന്നു.


വിരലിന്‍ താളത്തിനൊത്ത്‌
കുഞ്ഞുരൂപങ്ങള്‍
ചാടി മറിയുന്നു.
സ്കോര്‍ ബോര്‍ഡില്‍
പൂജ്യങ്ങള്‍ പെരുകുന്നു.


പിന്നെയെപ്പൊഴോ... അവന്‍
തിരിയുന്ന ലോകത്തെ
കണ്ണടയുടെ ഇത്തിരി വട്ടത്തിലൂടെ
ഒളിഞ്ഞു നോക്കി.


കാലത്തെ പിന്നിലാക്കി,
കൗതുകങ്ങളുടെ ഭ്രമണപഥത്തില്‍
തുറന്നു വച്ച ചിത്ര ജാലകങ്ങളിലൂടെ
എത്രയോ ദൂരം ഒഴുകി നടന്നു.


തലയും, വിരലുകളും
മാത്രമുള്ള ജീവികള്‍
അവനിലേയ്ക്ക്‌ ഇറങ്ങി വന്നു.


വിരലിന്‍ ദ്രുത താളം
അക്ഷരങ്ങള്‍ കൂട്ടിവച്ച്‌
ഇഴയടുപ്പം നോക്കി
കെട്ടിയെടുത്ത വല
ഹൃദയത്തെ വരിഞ്ഞു മുറുക്കി.


തലച്ചോറ്‌ ചുക്കിച്ചുളിഞ്ഞു;
ഞെരിഞ്ഞമര്‍ന്നു.


വീണ്ടും...
കീബോര്‍ഡില്‍
വിരല്‍ത്താളം
അടുത്ത കാലത്തിലേയ്ക്കുയര്‍ന്നു...

Tuesday, September 18, 2007

അരങ്ങൊഴിയുമ്പോള്‍...

പിന്നണിയിലൊഴുകും

മധുര സംഗീതം

കാതുകള്‍ക്കന്യമായി.പിന്നെയും പാദങ്ങള്‍

‍പരിചിതമാം

രണ്ടു പദം കൂടിയാടി.കാണികള്‍

കണ്മുന്നിലില്ലാതായി

കൂടെയാടിയവര്‍

അപരിചിതരായി.ഇതവസാന കളി;

അറിയാമെങ്കിലും

അരങ്ങൊഴിയാനൊരു മടി.മൃദുവായ്‌...

അവരെന്റെ ചുട്ടിയഴിച്ചു

ഉടുത്തുകെട്ടും അലങ്കാരങ്ങളും

മാറ്റി വച്ചു.ഇനിയുമൊന്നും ചെയ്യുവാനില്ലാതെ,

അടുത്ത കളിക്കളം തേടി,

പൊറുതിയ്ക്കൊരിടം തേടി,

ഞാനുമവരോടു കൂടി.തിരശ്ശീല വീണു,

ആട്ടവിളക്കണഞ്ഞുപിന്നെയാരോ..

തലയ്ക്കു പുറകില്‍

‍പകുത്ത നാളികേരത്തില്‍

‍തിരി തെളിയിച്ചു.*************

Sunday, September 16, 2007

കളവില്‍ ചതിയില്ല

ചെമ്മണ്‍പാതയുടെ ഒരുവശത്തുള്ള ഉയര്‍ന്ന കരിങ്കല്ലിന്‍ മതിലിനു മുകളില്‍ ഒരു സുന്ദരവദനം. ആരും, ഒന്നും ഒന്നും രണ്ട്‌ പ്രാവശ്യം നോക്കിപ്പോകും. അങ്ങനെ രണ്ടാമത്തെ നോട്ടത്തിലാണ്‌ മനസ്സിലായത്‌ അവള്‍ക്ക്‌ സുന്ദരിമാരായ തോഴിമാരും ഉണ്ടെന്ന്‌.

"കിട്ട്യാല്‍ ഊട്ടി, അല്ലെങ്കില്‍..." എന്ന മഹദ്‌വചനത്തിന്റെ ആദ്യപകുതി മാത്രം നൂറ്റൊന്ന്‌ വട്ടം ഉരുവിട്ട്‌, രണ്ട്‌ ആണ്‍പ്രജകള്‍ തങ്ങളുടെ പുതിയ പദ്ധതിയ്ക്ക്‌ 'ഓപ്പറേഷന്‍ റോജാ' എന്നു പേരിട്ടു.

ആ നാട്ടിലെ ഒരേയൊരു കോണ്‍വെന്റ്‌ സ്കൂള്‍ + കന്യാസ്ത്രീ മഠം ആണ്‌ നേരത്തെ കണ്ട മതിലിനപ്പുറത്ത്‌.

