Wednesday, December 29, 2010

വായനപ്പങ്ക്‌

പുലര്‍വെളിച്ചത്തിനു നേരെ
പിന്മാറാന്‍ കൂട്ടാക്കാത്ത
രാത്രിയുടെ ധാര്‍ഷ്ട്യം

ഇരുമ്പു ഗേറ്റില്‍
പത്രം തലയടിച്ചു വീണു
വാര്‍ത്തകള്‍ പൊട്ടിത്തെറിച്ചു
ഗന്ധകം മണത്തു

ഉരുട്ടി നിവർത്തിയ നിലവിളി
കാറ്റില്‍ നിന്നും കാതിലേയ്ക്ക്‌ കുത്തിക്കയറിയത്‌;
കാടു തുളച്ച വെടിയൊച്ചയുടെ ബാക്കി;
ഇരുട്ടിൻ ചരടറ്റങ്ങളിൽ
ആളിപ്പടര്‍ന്നുകൊണ്ടേയിരിയ്ക്കുന്നത്
ഉള്‍പ്പേജുകളില്‍ കൂട്ടം കൂടുന്നു

'നിലവിളിയില്‍ നിന്നും ഊര്‍ജ്ജസംഭരണം'
ആധുനിക പ്രബന്ധവിഷയത്തില്‍
ഒടുങ്ങാത്ത സ്രോതസ്സുകളുടെ
സാങ്കേതിക മേന്മയെപ്പറ്റി
വെള്ളതേച്ച ചര്‍ച്ചകള്‍

കേള്‍വിയൊടുങ്ങിയ
അക്ഷരക്കൂട്ടങ്ങളില്‍,
കണ്ണീര്‍പ്പരലുകള്‍ക്കു മീതെ
വിഷം നനഞ്ഞ്‌
തലവീര്‍ത്ത്‌ മെയ്‌‌തളര്‍ന്നവർ‌ക്കൊപ്പം
കണ്ണിഴയുമ്പോള്‍

എന്റെ ജനലരികത്തെവിടെയോ
വിഷാദം കോരിക്കുടിച്ച
ഒരു കിളിപ്പാട്ട്‌ ഉരുകി വീഴുന്നു

Sunday, November 14, 2010

തേച്ചു മിനുക്കി തേഞ്ഞു മിനുങ്ങി..

ഇനിയുമൊരു തുന്നലിനിടമില്ലെന്ന്
പിഞ്ഞിയ തോല്
ആണിയടിയ്ക്കാനില്ലെന്ന് നെഞ്ച്
അഴുകിയ ജീവിതം കൂട്ടിനിര്ത്താനാവാത്ത
തുരുമ്പിച്ച കൊളുത്തുകളടക്കം പൊതിഞ്ഞുകെട്ടി
എത്രയോ തവണ
ഞാനെന്നെ ഉപേക്ഷിച്ചതാണ്

പഴങ്കഥയിലെ ചെരുപ്പിനെപ്പോലെ,
കുഴിച്ചുമൂടിയാലും
കടലിലൊഴുക്കിയാലും
വീണ്ടും വീണ്ടും തേടിവരുമെന്നറിയാതെ..

Tuesday, November 9, 2010

വെളുക്കുമ്പോള്‍ കുളിയ്ക്കണം, വെളുത്ത മുണ്ടുടുക്കണം..

അരിക്കാരിച്ചേട്ടത്തി പണ്ടുപറഞ്ഞപ്പോള്‍
ഇത്ര കരുതീല്ല
പരുവപ്പെടുത്തിയ വിതയൊന്നും വേണ്ട
തെറിച്ചു വീഴുന്ന മണി മതി
അത്ര വളക്കൂറുള്ള മണ്ണാണ്‌

വടക്കന്‍ മലകടക്കുന്ന
തുരപ്പന്മാരെ പേടിപ്പിയ്ക്കാന്‍
വേണ്ടിവന്നാല്‍
നാട്ടീന്നു പൊട്ടാസു കൊണ്ടുവരാലൊ

തൊപ്പിവച്ച തമ്പ്രാന്‍
വ്യവസ്ഥകളൊക്കെ സമ്മതിച്ചിട്ടുണ്ട്‌

കരാറൊന്നൊത്തു കിട്ടാന്‍
അപ്പനപ്പൂപ്പന്മാരെത്തൊട്ട്‌
പിറക്കാന്‍ പോണോരെക്കൂടി
ഉയര്‍ത്തിപ്പാടി;
ഈത്തറവാടിന്റെ തലതൊട്ടപ്പന്‍
പണ്ടുപറഞ്ഞ കഥകളാണ്‌
ഇന്നുമെന്റെ വഴികാട്ടിയെന്ന്‌ വരെ
കാച്ചി വിട്ടു,
കച്ചോടം നടക്കണ്ടേ..!

