Monday, June 22, 2009

ആരുമറിയാതെ

കാഴ്ചയായി, കേള്‍വിയായി
പകര്‍ത്തെഴുത്തായി
പതിഞ്ഞതുപോയതൊക്കെ തിരിച്ചെടുക്കണം

ആദ്യത്തെ മിടിപ്പിന്‍ ഓര്‍മ്മ തൊട്ട്‌
അമ്മയില്‍ നിന്ന്‌
നോക്കും വാക്കും അച്ഛനില്‍ നിന്ന്‌
വിരല്‍ കോര്‍ത്ത പ്രണയവും
വിരലുണ്ണും വാല്‍സല്യവും
തണലായ്‌ പടര്‍ന്ന ചങ്ങാത്തവും
വേരൊന്നുപോലും പൊട്ടാതെ പറിച്ചെടുക്കണം

ഓര്‍മ്മദിവസങ്ങളോ
അടയാളപ്പെട്ട നിമിഷങ്ങളോ
ബാക്കിയാക്കാതെ
പണ്ടുപണ്ടെന്നൊരു കഥയ്ക്കിടം കൊടുക്കാതെ
കാറ്റു ചേര്‍ത്തുപിടിയ്ക്കും
പുകനൂലുപോലെ മായാന്‍,

ഈ കലണ്ടറൊന്നു കണ്ണടച്ചല്ലേ പറ്റൂ.

Wednesday, June 17, 2009

ഇല്ലാച്ചുമരിനപ്പുറം

അലങ്കാരപ്പുറ്റുകളില്‍ ചാരി
കാതോര്‍ക്കുന്നത്‌
ഉള്ളിലെ കടലിരമ്പമാവാം

ചുണ്ടനക്കമുണ്ട്‌;
വിട്ടുപോന്ന പ്രിയരെ
ദൂരം മുറിച്ചെത്തിയിരുന്ന നീരൊഴുക്കുകളെ
കണ്ണേറെത്താത്ത ഒളിവിടങ്ങളെ
ഒഴുകിമാഞ്ഞ സ്വാതന്ത്ര്യപ്പരപ്പിനെ,
ചൊല്ലി ബലപ്പെടുത്തുകയാവാം;
പലരൂപവും നിറവുമുള്ള
തടവുപുള്ളികള്‍

ചില്ലില്‍ പതിഞ്ഞ കൈനിഴലില്‍,
കണ്ണില്‍ ഭീതി തുളുമ്പി
പിടയുന്ന പൂവിതള്‍ പോലൊരു മീന്‍കുഞ്ഞ്‌..
'നീമോ' തന്നെയിതെന്ന് മകന്‍;

അളന്നുമുറിച്ച വെള്ളത്തിലുഴറും
നിലവിളിക്കീറിലൊന്നെങ്കിലും,
വേവലാതി തിന്ന്‌
കടലില്‍ നിന്ന്‌ കടലിലേയ്ക്ക്‌
തന്നെത്തേടി അവശതപ്പെടുന്ന
അച്ഛനിലെത്തണേയെന്ന്‌
ജീവനിണക്കിനിര്‍ത്തും
ശ്വാസചലനം കൊണ്ടല്ലാതെ
പറയാനറിയാതെ..

****************************
* നീമോ - 'ഫൈന്‍ഡിംഗ്‌ നീമോ' യില്‍ ഒറ്റപ്പെട്ടുപോകുന്ന കുഞ്ഞുമല്‍സ്യം.

ഇവിടെയുമുണ്ട്‌ ഇതുപോലെ ചിലര്‍.

Tuesday, June 2, 2009

അലങ്കാരങ്ങളില്ലാതെ

വലതുകവിളും പാതിചുണ്ടും
കാറ്റോട്ടം മറന്ന മൂക്കും
മണ്ണിന്‍ മണത്തിലാഴ്ത്തി
ഒരക്ഷരം

വാക്കിന്‍ സ്ഥിരതാളം പുറംതള്ളിയ
വെറുമൊരക്ഷരമല്ലേ;
മാറ്റുനോക്കാന്‍ മെനക്കെടാതെ
അര്‍ത്ഥങ്ങള്‍ പലവഴിപോയി

മുറുകിയ ഞരമ്പിന്‌ പുറത്തേയ്ക്ക്‌
ഹൃദയതാളം അയഞ്ഞു.. ഒഴുകി നേര്‍ത്തു..

ചരല്‍പ്പൊടി ഒരു മലയെന്ന്‌
കയറിയിറങ്ങി വന്ന
വരിമുറിയാ ജാഥകള്‍
കുതിര്‍ന്ന മണ്‍തരി വിട്ട്‌
പുല്‍ത്തുമ്പിലെ നനവില്‍ വട്ടം ചുറ്റി

പറക്കലൊതുക്കി, മൂളലുകള്‍
ചെവിക്കുഴിയിലിറങ്ങി

പുതിയ കളിപ്പാട്ടം കിട്ടിയപോലെ..

കണ്ണില്‍ത്തൊട്ട്‌ ഇമയിളക്കിയിട്ടും,
വെള്ളമഷി മൂടുവോളം
പൊഴിഞ്ഞുതീര്‍ന്നിരുന്നില്ല
പീലിക്കണ്ണിലെ കൗതുകം.