Thursday, October 25, 2007

നിമിഷാര്‍ദ്ധം

മണ്ണിന്റെ ഗര്‍ഭത്തില്‍ നിന്നും
ഇഴയുന്ന സഹജരെ വിട്ട്‌
പുതു സന്നാഹങ്ങളോടെ
പൊങ്ങിപ്പറന്നവന്‍.


ഗര്‍വ്വം മിനുക്കിയ ചിറകുകള്‍
തിളങ്ങുന്ന തൃക്കണ്ണില്‍
‍എരിഞ്ഞടങ്ങിയാല്‍...

ഇഴയുന്ന കാലുകളില്‍ തൂങ്ങി,
മണ്‍ഗുഹയിലേയ്ക്ക്‌ വീണ്ടും..

Sunday, October 21, 2007

മഞ്ഞുതുള്ളി

ഇരുളിന്‍ കരിമ്പടം മാറ്റി വന്നെത്തുന്ന
സൂര്യനുണ്ടിന്നെന്റെയുള്ളില്‍
ഒരു കുഞ്ഞുപൂവിതള്‍ മെല്ലെ വിടര്‍ത്തുന്ന
സുസ്മിതമുണ്ടെന്റെയുള്ളില്‍...

സൗവര്‍ണ്ണ മേഘ പതാകകള്‍ നീര്‍ത്തുന്ന
വെണ്‍ നഭസ്സുണ്ടെന്റെയുള്ളില്‍...
യാമിനീദേവിയെച്ചന്ദനം ചാര്‍ത്തിച്ച
പൂര്‍ണ്ണേന്ദുവുണ്ടെന്റെയുള്ളില്‍...

തൂനിലാത്തുള്ളിയെ,പ്പൂക്കളായ്‌ മാറ്റി പൊന്‍-
പുലരിയ്ക്കു പൂക്കൂട തീര്‍ക്കുന്ന മുല്ലതന്‍,
സൗഗന്ധികാമൃത പൂരിതമാം ശുഭ്ര-
സുസ്മേരമുണ്ടെന്റെയുള്ളില്‍...

കറുകതന്‍ നെറുകയില്‍, ചെമ്പനീ-
രധരത്തി,ലാലോലമാട്ടുമീ പച്ചിലത്തൊട്ടിലില്‍,
മാരിവില്‍ വര്‍ണ്ണങ്ങളേഴും വിടത്തി-
ത്തിളങ്ങുന്ന വൈരമായ്‌ നില്‍പ്പൂ..

ഈ വരും നിമിഷത്തി,നൂഷ്മളാശ്ലേഷത്തി-
ലൊരു ബാഷ്പകണികയായ്‌ മാറും-
ഞാനെന്ന നീഹാര ബിന്ദുവിലീ വിശ്വ-
തേജസ്സു പുഞ്ചിരിയ്ക്കുന്നൂ...

മാത്രകള്‍ മാത്രമീ ദീപ്ത പ്രപഞ്ച-
പ്രതിബിംബമേറ്റിയെന്നാലും,
ജന്മസായൂജ്യമായ്‌, സ്വേദ പരാഗമാ-
യലിയട്ടെ ഞാന്‍ മഞ്ഞുതുള്ളീ...

Wednesday, October 17, 2007

ഇതും ഒരു 'ചുറ്റുവേഷന്‍'

ചായപ്പീടികയില്‍ നിന്നും ഇറങ്ങി, തോര്‍ത്തുമുണ്ട്‌ ഒന്നുകൂടി കുടഞ്ഞ്‌ തോളിലിട്ട്‌, ചെവിക്കുറ്റിയില്‍ നിന്നും മുറിബീഡിയെടുത്ത്‌ തീക്കൊടുത്ത്‌ ആഞ്ഞുവലിച്ച്‌, ഓരോരോ മനോരാജ്യം കണ്ട്‌ വീട്ടിലേയ്ക്കു നടക്കുമ്പോള്‍...

രാമുണ്ണ്യേട്ടനെ ആരോ വിളിയ്ക്കുന്ന പോലെ..

കേള്‍വി ചെറിയൊരു സൗന്ദര്യപിണക്കത്തിലായതുകൊണ്ട്‌ എപ്പോഴും ഇതുപോലുള്ള സംശയമാണ്‌.

തിരിഞ്ഞു നോക്കിയപ്പോള്‍, നേരാണ്‌.

ഒരുവന്‍ തന്റെ നേരെ നില്‍ക്കാന്‍ ആംഗ്യം കാട്ടി, വേഗം നടന്നു വരുന്നു.