ഇവിടത്തെ കുട്ട്യോള്‍
ഏഴാം കടലിനപ്പുറത്തേയ്ക്കു
പാലമിടുന്നതിനെപ്പറ്റി
ഗവേഷണോം ചെയ്തിരുന്നോട്ടെ,

ഞാനീ മണ്ണിന്റെ വേരില്‍ നിന്ന്‌
പൊന്നൂറ്റിയെടുക്കും
എന്റെ മുതലക്കുഞ്ഞുങ്ങള്‍ക്ക്‌
ഇവിടെയൊരു കുളവും കുഴിയ്ക്കും

ഞാനാരാ മോന്‍!!!

Wednesday, October 20, 2010

ഉപേക്ഷിയ്ക്കാനാവാത്ത ഉടൽ‌ക്കുപ്പായങ്ങൾ

"രണ്ടുപറ തവിടിനു പകരം
പുള്ളോത്തി തന്നതാ
ചുണ്ടുവരണ്ടൊരു പെണ്‍കിടാവിനെ"

ചിറിയിലൂടെ ഇഴഞ്ഞിറങ്ങുന്ന
ചൊകചൊകന്ന പാമ്പിന്‍കുഞ്ഞിനെ
നീട്ടിത്തുപ്പിയൊരു
നാട്ടുനടപ്പുകഥ;
മുറ്റത്തും മനസ്സിലും
ചോരപ്പത്തി വിടര്‍ത്തും

എന്റേതല്ലാത്ത ഇടത്തില്‍
ഞാനല്ലാത്ത ഞാന്‍ എന്ന്‌
അനാഥമായ ഉള്‍വഴികളില്‍
പുള്ളോര്‍ക്കുടത്തിന്‍ മുഴക്കം

ആയില്യം നക്ഷത്രം
അധിദേവത സര്‍പ്പം

ചുണ്ടുപോലെ വരണ്ടുപോയ മനസ്സില്‍
നെടിയ വരമ്പിലൂടെ
രണ്ടുപറ തവിടുമായി
പുള്ളോത്തി നടന്നു

വിജനമായ രാക്കിനാക്കള്‍
ഒരിടിവെട്ടിലും കെട്ടുപോകാത്ത ഇഴജന്മങ്ങളായി
പറന്നു കൊത്തി

രാവിനു മൂര്‍ച്ചയേറും യാമങ്ങളില്‍
കെട്ടുപിണഞ്ഞ കടും നിറങ്ങളെ,
മുടിയിഴച്ചും പൂക്കുല തല്ലിയും
അഴിച്ചെടുക്കാനാവാതെ..

ഇരുട്ടു പന്തലിച്ച ആകാശത്തിനു കീഴെ
ചിറകു വെട്ടി ഉപേക്ഷിയ്ക്കപ്പെട്ടവള്‍
അസ്ഥിത്വത്തിന്‍ ചോദ്യചിഹ്നത്തില്‍
തലകീഴായാടി

പാടത്തിനക്കരെനിന്ന്‌
കവുങ്ങിന്‍ പൂമണം പൊതിഞ്ഞ്‌
ജനല്‍വഴിയിലൂടെ
വീണ്ടും
കാറ്റ്‌ കടത്തിക്കൊണ്ടു വരുന്നു;
മേലാകെ തണുപ്പിഴയുമൊരു
പുള്ളുവന്‍ പാട്ട്‌
*****************************

Tuesday, September 14, 2010

എന്നെത്തന്നെ

പറഞ്ഞും കേട്ടും തേഞ്ഞുപോയ
വാക്കുകൊണ്ടാണ്‌ മേച്ചില്‍

പലകുറി കടഞ്ഞതാണെങ്കിലും
കഴുക്കോലാകാനുള്ള ഉറപ്പൊന്നുമില്ല
ചിന്തകള്‍ക്ക്‌

മാറാലയില്‍ തൂങ്ങിയാടുന്ന
വാഗ്ദത്ത ഭംഗികള്‍
എന്നത്തേയും പോലെ
ഏതു സമയത്തും വീണുമറയാം

