Sunday, November 30, 2008

നരകവീഥി തുടങ്ങുന്നിടം

കുരച്ച്‌ പാഞ്ഞുകയറും ലോഹച്ചീളുകൾ
അനുവാദം ചോദിക്കില്ല;
പിടച്ചിലൊതുങ്ങാത്ത ജീവൻ
നക്കിയെടുക്കുന്ന തീനാവുകളും.

തുരുമ്പിച്ച ആയുധപ്പുരയിൽ
ശേഷിയ്ക്കുന്ന കരളുറപ്പിലേയ്ക്ക്‌,
വായ്‌യ്ക്കൊതുങ്ങും വിധം
ചതച്ചെടുത്ത വാദങ്ങൾ
അഖണ്ഡതാവാക്യങ്ങളായി
മുറുക്കിത്തുപ്പുന്നോർ...

കണ്ണ്‌ ചോപ്പിച്ചും നനച്ചും
പുറത്തിറങ്ങും ഉറപ്പുകൾ,
സോദരസ്നേഹം കഷായംവച്ചുകുടിച്ച
ചുളിവീഴാത്ത കീശകളിൽ ഭദ്രം.

വെന്തൊടുങ്ങിയതിൻ ബാക്കി
വ്രണമായൊഴുകുമ്പോഴും,
വിഷചഷകം നിറച്ചുകൊടുത്ത കുറക്കന്‌
സുഖശയനഭംഗമരുതല്ലൊ.

................

ഇടവഴിയുടെ ഓരോ വളവിലും
ഭ്രാന്തൻ നായ്ക്കളുണ്ടാകാം.
ഇരുതലമൂർച്ച കയ്യിൽ കരുതണം.
തനിയ്ക്കു താൻ കാവലാവണം.
സ്ഫുടം ചെയ്ത മനസ്സിനെ
ഭയത്തിന്റെ പുകമറകൾ തീണ്ടില്ലൊരിയ്ക്കലും.

Saturday, November 22, 2008

മുഖാമുഖം

കൂട്ടിക്കൊണ്ടുപോകണമത്രെ..!!!

പ്രിയനോടും കുഞ്ഞുങ്ങളോടും
ഒന്നു പറയാനിടയില്ലാതെ,
മടക്കം എന്ന്‌; എങ്ങനെ,യെന്നൊന്നുമറിയാതെ,
ഒരു നേരം എല്ലാമിട്ടെറിഞ്ഞ്‌
പോകുന്നതെങ്ങനെ..?

വെളിച്ചമുണരാത്ത പുലരിയിൽ
ഓഫീസിലേയ്ക്ക്‌ ധൃതിവയ്ക്കുമ്പോഴാണ്‌
ഓടിക്കിതച്ചിട്ടും, തണുപ്പിറ്റുന്ന കൈ
തൊട്ടുവിളിച്ചത്‌.

വിറയലൊതുക്കും സങ്കടം കണ്ടാവാം
ഇനിയും കാത്തിരുന്നോളാമെന്ന്‌
പിന്തിരിഞ്ഞതും,
പൊട്ടിവീണ ചില്ലുകൾ
എന്നെ പോറാതെ ആശ്വസിപ്പിച്ചതും.

മൂകഭാഷ്യത്തിൻ സൗമ്യത നേരിൽക്കണ്ട്‌
തകർന്ന വാതിൽ തുറന്നിറങ്ങി ഞാൻ.

**************************

Tuesday, November 18, 2008

രാഗരസം

ഹൃദയത്തിൻ ദ്രുതതാളങ്ങളേറ്റ്‌
പുറംതോട്‌ പൊട്ടിയ മൗനം
മനസ്സിന്റെ മൺകുടത്തിൽ
തേനായൊഴുകി നിറഞ്ഞു..

ഓരോ സൂക്ഷ്മബിന്ദുവും
ഏറ്റുവാങ്ങലിൻ
മൃദുസ്പർശമറിഞ്ഞു.

നിമിഷത്തിൻ പടവുകളിൽ..
കൺപീലി വിടർത്തിയ
കുസുമരേണുക്കളിൽ,
ഉന്നിദ്രമായ ദലരാജിയിൽ,
ശലഭത്തിൻ നടനവേഗങ്ങൾ..
പുന്നെൽനിറം ചേർന്ന
വെയിലൊതുക്കി
തുളുമ്പും പ്രണയമെഴുതി..

രാഗലത തളിർത്തതും
കൽഹാരം വിടർന്നതും
ആ വരികളിലായിരുന്നു.
********************

Wednesday, November 12, 2008

വാസന്തം

(ഗാനം പോലെ.. ഒന്ന്‌.)

ചെമ്പനിനീരിന്‍ ചൊടിയിതളില്‍...
തുഷാരമുതിരും നേരം..
ശലഭവുമറിയാതഴകിന്‍ പൂമ്പൊടി-
യെഴുതും മധുമയ കാവ്യം.