ഒന്നുകൂടി 'സൂം' ചെയ്താല്‍.. ,

സ്കൂളിനോട്‌ ചേര്‍ന്നുള്ള ചെറുതെങ്കിലും വളരെ അപൂര്‍വ്വ സുന്ദരങ്ങളായ പൂക്കള്‍ നിറഞ്ഞ ഉദ്യാനം അവിടുത്തുകാരുടെയുള്ളില്‍ അസൂയപ്പൂക്കള്‍ വിടര്‍ത്തിയിരുന്നു. ആ പൂവനത്തിലെ ഏതോ സുന്ദരിയാണ്‌ കുറച്ചു മുന്‍പേ, മന്ദമാരുതന്റെ കയ്യും പിടിച്ച്‌ മതിലിനു മേലെ എത്തിനോക്കിയത്‌.

കുമാരന്മാരിലൊരുവന്‍ 'റ' ആകൃതിയിലുള്ള, കോണ്‍വെന്റ്ബോര്‍ഡിനു താഴെയുള്ള മെയിന്‍ ഗേറ്റ്‌ വഴി അകത്തു കടന്നു; സന്ദര്‍ശകരുണ്ടെന്ന്‌ അറിയിയ്ക്കാനുള്ള മണിയുടെ നീണ്ട വാലില്‍ പിടിച്ച്‌ വലിച്ചു....
പുലിവാലാവല്ലേ ... എന്ന പ്രാര്‍ത്ഥനയോടെ.

വെള്ള വസ്ത്രധാരിയായ, പ്രായമുള്ള ഒരു സിസ്റ്റര്‍ , വാതിലിന്റെ നാലില്‍ ഒരു പാളി തുറന്നു; കാര്യമന്വേഷിച്ചു.

"ഇവിടത്തെ ഹെഡ്‌മിസ്റ്റ്രസ്സിനെയൊന്ന്‌ കാണണം. ഒരു അഡ്മിഷന്റെ കാര്യത്തിനാണ്‌."

'കൊല്ലത്തിന്റെ പകുതിയാകാറായിട്ടാണോ.. അഡ്‌മിഷന്‍..' എന്നൊരു അര്‍ഥത്തിലുള്ള നോട്ടം കൊണ്ട്‌ ആകെയൊന്നുഴുഞ്ഞിട്ട്‌, അകത്ത്‌ വിവരമറിയിയ്ക്കാന്‍ തിരിഞ്ഞുനടന്നു അവര്‍.

ഹെഡ്‌മിസ്റ്റ്രസ്സ്‌ വന്നു; അവന്‍ ആവശ്യം ആവര്‍ത്തിച്ചു.

"ഇനിയിപ്പോള്‍ പുതിയ ആരേം ചേര്‍ത്താന്‍ വയ്യ. അരക്കൊല്ലം തീരാറായില്ലേ.. ആട്ടെ, ചേരേണ്ട ആള്‍ക്ക്‌ എത്ര വയസ്സായി?"

"അത്‌ ഒരു..ഒരു.. മൂന്ന്‌"

"അത്രേ ഉള്ളൂ.. എന്നാല്‍ അടുത്ത കൊല്ലമാവട്ടെ."

"അത്‌.. , വീട്ടില്‍ എപ്പോഴും സ്ക്കൂളില്‍ പോണമെന്ന്‌ പറഞ്ഞ്‌ കരച്ചിലാണ്‌. അതോണ്ട്‌, ബാലവാടിയില്‍ വെറുതെ കൊണ്ടിരുത്തിക്കോട്ടെ ?"

മറുപടി, 'യെസ്‌' ആക്കാനുള്ള കഠിനയജ്ഞത്തിന്റെ ഭാഗമായി, 'ഞാന്‍ ഇന്ന ആളുടെ മോനാ.. അച്ഛന്‍ പറഞ്ഞൂ..സിസ്റ്ററോട്‌ എങ്ങിനെയെങ്കിലും..' എന്നു തുടങ്ങി ചെറിയൊരു പ്രസംഗവും കൂട്ടിച്ചേര്‍ത്തു.

ഒടുവില്‍, അടുത്ത വര്‍ഷവും കൂടി ബാലവാടിയില്‍, അടിത്തറ ഉറപ്പിച്ച്‌ മുന്നോട്ട്‌ നീങ്ങാം എന്ന അലിഖിതമായ ഒരു ധാരണയില്‍, ചര്‍ച്ച നല്ല ഫലം കണ്ടു.

ഈ സമയംകൊണ്ട്‌ , അപ്പുറത്തെ തോട്ടത്തില്‍ നിന്നും, കൂട്ടുകാരന്‍, ആശിച്ച പൂക്കളെല്ലാം പറിച്ചെടുത്ത്‌, മുണ്ടിന്റെ മടക്കിലൊളിപ്പിച്ച്‌, തിരികെ റോഡിലിറങ്ങിയിരുന്നു.

