Tuesday, September 22, 2009

പൂക്കാലത്തിന്റെ പടവുകള്‍

മലമുകളിലെ ഒതുക്കുകളിലേയ്ക്ക്‌
അനേകായിരം വെള്ളിയിഴയിട്ടു മുറുക്കിയ
വലിയൊരു തന്ത്രിവാദ്യം പോലെ,
കടല്‍

ജലസഞ്ചാരത്തിന്‍ തുഴപ്പാടുകൊണ്ട്‌
അടിത്തട്ടിലെ നിഗൂഡസംഗീതം
പകര്‍ത്തിയെഴുതുകയാണ്‌
ഓരോ പുഴയും

ഉള്‍ച്ചുഴികളിലെ നിശ്ശബ്ദത
പ്രാണന്റെ ഈ അലയിളക്കത്തിലാണ്‌
പുറംവായുവിലേയ്ക്ക്‌ കുതിപ്പേറ്റുന്നത്‌

മേല്‍പ്പരപ്പില്‍
വെയിലുണക്കങ്ങള്‍ക്കു മീതെ
പച്ചകുത്തിപ്പെയ്യും തുള്ളിയായി
ചിറകുഴിയും ജീവതരംഗങ്ങള്‍,
ഹൃദയത്തിലേയ്ക്ക്‌ ഉണര്‍ന്നിരിയ്ക്കുന്ന
ചുവന്ന തന്ത്രികളില്‍
സിംഫണി തീര്‍ക്കുമ്പോള്‍,
ഒതുക്കിവച്ച പ്രണയം
ഇലയ്ക്കും തണ്ടിനും മുന്‍പേ
ഇതള്‍‌നീട്ടും ലില്ലിയാകും പോലെ.

***********************

'ഹരിതക'ത്തില്‍ പ്രസിദ്ധീകരിച്ചത്‌.

Sunday, September 13, 2009

ഓണം വന്നെന്നും പോയെന്നും

മങ്ങുന്ന ഉച്ചവെയിലിനോട്‌
ബസ്സ്റ്റാന്റിന്‍ ചുറ്റുവഴിയിലെ
ഓണച്ചന്തയ്ക്കെന്നും മുറുമുറുപ്പാണ്‌

വസ്ത്രമേള മുതല്‍
ഉപ്പിലിട്ട അരിനെല്ലി വരെ
'വിലകുറച്ചെന്നു' തൊണ്ടപൊട്ടിക്കുമ്പോള്‍
ചൂടുചായയും കപ്പലണ്ടിയും
ചോര്‍ച്ചയൊതുക്കിയിരിയ്ക്കും

ഫുഡ്‌പാത്തില്‍ ബാക്കിയായ സ്ലാബുകളില്‍
കുഞ്ഞുടുപ്പിന്‍ അത്തക്കളമുണ്ടിപ്പോഴും

വീടെത്താന്‍ ഇരട്ടിവേഗത്തില്‍
ധൃതിപ്പെടും കൈകാലുകളും,
ചെളിക്കുഴമ്പു തുപ്പും
ചക്രസഞ്ചാരങ്ങളും,
പെയ്യുന്ന ഓരോ മഴയും
എത്ര കുതിര്‍ത്തിട്ടും അലിയാതെ
കരുവാളിച്ച ഒരു നോട്ടമുണ്ട്‌;

എടുത്താല്‍ പൊങ്ങാത്ത പൂജ്യങ്ങളുമായി,
ചാരിച്ചാരി മിനുസപ്പെട്ട
തട്ടുകടച്ചായ്പ്പിലെ കസേരത്തുണ്ടില്‍,
ഓണം വന്നതും പോയതും കേട്ടറിയുകയാവും
'നാളത്തെ ഭാഗ്യ'ത്തിന്‍ വില്‍പ്പനക്കാരന്‍

***************************

Sunday, September 6, 2009

വേരോട്ടം

കണ്ടിട്ടേയില്ലാത്ത ഉറവകളിലേയ്ക്കെന്ന്‌
വേലിയും പാലവും കടന്ന്‌
മല മുറിച്ച്‌
കടല്‍ തുരന്ന്‌
അലയുന്ന വേരുകള്‍,
തളിരിലകളില്‍ ഏറിവരും പച്ചപ്പില്‍
ഊറ്റംകൊള്ളും

അടിമുടിയുലഞ്ഞാലും
ഇല ചിതറാതെ കാക്കണേയെന്ന്‌
പൂവും കായും നിറയുവോളം
കടയടരാതെ നിര്‍ത്തണേയെന്ന്‌
മനമുരുകും

ഇല്ലാജലമൂറ്റിയൂട്ടി വലിഞ്ഞുമുറുകി
കനലാടും ഞരമ്പിനെ മറക്കും

മണലാഴങ്ങളില്‍,
തോലു വിണ്ട ജീവനോടെ
ദാഹജലം തേടിയ്ക്കൊണ്ടേയിരിയ്ക്കും.

**************************

Tuesday, September 1, 2009

അത്തം വെളുത്തിട്ടായാലും

ഇക്കുറി ഓണം നന്നാവും
അച്ഛന്‍ കുറി വിളിച്ചിട്ടുണ്ട്‌

പതം കിട്ടിയ നെല്ല്‌
ഇത്തിരി കാത്തിട്ടുണ്ടമ്മ
മനയ്ക്കലെപ്പോലത്തെ
പായസം വയ്ക്കാന്‍

വെറകുപെരേടെ പിന്നിലെ
നാലു പടല എന്തായാലും വറക്കും
വെളിച്ചെണ്ണയ്ക്ക്‌ പോകുമ്പോ
പാവ്വാപ്ലേടെ മില്ലീന്ന്‌
ഒരു തുണ്ടം പിണ്ണാക്കും എടുക്കണം

അച്ഛനിന്ന്‌ ചന്തേന്ന്‌ വരുമ്പോ
ഓണക്കോടീണ്ടാവും
വളക്കാരി വന്നാല്‍
അരഡസന്‍ ചോപ്പുവള വാങ്ങായിരുന്നു
അമ്മേടെ കാതില്‍പ്പൂ
വിളക്കാന്‍ കൊടുത്തിട്ടുണ്ട്‌
ഈര്‍ക്കിലിട്ട കാതും കൊണ്ടെങ്ങന്യാ
ചേച്ചീടോടെ ഓണം കൊണ്ടുപോവ്വാ

വേലിപ്പൊന്തേന്ന്‌
നീലക്കൊങ്ങിണി ഒടിച്ചപ്പോള്‍
എന്തുകൊണ്ടിട്ടാണോ കാലു മുറിഞ്ഞത്‌
വേദനോണ്ട്‌ തല ചുറ്റ്‌ണ്‌ണ്ട്‌
കണ്ണീന്ന്‌ വെളിച്ചം മറയണ്‌

അമ്മേടെ മടീലല്ലേ ഞാന്‍
എന്നിട്ടുമെന്തേ
മോളേന്നുള്ള വിളിയ്ക്ക്‌
ദൂരം കൂടുന്ന പോലെ

*********************

എല്ലാവര്‍ക്കും പൊന്നോണാശംസകള്‍