Sunday, November 1, 2009

ലിപിയറിയാത്തതാകും കാരണം

ഇത്ര തൊട്ടുതൊട്ടു നടന്നിട്ടും
എന്നെ നിന്നിലേയ്ക്ക്‌
പകര്‍ത്താനാവാത്ത അസ്വസ്ഥത
കലങ്ങിമറിയുന്നു തിരകളില്‍

മേഘം വിരിച്ച നടവഴികളിലേയ്ക്ക്‌
വെയില്‍ വന്ന്‌ കൂട്ടുവിളിയ്ക്കുമ്പോഴും
നിന്നിലേയ്ക്കെത്തുന്ന നാളിനെപ്പറ്റിയാണ്‌
ഏതൊക്കെയോ ഭാഷയില്‍
ഭാഷയില്ലായ്മയില്‍
ആത്മാവിന്റെ വിശപ്പ്‌
നീരാവിയാകുന്നത്‌

എത്ര ആര്‍ത്തലച്ചു പെയ്താലും
മല ഇറക്കിവിടും,
പുഴകള്‍ ഒഴുക്കിയെടുത്ത്‌
കടലെന്ന്‌ പേരിടും
കാഴ്ചക്കാര്‍ക്കും കളിവീടിനും
നീ കൂട്ടിരിയ്ക്കുകയാവുമപ്പോഴും

വരയിട്ടു തിരിയ്ക്കാത്ത
നിയന്ത്രണരേഖയ്ക്‌ അപ്പുറവുമിപ്പുറവും
ഒരേ നിറത്തിലാണാകാശം
നക്ഷത്രച്ചെടികളുടെ പൂപ്പാടം
ഒരേ കാറ്റ്‌, ഒരേ മണം

എന്നിട്ടും
എന്നെ നിന്നിലേയ്ക്ക്‌ പകര്‍ത്താനാവാതെ
തിരയടിയ്ക്കുന്നു പ്രണയം വീണ്ടും വീണ്ടും.

****************************

ഇ‌-പത്രത്തില്‍ പ്രസിദ്ധീകരിച്ചത്‌.

Tuesday, October 20, 2009

ഉറക്കം മുറിച്ചെഴുതുന്നവര്‍

പളുങ്കുമേനിയില്‍ മുന്തിരിവള്ളികൊണ്ട്‌
ദാവണിചുറ്റി,
കിളിച്ചുണ്ട്‌ വരച്ച്‌,
പൂപ്പാത്രങ്ങളാക്കുന്നവനെന്നും വേവലാതിയാണ്‌

അരികു ഞൊറിയിട്ട താംബാളത്തിലും
ആളോളം വലിയ പളുങ്കു പാത്രത്തിലും
കണ്ണെറിഞ്ഞ്‌ ഇന്ദ്രജാലം കാട്ടി,
അഴകിന്‍ പ്രതിച്ഛായയില്‍
പീലിയെഴുതാന്‍ തുടങ്ങുന്ന വെയിലിനു നേരെ
നിറം മങ്ങിയ കര്‍ട്ടന്‍ താഴ്ത്തിക്കെട്ടി വയ്ക്കും

കളിപ്പാട്ടമെന്ന്‌ വിരല്‍നീട്ടും കുസൃതിയെ,
പുകവളയമൂതി
വടിവുകളില്‍ കാഴ്ചനടുന്നവനെ,
വാക്കുകൊണ്ട്‌ വിലങ്ങിടാന്‍ നോക്കും

അടുക്കിവയ്പ്പുകള്‍ തട്ടിമറിയ്ക്കാന്‍
ഇരുള്‍പൊത്തില്‍ എലിയനക്കമില്ലെന്നും
പൂച്ചനഖം നീണ്ടുവരില്ലെന്നും ഉറപ്പിച്ച്‌

മക്കളേയെന്നൊരു ദീര്‍ഘശ്വാസം
പുതച്ചുറങ്ങിത്തുടങ്ങുമ്പോളാണ്‌

മറച്ചുകെട്ടിയ കഥയുടെ മൂടിയിളക്കി,
നോട്ടം വിട്ട്‌ തകര്‍ന്നുപോയൊരു ചില്ലുടല്‍
നെഞ്ചടക്കിപ്പിടിച്ച കുരിശുമായി
ഇറങ്ങിവരിക