********************************

അങ്ങിനെ, എഴുത്തിനിരുത്തലും, അച്ഛന്റെ കയ്യില്‍ത്തൂങ്ങി സ്കൂളില്‍ ചേരാനുള്ള ഔപചാരികമായ പോക്കും, പിന്നെ ക്ലാസ്സിലിരുത്തീട്ട്‌ പോരുമ്പോളുള്ള കച്ചേരിയുടെ അകമ്പടിയും... ഒന്നുമില്ലാതെ......

ഞാന്‍, ജീവിതത്തിന്റെ സ്ലേറ്റില്‍, സ്വപ്നാക്ഷരങ്ങള്‍ വരച്ചുവയ്ക്കാന്‍ തുടങ്ങി.

Thursday, September 13, 2007

ചിത്ര കലാപം

ഞാന്‍ എന്റെ വീട്ടിലെ 'ലാസ്റ്റ്‌ എഡീഷനാണ്‌''. ഒരു നീണ്ട ഇടവേളയ്ക്കു ശേഷമുണ്ടായ ഒരു വിപ്ലവപ്പിറവി.

എനിയ്ക്കു മുന്‍പ്‌ വെളിച്ചം കണ്ടവര്‍, കോളേജിലും, ഹൈസ്കൂളിലും മുദ്രാവാക്യം വിളിയ്ക്കാന്‍ മാത്രം വലുതായിരുന്നു അപ്പോഴേയ്ക്കും.

അച്ഛന്‍ സര്‍ക്കാര്‍ ജോലിക്കാരനായതോണ്ട്‌ 8 മണിയാവുമ്പോഴേയ്ക്കും ഓഫീസില്‍പ്പോകേണ്ട തിരക്കു തുടങ്ങും.

അമ്മയ്ക്ക്‌ അച്ഛനേയും, ചേച്ചിയേയും, ചേട്ടനേയും നേരത്തിന്‌ പറഞ്ഞയയ്ക്കാനുള്ള തിരക്കാണ്‌ കാലത്ത്‌; അതൊന്ന്‌ ഒതുങ്ങിയാല്‍, ഞാനടക്കമുള്ള ഇതര ചരാചരങ്ങളെ പരിപാലിയ്ക്കുന്ന തിരക്കായി.

ചുരുക്കിപ്പറഞ്ഞാല്‍.. യാതൊരുവിധ തിരക്കും, ജോലിയും ഇല്ലാത്തതായി അവിടെ 'ഞാന്‍ ഞാന്‍ മാത്രമേ' ഉള്ളൂ..

കാലത്തെ കുളിച്ച്‌ ദാവണിയൊക്കെ ചുറ്റി, ചെവിയ്ക്കു പിന്നിലായി ഒരു റോസാപ്പൂവും തിരുകി 'സ്റ്റെയിലി' ആയി ചേച്ചി കോളേജിലേയ്ക്കും, മുണ്ട്‌ പത്തുപ്രാവശ്യത്തോളം വീണ്ടും വീണ്ടും ഉടുത്ത്‌ തൃപ്തി വരുത്തി, നാവ്‌ വായിലിട്ടുരുട്ടിക്കടിച്ച്‌ മുടിയിലൊരു കുരുവിക്കൂടും ഫിറ്റാക്കി ചേട്ടന്‍ സ്കൂളിലേയ്ക്കും പോയാല്‍ പിന്നെ..

ഒറ്റയ്ക്ക്‌ വെറുതെയിരിയ്ക്കാന്‍.. എന്റെ സമയം വീണ്ടും ബാക്കി.

അഞ്ചാറ്‌ വീടപ്പുറത്തുള്ള ചേച്ചിമാരും ചേട്ടന്മാരും സ്കൂളില്‍ പോണത്‌ കാണാനും, അവര്‍ക്ക്‌, വേണെങ്കിലും വേണ്ടെങ്കിലും ഒരു 'റ്റാ റ്റാ' കൊടുക്കാനും പടിയ്ക്കല്‍ പോയിരിക്കും കുറെ നേരം.
ആരെങ്കിലും ഇടയ്ക്ക്‌ കുശലം ചോദിയ്ക്കും.

ആ സെഷനും കൂടി കഴിഞ്ഞാല്‍.. നേരെ അമ്മേടെ അടുത്ത്‌ 'എന്നെ മാത്രം എന്താ സ്കൂളില്‍ വിടാത്തേ.. എനിയ്ക്കും പഠിയ്ക്കാന്‍ പോണം..' എന്നു തുടങ്ങുന്ന പല്ലവിയും അനുപല്ലവിയും സാധകം ചെയ്യും.

അവസാനം..
' വയസ്സു മൂന്നെങ്കിലും തികയട്ടെ, അപ്പൊളേയ്ക്കും കുട്ടിയ്ക്ക്‌ പഠിയ്ക്കാന്‍ പോവാണ്ടാണിപ്പോള്‍..'
എന്ന വാചകം പകുതി എന്നോടും, പകുതി ആത്മഗതവും ആയി അവതരിപ്പിച്ചുകൊണ്ട്‌..
അമ്മ, കുത്തിവരച്ച്‌ ചിത്രമെഴുതാന്‍ ഒന്നുരണ്ട്‌ പേപ്പറും പെന്‍സിലും എടുത്തു തരും.