ആദര്‍ശങ്ങള്‍ ഉത്തരമാകുമ്പോള്‍
മനസ്സ്‌ അനങ്ങാപ്പാറയാകേണ്ടതാണ്‌;
പക്ഷേ,
കടുപ്പിച്ചൊരെഴുത്തില്‍
തകര്‍ന്നുപോകുന്നതാണ്‌ ചുമരെങ്കില്‍
തറച്ചൊരു നോട്ടത്തില്‍
അനുസരിപ്പിയ്ക്കപ്പെടുന്നതാണ്‌
തൂണുകളെങ്കില്‍..
ഉത്തരത്തിനു താങ്ങാകില്ല

ദീര്‍ഘശ്വാസമൊരു കൊടുങ്കാറ്റാകാം
ഉലയ്ക്കുന്ന ഭയപ്പാടുകളില്‍ നിന്നും
അസ്വസ്ഥതയുടെ ഉറുമ്പുകൂട്ടങ്ങള്‍
ഓരോ കോശത്തിലും കവാത്തു നടത്താം

ഒടുവില്‍
തൊട്ടാല്‍ പൊടിയാവുന്ന
നേര്‍ത്ത നാരുകളോ തുണ്ടങ്ങളൊ ആയി
മനസ്സില്ലാതെ, ഒരു ശരീരം പറന്നുപോകാം

തല നെഞ്ചിലേയ്ക്കു വളച്ച്‌
ദേഹം ചുരുട്ടിയൊതുക്കി
അമ്മയിലേയ്ക്കെന്നപോലെ
ചുരുങ്ങിച്ചുരുങ്ങി
ഒരൊറ്റ കോശത്തില്‍
എനിയ്ക്കെന്നെ സൂക്ഷിച്ചു വയ്ക്കണം

ഒരു കൊടുങ്കാറ്റിനും കൈകൊടുക്കാതെ.

*************************
"ആനുകാലിക കവിത"യില്‍ പ്രസിദ്ധീകരിച്ചത്‌.

Thursday, August 19, 2010

നീ

രാവേറുന്തോറും നീന്തിക്കയറും
കടല്‍സ്പര്‍ശത്തിന്‍ സ്വേദമന്ത്രണമേറ്റ്‌
മനസ്സിന്റെ ഒളിസങ്കേതങ്ങളില്‍ നിന്നും
കമ്പിയില്ലാക്കമ്പിയിലൂടെ
സന്ദേശ കമ്പനങ്ങള്‍
ശരീരത്തിലാവേശിയ്ക്കുമ്പോള്‍,

ഒഴുക്കിനാവേഗത്തില്‍
പൊട്ടിത്തകര്‍ന്നേയ്ക്കുമെന്ന്‌
കൈ ഞരമ്പുകള്‍ സന്ദേഹിയ്ക്കുമ്പോള്‍,

പ്രണയസ്ഫുലിംഗത്തിന്‍ വജ്രസൂചിയാല്‍
നിന്നെയെന്നില്‍ എഴുതിച്ചേര്‍ത്തത്‌,
അഗ്നിരേഖകളായി വേരുപടര്‍ത്തി
പൊടിച്ചുണര്‍ന്നതാണെന്‍ കവിത..

ഇക്കാലമത്രയും നിന്നുപോയിരുന്ന
ഘടികാര സൂചികളില്‍
ഹൃദയമിടിപ്പേറ്റിയ വസന്തമേ..

നിന്റെ പച്ച തഴയ്ക്കുന്നത്‌
ഇന്നെന്റെ അസ്ഥികളിലാണ്‌
പൂക്കുന്നതും കായ്ക്കുന്നതുമെന്റെ മജ്ജയാണ്‌
എന്നിലിനി എന്റേതെന്നു പറയാന്‍
ഞാനില്ല; നീയല്ലാതെ.

Sunday, July 18, 2010

അവസാനപംക്തി (വഴി കണ്ടുപിടിയ്ക്കുക)

കൈരേഖ കണക്ക്‌
പന്തലിച്ച വരകളിലൂടെ,
ഒരു പെന്‍സില്‍
ഉരഞ്ഞു തേഞ്ഞു പോകുന്നതിനു പിന്‍പേ,
കുതിച്ചും ഓടിയും
തിരക്കോടെ കുഞ്ഞുകാലുകള്‍;
അലസതയില്‍ തട്ടിവീഴാതെ
കുസൃതിയില്‍ ഒളിച്ചിരുന്ന്‌ മയങ്ങാതെ..

