Sunday, June 22, 2008

എപ്പോഴെങ്കിലും..

പൂവാകച്ചോട്ടില്‍,
ഒരുപിടി വിറക്‌
ചാരിവച്ചപോലെയാണിരിപ്പ്‌...
അരയില്‍ കെട്ടിയുറപ്പിച്ച തുണി,
പല തുണ്ടമായ്‌ അലങ്കരിച്ച്‌
മുഴുക്കൈ, പാതി പറിച്ചെടുത്ത-
തോലോടൊട്ടിയ കുപ്പായത്തിനുള്ളില്‍,
ഒന്നും മിണ്ടാതെ,
ഓരോ ഇലയനക്കത്തിലും
കണ്ണെറിഞ്ഞങ്ങനെ...

പൊരിവെയിലില്‍ കുന്തിച്ചിരുന്ന്‌
പൂഴി, വാരിവാരി വായിലിടും;
കൂക്കി വിളിയോടും കല്ലേറിനോടും
ഉമിനീരൊഴുക്കി ചിരിയ്ക്കും.

സഹതാപം തേച്ച തുട്ടുകളില്‍
കണ്ണു വീഴാതെ, കൈതൊടാതെ..
ദാനം കിട്ടും വറ്റില്‍പ്പാതി-
കാക്കയ്ക്കും കിളിക്കും വീതിയ്ക്കും;

ഒരു കീറച്ചാക്കില്‍,
മുഷിഞ്ഞ ജീവിതം
പൊതിഞ്ഞെടുക്കുവോളവും,
കണ്ണുകളില്‍
മങ്ങാത്ത വെളുപ്പ്‌
സൂക്ഷിച്ചിരുന്ന ഒരുവനെ...
നിങ്ങളും കണ്ടിട്ടുണ്ടാവും

Monday, June 16, 2008

പറയാതെ കേള്‍ക്കുന്നത്‌

ഒഴുകുന്ന വിയര്‍പ്പില്‍
പെയ്തലിഞ്ഞ വെയില്‍
പൊടിയുയര്‍ത്തി വീശി
നിശ്വാസത്തിലൊതുങ്ങുന്ന കാറ്റ്‌.
റൊട്ടിത്തുണ്ടിനു മുന്നില്‍ വരളുന്ന
കടുംചായക്കോപ്പ.

കളിവാക്കായിപ്പോലും
അവധിയെ കേള്‍ക്കാത്ത,
തിട്ടമില്ലാ തിയതിയില്‍
പറ്റും പലിശയും തൊട്ടെണ്ണും
കൂലിക്കുരുക്കിലെ പിടച്ചില്‍.

സിമന്റ്‌ ചാറ്‌ നീട്ടിത്തുപ്പി
മുരളുന്ന യന്ത്രങ്ങളും,
ഭാരം വലിച്ചുപൊക്കും
എല്ലിന്‍ കൂടുകളും,
ഉറുദുവും ബംഗാളിയും,
തെലുങ്കും നേപ്പാളിയും
കൂട്ടിത്തുന്നിയ മരവിച്ച ദിവസങ്ങള്‍.

മുങ്ങിത്താഴും സൂര്യനാളം പൊക്കി
ഇരവിന്നു വെള്ള പൂശി,
ഒഴുകുന്ന പൊന്നില്‍ കിളിര്‍ത്ത
തലപ്പു കാണാ ഗോപുരങ്ങള്‍ മേയുമ്പോഴും...

സ്നേഹം തൊട്ടൊരുക്കിയവളെ
ബാലവാടിച്ചുമരിന്റെ തേങ്ങലില്‍
കൈവിടുവിച്ച്‌ പോരും
അമ്മയ്ക്കൊപ്പം...

ചോരാത്ത കൂരയൊരുക്കി,
വിശപ്പിന്‍ നിഴല്‍ മായ്ച്ച്‌,
ഉള്‍ച്ചൂടൊതുക്കുന്ന
ആശ്വാസവാക്കായി...

ആര്‍ത്തുനില്‍ക്കും വേലിപ്പച്ചയില്‍
എടവപ്പാതിയുടെ ഊക്കോടെ
പെയ്തു വീഴുന്നു...
അച്ഛന്റെ മനസ്സ്‌.

Monday, June 2, 2008

ബ്ലോഗ് കരിവാരത്തില്‍ പങ്കുചേരുന്നു...

ഇഞ്ചിപ്പെണ്ണ്‌ എന്ന ബ്ലോഗര്‍ക്കെതിരെ കേരള്‍സ്.കോം അപമാനകരമായി പെരുമാറിയതില്‍ ഞാന്‍ പ്രതിഷേധമറിയിയ്ക്കുന്നു.
ഈ അതിക്രമത്തിനെതിരെയുള്ള ഒത്തുചേരലുകള്‍ക്ക്‌ പിന്തുണ നല്‍കുന്നു.
ആവര്‍ത്തനം

ക്ഷമയുടെ അതിരുകള്‍
പുറംതോടിലെത്തി നിന്നാല്‍,
ഉറച്ച മനസ്സിനെപ്പോലും
ഉരുക്കിയൊഴുക്കുന്ന
അഗ്നിമുഖങ്ങള്‍
പുകഞ്ഞ്‌ ഉണരും...

തിളയ്ക്കുന്ന ലാവ
മാനത്തിന്റെ വരമ്പുകള്‍
കാണാതെ നോക്കാന്‍
ആദ്യം ഉള്ളിലിട്ടൊതുക്കും..
ഒടുക്കം കണ്ണു പൊള്ളിക്കും.

ഒഴുക്കു നിലച്ച്‌
തണുത്തുറയുമ്പോള്‍,
ലവണസമ്പത്ത്‌ തിരയുന്നവര്‍
വെന്തുപോയ ദേഹമോ
നീറുന്ന ദേഹിയോ
നോക്കാറില്ല.

അവര്‍ക്കായി,
കവിളില്‍ ചാലുകീറാതിരിയ്ക്കാന്‍
ഒരിയ്ക്കല്‍പ്പോലും
ഭൂമിയ്ക്കാവുന്നുമില്ല.