അവിടന്നങ്ങോട്ട്‌ എന്റെ മാത്രം ലോകം..

നെല്ലുണക്കാനുള്ള തഴപ്പായ നെയ്തു കൊണ്ടുവരുന്ന കൊച്ചമ്മു ഉണ്ടാക്കിത്തന്നിട്ടുള്ള ഒരു കളിക്കുടുക്കയും കുഞ്ഞിപ്പായയൂമുണ്ട്‌ സ്വന്തമായി. വരാന്തയിലെ കോണിച്ചുവടോ, തിണ്ണയുടെ മൂലയോ ആവും കളിക്കളം. അവിടെ പായവിരിച്ച്‌, കുടുക്കയിലെ സ്ഥാവര ജംഗമവസ്തുക്കളൊക്കെ വെറുതെ ചുറ്റും നിരത്തിവയ്ക്കും.
പിന്നെ, ഇരുന്നും കിടന്നും.. കടലാസില്‍ വരയോടുവര.

ഈ കലോപാസനയ്ക്ക്‌ വിഘ്നം വരുന്നത്‌ കടലാസ്‌ തീര്‍ന്നുപോകുക, വല്ലതും കഴിയ്കാനോ കുളിക്കാനോ ആയി അമ്മേടെ വിളി വരിക എന്നീ സമയങ്ങളിലാണ്‌.


ഒരു ദിവസം ചേച്ചി ക്ലാസ്സ്‌ കഴിഞ്ഞ്‌ നേരത്തെ വന്നു. പടികയറി വരുമ്പോള്‍ തന്നെ അപ്പുറത്തെ വീട്ടിലെ ബിന്ദ്വേച്ചി നീട്ടി വിളിച്ചു ചോദിയ്ക്കുന്നത്‌കേട്ടു.
"എങ്ങനെ ഉണ്ടാര്‍ന്നൂ.. പരിപാടീ.."
കേട്ടപാതി, പുസ്തകക്കെട്ടും തിണ്ണയില്‍ വച്ച്‌, "യ്യോ..നല്ല രസായിരുന്നൂ ബിന്ദ്വേച്ച്യേ.. ചീഫ്‌ ഗസ്റ്റിന്റെ പ്രസംഗത്തിന്‌..." എന്നും പറഞ്ഞ്‌ ബാക്കി കഥ വിശദായിട്ട്‌ പറയാന്‍, ചേച്ചി വേലിയ്ക്കലേയ്ക്ക്‌ ഒറ്റ ഓട്ടം; കോളേജീന്ന്‌ വരുമ്പോള്‍ എന്നും പതിവുള്ള മുത്തം പോലും തരാതെ..

"ന്റെ കുട്ട്യേ, ആ വസ്ത്രൊക്കെയൊന്നു മാറ്റി, കയ്യും കാലും കഴുകി ചായ കുടിക്ക്‌; ..ന്നിട്ടാവാം പുരാണം പറച്ചില്‍".

അമ്മ അടുക്കളേന്ന്‌..

ആരും നമ്മളെപ്പറ്റി ചിന്തിയ്ക്കുന്നില്ല.

വേണ്ടാ.. ഞാനും അങ്ങോട്ട്‌ മിണ്ടാന്‍ പോണില്ല . എന്നൊക്കെ കരുതി തിരിഞ്ഞു നടക്കുമ്പോളാണ്‌ തിണ്ണയിലിരിയ്ക്കുന്ന പുസ്തകങ്ങള്‍ കണ്ണില്‍പ്പെട്ടത്‌.

ഹായ്‌.. നല്ലഭംഗീള്ള ചിത്രങ്ങള്‍. മെല്ലെ ഓരോ താളും മറിയ്ക്കുമ്പോള്‍, ഞാന്‍ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത എന്തൊക്കെയോ..

ഇതെന്താത്‌..ഒരു കട്ടിച്ചട്ടയുള്ള പുസ്തകം..?
ഹോ.. ചേച്ചി പൂവും ചെടിയുമെല്ലാം വരച്ചു വെച്ചിരിയ്ക്കുന്നു.
ഭംഗിയായി എഴുതീട്ടുണ്ട്‌, പക്ഷേ.. വര അത്ര പോര.

മെല്ലെ എന്റെ പെന്‍സിലെടുത്ത്‌ ചെറുതായൊന്ന്‌ മോടി കൂട്ടാന്‍ നോക്കി.
ശരിയാവാത്തതെന്ന്‌ തോന്നിയതൊക്കെ ചേച്ചീടെ ബോക്സീന്ന്‌ റബ്ബര്‍ എടുത്ത്‌ മായ്ച്ചു.
സ്വന്തം വകയായി പറ്റാവുന്നത്ര സംഭാവനയും നടത്തി.