കക്ഷത്തിലിരിയ്ക്കുന്ന വയറുന്തിയ കറുത്ത ഡയറിയില്‍ നിന്നും എത്തിനോക്കി, പുറം കാഴ്ച്ച ആസ്വദിയ്ക്കുന്ന കടലാസുകള്‍. കയ്യിലൊരു കുടയുള്ളത്‌ നടത്തത്തിനനുസരിച്ച്‌ ചൂട്ടുപോലെ വീശുന്നുണ്ട്‌.

അടുത്തു വന്നവന്‍, വെളുക്കെ ചിരിച്ച്‌ , "ഞാന്‍ ദല്ലാള്‍ ദാമോരന്‍" എന്ന്‌ പരിചയപ്പെടുത്തി.

"ആയിക്കോട്ടെ.. മ്മടെ വീട്ടില്‍ കെട്ടിയ്ക്കാറായ കുട്ട്യോളൊന്നും ഇല്ലല്ലൊ" എന്ന്‌ രാമുണ്ണ്യേട്ടന്‍.

പിന്ന്യല്ലേ ദല്ലാള്‍ കാര്യം വിസ്തരിച്ച്‌ പറഞ്ഞത്‌.
അടുത്തൊരിടത്ത്‌ ഒരു ബന്ധുക്കാര്യത്തിനായി വന്നതാണ്‌. അപ്പോ രണ്ടുമൂന്നു കേസുകള്‍ക്കും കൂടിയുള്ള 'ഇര'യെ തപ്പീട്ടു പോകാം..ന്ന്‌ കരുതി കറങ്ങുകയാണ്‌ കക്ഷി. വാര്‍ത്താമിനിമയകേന്ദ്രമായ ചായപ്പീടികയില്‍ നിന്നും ഡയറക്റ്റ്‌ ചെയ്തതനുസരിച്ചാണ്‌ അദ്ദേഹം രാമുണ്ണ്യേട്ടന്റെ പിന്നാലെ ഓടീതത്രെ.

"ഇവിടെ അടുത്തെങ്ങാനും പ്രീഡിഗ്രിക്കു പോണ കുട്യോളുണ്ടോ?"

നടത്തത്തിനിടയില്‍, ചെവിയ്ക്കു പിന്നില്‍ കൈചേര്‍ത്ത്‌ ചോദ്യം തന്റേതായ "ചുറ്റുവേഷന്‍" അനുസരിച്ച്‌ മനസ്സിലാക്കി തലയാട്ടി, രാമുണ്ണ്യേട്ടന്‍.

"അതിപ്പൊ...ഇവിടത്തെ ഒരു ചുറ്റുവേഷന്‍ വെച്ച്‌ നോക്കുമ്പോ...എളുപ്പല്ലല്ലൊ. ഇപ്പള്‍ത്തെ കുട്യോളൊക്കെ വെല്യ പടിപ്പിനല്ലേ പോണ്‌. ഈ ഭാഗത്തിപ്പൊ..മ്മടെ കൊച്ചമ്മിണീടെ മോളുണ്ട്‌. താന്‍ വാ, ഞാന്‍ വീടു കാട്ടിത്തരാം."

അതാണ്‌ 'ചുറ്റുവേഷന്‍ രാമുണ്ണ്യേട്ടന്‍'. പരോപകാരി. എന്തു പറയുമ്പോഴും നിഘണ്ടുവിനു പോലും അറിയാത്ത വാക്കുകള്‍ സമയോചിതമായി പ്രയോഗിയ്ക്കുന്ന പാവം നാട്ടിന്‍പുറത്തുകാരന്‍.

മഴപെയ്ത്‌ ചെളിനിറഞ്ഞ വെട്ടുവഴിയില്‍ നിന്നും, പാടത്തിന്റെ വല്യവരമ്പിലേയ്ക്കെത്തി.

"കുറേ ദൂരണ്ടോ?"

ദാമോരന്‌ ക്ഷമയുടെ ലെവല്‍ താഴാന്‍ തുടങ്ങി.

അവിടന്ന്‌ ചെറിയൊരു തോടും കടന്ന്‌ വീണ്ടും നടത്തം നീണ്ടപ്പോള്‍, ദല്ലാളുടെ ക്ഷമ കെട്ടു.
പരന്നു കിടക്കുന്ന പാടം നോക്കി ഒന്നൂടെ ചോദ്യമാവര്‍ത്തിച്ചു ദാമോരന്‍.

"ഇനീം പോണോ?"

"ഹേയ്‌, ദാ എത്തി".

നൂറു മീറ്റര്‍ അപ്പുറത്തു കാണുന്ന ചെറിയ വീടിനെ ചൂണ്ടിക്കാട്ടി, രാമുണ്ണ്യേട്ടന്‍.