വികൃതിപ്പെന്‍സിലിന്റെ മറുതല,
ഇടയ്ക്കിടക്ക്‌
വര മായ്ചുമാറ്റുന്നുണ്ട്‌;
ശരിവര അതാവാം

മെല്ലെപ്പോകും
ആമച്ചങ്ങാതിയല്ല ജീവിതം,
അമ്മ പറഞ്ഞിട്ടുണ്ട്‌

ചിലയിടങ്ങളില്‍ ഇരുള്‍വനം,
ഇടുങ്ങിയ ഉറുമ്പുവഴികള്‍

ഇളകുന്ന ഒറ്റവരിപ്പാലം
കൈവരിയില്ലാത്ത കിണര്‍

കണ്ടുപിടിയ്ക്കേണ്ട വഴിയുടെ
മറുതലയ്ക്കലാണമ്മ

അറിയാപ്പാതയില്‍
പേടിക്കൂട്ടുകളായി
കൊല്ലന്റെ ആലകള്‍

മുയല്‍മണത്തില്‍ പൊന്തകളുടെ
മൂക്കു വിടരുന്നുണ്ടോ..

പെന്‍സില്‍വര തെന്നിച്ചൊരു നഖമൂര്‍ച്ചയില്‍,
പല്ലിന്‍ ആഴമളക്കലില്‍,
പവിഴക്കണ്ണ്‌ തുളഞ്ഞു

പിറ്റേന്ന്‌,
ചോപ്പുണങ്ങിയ
നീണ്ട ചെവിയുള്ള പഞ്ഞിത്തുണ്ടായിരുന്നു
ടിവി സ്ക്രീനുകളില്‍
ആഘോഷത്തിന്‍ കൊടിയടയാളം.

Monday, June 28, 2010

വായില്ലാമൊഴി

കരിയും ചോപ്പും തേച്ച
മുഖമെഴുത്തും ഉടുത്തുകെട്ടും
കഴുത്തിറങ്ങിയ മുടിയുമായി കളിവേഷങ്ങള്‍,
കുറുങ്കുഴലും ചിലമ്പും
മുഴങ്ങുമൊറ്റച്ചെണ്ടയും കൊണ്ട്‌
കാണികളിലേയ്ക്ക്‌
കാല്‍ത്താളം പകര്‍ത്തി

ലോകം വിഴുങ്ങും തിരകളെ
വരച്ചിട്ട കളങ്ങളില്‍
തലചെരിച്ചും വെട്ടിച്ചും
കൈച്ചൂരല്‍ ഇടയ്ക്കു മിന്നലായ്‌ നിവര്‍ത്തി
വാള്‍ത്തിളക്കമായ്‌ ചുവടു മാറ്റി
ഉത്സവം തിമര്‍ത്താടി

പതിയെപ്പതിയെ മേളം മുറുകി
കാല്‍വേഗം കൂടി
ആരവമിരമ്പിച്ചൊരുവന്‍
ചായം തൊട്ടൊരു നെഞ്ചില്‍
വാള്‍മുനയുഴിഞ്ഞു;
കുനിച്ച തോളെല്ലുകള്‍ പേടിയഭിനയിച്ചു
ചെണ്ടയെന്തൊക്കെയോ ഉറക്കെപ്പറഞ്ഞു

മറുതലയ്ക്കല്‍, വീണ്ടുമതേ രംഗം
ചെണ്ടയുടെ ഗര്‍ജ്ജനം
കുഴലിന്റെ മുറവിളി
തനിയാവര്‍ത്തനം..

ഇടവരമ്പു മായ്ച്ചു;
കളിക്കാര്‍ കാഴ്ചക്കാരിലിറങ്ങി

മെല്ലെ.. വളരെ മെല്ലെ
തണുത്ത ഭാരത്തോടെ
മൂര്‍ച്ച മേഞ്ഞ ദേഹങ്ങള്‍
ഓരോന്നായി ചായക്കൂട്ടില്‍ കുഴഞ്ഞു
അഭിനയത്തികവെന്ന്‌ കയ്യടിച്ച്‌
ആഘോഷം നുരഞ്ഞു..