"യ്യോ..അമ്മേ..ഇവള്‍..എന്റെ റെക്കോഡ്‌ ബുക്ക്‌ നശിപ്പിച്ചൂലോ....... "

ചേച്ചി ആര്‍ത്തലച്ചുകൊണ്ട്‌ ഓടി വരുന്നു.

ഇത്ര ബഹളം വയ്ക്കാന്‍ മാത്രം എന്താ.. പ്പൊ ഉണ്ടായെ.. , നമ്മളിതൊക്കെ നിത്യോം എത്ര നേരമിരുന്ന്‌ ചെയ്യുന്നതാ .... എന്ന മട്ടില്‍ ഞാന്‍.

ദേ..അമ്മേം ഓടിവരുന്നു..

ചേച്ചി ദേഷ്യം കൊണ്ട്‌ കരയുകയും, തലയ്ക്കിടിയ്ക്കുകയും ഒക്കെ ചെയ്യുന്നുണ്ട്‌.

അമ്മ ഞങ്ങളെ രണ്ടാളേയും, പുസ്തകവും മാറി മാറി നോക്കി.

മൊത്തത്തില്‍ രംഗം പന്തിയല്ലെന്ന്‌ എനിയ്ക്കും തോന്നി; എന്തെങ്കിലും സംഭവിച്ചാലോ......

പക്ഷേ..

എന്നെ അമ്പരപ്പിച്ചുകൊണ്ട്‌, അമ്മ ഉറക്കെ ചിരിച്ചു.

"നിന്നോട്‌ ഞാന്‍ അപ്പോഴേ പറഞ്ഞതല്ലേ.. അവനവന്‍ ചെയ്യേണ്ട കാര്യങ്ങള്‍ നേരത്തിന്‌ ചെയ്യാതേം, സൂക്ഷിക്കാതേം, അയലോക്കത്ത്‌ പഞ്ചായത്തിന്‌ പോയാല്‍ ഇതെന്ന്യാ ഫലം. നന്നായിപ്പോയി.."

ചേച്ചിയ്ക്കൊരു ഉപദേശം ഫ്രീ.

ചേച്ചി പിന്നെയും എന്തൊക്കെയോ.. പറയാന്‍ തുടങ്ങുകയാണ്‌ കണ്ണീരോടെ..

ബാക്കികളൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ, ഞാന്‍ മെല്ലെ.. മെല്ലെ.. അവിടെ നിന്ന്‌ തലയൂരി; ആരെന്തൊക്കെപ്പറഞ്ഞാലും, എന്നെക്കൊണ്ടാവുന്ന പോലെ, ചെയ്തിടത്തോളം ഭംഗിയായ്ക്കി എന്ന സംതൃപ്തിയോടെ...!!

Tuesday, September 11, 2007

ഇവന്‍.. ആനന്ദന്‍

എന്റെ ചെറുപ്പത്തില്‍ വീട്ടില്‍ അമ്മയെ സഹായിയ്ക്കാന്‍ വന്നിരുന്ന ലീലേച്ചി എനിയ്ക്ക്‌ അമ്മയെപ്പോലെയായിരുന്നു.

ലീലേച്ചീടെ മോനാണ്‌ ആനന്ദന്‍.

എന്നേക്കാള്‍ കഷ്ടിച്ച്‌ 6 മാസം മുന്‍പ്‌ അവന്‌ സ്വാതന്ത്ര്യം കിട്ടിയിരുന്നുവെങ്കിലും ഞങ്ങള്‍ പഠിച്ചിരുന്നത്‌ ഒരേ ക്ലാസ്സിലായിരുന്നു.
കാലത്ത്‌ എന്നെ കുളിപ്പിച്ച്‌ സ്കൂളില്‍ പോകാന്‍ ഒരുക്കുന്നത്‌ ലീലേച്ചിയാണ്‌. എനിയ്കും ആനന്ദനും ഒന്നിച്ച്‌ ഭക്ഷണം വാരിത്തരും.

അമ്മ അച്ഛന്‌ ഓഫീസില്‍ പോകാനുള്ളതൊരുക്കുന്ന തിരക്കിലാവും.

ഒമ്പതേകാലാവുമ്പോള്‍, ആനന്ദന്‍ - ഞാന്‍ - ഞങ്ങളുടെ ബാഗും കുടയും വാട്ടര്‍ബോട്ടിലും തൂക്കി ലീലേച്ചി എന്ന ക്രമത്തില്‍ വീട്ടില്‍ നിന്നിറങ്ങും. പടിവരെ അമ്മയും വരും.