നടത്തത്തിലുടനീളം, താന്‍ നടത്തിക്കൊടുത്തിട്ടുള്ള ബന്ധുതകളുടെ വിജയഗാഥ ദല്ലാള്‍, രാമുണ്ണ്യേട്ടനെ പാടിക്കേള്‍പ്പിയ്ക്കുകയും, പാതി കേട്ടിട്ടും കേള്‍ക്കാതെയും, തന്റെ മാസ്റ്റര്‍പീസ്‌ ഡയലോഗ്‌ ആയ " അതാണിവിടത്തെ ഒരു ചുറ്റുവേഷന്‍" എന്ന എക്സ്റ്റന്‍ഷനോടു കൂടി, രാമുണ്ണ്യേട്ടന്‍ അംഗീകരിയ്ക്കുകയും ചെയ്തു പോന്നു.

വീടെത്തി. രാമുണ്ണ്യേട്ടന്‍, കൊച്ചമ്മിണീനെ നീട്ടി വിളിച്ചു.

കയ്യും മുഖവും മുണ്ടിന്റെ കോന്തലകൊണ്ട്‌ അമര്‍ത്തിത്തുടച്ച്‌ ധൃതിയില്‍ ഉമ്മറത്തേയ്ക്ക്‌ വന്ന ഗൃഹനാഥയ്ക്ക്‌ ദല്ലാളെ പരിചയപ്പെടുത്തി.

ബയോഡാറ്റ എന്‍ക്വയറിയുടെ ആദ്യപടി ദല്ലാള്‍ തുടങ്ങി വച്ചു.

"ഇവിടത്തെ കുട്ടി പ്രീഡിഗ്രിക്കു പഠിയ്ക്ക്യാ..ല്ലെ? "

കൊച്ചമ്മിണിക്ക്‌ അമ്പരപ്പ്‌.

"അയ്യൊ.. അവള്‍.."

"അല്ല; പരീക്ഷ എഴുതി ജയിച്ചാലും തോറ്റാലും മ്മക്ക്‌ വിരോധല്യ. കുട്ടി പ്രീഡിഗ്രിക്കാരിയാവണം. അത്രേള്ളു."

ദാമോരന്റെ വിശദീകരണം കേട്ട്‌ കൂടുതല്‍ അങ്കലാപ്പായി കൊച്ചമ്മിണിയ്ക്ക്‌.

"അയ്യൊ അവള്‌ പ്രീഡിഗ്രിക്കു പോവല്ല, ബീഡിതെരുവിനു പോവ്വാ".

അവര്‍ ഒരുവിധം പറഞ്ഞൊപ്പിച്ചു.

"ഒമ്പതില്‌ തൊറ്റപ്പൊ മൊതല്‌, ബീഡി തെറുക്കാന്‍ പോയിത്തുടങ്ങീതാ.. ചെറിയൊരു വരുമാനോം ആവൂലോ.."

എവിടന്നോ സംഘടിപ്പിച്ച ഒരു കോഴിത്തൂവലിന്റെ അറ്റം ചെവിയിലിട്ട്‌ തിരിപ്പിച്ച്‌, വിശാലമായ പാടത്തിന്റെ 'ചുറ്റുവേഷന്‍' ആസ്വദിച്ചു നില്‍ക്കുന്ന രാമുണ്ണ്യേട്ടനെ, ദഹിപ്പിക്കുന്ന പരുവത്തിലൊന്ന്‌ തിരിഞ്ഞു നോക്കി ദാമോരന്‍.

"..ന്നാല്‍ ഞാന്‍ വരട്ടെ പെങ്ങളേ"

മറുപടിക്കു കാത്തുനില്‍ക്കാതെ മുണ്ടും മടക്കിക്കുത്തി, ദാമോരന്‍ തിരിഞ്ഞു നടന്നു.
രാമുണ്ണ്യേട്ടന്റെ വിളിയൊന്നും വകവയ്ക്കാതെ...

ആ നടത്തത്തിന്റെ കാരണം കൊച്ചമ്മിണിയോട്‌ ചോദിച്ചറിഞ്ഞപ്പോഴും രാമുണ്ണ്യേട്ടന്‌ ഒന്നേ പറയാനുണ്ടായിരുന്നുള്ളു.

"..ന്നാല്‍ അവനത്‌ ആദ്യേ പറഞ്ഞൂടായിരുന്നൊ. ബീഡിതെരുവിന്‌ പോണ കുട്ട്യല്ല വേണ്ടത്‌ന്ന്‌. വെറുതെ ഇന്റെ നേരോം മെനക്കെടുത്തി. ഉപകാരം ചെയ്യാമ്പോയാലും, ഇതെന്യാ ഈ കാലത്തെ ഒരു ചുറ്റുവേഷന്‍."