ആ വഴിയിലേയ്ക്കാണ്‌
കൃഷ്ണമണികള്‍ മരവിയ്ക്കുന്ന
രാത്രികള്‍ ഉണരുന്നതും
അച്ഛനുറങ്ങാതാവുന്നതും

******************************

Wednesday, October 7, 2009

അളന്നെഴുതാത്ത അകലങ്ങള്‍

മാറിവരും കാലങ്ങളിലെ
പച്ചയും മഞ്ഞയും പൊഴിച്ച്‌
ഇതള്‍ ചുവപ്പിയ്ക്കും ഇരുള്‍വനത്തില്‍,
പ്രാര്‍ത്ഥനയുടെ കൈവരികള്‍
പട്ടുനൂലിട്ട്‌ രേഖപ്പെടുത്തിയ
ഒറ്റവരിയിലൂടെയാണ്‌ സഞ്ചാരം

പൂരിപ്പിയ്ക്കാത്ത ആശകള്‍
മണ്ണു തൊടാത്ത വേടുകളായി
ആകാശക്കൊമ്പിലുറക്കമാകും

ദൂരക്കാഴ്ച്ച ഒളിച്ചുവയ്ക്കുന്ന വളവുകടന്ന്‌
വഴിവക്കിനെ വലിച്ചുപൊട്ടിയ്ക്കാന്‍ കാറ്റു വരും

വഴുക്കലുള്ള ഉടലുകള്‍
പടര്‍ന്നിറങ്ങും പൊന്തയ്ക്കപ്പുറം
വൈക്കോല്‍ക്കാലും കയ്യുമായി
കരിമുഖങ്ങളുണ്ടാവും

ഒറ്റക്കണ്ണെരിച്ച്‌ ചൂട്ടുകാട്ടാന്‍
മുകളിലൊരാളുണ്ടെന്ന്‌
പാറിവീഴും തിളക്കം സമാധാനിപ്പിയ്ക്കും

മനസ്സുറപ്പ്‌ കണ്ണിലേയ്ക്കാവാഹിച്ച്‌
അടിയളന്ന്‌ നടക്കുമ്പോഴാവും
ചിലമ്പിയ ശ്വാസങ്ങള്‍ കേള്‍പ്പിച്ച്‌
പറന്നകലുന്ന ചിറകൊച്ചകള്‍
കാതിന്റെ പിടിവള്ളി
തട്ടിയെടുക്കുക

പട്ടുനൂല്‍ പൊട്ടി, ചങ്കില്‍ ഓട്ടവീണ്‌
കണ്ണുകലക്കിയൊരു പിടച്ചിലാണ്‌ പിന്നെ

പ്രിയമുള്ള ആത്മാക്കള്‍ക്ക്‌
കൂട്ടുപോകുന്ന നിമിഷങ്ങള്‍
വേച്ചുവീഴുമ്പോഴൊക്കെ,

ഈ വഴിയെത്തുന്നിടത്ത്‌
എല്ലാ ചിറകനക്കങ്ങളേയും
മാഞ്ഞുപോകാത്ത വിധം
അടയാളപ്പെടുത്തി വച്ചിരിയ്ക്കും..എന്നൊരു കിളിയൊച്ച
ഊന്നുവടി തന്നെന്നെ
ധൈര്യപ്പെടുത്തുന്നുണ്ട്‌
മെഴുകുദേഹത്തിനൊരു ഇരുമ്പുകവചം പോലെ.

***************************************

Sunday, October 4, 2009

യാത്രാമൊഴി



എന്നാണെന്നറിയില്ലെങ്കിലും,
ഒരിയ്ക്കല്‍ കണ്ടുമുട്ടും‌വരെ..
വിട.