ഉയര്‍ത്തിക്കെട്ടിയ തട്ടില്‍
ഭേഷെന്ന്‌ തലയാട്ടുന്നു,
തൂവല്‍ തൊപ്പി വച്ച പൊന്നാടകള്‍

ആര്‍പ്പിന്നുച്ചസ്ഥായിയില്‍
കറുപ്പും മഞ്ഞയും വെള്ളയും ചുവപ്പിച്ച്‌
മുഖത്തെത്തിയ തിളക്കമോര്‍ക്കുന്നു
കീഴ്ച്ചുണ്ടിനൊപ്പം തെറിച്ച ശബ്ദവും

ഇതു മരണനൃത്തം,
കൊയ്യുന്നതെതിര്‍വാക്കിന്‍ നാക്കുകള്‍..
ചൂണ്ടിപ്പറഞ്ഞ വിരലറുത്തുപോയത്‌
കരുത്തായ്‌ കുരുത്തില്ലിതുവരെ

ഉറക്കത്തിന്‍ ഇരുട്ടുപാളിയ്ക്കിടയിലൂടെ
കണ്ണു കീറുകയാണീ
ദു:സ്വപ്നസൂചികള്‍


****************************

Saturday, June 19, 2010

സെമിത്തേരിയില്‍

ഓര്‍മ്മക്കല്ലുകള്‍ക്കു താഴെ
ചിതലരിച്ച ശബ്ദങ്ങള്‍
അടക്കം പറയുന്നുണ്ട്‌

ആഞ്ഞു വെട്ടലിന്‍ മണ്ണിളക്കത്തില്‍,
വെളിച്ചത്തിന്‍ വിള്ളലുകള്‍ക്ക്‌
വെയില്‍ മണം;
ആരായിരിയ്ക്കാം വരുന്നത്‌?

ഓരോ കുഴിയിലും
ഓരോ ലോകം വീര്‍പ്പുമുട്ടി

അലിയാത്ത എല്ലിന്‍കൂടുകളില്‍
ചലനസാഗരത്തിന്‍ ഓര്‍മ്മ തൊട്ടു;
പേശികള്‍ പൊടിച്ചു, തഴച്ചു;
ഓട്ടക്കണ്ണുകള്‍,
മരിച്ചുപോന്ന കാലത്തിനൊത്ത
വേഷത്തിലും ഭാവത്തിലും
പരിചിത മുഖങ്ങളെക്കണ്ടു

അയല്‍ക്കുഴിയില്‍,
തീവണ്ടിയരച്ചെടുത്ത ബാക്കിയില്‍
വെള്ള മൂടി
നിശ്ശബ്ദമായി മണ്ണുപെയ്തു

സ്വപ്നജീവനത്തിന്റെ എത്താക്കണക്കില്‍
ചത്തു ജീവിക്കുന്നവര്‍ക്ക്‌,
സഹനസമരത്തിനിപ്പൊഴും
തെറ്റായ സമവാക്യം തന്നെയെന്ന്‌
എല്ലാ ആകാംക്ഷകളും
സ്വന്തം ഇരുളകങ്ങളിലേയ്ക്ക്‌ മടങ്ങിപ്പോയി.

നാട്ടുപച്ചയിൽ പ്രസിദ്ധീകരിച്ചത്

Thursday, May 27, 2010

സൂര്യായനം

മേഘം ചുറ്റിപ്പടര്‍ന്ന മലയില്‍ നിന്നും
നടക്കാനിറങ്ങും ഋതുക്കളുടെ
പുടവത്തുമ്പൊന്നു തൊട്ടാല്‍
തളിര്‍ക്കാനും പൂക്കാനും
ഇല മാറ്റിയുടുക്കാനും കൊതിച്ച്‌,
നിറച്ചാര്‍ത്തൊതുക്കി വച്ചിരുന്ന ചില്ലകളെ
കരിയില പൊതിഞ്ഞെടുത്തു പോയി

ചുളിവീണ ചെമ്മണ്‍മുഖങ്ങളും
പാകിയ പാറത്തലപ്പുകളും
വരണ്ട നീരൊഴുക്ക്‌ ഏറ്റുപാടി

കണ്ണും കാതും പാട്ടനിലമായി

മധുരം പൊതിഞ്ഞ വിഷവിത്ത്‌
നുണഞ്ഞ്‌ നുണഞ്ഞ്‌
കര്‍മ്മകാണ്ഡം
ശൈത്യകാലത്തില്‍ നങ്കൂരമിട്ടു

വെയില്‍മഞ്ഞയുടുത്തൊരു ഞാറ്റുപാട്ടില്‍,
അക്ഷരമാലയിലെ ഓരോ മണിയും
വേരൂന്നി നിവര്‍ന്ന്‌
ആകാശത്തേയ്ക്ക്‌ നോട്ടമെറിഞ്ഞതാകാം;
മരിച്ച നാവിലും നാഡിയിലും
ഒരരയാലിന്‍ ഇലപ്പെരുക്കം..
ഒരോടത്തണ്ടിന്‍ ശ്വാസവേഗം..