*******************************

Sunday, October 14, 2007

തലക്കുറി

പ്രിയപ്പെട്ടവരെ,
സഹയാത്രികന്റെ സ്നേഹസമ്മാനം നന്ദിപൂര്‍‌വ്വം സ്വീകരിച്ചുകൊണ്ട്‌, ഞാന്‍ ഈ ബ്ലോഗിന്റെ തലക്കുറി 'ചന്ദ്രകാന്തം' എന്ന്‌ മാറ്റിയെഴുതുന്നു.

Wednesday, October 10, 2007

അക്ഷരത്താക്കോല്‍

നിറങ്ങളൊഴുകും
തിരശീലയ്ക്കപ്പുറം
കുടമാറ്റം നടത്തും
വാഴ്‌വിനെ തൊട്ടെടുക്കുന്നോന്‍..

അലാവുദ്ദീന്റെ
ഭൂതത്താനെപ്പോലെ...

ഇലത്തുമ്പില്‍ നിന്നും
ഇറ്റുന്ന തുള്ളി പോല്‍
മൃദുസ്പര്‍ശിയാകണം
നിന്റെ മേനിയിലെന്റെ വിരലുകള്‍...

അറിയാമതെങ്കിലും,
ഞാനെന്നോടിടയും
നേരങ്ങളില്‍ നീ
കൈകള്‍ക്കിലത്താളമാകുന്നു,
"ഇലഞ്ഞിത്തറ"യായ്‌ ഒരുങ്ങുന്നൂ

നിനക്കു വേദനിയ്ക്കുന്നുവോ...

Sunday, October 7, 2007

സൈക്കിളഭ്യാസം

കൊല്ലപ്പരീക്ഷയുടെ കരാള ഹസ്തങ്ങളില്‍ നിന്നും മോചനം നേടിയതിന്റെ സന്തോഷം എങ്ങനെ ആഘോഷിക്കണമെന്ന്‌ ആലോചിച്ചിട്ട്‌ രാജുവിന്‌ ഒരു പിടിയും കിട്ടുന്നില്ല.

ഏപ്രില്‍ ഫൂള്‍ മുതലുള്ള ദിവസങ്ങള്‍ ഏതൊക്കെ രീതിയില്‍, എന്തൊക്കെ കലാപരിപാടികളാല്‍ തിളക്കം കൂട്ടണമെന്ന്‌ ആത്മാര്‍ത്ഥമിത്രം കണ്ണനുമായി അല്‍പം "കൂലംകഷായം" ആയിത്തന്നെ ആലോചിച്ച്‌ തലപുകച്ചു. ആ പുകച്ചിലിന്റെ അവസാനം ഒരു സത്യം അവര്‍ തിരിച്ചറിഞ്ഞു;

"പണമേ, നീയില്ലാതെ നമുക്കെന്താഘോഷം"...

ശരിയായ പകിട്ടു നിറഞ്ഞ ആഘോഷം നടപ്പിലാക്കണമെങ്കില്‍, വിഷു വരണം. എന്നാലേ കൈനീട്ടം വകയില്‍ കാര്യമായി വല്ലതും തടയൂ.

വിഷുവിന്‌ മാമന്‍ നാട്ടില്‍ വരുന്നുണ്ടെന്ന ന്യൂസ്‌ പബ്ലിഷ്‌ ആയതോടെ സന്തോഷം തലയ്ക്കടിച്ചു.

എന്തൊക്കെ പ്രതിബന്ധമുണ്ടായാലും, ഇക്കുറി സൈക്കിള്‍ പഠിച്ചിട്ടുതന്നെ കാര്യം..കണ്ണന്റെ തലയില്‍ നിന്നും പുറത്ത്‌ ചാടിയ ഒരു ചിരകാലാഭിലാഷം.

ഓരോ വെക്കേഷനും അവന്റെ അമ്മയുടെ "കുരുത്തം കെട്ടോന്‍ അതീന്നും കൂടി വീണ്‌ കയ്യും കാലും ഒടിയാത്ത കുറവേ ഉള്ളൂ" എന്ന ഡയലോഗിന്റെ മലവെള്ളത്തില്‍ ആ ആഗ്രഹം ഒലിച്ചുപോകാറാണ്‌ പതിവ്‌.

രാജൂന്‌ ഒരുവിധം നന്നായി സൈക്കിള്‍ ചവിട്ടാനറിയാം. അപ്പോള്‍ ചങ്ങാതീടെ ആ എളിയ മോഹം ഏതു വിധേനയും സാധിപ്പിയ്ക്കേണ്ടത്‌ അവന്റെ ധാര്‍മികമായ ചുമതലയായി അവന്‍ ഏറ്റെടുത്തു.