ഇത്തിരി വല്യൊരു പാടം കടന്നു വേണം സ്കൂളിലെത്താന്‍. ബാലവാടിയില്‍ പോയിരുന്ന കാലത്ത്‌, കുറച്ച്‌ നടക്കുമ്പോഴേയ്കും കാല്‌ വേദനിച്ചുതുടങ്ങും. ലീലേച്ചി ഒരാളെ ആദ്യം എടുക്കും; (മിക്കവാറും അവനെയാവും). കുറച്ചുകഴിഞ്ഞാല്‍ രണ്ടാം നമ്പ്ര് ആയ എന്നെ. അങ്ങനെ മാറി മാറി എന്റെ അവസാന ഊഴം വരുമ്പോളേയ്കും സ്കൂളെത്തും. (ലാസ്റ്റ്‌ ചാന്‍സ്‌ കൈവിട്ടുപോകുന്നതില്‍ എനിയ്ക്‌ അസാരം സങ്കടം വരാറുണ്ടെങ്കിലും..നോ രക്ഷ.)

നാലുമണിയ്ക്‌ മടക്കയാത്രയില്‍, വീട്ടിലേയ്കുള്ള ദൂരം, അങ്ങോട്ടു പോകുമ്പോളുള്ളതിനേക്കാള്‍ കുറവേ തോന്നൂ എന്നതിനാല്‍ എടുത്തില്ലെങ്കില്‍ക്കൂടി സങ്കടം തോന്നാറുമില്ല.

മൂന്നാം ക്ലാസ്സില്‍ എത്തിയപ്പോള്‍ കൂട്ടിന്‌ ലീലേച്ചി വരാതായി.
നടത്തത്തില്‍ ഒരിയ്കലും ഞാനവനൊപ്പമെത്തിയിരുന്നില്ല. വഴിയില്‍ വച്ച്‌ ഏതെങ്കിലും ഇഷ്ടക്കാരെ കണ്ടാല്‍, അവന്‍ അവരോടു കൂടെ തമാശയൊക്കെപ്പറഞ്ഞ്‌ നടക്കും; ഞാന്‍ ഒറ്റയ്കും.

ആനന്ദനോട്‌ ഒരുസഹോദരനെപ്പോലെയോ കളിക്കൂട്ടുകാരനെപ്പോലെയോ, അതുമല്ല; അയല്‍വക്കത്തെ കുട്ടി എന്ന രീതിയിലോ പോലും ഒരിയ്ക്കലും ഒരടുപ്പവും തോന്നീട്ടില്ല.

വീട്ടില്‍, എന്തെങ്കിലും സ്പെഷ്യല്‍ ഉണ്ടാക്കീട്ടുണ്ടെകില്‍, തരാനായിട്ട്‌ അമ്മേടെ ഒരു വിളിയുണ്ട്‌; അവനെ, "മോനേ.. ആനന്ദാ.."ന്നും, എന്നെ വെറുതെ പേരും.

"ഞാനമ്മേടെ മോളല്ലെ.." എന്ന കുശുമ്പു നിറഞ്ഞ ചോദ്യത്തിന്‌,
"രണ്ടാളും ഒരുപോലെന്യാ.." എന്ന എവിടേം തൊടാത്ത ഉത്തരമാണ്‌ കിട്ടാറ്‌.
അതെന്നെ കൂടുതല്‍ ശുണ്ഠി പിടിപ്പിയ്കാറേ ഉള്ളൂ..

സ്കൂളിലാണെങ്കില്‍, അവന്‌ വല്യ ജാഡയായിരുന്നു. എന്തെങ്കിലും ചോദിച്ചാല്‍പ്പോലും, ഞങ്ങളൊക്കെ 'വല്യ ആങ്കുട്യോള്‍' എന്ന ഭാവത്തില്‍ ഒറ്റവാക്കിലുത്തരം തരും. അതുകൊണ്ടൊക്കെത്തന്നെ അവനോടും, മഠം വക കശുമാവില്‍ കല്ലെറിഞ്ഞതിന്‌, സിസ്റ്റേഴ്സിന്റെ ചൂരല്‍പ്രയോഗത്തിനും അപ്രീതിയ്കും പാത്രമായിരുന്ന അവന്റെ കൂട്ടുകാരോടും എനിയ്ക്ക്‌ ദേഷ്യമായിരുന്നു.

നാലില്‍ പഠിയ്കുന്ന കാലം.

ഡ്രില്ലിന്റെ പിരീയഡാണ്‌. ഞങ്ങള്‍ പെണ്‍കുട്ടികള്‍ രണ്ട്‌ സെറ്റായി "പൂപ്പറിയ്ക്കാന്‍ പോരണോ.." എന്നു നീട്ടിപ്പാടി കളിയ്കുന്ന തിരക്കിലാണ്‌. ആണ്‍കുട്ടികള്‍, "ഉപ്പുംപക്ഷിയും" "കൊറ്റംകുത്തിയും" തകര്‍ക്കുന്നു. ഞങ്ങളെ മേയ്ക്കുന്ന സിസ്റ്റര്‍, കുറച്ചു ദൂരെ മഠത്തിലെ കാര്യസ്ഥ മറിയാമ്മച്ചേടത്തിയ്ക്‌ എന്തോ ഇന്‍സ്റ്റ്രക്ഷന്‍സ്‌ നല്‍കുന്നു.