മനസ്സിന്‍ കൈവഴികളില്‍
കാറ്റിന്‍ വായ്ത്താരി കേള്‍ക്കുന്നു
ഋതുദേവകള്‍
ഇനിയുമീ വഴി വരികയാവാം..

**********************

Wednesday, May 12, 2010

വേനല്‍മഴ

മഞ്ഞകലര്‍ന്ന ഇലകള്‍
കാറ്റ്‌ അഴിച്ചെടുത്തു
മേലാട പോയ പരിഭ്രമത്തില്‍
തൈമരം കൈപിണച്ചു വച്ചു
വെയില്‍ തൊട്ട തളിരുകള്‍ ചുവന്നു
തേനുറുമ്പുകള്‍ അടക്കം പറഞ്ഞു

നീട്ടിയൊന്നു ചൂളംകുത്തി
മുളംതലപ്പുകള്‍ ഇലയൊതുക്കി,
ആകാശം തിരിതാഴ്ത്തി

പിടഞ്ഞുനില്‍ക്കും ഇലഞ്ഞെട്ടില്‍,
തുടുത്ത പൊടിപ്പുകളില്‍,
വെള്ളിനൂലിഴചേര്‍ത്ത
കാര്‍മേഘപ്പട്ടഴിഞ്ഞുതിര്‍ന്ന്‌..
വിരിച്ചിട്ട മണ്‍തരികളില്‍
ചിത്രലിപികളെഴുതി

ഓരോ തുള്ളിയും
ആയിരം സ്നേഹവേഗങ്ങളായി തൊട്ടുരുമ്മി
താപമലിയിയ്ക്കെ,
തൊലിവിണ്ട ഭൂരേഖകള്‍ മാഞ്ഞു
തീപ്പെട്ട നാളുകള്‍ സാഗരസ്നാനം ചെയ്തു..

**********************************

Tuesday, May 4, 2010

മായികം

കൊന്നയില്‍ പെയ്ത അന്തിവെയിലടര്‍ത്തി
കറുത്ത തുണിയില്‍പ്പൊതിഞ്ഞ്‌
കിഴക്കുനിന്നും സൂര്യനെയെടുത്തു
ഇന്ദ്രജാലക്കാരന്‍

നെഞ്ചിലമ്മിക്കല്ലേറ്റി ഉള്ളുപൊള്ളിയ ചാക്കില്‍ നിന്ന്‌
ആദ്യമഴത്തുള്ളിയില്‍
കൊക്കടര്‍ന്ന മണ്‍തരിയിലേയ്ക്ക്‌ മുളപൊട്ടുന്ന നെന്മണിയും,
വിത്തും കൈക്കോട്ടും പാടുന്ന പക്ഷിയും,
കറുത്ത തുണിയില്‍ മായുന്നതും
കാട്ടിത്തന്നു

പിന്നെ,
വിഷുഫലത്തില്‍ പറയാത്ത,
ചെകിടു തെറിയ്ക്കുന്ന പൊട്ടലോടെ
കത്തുന്ന മിന്നലോടെ,
ജീവന്‍ തുള്ളുന്ന നെഞ്ചിനെ
പാടുന്ന ചുണ്ടിനെ
ഇല്ലാതാക്കുന്നതും.

Monday, April 12, 2010

കറ

കറുകറുത്ത ബോര്‍ഡിലെ
വെളുവെളുത്ത എഴുത്തില്‍
നിറഞ്ഞ വാക്ക്‌;
നിറം നോക്കാത്ത വായന
..........
കറുപ്പും വെളുപ്പും സിനിമാക്കാലം,
വെളുത്ത കുതിരമേലാണ്‌ നായകന്‍
വീഴ്ത്തിയ ചോര കറുപ്പ്‌
ഉള്ളില്‍ തെറിച്ചത്‌ ചോപ്പ്‌
..........
വെളുപ്പും കറുപ്പും കണ്ണില്‍
നിറം പിടിച്ച കാഴ്ചക്കാലം;
വീഴ്ത്തുന്നത്‌ ചുവപ്പ്‌
കാണുന്നതും ചുവപ്പ്‌
ഉള്ളിലെന്നും ഉണങ്ങാത്ത കറുപ്പ്‌
..........