അടുത്തത്‌, ഒരു അടിപൊളി സിനിമയ്ക്കു പോണം. വീട്ടില്‍ നിന്ന്‌ അത്‌ പാസ്സാക്കിയെടുക്കാന്‍ ഇത്തിരി ബുദ്ധിമുട്ടാണെങ്കിലും, കയ്യും മെയ്യും മറന്ന്‌ പോരാടാന്‍ തീരുമാനമായി. വിഷൂന്റന്ന്‌ ഒരു സാദാ പടത്തിനുള്ള പെര്‍മിഷന്‍ ഒപ്പിക്കാം.

പക്ഷേ........ കണ്ണന്‌ അതും പോരാ.. ഒരു പടം കൂടി ലിസ്റ്റ്‌ ചെയ്യണമെന്നു വാശി. (അതും ഉച്ചപ്പടം). അവസാനം അതിനുള്ള അവസരം ഒപ്പിയ്ക്കുന്ന കീറാമുട്ടി അവന്‍ തന്നെ ഏറ്റെടുത്തു.

സന്തോഷം.... ഇവനാണ്‌ യഥാര്‍ത്ഥ ചങ്ങാതി. ഒന്നുരണ്ട്‌ വയസ്സുകൊണ്ട്‌ തന്നേക്കാള്‍ ചെറുതാണെങ്കിലും, ചിന്തയിലും പ്രവര്‍ത്തിയിലും അഞ്ചാറ്‌ കൊല്ലം മുന്നില്‍ നടക്കുന്ന അവനെ എങ്ങനെ ബഹുമാനിയ്ക്കാതിരിയ്ക്കും?

വെക്കേഷന്‍ പ്രോഗ്രാംസിലെ അടുത്ത ഇനങ്ങള്‍ക്ക്‌ രംഗപടം ഒരുക്കാന്‍ അത്ര കഷ്ടപ്പാടില്ല. ഒരു പാക്കറ്റ്‌ വില്‍സ്‌, കൂട്ടത്തില്‍ ചിക്കന്‍ ബിരിയാണി. ഇതൊക്കെ സിനിമാ വഹയില്‍ പുറത്തിറങ്ങുമ്പോള്‍ നടത്തിയെടുക്കാം. പിന്നേം കാശുണ്ടെങ്കില്‍ ഓരോ ബീറ്‌. (വെറും ആറാം ക്ലാസ്സിലെത്തി നില്‍ക്കുന്നോര്‍ക്ക്‌ അതിത്തിരി അഹങ്കാരമല്ലേന്ന്‌ രാജൂന്‌ പോലും തോന്നിപ്പോയി.)

എല്ലാറ്റിനും മുന്നോടിയായി സൈക്കിള്‍ പഠിത്തം തുടങ്ങാന്‍ തീരുമാനമായി. വീട്ടിലുള്ള സൈക്കിള്‍, പഠനസാമഗ്രിയായി അനുവദിച്ചുകിട്ടില്ല എന്നതിനാല്‍, വര്‍ഗീസേട്ടന്റവിടുന്ന്‌ വാടകവണ്ടി എടുത്തു. വിഷൂന്‌ മുന്‍പ്‌ പഠനം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ്‌ നേടാന്‍ കഴിഞ്ഞാല്‍, സിനിമാട്രിപ്പ്‌ ഒരു "സൈക്കിള്‍ യാത്രാനുഭൂതി"യാക്കി മാറ്റാം എന്നൊരു ഗൂഡാലോചനയുടെ ഉന്തും തള്ളും രണ്ടാളുടേയും മനസ്സിലുണ്ടായിരുന്നു.

വീടിന്‌ മുന്നില്‍ വെട്ടുവഴിയാണ്‌. അതിലുണ്ടായിരുന്ന മണ്ണെല്ലാം മാസങ്ങള്‍ക്കുമുന്‍പ്‌ കുറെ നല്ല മനുഷ്യരുടെ ശ്രമഫലമായി നിരത്തിയിട്ട ചരലിന്‌ വഴിമാറിക്കൊടുത്തിരിയ്ക്കുന്നു. വഴിയുടെ അരികിലൂടെ ഒരാള്‍ക്ക്‌ നടക്കാവുന്ന വീതിയില്‍ കല്ലില്ലാതെ കിടക്കുന്ന ഒറ്റയടിപ്പാതയാണ്‌ സാധാരണ സൈക്കിള്‍ യജ്ഞക്കാര്‍ "ഹൈവേ" ആയി ഉപയോഗിയ്ക്കുന്നത്‌. തങ്ങളും അവരുടെ പിന്‍ഗാമികളായി.

ആദ്യദിവസം കണ്ണനെ കയറ്റിയിരുത്തി, ഒരു കൈ ഹാന്‍ഡിലിലും, മറുകൈ സീറ്റിനു പിന്നിലും പിടിച്ച്‌ "സൈക്കിളില്‍ പിച്ച"വയ്ക്കുന്നതിന്റെ ഒന്നാം പാഠം രാജു തുടങ്ങിവച്ചു.

