Monday, December 31, 2007

പുനര്‍ജ്ജനി

"കന്യാകുമാരിയില്‍, ഒരു കുന്നിന്‍പുറത്തുകൂടെ നടന്നു പോയ ഒരാളുടെ കാലില്‍, എന്തോ കുത്തിയത്രെ. വെറുമൊരു മുള്ളല്ലെന്നു തോന്നി, മണ്ണുമാറ്റി നോക്കിയപ്പോള്‍, പുരാതനമായ ഒരു ക്ഷേത്രത്തിന്റെ താഴികക്കുടം കണ്ടെത്താനായി. പിന്നീട്‌ ക്ഷേത്രം പൂര്‍ണ്ണമായി പുറത്തെടുത്തു."

ഭാഷാ പണ്ഡിതനായ ശ്രീ. ഡോ. ഏഴുമറ്റൂര്‍ രാജ രാജ വര്‍മ്മ ഒരു പ്രസംഗത്തിനിടയില്‍ പങ്കുവച്ച ഈ അനുഭവങ്ങള്‍, പകര്‍ത്താനുള്ള എന്റെ ശ്രമം...

അദ്ദേഹത്തിനായി ആദരവോടെ സമര്‍പ്പിയ്ക്കുന്നു.

****************************************


കുന്നു കയറി വന്ന കാലുകളില്‍
മുള്ളുപോല്‍ കോറിയത്‌;
കാലം ചെയ്ത, വട്ടക്കണ്ണടയുടെ കാലോ...
കൈമോശം വന്ന, എഴുത്താണിക്കോലോ...

അധിനിവേശ മുദ്ര കൊണ്ട്‌
മുഖം മിനുക്കിയ പാദുകം,
ഇണങ്ങാതായോ!

തലമുറകളുടെ നന്മ,
തൊട്ടുവിളിച്ച്‌,
പുത്തന്‍ പച്ചപ്പിലെ ചതി
ഓര്‍മിപ്പിച്ചതാവുമോ !

അവജ്ഞ തഴച്ചു നില്‍ക്കും,
മറവിയുടെ മണ്ണില്‍ തിരഞ്ഞു.

വിരലുകള്‍ കണ്ടെടുത്ത
സ്പന്ദിയ്ക്കും താഴികക്കുടം,
തേജസ്സിന്‍ അക്ഷയപാത്രമാണെന്ന്‌
മനസ്സില്‍ കൊണ്ട മുള്ള്‌ വെളിവാക്കിത്തന്നു.

ചിന്തകളില്‍ ചോരപൊടിയുന്നു..
പാപനാശിനിയില്‍ മുങ്ങണം.

പാച്ചോറ്റി പൂത്ത മല കടന്ന്‌,
പാരിജാത ഗന്ധം ശ്വസിച്ച്‌,
നന്നങ്ങാടിയില്‍ തേങ്ങുന്ന,
താളിയോലകളിലേയ്ക്ക്‌..
ഒരു തീര്‍ത്ഥയാത്ര പോകണം.

ആയുസ്സില്ലാത്ത നേട്ടം ചാര്‍ത്തി വാങ്ങിയ
മുറിച്ചുരിക കടലിലെറിയണം..

തേച്ചുമിനുക്കിയ ഓട്ടുപാത്രത്തില്‍ നിന്ന്‌,
ഈര്‍ക്കില്‍ കുത്തി വളച്ച പ്ലാവിലകൊണ്ട്‌
ഒരു കവിള്‍ കഞ്ഞി കുടിയ്ക്കണം..

എപ്പോളാണ്‌...
ഉറങ്ങാന്‍ വിളിയ്ക്കുക എന്നറിയില്ലല്ലൊ...!

**********************************
തീരാത്ത കടപ്പാട്‌ :
ശ്രീ. വര്‍‌മ്മാജിയുടെ വാക്കുകളിലെ തിളക്കം എനിയ്ക്കു പകര്‍ന്നു തന്ന, പ്രിയപ്പെട്ട സഹോദരനോട്‌ ...

എല്ലാവര്‍ക്കും സന്തോഷവും സമാധനവും നിറഞ്ഞ പുതുവര്‍ഷം ആശംസിയ്ക്കുന്നു.

Sunday, December 23, 2007

ജ്ഞാനദീപം

ഇലകളി,ലലകളിളക്കു,മിളം കാ-
റ്റലിയും മഞ്ഞിന്‍ കുളിരോളം...
വെള്ളിയുടുപ്പുകളണിയും സൂചി-
മരങ്ങളിലഴകിന്‍ തിരനോട്ടം......

അനുപമ മധുരം സ്വര്‍ഗീയാമൃത-
മൊഴുകുമനര്‍ഗ്ഗള സംഗീതം...
തിരു ജനനത്തിന്‍ സുകൃതം പകരും
മാലാഖകളുടെ ശുഭഗീതം...

നീല നഭസ്സിലുണര്‍ന്നു വിടര്‍ന്നതി-
മോഹന,മുജ്വല നവതാരം...
നാഥന്‍ പിറവിയെടുത്തൊരു പുല്‍ക്കൂ-
ടണിയും നല്ല പ്രഭാപൂരം...

ഉയിരില്‍ പുരളു,മൊരിരുളിനെയാറ്റും
ജ്ഞാനപ്പൊരുളിന്നവതാരം...
അഴലിന്‍ വഴികളി,ലലിവി,ന്നുറവാ-
യറിവായ്‌പ്പുലരണമെന്നാളും... .

***********************

എല്ലാവര്‍‌ക്കും ശാന്തിയും സമാധാനവും നിറഞ്ഞ ഒരു ക്രിസ്തുമസ്‌ ആശംസിയ്ക്കുന്നു...

Wednesday, December 12, 2007

അക്ഷരങ്ങള്‍

അക്ഷരങ്ങള്‍ ഉറുമ്പുകളെപ്പോലെയാണ്‌...
ഏതെങ്കിലും അര്‍ത്ഥങ്ങളില്‍
കൂടുവയ്ക്കാന്‍
ഒതുക്കുകള്‍ കയറിയിറങ്ങും...

ചിലനേരങ്ങളില്‍
ചിന്തകളില്‍
പഞ്ചസാരത്തരി ഇട്ടുവയ്ക്കും...

താങ്ങാനാകാത്ത
ഭാരം പൊക്കിയെടുത്ത്‌
മല കയറി വരും...

അതുള്‍ക്കൊള്ളാനാവാതെ
തലച്ചോറിലെ ചുളിവുകള്‍
ഞെരിപിരി കൊള്ളും...

കട്ടുറുമ്പുകള്‍
കടിച്ചു വേദനിപ്പിയ്ക്കും...
വിഷം കുത്തിവച്ച്‌
ആനന്ദിയ്ക്കും...
ഓര്‍മകളെ വലിച്ചിഴച്ച്‌
കണ്മുന്നിലിട്ട്‌
തോടു മാത്രമാക്കും...

ചുറ്റുമിരുന്ന്‌
തേന്‍തുള്ളി നുകര്‍ന്ന്‌,
കൊച്ചുവര്‍ത്തമാനം പറയുന്ന
കരിയുറുമ്പുകളെ
കണ്ടിട്ട്‌ ഏറെ നാളായി..

സ്നേഹം പകര്‍ന്നെഴുതാന്‍
അക്ഷരങ്ങള്‍ പിറക്കാതായോ ?