Sunday, April 4, 2010

കാറ്റു പറയുന്നുണ്ട്‌

ഉല്‍സവക്കതിനകള്‍ക്കിടയില്‍ നിന്നും
ആനച്ചൂരും ചവിട്ടിയിറങ്ങുന്ന കാറ്റു പറയുന്നുണ്ട്‌..

ഓരോ രംഗവും രംഗമാറ്റവും
എത്ര ശ്രദ്ധയോടെയാണെന്ന്‌!
പാത്രസൃഷ്ടി, ഭാവപ്പകര്‍ച്ചകള്‍, അലങ്കാരങ്ങള്‍..

സമയസൂചികളിലൂടെ
താളത്തില്‍ തെന്നുന്ന മിടിപ്പുകള്‍,
അരങ്ങും കഴിഞ്ഞ്‌
കണ്ണും കാതും കടന്ന്‌
പരഹൃദയങ്ങളില്‍
പുതിയ കഥാനാമ്പുകള്‍
മുളപ്പിച്ചെടുക്കുന്നു;
അതിരിനപ്പുറം അരുതെന്ന്‌
അരിഞ്ഞു നിര്‍ത്തിയാലും
പ്രകാശത്തിലേയ്ക്ക്‌ പടര്‍ന്നുപോകുന്നു..

ഇഴയടുപ്പിച്ചു നെയ്ത കഥയില്‍,
സൈഡ്‌കര്‍ട്ടനു പിന്നില്‍നിന്നും
സഹായവചനങ്ങളെത്താത്ത നേരങ്ങളില്‍
നെയ്ത്തില്‍പ്പിശകു പോലെ
അപകടമരണങ്ങളുണ്ടാകുന്നു..

ഏതിലും,
അക്ഷരത്തെറ്റില്ലാത്തവ
ആരവങ്ങളിലുയിര്‍ക്കപ്പെടുന്നു

ചേര്‍ത്തടുക്കിയ ഇഷ്ടികകള്‍ക്കുള്ളില്‍
ഒതുങ്ങുന്നില്ല ജീവിതം;
വെട്ടിമൂടിയ കുഴിയില്‍ മരണവും..

Thursday, March 11, 2010

തീയോട്ടം

മുഖത്ത്‌ വിഴുപ്പൊഴുക്കും നഗരത്തെ
മലയെന്നും പുഴയെന്നും കടലെന്നും
പാടിപ്പാടി നാടുകാണിയ്ക്കുമ്പോള്‍,
യന്ത്രോച്ഛാരണം കേട്ടുകേട്ട്‌
കണ്ട നാടൊക്കെ
വണ്ടി കയറാന്‍ കൂടും

മടി പിടിച്ച തിരക്കാണെന്നും,
മൊട പിടിച്ച മനസ്സുകളാണെന്നും,
പതിഞ്ഞുപോയ വിശ്വാസത്തിന്‍ മരത്തടികള്‍
നെടുനീളന്‍ ഇരുമ്പുവഴിയെപ്പോലും
അളവുമകലവും അനുസരിപ്പിയ്ക്കുകയാണെന്നും
നീട്ടി നീട്ടി കൂകിയാലും...

എല്ലാം പതിവുപറച്ചിലുകള്‍ എന്നല്ലേ ചിരി?

വിരലറ്റത്തിന്‍ കൊഴുപ്പിറങ്ങിയ
ചായ്‌ കോഫി വിളികളില്‍,
ഞാനെന്നും നീയെന്നുമല്ലാതെ
നമ്മള്‍ ഇല്ലാതാകുന്ന
അഴുകിയ ഇടത്താവളങ്ങളില്‍ നിന്ന്‌ കിതയ്ക്കാം

മാറി മാറി വീശും കൊടിനിറത്തിനൊപ്പം
വേച്ച്‌ വേച്ച്‌ ഓടിക്കൊണ്ടിരിയ്ക്കാം.