കണ്ണന്റെ അമ്മയ്ക്ക്‌ വായതുറക്കാന്‍ അവസരം നഷ്ടപ്പെടുത്തിക്കൊണ്ട്‌, "കുട്യോള്‍ വെലുതാവ്വല്ലേ, ഇതൊക്കെ പഠിച്ചിരിക്യേണ്ടേ.." എന്ന തന്റെ അമ്മയുടെ വാല്‍സല്യധാരയുടെ തേന്‍തുള്ളികള്‍ രണ്ടാളും നുണഞ്ഞിറക്കി.

ഹാന്‍ഡില്‍ സ്റ്റ്രെയിറ്റ്‌ ആയി പിടിയ്ക്കൂ, നേരെ നോക്കൂ.. തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ രാജു നിര്‍ലോഭം കൊടുത്തുകൊണ്ടിരുന്നു. അതെല്ലാം ശിരസാവഹിയ്ക്കുമ്പോള്‍.... കാലീന്ന്‌ പെഡല്‍ പോകും; കണ്ണന്‍ പിന്നേം താഴേയ്ക്ക്‌ നോക്കും, .. അങ്ങനെയങ്ങനെ....

ചവിട്ടി ക്ഷീണിയ്ക്കുമ്പോള്‍ ഒരു ഇടവേളയ്ക്കു വേണ്ടി, വഴിയരുകിലെ കലുങ്കില്‍ എങ്ങിനെ കാലുകുത്താം എന്നത്‌ വളരെ വിദഗ്‌ദ്ധമായി രാജു പഠിപ്പിച്ചു കൊടുത്തു.

പെഡലില്‍ ഒറ്റക്കാലൂന്നി മറുകാല്‍ പിന്നിലൂടെ വീശി സീറ്റില്‍ കയറിക്കൂടുന്ന വിദ്യ സ്വന്തമായി അത്ര വശമില്ലാത്തതിനാല്‍, ആ പാഠം അവസാനം പഠിക്കാന്‍ മാറ്റിവച്ചു.

പിന്നീടായിരുന്നു ഏറ്റവും മര്‍മ്മപ്രധാനമായ "ബ്രേക്കിടല്‍" കര്‍മ്മ പരിശീലനം. ഏതെല്ലാം രീതിയില്‍, ആവശ്യം വരുന്ന സന്ദര്‍ഭങ്ങളേവ, ശ്രദ്ധിച്ചില്ലെങ്കില്‍ വരുന്ന അപകടങ്ങള്‍....... രാജൂന്റെ പ്രഭാഷണം ആനപ്പുറത്തിരിയ്ക്കുന്ന ഗമയോടെ സൈക്കിള്‍പ്പുറത്തിരുന്ന്‌ കണ്ണന്‍ കേട്ടു.

മൂന്നുനാല്‌ ദിവസത്തെ കഠിനപ്രയത്നം ഒടുവില്‍ "വേഗം" കണ്ടു. രാജു കൈവിട്ടാലും ചവിട്ടാം എന്നായി. അങ്ങനെ ഗുരുമനസ്സ്‌ ആനന്ദാശ്രു പൊഴിയ്ക്കാന്‍ തയ്യാറെടുക്കവേ......... അശ്രുവിന്റെ സകലമാന സ്പെസിഫിക്കേഷനും തകിടം മറിച്ച്‌ സങ്കടാശ്രുവാക്കിക്കൊണ്ട്‌, ഗുരുവിന്റേയും ശിഷ്യന്റേയും കയ്യില്‍നിന്നും കാര്യങ്ങള്‍ കൈവിട്ടു പോയി.

നൂറുമീറ്ററോളം ഒറ്റയ്ക്കു ചവിട്ടി, മെല്ലെ ബ്രേയ്ക്‌ പിടിച്ച്‌,വിജയിച്ച സന്തോഷത്തില്‍ ഗുരുവിനെ ചെറുതായൊന്നു തിരിഞ്ഞുനോക്കി, കലുങ്കില്‍ കാലുറപ്പിയ്ക്കാന്‍ ശ്രമിച്ചതും..., ഇളകി നിന്നിരുന്ന സിമന്റ്‌ കഷ്ണം കണ്ണനേയും കൊണ്ട്‌ നേരെ താഴെ രണ്ടാള്‍ക്ക്‌ താഴ്ചയുള്ള തോട്ടിലേയ്ക്ക്‌....... "യ്യോ" എന്നൊരു നിലവിളി മാത്രം ബാക്കി....

