Monday, June 28, 2010

വായില്ലാമൊഴി

കരിയും ചോപ്പും തേച്ച
മുഖമെഴുത്തും ഉടുത്തുകെട്ടും
കഴുത്തിറങ്ങിയ മുടിയുമായി കളിവേഷങ്ങള്‍,
കുറുങ്കുഴലും ചിലമ്പും
മുഴങ്ങുമൊറ്റച്ചെണ്ടയും കൊണ്ട്‌
കാണികളിലേയ്ക്ക്‌
കാല്‍ത്താളം പകര്‍ത്തി

ലോകം വിഴുങ്ങും തിരകളെ
വരച്ചിട്ട കളങ്ങളില്‍
തലചെരിച്ചും വെട്ടിച്ചും
കൈച്ചൂരല്‍ ഇടയ്ക്കു മിന്നലായ്‌ നിവര്‍ത്തി
വാള്‍ത്തിളക്കമായ്‌ ചുവടു മാറ്റി
ഉത്സവം തിമര്‍ത്താടി

പതിയെപ്പതിയെ മേളം മുറുകി
കാല്‍വേഗം കൂടി
ആരവമിരമ്പിച്ചൊരുവന്‍
ചായം തൊട്ടൊരു നെഞ്ചില്‍
വാള്‍മുനയുഴിഞ്ഞു;
കുനിച്ച തോളെല്ലുകള്‍ പേടിയഭിനയിച്ചു
ചെണ്ടയെന്തൊക്കെയോ ഉറക്കെപ്പറഞ്ഞു

മറുതലയ്ക്കല്‍, വീണ്ടുമതേ രംഗം
ചെണ്ടയുടെ ഗര്‍ജ്ജനം
കുഴലിന്റെ മുറവിളി
തനിയാവര്‍ത്തനം..

ഇടവരമ്പു മായ്ച്ചു;
കളിക്കാര്‍ കാഴ്ചക്കാരിലിറങ്ങി

മെല്ലെ.. വളരെ മെല്ലെ
തണുത്ത ഭാരത്തോടെ
മൂര്‍ച്ച മേഞ്ഞ ദേഹങ്ങള്‍
ഓരോന്നായി ചായക്കൂട്ടില്‍ കുഴഞ്ഞു
അഭിനയത്തികവെന്ന്‌ കയ്യടിച്ച്‌
ആഘോഷം നുരഞ്ഞു..

ഉയര്‍ത്തിക്കെട്ടിയ തട്ടില്‍
ഭേഷെന്ന്‌ തലയാട്ടുന്നു,
തൂവല്‍ തൊപ്പി വച്ച പൊന്നാടകള്‍

ആര്‍പ്പിന്നുച്ചസ്ഥായിയില്‍
കറുപ്പും മഞ്ഞയും വെള്ളയും ചുവപ്പിച്ച്‌
മുഖത്തെത്തിയ തിളക്കമോര്‍ക്കുന്നു
കീഴ്ച്ചുണ്ടിനൊപ്പം തെറിച്ച ശബ്ദവും

ഇതു മരണനൃത്തം,
കൊയ്യുന്നതെതിര്‍വാക്കിന്‍ നാക്കുകള്‍..
ചൂണ്ടിപ്പറഞ്ഞ വിരലറുത്തുപോയത്‌
കരുത്തായ്‌ കുരുത്തില്ലിതുവരെ

ഉറക്കത്തിന്‍ ഇരുട്ടുപാളിയ്ക്കിടയിലൂടെ
കണ്ണു കീറുകയാണീ
ദു:സ്വപ്നസൂചികള്‍


****************************

Saturday, June 19, 2010

സെമിത്തേരിയില്‍

ഓര്‍മ്മക്കല്ലുകള്‍ക്കു താഴെ
ചിതലരിച്ച ശബ്ദങ്ങള്‍
അടക്കം പറയുന്നുണ്ട്‌

ആഞ്ഞു വെട്ടലിന്‍ മണ്ണിളക്കത്തില്‍,
വെളിച്ചത്തിന്‍ വിള്ളലുകള്‍ക്ക്‌
വെയില്‍ മണം;
ആരായിരിയ്ക്കാം വരുന്നത്‌?

ഓരോ കുഴിയിലും
ഓരോ ലോകം വീര്‍പ്പുമുട്ടി

അലിയാത്ത എല്ലിന്‍കൂടുകളില്‍
ചലനസാഗരത്തിന്‍ ഓര്‍മ്മ തൊട്ടു;
പേശികള്‍ പൊടിച്ചു, തഴച്ചു;
ഓട്ടക്കണ്ണുകള്‍,
മരിച്ചുപോന്ന കാലത്തിനൊത്ത
വേഷത്തിലും ഭാവത്തിലും
പരിചിത മുഖങ്ങളെക്കണ്ടു

അയല്‍ക്കുഴിയില്‍,
തീവണ്ടിയരച്ചെടുത്ത ബാക്കിയില്‍
വെള്ള മൂടി
നിശ്ശബ്ദമായി മണ്ണുപെയ്തു

സ്വപ്നജീവനത്തിന്റെ എത്താക്കണക്കില്‍
ചത്തു ജീവിക്കുന്നവര്‍ക്ക്‌,
സഹനസമരത്തിനിപ്പൊഴും
തെറ്റായ സമവാക്യം തന്നെയെന്ന്‌
എല്ലാ ആകാംക്ഷകളും
സ്വന്തം ഇരുളകങ്ങളിലേയ്ക്ക്‌ മടങ്ങിപ്പോയി.

നാട്ടുപച്ചയിൽ പ്രസിദ്ധീകരിച്ചത്