Wednesday, January 21, 2009

വെയിലൊഴിയുന്ന വഴികൾ

ചേക്കേറാൻ കൂടില്ലാത്തവൻ
ഒറ്റക്കാലിലുറങ്ങുന്ന വേരില്ലാമരം.
പൊടിയൊഴുകും വായുവിലും
ശ്വസിയ്ക്കാനാകുമെന്നു പഠിപ്പിച്ചു
ചിതൽപ്പുറ്റിൻ നിറമുള്ള ഈ നഗരം...

മനസ്സിലെ വെളിച്ചപ്പൊടി തട്ടിമായ്ച്ച്‌
കരിനാഗങ്ങളെത്തുമ്പോൾ
മുഖത്തെഴുത്തിന്‌പിന്നിൽ
സമാനതകളില്ലാത്ത ചിന്തകൾ
മൂളിപ്പറക്കാൻ തുടങ്ങും.

മേളപ്പരപ്പിന്റെ ചായങ്ങൾ മേലോട്ടൊഴുക്കി,
കുന്നുകയറി വരുന്ന കാവടികൂട്ടങ്ങളിൽ
കവിൾ തുളച്ച്‌, നാരങ്ങ നുണഞ്ഞ്‌
ശൂലങ്ങൾ പിടയും..

തോരണക്കതിരൊഴിഞ്ഞു..
പാടത്തെ പശിമയുടെ
അവസാന കണികയിൽ
വെളുക്കെച്ചിരിച്ച്‌
എള്ളിൻ ചെടികൾ
കരിന്തിരി നീട്ടുന്നു.

നിഴലുകളില്ലാതെ
കനക്കുന്ന ഇരുട്ടിൽ
ഒരു പൊട്ടിച്ചൂട്ടെങ്കിലും...

******************

Tuesday, January 13, 2009

തീ വന്ന്‌ കെടുത്തിയ ദീപങ്ങൾക്ക്‌

തലയ്ക്കു മുകളില്‍ പറന്നു വീഴുന്നത്‌
ഉന്നങ്ങളൊളിപ്പിച്ച തീപ്പന്താണ്‌.
മിന്നുന്ന നാരുകളായി വന്ന്‌
തീവല പൊട്ടിവിടരും.

കണ്ണികളിലുരുകിത്തീര്‍ന്ന കണക്കുകള്‍
വാരി നിറച്ചും, പൊതിഞ്ഞെടുത്തും,
കരിഞ്ഞ വഴികൾ
തൊണ്ട പൊട്ടിച്ചൊഴുക്കും.

ചാരം പുതഞ്ഞ സൂര്യ മുഖങ്ങള്‍..
കാലടിയില്‍, കൊഴുത്ത ചുവപ്പില്‍,
കടല്‍ ഒതുക്കി, വീര്‍പ്പിട്ട്‌ വിങ്ങും നോട്ടങ്ങള്‍..
ചങ്കില്‍ കൊളുത്തിട്ടു തൂക്കും പിടച്ചില്‍..

ജന്മാന്തരങ്ങളില്‍ ഉറഞ്ഞുപോയ പാപത്തിന്‍
പുകനിഴലിഴകളില്‍ കുരുങ്ങി..
ചതഞ്ഞരഞ്ഞ കുരുന്നു കലമ്പല്‍
കുഴഞ്ഞു വീഴുന്നിടങ്ങളില്‍,
പോയ കാലത്തിന്‍
സാക്ഷ്യപത്രങ്ങള്‍ ചീന്തിയെറിഞ്ഞ്‌
പക തുപ്പും കുഴലുകള്‍
അരക്കിട്ടടയ്ക്കാനായെങ്കില്‍..

Tuesday, January 6, 2009

മണൽക്കാറ്റടിയ്ക്കുവോളം..

ചുഴിയിലേയ്ക്കെന്നറിയാതെ
നീന്തിപ്പോന്നവരില്‍ നിന്നും,
വിളക്കണയാത്ത വഴികളിലെ
ചിറകുപോയ ഈയാമ്പാറ്റകളില്‍ നിന്നും,
കണ്ണുവെന്ത കാത്തിരിപ്പിലേയ്ക്കായിരുന്നു യാത്ര.

സ്വർണ്ണനാളം കോർത്ത കൽ‌വിളക്കിൽ,
വെണ്ണയലിയും പുഞ്ചിരിയില്‍,
അയഞ്ഞുപോകും ഉൾത്താളങ്ങളൊതുക്കാൻ..

ഞാറ്റുപച്ചയില്‍ വെയില്‍ കായും കാറ്റ്‌
ചെമ്പകത്തളിരുലച്ച്‌
നീ വന്നോ എന്ന്‌ തലോടുമ്പോള്‍...
പുലര്‍മഞ്ഞു കുളിര്‍പ്പിച്ച മണ്ണില്‍ കാലമര്‍ത്തി,
ചുട്ടെടുത്ത ദിനങ്ങളിലെ താപമാറ്റാന്‍...

.............................

ചെത്തിമിനുക്കാത്ത ചുമരിന്‍
ഒഴിവിടങ്ങള്‍ സൂക്ഷിച്ച
കുന്നിമണികളില്‍ കണ്ണുകലങ്ങി.

കേള്‍വിയെ ഊറ്റിയെടുക്കും
കറുത്ത വാക്കുകള്‍
ചെവിയില്‍ മുട്ടയിട്ടു പെരുകാതിരിയ്ക്കാന്‍..
വാടിയ പൂവിതള്‍ തന്ന
കളഭക്കൂട്ടില്‍ മനസ്സ്‌ ചാലിച്ചു.

തിരിഞ്ഞുനോട്ടമരുതാത്ത മടക്കത്തില്‍,
മിന്നാമിന്നിയുടെ ഉള്ളുരുകി വീഴും തുള്ളികള്‍..
വഴിവെട്ടമായി.

പരിമിതിയുടെ മുള്‍പ്പടര്‍പ്പില്‍,
നനഞ്ഞമര്‍ന്ന അപ്പൂപ്പന്‍താടികള്‍....
ബാക്കിയാണിപ്പോഴും.