പെട്ടെന്നാണ്‌ ആരോ അലറി വിളിച്ചത്‌.

"ആനന്ദന്റെ കാലില്‍ ആണി കേറ്യേ.."

എല്ലാവരും ഒന്നായി അവിടേയ്ക്‌ പാഞ്ഞുചെന്നു.

വലതു കാല്‍പ്പാദം അമര്‍ത്തിപ്പിടിച്ച്‌ നിലത്തിരിയ്ക്കുകയാണവന്‍.
ഉള്ളംകാലില്‍ തുളഞ്ഞുകയറിയിരിയ്കുന്ന വലിയൊരാണി. ചോര ചെറുതായി പൊടിഞ്ഞിട്ടേ ഉള്ളൂ.. വേദനകൊണ്ടാകാം, മുഖം വിളറിയിട്ടുണ്ട്‌.

അന്തംവിട്ടുനില്‍ക്കുന്ന ഞങ്ങളെ മാറ്റിനിര്‍ത്തി, സിസ്റ്ററും, മറിയച്ചേട്ടത്തിയും കൂടി അവനെ താങ്ങി, ക്ലാസ്സുമുറിയിലെ ബഞ്ചില്‍ കൊണ്ടു കിടത്തി.

തൊട്ടപ്പുറത്തുള്ള ഗവ: ആശുപത്രീന്ന്‌ ഡോക്ടറെ കൊണ്ടുവന്നു.
ഇടയ്കു മെല്ലെ ഞരങ്ങുന്നതൊഴിച്ചാല്‍..അവന്‍ ശബ്ദമൊന്നുമുണ്ടാക്കാതെ കിടപ്പാണ്‌.

ഡോക്ടര്‍ സ്പിരിറ്റ്‌, പഞ്ഞി, പ്ലാസ്റ്റര്‍, കത്രിക... ഇത്യാദികള്‍ മേശമേല്‍ നിരത്തിവച്ചു.

എന്നിട്ട്‌ അവനോടായി, "മോന്‍ പേടിയ്കണ്ടാ..ട്ടൊ. വേദനിപ്പിക്കില്ല" എന്നു പറഞ്ഞു.

ദയനീയമായി തലയാട്ടുമ്പോള്‍ അവന്റെ കണ്ണില്‍ നിന്നും ഒരു തുള്ളി ചെവിയിലേയ്ക്‌ ഒലിച്ചിറങ്ങി.

സിസ്റ്ററും ഹെഡ്മിസ്റ്റ്രസ്സും അടക്കം ഞങ്ങളെല്ലാം ശ്വാസം വിടാതെ നില്‍പ്പാണ്‌.

ഡോക്ടര്‍ ഗ്ലൗസിട്ടു. കാലില്‍ അവിടവിടെ മെല്ലെ മെല്ലെ തൊട്ടുനോക്കി.

അടുത്ത നിമിഷം ആണി വലിച്ചൂരിയെടുത്തു; ചോര ചീറ്റിയൊഴുകി.

അതേ നിമിഷത്തില്‍ത്തന്നെ, ഒരു കാതടപ്പിക്കുന്ന കരച്ചില്‍ കേട്ട്‌ എല്ലാരും ഞെട്ടിത്തിരിഞ്ഞ്‌ നോക്കി.

ഞാന്‍ രണ്ടുകയ്യും തലയില്‍ വച്ച്‌ അലറിക്കരയുകയാണ്‌.

എത്ര വലിയ വേദനയോ, സങ്കടമോ ആയാലും മറ്റുള്ളവരുടെ മുന്നില്‍ ഉറക്കെ കരയുന്നത്‌ മാനക്കേടായി തോന്നിയിരുന്ന ആളാണ്‌ ഞാന്‍.

അത്തരം സ്ഥലകാലബോധമൊന്നും അന്നേരം എനിയ്കില്ലായിരുന്നു.

എല്ലാവരും ആശ്വസിപ്പിച്ചെങ്കിലും, മുറിവ്‌ കെട്ടിയശേഷം അവന്‍ അടുത്ത്‌ വിളിച്ച്‌ ചെറുപുഞ്ചിരിയോടെ.. "നീ കരയണ്ടാ...ട്ടൊ; എനിയ്ക്‌ വേദനയില്ല" എന്നു പറഞ്ഞ ശേഷമാണ്‌ എനിയ്കു സമാധാനമായത്‌.

എന്തുകൊണ്ട്‌ അങ്ങിനെ കരഞ്ഞു എന്ന്‌, ഇപ്പോഴും അറിയില്ല.

ഒരു പക്ഷേ..
ജന്മം കൊണ്ടല്ലെങ്കിലും അവന്‍ എന്റെ കൂടപ്പിറപ്പുതന്നെയല്ലേ.. എന്ന ഉള്‍വിളി ആ രൂപത്തില്‍ പുറത്തു വന്നതാകാം...

