Sunday, August 28, 2011

ഒരു മണിക്കൂര്‍ പത്തുമിനിറ്റില്‍

പാതി ഇടത്തോട്ടും
പാതി വലത്തോട്ടും
മുഖം നോക്കുന്ന
ഒറ്റമുറിയാത്രയിലാണ്‌
മുഴുജീവിതചിത്രീകരണം

സീറ്റിലടുക്കിയ ഉടലുകള്‍
ചാഞ്ഞും ചെരിഞ്ഞും തലകള്‍

കൈകളില്‍
ഭാഷാഭേദത്തിന്‍ കൂട്ടക്കലമ്പല്‍

മനോരമയിലെ പീഡനക്കോളം
എക്സ്പ്രസ്സിന്‍ നിയമലേഖനം നോക്കും
സമരാവേശിത തര്‍ക്കങ്ങള്‍
ക്രിക്കറ്റില്‍ ചേരും
ചരമവാര്‍ത്ത പൊതിഞ്ഞ വടയില്‍
ചൂടുള്ള സാമ്പാര്‍ വീഴും

താഴെ
അവധിയെന്നുമല്ലാതെയും
ചിരിച്ചും കണ്ണുതുടച്ചും
രുചിയുമരുചിയും കലര്‍ന്ന
ഭാണ്ഡക്കെട്ടുകള്‍

ഒരു സാരിത്തുളുമ്പലില്‍
ഉരുണ്ടുവീഴുന്നു
ബര്‍ത്തിന്റെ കണ്ണുകള്‍

ഇരുപതുരൂപയ്ക്ക്‌ ചെമ്പുവളതന്നും
നൂറ്റൊന്ന്‌ നാട്ടറിവുകളെറിഞ്ഞും
യൂക്കാലിതൊട്ട്‌
പാറ്റഗുളിക മൊട്ടുസൂചിവരെ
എണ്ണയും അത്തറും മണപ്പിച്ചും
അതിഥികഥാപാത്രങ്ങള്‍
വന്നുംപോയുമിരിയ്ക്കും

പഴയപേജുകള്‍ ഇറങ്ങുന്നിടത്ത്‌
കഥാഗതിയുടെ മേക്കപ്പില്‍
സാരിയ്ക്കു പകരം ചുരിദാറിടാം
പാകമാകാത്തവരെ ഡയലോഗിടിച്ച്‌
പാളത്തില്‍ വീഴ്ത്തിയോ വലിച്ചിറക്കിയോ
എഡിറ്റ്‌ ചെയ്യാം

ചെയിന്‍ വലിച്ചാലുമില്ലെങ്കിലും
പിന്നണിപ്പാട്ടുകാര്‍
ഓര്‍ത്ത്‌ പാടിക്കോളും
പഴകിയ വരികള്‍
ഒരു മാറ്റവുമില്ലാതെ

Monday, August 22, 2011

പൂമരത്തിലേയ്ക്കുള്ള വഴികളില്‍

വേനലിനും മഴയ്ക്കുമിടയിലെ
കൊടുക്കല്‍വാങ്ങലുകള്‍ക്കൊടുവില്‍,
മഞ്ഞുകാലത്തിലേയ്ക്കുള്ള
എത്തിനോട്ടത്തിനിടയില്‍
വസന്തത്തിന്‍ പൂവിളി കേട്ടു

തുമ്പക്കുടത്തില്‍
ശ്രീപാദമുണരുകയാവും

തണ്ടും തളിരും
സ്വപ്നനിറങ്ങളില്‍
ഉള്ളം പെരുക്കി,
മഴത്തുള്ളിയ്ക്കു മുകളിലൂടെ
പാറിവീഴുന്ന വെയില്‍ത്തുണ്ടുകളലങ്കരിച്ച്‌
തൊട്ടിടത്തെല്ലാം വിരിയാന്‍
ഇതള്‍ മിനുക്കിയിരിപ്പാവും

വേലിപ്പുറത്തെ ഇല്ലിക്കാട്ടില്‍ മാത്രം
വിഷാദത്തിന്‍ ഇലകൊഴിയുന്നു

ഓടത്തണ്ടിന്‍ നെഞ്ചില്‍
വലിച്ചുകെട്ടിയ ജീവിതം മൂളി
പതിഞ്ഞ ഈണത്തിലൊരു
കുഴലൂത്തുകാരന്‍ നടക്കാനിറങ്ങുന്നു

നേര്‍ത്ത സുഷിരങ്ങളില്‍
കാറ്റ്‌ മുറുകുമ്പോള്‍
ജനാലകളെല്ലാം അവനിലേയ്ക്ക്‌ തുറക്കും
വഴിക്കണ്ണു മടക്കി
നിറങ്ങളെല്ലാം അവനിലേയ്ക്കൊഴിയും
ഇതളെല്ലാം അവനെപ്പൊതിയും
മുളങ്കാട്‌ പൂക്കും
വസന്തം സ്വപ്നത്തിന്‍ വാതിലടയ്ക്കും

**********************

Sunday, August 7, 2011

ജീവനുള്ള ഫോസിലുകള്‍ രൂപപ്പെടുന്നത്‌

പൂമ്പാറ്റയോ ബാലരമയോ ആവോ
ചിത്രകഥയാണല്ലോ..

രാജാവ്‌
വിദൂഷകനെ കേട്ടുകേട്ടിരിയ്ക്കുന്നു;
റാണി
പുടവയും അലങ്കാരങ്ങളും
മാറിമാറിയണിയുന്നു

കയ്യൂക്കുള്ള മന്ത്രി
സപരിവാരം
നീതിയുടെ മൊത്തവിതരണത്തിന്‌
എവിടേയുമെപ്പോഴും

പലവട്ടം അടച്ചിട്ട താഴുകളെല്ലാം
താനേ തുറന്ന്‌
പൊന്നുകെട്ടിയ കോട്ടയില്‍
അടയിരിയ്ക്കുന്നോനെ കയ്യോടെ പിടിയ്ക്കാന്‍
ഓതിരം കടകമെന്ന്‌
അകത്തേയ്ക്ക്‌ പറക്കുന്ന മന്ത്രിയുടെ
ക്ലോസ്‌-അപ്‌ ഷോട്ട്‌

പുറത്ത്‌,
കീജയ്‌ വിളികളോടെ
ഏതു വിഴുപ്പുമെടുക്കാന്‍ പോന്നവര്‍

വാള്‍പ്പേശലിനൊടുവില്‍
ഒറ്റക്കണ്ണുമൂടിയ കള്ളന്‍
അടിയറവു പറയേണ്ടതാണ്‌;
കഥ തീരേണ്ടതാണ്‌

മന്ത്രിയ്ക്ക്‌ പകര്‍ച്ച കിട്ടിയ
'നാരങ്ങാവെള്ള'ത്തില്‍
ഒഴുകിപ്പോകുന്നത്‌
നാളിതുവരെക്കൊതിപ്പിച്ച വാക്കല്ലേ
കള്ളനല്ലേ എന്ന്‌
കഴുത കൊമ്പിളക്കുന്നിടത്ത്‌,
കള്ളനെ കണ്ടുകെട്ടാനൊരു
വാറോലയില്ലല്ലോ
ചൂടിക്കയറില്ലല്ലോ എന്ന്‌
മന്ത്രി രണ്ടു കണ്ണും മൂടുന്നിടത്ത്‌

കഥ അനക്കമറ്റു നില്‍ക്കുന്നു