Thursday, January 17, 2008

പെയ്തൊഴിയാതെ..

പുറത്ത്‌ മഴ
മനസ്സിലും.

പൊടിമണ്ണില്‍
ജലസൂചി ആഴ്ത്തുന്ന
ഈന്തപ്പന.

ഉള്ളു പഴുത്തു കിടക്കുമ്പോള്‍
ആദ്യത്തെ തുള്ളികളെ
ഊറ്റത്തോടെ
ആവിയാക്കാനാവും.

കനം കൂടുന്തോറും
മണ്‍തരികളെ തെറിപ്പിച്ച്‌
തൊലിയുരിഞ്ഞുപോയ എല്ലുകളില്‍
താളമിടുന്നവയെ
അടക്കാനുള്ള പാഴ്‌ശ്രമം.

നന്ത്യാര്‍വട്ടം ഉലഞ്ഞു...

നെറുക പൊളിക്കും തുള്ളിക്ക്‌
തട പിടിച്ചിരുന്ന വിരലുകള്‍
തകര്‍ന്നിട്ടുണ്ടാവും;
ഉണങ്ങുന്തോറും മലരുന്ന
മുറിവുമായി
വെണ്ണ തിരയുകയാവും.
സഹനത്തിന്റെ തീത്തുമ്പുകള്‍
വഴികാട്ടികളാവില്ലല്ലോ.

പുല്‍നാമ്പില്‍ പിടിച്ചു കയറുന്ന
പ്രതീക്ഷകളെ
എറിഞ്ഞു വീഴ്ത്തുന്ന മഴ.

വിളര്‍ത്ത ചിരി ബാക്കി നിര്‍ത്തി,
കിണറ്റുവക്കിലെ വെള്ളിലത്തില്‍
മത്താപ്പു കത്തിച്ച പൂക്കള്‍
ആഴങ്ങളിലേയ്ക്കു പോയി.
പച്ചനിറമുള്ള ഓര്‍മകള്‍..
താളിയ്ക്കായി
ഒടിച്ചെടുത്തിരുന്നു.

കണ്ണിലെ ഓവുചാല്‍
കുത്തൊഴുക്കില്ലാതെ
തുറക്കാനായെങ്കില്‍...

Wednesday, January 9, 2008

അപ്സരസ്സ്‌

പതിച്ചു കിട്ടിയ
ആജ്ഞ നിറവേറ്റാന്‍
ആവനാഴി നിറച്ചു.

പോകേണ്ട വഴികളും
വഴിവിട്ട പ്രയോഗങ്ങളും
തന്ത്രങ്ങള്‍ മെനഞ്ഞവര്‍
പറഞ്ഞു പഠിപ്പിച്ചു.

സ്വയം ഹോമിച്ചും
നേടേണ്ടവയാണ്‌ മുന്നില്‍..

മത്തു പിടിച്ചവരുടെ
ഭ്രാന്തന്‍ മോഹങ്ങള്‍
നെഞ്ചില്‍ തീപടര്‍ത്തുന്നു...

യന്ത്രപ്പാവയ്ക്ക്‌
പാപ പുണ്യങ്ങളുടെ കണക്കെടുപ്പില്ല.

ഒരു പ്രതിധ്വനി മതി
വീണുടയാന്‍.

തോഴിമാരുടെ കരവിരുത്‌
മേനിയഴകിനെ മിനുക്കി.
തീയമ്പുകള്‍ കച്ചയിലൊളിച്ചു.
ഉത്തരീയച്ചുറ്റില്‍ കുടമുല്ല വിരിഞ്ഞു.


മുനിയുടെ മൗനം ഒഴിയുമ്പോള്‍..
കണ്ണിലെ താപം പന്തമെറിയാം,
പാഞ്ഞെത്തും ശാപ വാക്കുകളില്‍..
ചാവേറിന്റെ ആത്മാവ്‌
പൊട്ടിത്തെറിക്കാം.

പതറുന്ന മനസ്സില്‍
കുത്തുന്ന കണ്ണീര്‍ച്ചില്ലുകള്‍

മുടക്കിയ തപസ്സുകള്‍
ഒടുക്കിയ സാമ്രാജ്യങ്ങള്‍..

പെറ്റിട്ട കുഞ്ഞിനെ വിട്ട്‌
പറക്കേണ്ടി വന്ന നിമിഷങ്ങള്‍...
ആശിയ്ക്കാനാവാത്ത സൗഭാഗ്യങ്ങളുടെ നിഴലില്‍
ശ്വാസം നിന്നു പോകുന്നു.


ഇന്നലെകള്‍ ഇരുട്ടിട്ടു മൂടി,
കല്‍പ്പിക്കുന്നവന്റെ കാല്‍ കഴുകാന്‍,
മോഹിക്കുന്നവന്ന്‌ വിരുന്നൊരുക്കാന്‍
അടിയറവച്ച, ജന്മത്തിന്‌
വികാരങ്ങളുടെ വിലാപം
വിലക്കപ്പെട്ടതാണ്‌.

ഈ കാന്തവലയത്തിനുള്ളില്‍ നിന്ന്‌
മരണമില്ലാത്ത ആവര്‍ത്തനങ്ങളില്‍ നിന്ന്‌
എന്നാണൊരു ശാപമോക്ഷം..

എനിയ്ക്കായി ജീവിച്ച്‌
ഞാന്‍ ആയി മരിയ്ക്കാന്‍
ഒരു ദിവസം.

*************************