Thursday, September 6, 2007

കണ്ണില്‍ച്ചോരയില്ലാതെ...

സ്കൂള്‍ വിട്ടുവരുമ്പോള്‍ ദൂരെ നിന്നേ കണ്ടു;
മുറ്റത്ത്‌ ആരൊക്കെയോ..
"എന്താ നിന്റെ വീട്ടില്‍ ഒരു..?"..കൂട്ടുകാരിയുടെ മുഖത്തും ചോദ്യഭാവം.
ഒരു കൈ കൊണ്ട്‌ പുസ്തകസഞ്ചി ഒതുക്കിപ്പിടിച്ച്‌ കഴിയാവുന്നത്ര വേഗത്തില്‍ ഓടി, മുറ്റത്തേയ്ക്ക്‌ കയറുമ്പോള്‍....

ആകെ തളര്‍ന്നു പോയി.

ചിതറിത്തെറിച്ച ചോരത്തുള്ളികള്‍..
ഒടിഞ്ഞുനുറുങ്ങിയ ഉടല്‍..
സഹിയ്കാന്‍ വയ്യ.
ഞാന്‍ നിലത്ത്‌, വെറും മണ്ണിലിരുന്നു.
ചുറ്റും നില്‍ക്കുന്നവരുടെ, സഹതാപവും ദു:ഖവും കലര്‍ന്ന നോട്ടങ്ങള്‍, കണ്ണീര്‍മറയ്കപ്പുറത്ത്‌, തെളിയാത്ത മഴക്കാല ചിത്രങ്ങള്‍ പോലെ അവ്യക്തമായിരുന്നു.

കാലത്ത്‌ യാത്രപറയുമ്പോള്‍, ആ കവിള്‍ തലോടിയ എന്റെ കൈത്തലം നനഞ്ഞിരുന്നുവല്ലോ..
ദൈവമേ..
കൂട്ടുകാരികളോട്‌, പ്രഭാതത്തില്‍ എനിയ്ക്കു സമ്മാനമായി കിട്ടിയ ആ പനിനീര്‍ പുഞ്ചിരിയെപ്പറ്റി, തെല്ലൊരു അഹങ്കാരത്തോടെ പറയുമ്പോള്‍....
ഒരു 'കണ്ണേറി'നെപ്പറ്റി ഓര്‍ത്തുപോലുമില്ല.

അമ്മ എന്നെ പിടിച്ചെഴുനേല്‍പ്പിച്ചു; ആശ്വസിപ്പിച്ച്‌ അകത്തേയ്ക്കു കൊണ്ടുപോയി.
അടുക്കളഭാഗത്തെത്തിയപ്പോളാണത്‌ കണ്ടത്‌;
മാധവ്യേച്ചി, ഈ കൊടുംപാതകം ചെയ്തവനെ, വടയ്കേ മുറ്റത്തിട്ട്‌ തുണ്ടം തുണ്ടമാക്കി വെട്ടുന്നു.
പിന്നെ താമസിച്ചില്ല;
ഓടിച്ചെന്ന്‌ വെട്ടുകത്തി പിടിച്ചുവാങ്ങി, കൊടുത്തു രണ്ട്‌ വെട്ട്‌ !!
അത്രയെങ്കിലും ചെയ്തില്ലെങ്കില്‍ ഞാന്‍ പിന്നെ..

അരുമയായി നട്ടുനനച്ചുണ്ടാക്കിയ ചെമ്പനീര്‍ച്ചെടി, ആദ്യമായി ഹൃദയം തുറന്ന്‌ വിടര്‍ത്തിയ, കടുംചുകപ്പ്‌ പുഷ്പം, മഞ്ഞിന്‍കണങ്ങളണിഞ്ഞ്‌, സുന്ദരിയായി നില്‍ക്കുന്ന കാഴച്ചയും കണ്ട്‌ സ്കൂളില്‍ പോയതാണ്‌ ഞാന്‍.
തിരിച്ചുവരുമ്പോളേയ്ക്കും, തൊട്ടടുത്തുള്ള തെങ്ങിലേ ഓലമടല്‍, കാറ്റിനൊപ്പിച്ച്‌ ഊഞ്ഞാലാടി, വന്നുവീണത്‌ എന്റെ പാവം ചെടിയുടെ നെഞ്ചില്‍.
ഇതളുകളെല്ലാം ചിതറി, ചില്ലകളെല്ലാം ഒടിഞ്ഞു നുറുങ്ങി..
നാളെ വിടരേണ്ടിയിരുന്ന ഒരു പൂമൊട്ടും കൂടിയുണ്ടായിരുന്നു എന്നോര്‍ക്കുമ്പോള്‍..

ഓലമടലിനെ വെട്ടിനുറുക്കി കത്തിക്ക്യല്ലേ വെണ്ടത്‌?