ഇടിവെട്ടു കൊണ്ടവനെ പാമ്പും, തേളും, പഴുതാരയും ഒന്നിച്ചു പെരുമാറിയ പോലുള്ള ഗുരുവിന്റെ നില്‍പ്പുകണ്ട്‌, ശിഷ്യന്റെ സൈക്കിള്‍ പോലും റോഡില്‍ തല ചുറ്റി വീണു.

അതിദാരുണമായ സംഗതി ഇതൊന്നുമല്ല.......

കഷ്ടി ഒരാള്‍ പൊക്കത്തില്‍ തോട്ടില്‍ വളര്‍ന്നു നില്‍ക്കുന്ന, നല്ല കായികബലമുള്ള മുള്ളുകൊണ്ടലങ്കരിച്ച പൂക്കൈതയുടെ കൊരലിലേയ്കാണ്‌(തലപ്പ്‌) കണ്ണന്‍ ക്രാഷ്‌ലാന്റ്‌ ചെയ്തത്‌. കൂര്‍ത്ത മുള്ളുകള്‍ തലോടുന്ന സുഖംകൊണ്ട്‌, അവന്റെ "കുരല്‍" കാര്യമായി പുറത്തു വരുന്നില്ല. ദയനീയമായ നോട്ടം... ഈ "ത്രിശങ്കുനരകത്തീന്ന്‌" എന്നെ കരകേറ്റടാ... എന്ന്‌ ശരശയ്യയില്‍ കിടന്നുള്ള ഞരക്കനിവേദനം മാത്രമേ സാധ്യമാകുന്നുള്ളൂ..

കലുങ്കില്‍ നിന്ന്‌ കയ്യെത്തിച്ചാല്‍ കിട്ടുന്നതിലും താഴെയാണ്‌ അവന്റെ കിടപ്പ്‌. അനങ്ങിപ്പോയാല്‍, ഇപ്പോള്‍ കുത്തിക്കയറി പണിയെടുക്കുന്നവ കൂടാതെ, അടുത്തുള്ള മുള്ളുകള്‍ വരെ ഒന്ന്‌ കുത്തി നോക്കും.

കൈതക്കാല്‍ വെട്ടി, അതേ കിടപ്പില്‍ കണ്ണനെ താഴേയ്ക്ക്‌ മറിയ്ക്കുക എന്ന ഐഡിയബള്‍ബ്‌ രാജൂന്റെ തലച്ചോറില്‍ മിന്നി. വെട്ടുകത്തിയ്ക്കായി വീട്ടിലേയ്ക്ക്‌ കുതിയ്ക്കുമ്പോള്‍.. ബുള്‍ബ്‌ ഒന്നുകൂടി മിന്നി.... കണ്ണന്റെ അമ്മയെങ്ങാന്‍ കണ്ടാല്‍........

ഒടുക്കം, വടക്കുപുറത്തൂടെ പതുങ്ങി അമ്മിക്കല്ലിന്റടുത്തിരിയ്ക്കുന്ന വെട്ടുകത്തിയും സംഘടിപ്പിച്ച്‌ വരുന്നതുവരെ... കണ്ണന്‍ ഉത്തരായണം കാത്തുകിടക്കുന്ന ഭീഷ്മപിതാമഹന്റെ റോളിലങ്ങനെ....... പാവം!!!

തോട്ടിലെ കയ്യെത്തുന്ന എല്ലാ കൈതകളുടെയും കാലുപിടിച്ച്‌, കാല്‍ വഴുതുമ്പോളെല്ലാം ഭൂമിയില്‍ തൊട്ടു വന്ദിച്ച്‌, ഒരു വിധം രാജു ലക്ഷ്യം കണ്ടു. കണ്ണന്‍ 'കുടിയിരിയ്ക്കുന്ന' കൈതയ്ക്ക്‌ തരക്കേടില്ലാത്ത വണ്ണമുണ്ട്‌. രണ്ടുമൂന്നു വെട്ടുകള്‍ക്കെങ്കിലും മുറിഞ്ഞില്ലെങ്കില്‍ .... തന്റെ ചങ്ങാതീടെ കാര്യം കട്ടപ്പൊക.

ഓര്‍മ്മയില്‍ വന്ന എല്ലാ ദൈവങ്ങളേയും വരിക്കുനിര്‍ത്തി പ്രാര്‍ത്ഥിച്ച്‌, കണ്ണന്‌ "അലര്‍ട്ട്‌" സിഗ്നല്‍ കൊടുത്ത്‌ ആഞ്ഞുവെട്ടി.

രാജുവിന്റെ കൈകളുടെ വിറയല്‍ കൈതയിലേയ്ക്കും, അതിന്റെ ശബ്ദരൂപം കണ്ണന്റെ തൊണ്ടയിലേയ്ക്കും പടര്‍ന്ന്‌... "ന്റമ്മേ".... എന്നു പുറത്തു വന്നു.

