Monday, May 30, 2011

മരത്തല(പ്പു)കളെക്കുറിച്ച്‌

രാവിന്‌ ഊടും പാവും നെയ്ത മിന്നാമിന്നികള്‍
പുലരുവോളം കൂട്ടിരുന്ന മഞ്ഞുതുള്ളികള്‍
മേലു ചുളുങ്ങി മഞ്ഞ മഞ്ഞച്ച ഇല
പേറ്റുമുറിയ്ക്ക്‌ പുറത്ത്‌
കൈ പിന്നില്‍ കെട്ടിയും നീര്‍ത്തിയും
തലകുടഞ്ഞ്‌ അടിയളന്ന കാറ്റ്‌

ആരുമറിയുന്നില്ലല്ലോ...

ഇതളും കാമ്പും തുരന്നുപോകുന്നത്‌
ആരുമറിഞ്ഞിരുന്നില്ലല്ലോ..

കയ്യത്താകൊമ്പില്‍
കണ്ണെത്താദൂരത്തില്‍
ഇലപൊതിഞ്ഞൊളിപ്പിച്ച മൊട്ടായിരുന്നു
വിടര്‍ന്ന ചില്ലയൊന്നാകെ
മണ്ണിലേയ്ക്ക്‌ ചുരുണ്ടുപോകുന്നത്‌
ആരുമാരുമറിഞ്ഞില്ലെന്നാണോ...

സൗന്ദര്യശാസ്ത്രത്തിനേറ്റ പുഴുക്കുത്താണെന്ന്‌
തേന്‍കുടിയന്മാര്‍

വിളവെടുപ്പല്ലേ കേമം
വളം ചെയ്യല്‍ ഉത്സവമല്ലല്ലോ എന്ന്‌
മണ്ണിരകള്‍

വെള്ളക്കാരന്റെതായിരുന്നു
പുഴുതൊടാത്ത തോട്ടങ്ങളെന്ന്‌
വെള്ളമൂടിയിരിയ്ക്കുന്നോര്‍

പുഴുക്കളെ കല്ലെറിയണമെന്ന്‌
ചുരുട്ടിയ മുഷ്ടികള്‍

അമരത്തടത്തിലും
ആലിന്‍ചോട്ടിലുമുണ്ട്‌
പുഴുസഞ്ചികള്‍
മണ്ണുതൊട്ട്‌ ഇലത്തുമ്പുവരെ
കണ്ണുവച്ചവര്‍

വേരോളമിറങ്ങിപ്പോയി,
നല്ലജീവനെ വീണ്ടെടുക്കേണ്ടതുണ്ടെന്ന്‌
ഓരോ മഴത്തുള്ളിയോടും
തവളകള്‍ കരഞ്ഞുകൊണ്ടേയിരിയ്ക്കുന്നു
വയല്‍വരമ്പില്‍ ചീവീടുകള്‍
കാതു തുളയ്ക്കുന്നു..

ഇഴഞ്ഞുകേറ്റങ്ങളെ പ്രതിരോധിയ്ക്കാന്‍
തണ്ടുനിറയെ മുള്ളുകള്‍ മുളയ്ക്കുമായിരിയ്ക്കുമെന്ന്‌
ഒറ്റക്കാലില്‍ ഒരു കൊടിമരം

Tuesday, May 3, 2011

കുടഞ്ഞെറിയുന്തോറും ചുറ്റിപ്പിടിയ്ക്കുന്ന വിരല്‍ത്തണുപ്പുകള്‍

ജീവിതത്തിന്റെ അതിശൈത്യമേഖലയില്‍ നിന്നും
കാറ്റ്‌ വീശിവീശിക്കയറുമ്പോളെല്ലാം
തടുത്തു നിര്‍ത്തണമെന്നുണ്ട്‌

വെളിച്ചമിറങ്ങാത്ത വാഴത്തോപ്പില്‍ പൊട്ടിച്ചിരിച്ച,
പിന്നെ ചോര പൊടിഞ്ഞ വളപ്പൊട്ടുകള്‍
മുളങ്കൂട്ടില്‍ ലഹരി പൂഴ്ത്തിയ ചപ്പിലകള്‍
കിതപ്പുകള്‍ ഒളിച്ചുകടന്നു കടന്ന്‌
മുള്ളുപതിഞ്ഞ വേലികള്‍..

മൂത്തുമൂത്ത്‌ കലര്‍ന്നുപോയ ശീലക്കേടുകളെ
അരിച്ചുമാറ്റാനാവാത്തതിനാല്‍
ശീതീകരിച്ചു മറയിട്ട ഇടങ്ങളാണെല്ലാം

ഒളിക്കണ്ണുകള്‍,
സദാചാരമാപിനിയിലെ സൂചകങ്ങളുടെ
കടപറിയ്ക്കുന്ന കൊടുങ്കാറ്റുകളെ
ലോകത്തെക്കാട്ടുമ്പോഴൊക്കെ,
ഉള്ളിന്റെയുള്ളില്‍
ശീതീകരണിയുടെ മൂടിയിളകാന്‍ തുടങ്ങും
വളപ്പൊട്ടുകള്‍ ചങ്കില്‍ കൊരുക്കും
വിളര്‍ത്ത ടോര്‍ച്ചുലൈറ്റുകള്‍ കണ്ണുതുളയ്ക്കും

ഉപ്പുനീര്‍ക്കയങ്ങളില്‍ നിന്ന്‌
ശാപക്കലമ്പല്‍ ചുഴിയിട്ട്‌ പൊങ്ങിപ്പറക്കും
നീണ്ട പനനിരകളിലെ
യക്ഷിസഞ്ചാരം പോലെ..

കണ്ണും കാതും കൊട്ടിയടയ്ക്കണമെന്നുണ്ട്‌
തൊലിയിലെ സൂചിപ്പഴുതുകള്‍ വരെ
പൂട്ടി വയ്ക്കണമെന്നുണ്ട്‌

*****************************
കൃതിയുടെ "കാ വാ രേഖ?" യില്‍ നിന്ന്‌