Tuesday, September 22, 2009

പൂക്കാലത്തിന്റെ പടവുകള്‍

മലമുകളിലെ ഒതുക്കുകളിലേയ്ക്ക്‌
അനേകായിരം വെള്ളിയിഴയിട്ടു മുറുക്കിയ
വലിയൊരു തന്ത്രിവാദ്യം പോലെ,
കടല്‍

ജലസഞ്ചാരത്തിന്‍ തുഴപ്പാടുകൊണ്ട്‌
അടിത്തട്ടിലെ നിഗൂഡസംഗീതം
പകര്‍ത്തിയെഴുതുകയാണ്‌
ഓരോ പുഴയും

ഉള്‍ച്ചുഴികളിലെ നിശ്ശബ്ദത
പ്രാണന്റെ ഈ അലയിളക്കത്തിലാണ്‌
പുറംവായുവിലേയ്ക്ക്‌ കുതിപ്പേറ്റുന്നത്‌

മേല്‍പ്പരപ്പില്‍
വെയിലുണക്കങ്ങള്‍ക്കു മീതെ
പച്ചകുത്തിപ്പെയ്യും തുള്ളിയായി
ചിറകുഴിയും ജീവതരംഗങ്ങള്‍,
ഹൃദയത്തിലേയ്ക്ക്‌ ഉണര്‍ന്നിരിയ്ക്കുന്ന
ചുവന്ന തന്ത്രികളില്‍
സിംഫണി തീര്‍ക്കുമ്പോള്‍,
ഒതുക്കിവച്ച പ്രണയം
ഇലയ്ക്കും തണ്ടിനും മുന്‍പേ
ഇതള്‍‌നീട്ടും ലില്ലിയാകും പോലെ.

***********************

'ഹരിതക'ത്തില്‍ പ്രസിദ്ധീകരിച്ചത്‌.

Sunday, September 13, 2009

ഓണം വന്നെന്നും പോയെന്നും

മങ്ങുന്ന ഉച്ചവെയിലിനോട്‌
ബസ്സ്റ്റാന്റിന്‍ ചുറ്റുവഴിയിലെ
ഓണച്ചന്തയ്ക്കെന്നും മുറുമുറുപ്പാണ്‌

വസ്ത്രമേള മുതല്‍
ഉപ്പിലിട്ട അരിനെല്ലി വരെ
'വിലകുറച്ചെന്നു' തൊണ്ടപൊട്ടിക്കുമ്പോള്‍
ചൂടുചായയും കപ്പലണ്ടിയും
ചോര്‍ച്ചയൊതുക്കിയിരിയ്ക്കും

ഫുഡ്‌പാത്തില്‍ ബാക്കിയായ സ്ലാബുകളില്‍
കുഞ്ഞുടുപ്പിന്‍ അത്തക്കളമുണ്ടിപ്പോഴും

വീടെത്താന്‍ ഇരട്ടിവേഗത്തില്‍
ധൃതിപ്പെടും കൈകാലുകളും,
ചെളിക്കുഴമ്പു തുപ്പും
ചക്രസഞ്ചാരങ്ങളും,
പെയ്യുന്ന ഓരോ മഴയും
എത്ര കുതിര്‍ത്തിട്ടും അലിയാതെ
കരുവാളിച്ച ഒരു നോട്ടമുണ്ട്‌;

എടുത്താല്‍ പൊങ്ങാത്ത പൂജ്യങ്ങളുമായി,
ചാരിച്ചാരി മിനുസപ്പെട്ട
തട്ടുകടച്ചായ്പ്പിലെ കസേരത്തുണ്ടില്‍,
ഓണം വന്നതും പോയതും കേട്ടറിയുകയാവും
'നാളത്തെ ഭാഗ്യ'ത്തിന്‍ വില്‍പ്പനക്കാരന്‍

***************************

Sunday, September 6, 2009

വേരോട്ടം

കണ്ടിട്ടേയില്ലാത്ത ഉറവകളിലേയ്ക്കെന്ന്‌
വേലിയും പാലവും കടന്ന്‌
മല മുറിച്ച്‌
കടല്‍ തുരന്ന്‌
അലയുന്ന വേരുകള്‍,
തളിരിലകളില്‍ ഏറിവരും പച്ചപ്പില്‍
ഊറ്റംകൊള്ളും

അടിമുടിയുലഞ്ഞാലും
ഇല ചിതറാതെ കാക്കണേയെന്ന്‌
പൂവും കായും നിറയുവോളം
കടയടരാതെ നിര്‍ത്തണേയെന്ന്‌
മനമുരുകും

ഇല്ലാജലമൂറ്റിയൂട്ടി വലിഞ്ഞുമുറുകി
കനലാടും ഞരമ്പിനെ മറക്കും

മണലാഴങ്ങളില്‍,
തോലു വിണ്ട ജീവനോടെ
ദാഹജലം തേടിയ്ക്കൊണ്ടേയിരിയ്ക്കും.

**************************