ഒടുക്കം, അദ്ധ്വാനഫലം, ഈശ്വരന്‍ കണ്ണന്റെ രൂപത്തില്‍, താഴേയ്ക്കെത്തിച്ചു തന്നു. അവനെയും മുറുകെപ്പിടിച്ച്‌, ഇഴഞ്ഞും, വലിഞ്ഞും രാജു ഒരുവിധം മുകളിലെത്തി. ഭാഗ്യത്തിന്‌ ആ പരിസരത്ത്‌ പ്രേക്ഷകരാരും ഉണ്ടായിരുന്നില്ല.

മെല്ലെ കണ്ണന്റെ ഷര്‍ട്ടൂരി. വേലിയില്‍ നിന്നും കമ്മ്യൂണിസ്റ്റ്‌ പച്ച പറിച്ച്‌ കയ്യിലിട്ട്‌ ഞെരടി, അവന്റെ ചുകപ്പു പെയിന്റടിച്ച മേനിയിലേയ്ക്ക്‌ ഒറ്റിച്ചതും.......... നീറ്റലിന്റെ ഉച്ചസ്ഥായിയില്‍ രാജുവിന്റെ കാതടപ്പിച്ചുകൊണ്ട്‌ കണ്ണന്‍ പാഞ്ഞു..... വീടിന്റെ കിഴക്കുവശത്തുള്ള കുളത്തില്‍ ചാടി.

ചങ്ങാതിയ്ക്ക്‌ പിന്തുണ നല്‍കാന്‍, ഒപ്പം ചെന്ന്‌, ചോരകൊണ്ട്‌ സ്പ്രെപെയിന്റിങ്ങ്‌ നടത്തിയ ഷര്‍ട്ട്‌ കഴുകിയെടുക്കാന്‍ രാജുവും സഹായിച്ചു.

കുറച്ചു സമയത്തിനുശേഷം കണ്ണന്റമ്മേടെ വഹ ചെറിയൊരു വെടിക്കെട്ടും കണ്ണന്റെ വഹ കുഴല്‍പ്പറ്റും അവരുടെ സ്വന്തം ഉമ്മറത്തു വച്ച്‌ അരങ്ങേറി. അതോടെ ഇനി അടുത്തതെന്ത്‌ എന്നൊരു രൂപവുമില്ലാതെ വീട്ടുതടങ്കലില്‍ നിന്നും കൂട്ടുകാരനെ വിട്ടുകിട്ടുന്നതും കാത്ത്‌... രാജു എല്ലാ ആഘോഷങ്ങളുടെയും പടം തല്‍ക്കാലം മടക്കിവച്ചു. ......

Tuesday, October 2, 2007

ബലി

നന്മയുടെ സൂര്യന്ന്‌
കൗശലച്ചിറകിനാല്‍ മറപിടിച്ച്‌
കളവറിയാത്ത ബാല്യത്തില്‍ നിന്നും
വിരുതനാം കാകന്‍ കവര്‍ന്നതാണെന്നെ.

ചതുരതയുടെ സൂത്രവാക്യം
'നിന്മൊഴിയെത്ര മനോജ്ഞം' ചൊല്ലി,
ജംബുക,നെന്നെ,യവന്റേതാക്കി.

വീണ്ടുമനേകം കൈകളിലൂടെ
വിശപ്പിന്റെ വിളികള്‍
കേള്‍ക്കാത്തൊരകലത്തി,ലുയരത്തില്‍,
തങ്കത്താംബാളത്തില്‍
പലഹാരക്കൂമ്പാരത്തില്‍
ചേര്‍ന്നമര്‍ന്നൂ ഞാന്‍...

ആഡംബരത്തിന്‍ വിലങ്ങണിയിച്ച്‌
കത്തിയും മുള്ളും കൊണ്ട്‌
ആക്രമിച്ചാസ്വദിയ്ക്കും മുന്‍പ്‌,
അവരെന്നെ ഞാനല്ലാതാക്കും മുന്‍പ്‌

കണ്ണീരൊട്ടും മുഖത്തിന്നും,
വേറിടും പ്രാണന്നുമിടയില്‍
ശോഷിച്ച കയ്യിലൊതുങ്ങും
വയറിന്‍ പിച്ചച്ചട്ടിയില്‍,

ആര്‍ത്തി മൂര്‍ഛിയ്ക്കും
കഴുകന്‍ കണ്ണുകള്‍
‍കൊളുത്തിട്ട്‌ കാവലിരിയ്ക്കും
ഉണക്ക മാംസക്കോലങ്ങളില്‍,

.....എന്നെ അര്‍പ്പിയ്കാന്‍
ബലിക്കല്ലു തേടുന്നു ഞാന്‍.....