തൊട്ടു പറക്കും കാറ്റിന്‍ കൈക-
ളിലൊഴുകുകയായി സുഗന്ധം
എന്റെ മനോരഥ വീഥിയിലെങ്ങും
വിടരും രാഗവസന്തം..നിന്നിലെ
പ്രേമ രസാമൃത ഭാവം..
(ചെമ്പനിനീരിന്‍....)

സന്ധ്യാമേഘം മണലില്‍ കുങ്കുമ-
വര്‍‌ണ്ണം വിതറാന്‍ വന്നൂ..
ചിപ്പിക്കുള്ളിലെ മോഹത്തിന്‍ തരി
മുത്തായ്‌ മാറും പോലേ...ഞാന്‍
എന്നിലെ നിന്നെയറിഞ്ഞൂ..
(ചെമ്പനിനീരിന്‍....)

Wednesday, November 5, 2008

ഗുരുപവനപുരപതേ...


ഹരിചന്ദനമണിയും തവ
തിരുവുടലെന്‍ കണ്ണില്‍
കരുണാമൃത സുഖമേകണെ
ഗുരുവായുപുരേശാ..

മുകിലൊത്തൊരു മുടിയില്‍, ചെറു-
പീലിക്കതിര്‍ ചൂടി
അഴകില്‍ കുളിരളകങ്ങളി-
ലിളകും മണി ചാര്‍ത്തി.

വിടരും മുഖകമലം, ചൊടി-
യിതളില്‍ നവനീതം
വനമാലയിലുണരും നറു
മലരാം ശ്രീവല്‍സം.
(വനമാലകള്‍ തഴുകും തിരു-
മറുകാം ശ്രീവല്‍സം..)

മഞ്ഞപ്പട്ടുലയും തവ
നടനം തുടരേണം
ഹൃദയങ്ങളിലുണരേണം
ശുഭ ശിഞ്ജിതമെന്നും..

പദപങ്കജമണയാനെന്‍
മനതാരുഴലുന്നു
കനിവോടെന്നഴലാറ്റണെ-
വൈകുണ്ഠപുരേശാ...

*****************

ഇത്‌ ഗാനരൂപത്തിൽ ശ്രീ. പണിക്കർ മാഷുടെ ശ്രീമതി പാടി പോസ്റ്റ്‌ ചെയ്തിട്ടുള്ളത്‌ ഇവിടെ കേൾക്കാം.
രണ്ടുപേരുടേയും നല്ലമനസ്സിന് എന്റെ പ്രണാമം.

ഇങ്ങനെ ഭക്തിഗാനസദൃശമായ കുറച്ചു വരികൾ എഴുതാൻ പ്രേരിപ്പിച്ച ശ്രീ.അപ്പുവിനും, അത്‌ പണിക്കർമാഷിനയച്ചു കൊടുക്കാൻ നിർദ്ദേശിച്ച ഗീതേച്ചിയ്ക്കും....എന്റെ സന്തോഷവും സ്നേഹവും...

Saturday, November 1, 2008

ഭാഗധേയം

വലിഞ്ഞുരയും ചങ്ങലക്കണ്ണികൾ
നെഞ്ചുനോവിച്ച മണ്ണിലേക്ക്‌;
'നമ്മൾ'എന്ന വാക്കിനെ പിളർന്ന
കുറ്റികൾ കോർത്ത കയറിലേയ്ക്ക്‌..
ആർക്കെന്ന്‌ വിധിപറയാത്ത
വിറങ്ങലിച്ച മാവിലകൾ വീണുകൂടാ..

തുലാവർഷം, കൊമ്പൊന്ന്‌ കൊണ്ടുപോയതും
പള്ളയിലൊരു പോതുണ്ടായതും
അറക്കവാളിൻ വിലപേശലിൽ
കുറ്റമായി എണ്ണാതെ വരില്ല.
ആശ്വാസവാക്കുകളൊന്നും
ആരിലുമിതുവരെ തളിർത്തില്ല.

തൊട്ടുനിൽക്കും സർവേക്കല്ലിൽ
ആയകാലം തൊട്ട്‌ ചതയ്ക്കപ്പെട്ട മാങ്ങകൾ,
ഊഞ്ഞാൽക്കയർ തൊലിയുരിച്ച കൊമ്പുകൾ,
ആണിയാഴ്ത്തിയെഴുതിയ പേരുകൾ...
മാവും പറഞ്ഞില്ല.

പടർന്ന ഇത്തിൾക്കണ്ണികൾ,
വാതിലിന്റെ, കട്ടിളയുടെ
കണക്കുകൾ കൂട്ടുന്നുണ്ട്‌.

അക്കങ്ങളുടെ ഭാരമേറ്റെടുത്ത്‌
വായ്ത്തല കൂട്ടും കൈകൾ..
ഏതാണാവോ...

വെട്ടുവീഴുന്ന വശമൊന്നറിയാൻ...
അവസാന ശയനം എവിടെയെന്നറിയാൻ..

മുറ്റത്ത്‌ കൂട്ടംകൂടുന്ന ശബ്ദങ്ങളെ,
കാറ്റ്‌ മായ്ച്ചുകളയുന്നല്ലോ....