ഓടിക്കൊണ്ടേയിരിയ്ക്കാം..

Monday, February 22, 2010

വെളിച്ചത്തിന്റെ അക്ഷരമാല

തലങ്ങും വിലങ്ങും അഴിയിട്ടുമുറിച്ച്‌
ചുമരില്‍ തിങ്ങി നിറഞ്ഞൊരു ജനല്‍

ഒരൊറ്റ നീക്കം കൊണ്ടൊരാകാശമൊതുക്കാന്‍
വലത്തേ മുകള്‍ക്കള്ളിയില്‍
തെന്നിത്തെന്നിയൊരു സ്വപ്നമേഘം

ചടച്ചുണങ്ങിയിട്ടും
നുള്ളു പച്ചപ്പുകോര്‍ത്തൊരു ചില്ല
ഇടത്ത്‌ നടുക്കളത്തില്‍ എത്തിപ്പിടിച്ചിട്ടുണ്ട്‌

മഴവില്ല്‌മായ്ച്ച്‌ പെയ്ത മഴയില്‍
അതിന്‍ നിറത്തുള്ളികളില്ലല്ലോ എന്ന്‌
തരിച്ചു നില്‍ക്കും പുല്‍ത്തുമ്പുകളാണ്‌ താഴെ

കുന്നോളം കൂട്ടിവച്ചതു
മഴയെടുത്തെന്ന്‌,
ദ്രവിച്ചൊരു ശലഭപ്പാതിയും തൂക്കി
ജനല്‍പ്പടിയില്‍ ഉറുമ്പുകള്‍

അഴികള്‍ക്കിപ്പുറം,
പൂഴ്‌ന്നൊരു തേര്‍ച്ചക്രമോ
ഒരുപിടി മണ്ണോ ഇല്ലാതെ,
കളങ്ങളറുപത്തിനാലിനോടും പൊരുതി,
കുഴഞ്ഞുപോയ ചിറകുപേക്ഷിയ്ക്കാന്‍
കൂടുകാണാതെ നിന്നൊരു കരച്ചില്‍,
വീതം വയ്ക്കാത്ത വെളിച്ചം
കണ്ണില്‍ക്കോരി
ജീവിതമെഴുതി വായിയ്ക്കുന്നു.

Thursday, February 4, 2010

ആകാശക്കോട്ടയുടെ ഏറ്റവും താഴേപ്പടിയില്‍

ഞാനെന്നുമേറ്റുവാങ്ങുന്നത്
മനസ്സിന്‍ ആണിത്തുളകളിലൂടെ
നൂല്‍പ്പാകത്തില്‍
ഉരുകിവീണൊരു മേഘം

കണ്ണിന്‍ കരിക്കട്ടയില്‍
അലക്കി വെളുപ്പിച്ച നീര്‍ത്തുള്ളി
അടരാനൊരുങ്ങുമ്പോള്‍
ഒരു വെയിലിഴയാല്‍
വജ്രമണിയെന്നോ, ചില്ലുചീളെന്നോ
വായിയ്ക്കപ്പെടാം

തൊട്ടെടുക്കുന്ന നിന്റെ കൈവിരല്‍
മുറിയാതിരിയ്ക്കണേ എന്ന്‌
ശ്വാസച്ചൂട്‌ ആവര്‍ത്തിച്ച്‌
രാകി മിനുക്കാമെന്നല്ലാതെ,

നെഞ്ചമര്‍ന്ന്‌ വേരോടും
സാന്ത്വനപ്പച്ചയിലേയ്ക്ക്‌
തെളിനീരെന്ന ലാഘവത്തോടെ
എറ്റിത്തെറിപ്പിയ്ക്കുന്ന ജാലവിദ്യ
നിനക്കല്ലേ അറിയൂ..

Monday, January 18, 2010

ഉണര്‍ച്ച രേഖപ്പെടുന്നത്‌

വേലിയേറ്റത്തിന്‍ മദിപ്പില്‍
കരകയറിയെത്തും കടല്‍ജീവന്‍,
വെയിലലിഞ്ഞ നിറങ്ങള്‍ നീന്തുമാഴങ്ങളെ,
കൗതുകം തൊട്ട കടല്‍പ്പച്ചയെ,
ഉള്ളറകള്‍ ഊട്ടിവളര്‍ത്തുന്ന പവിഴപ്പാടങ്ങളെ,
മുത്തുച്ചിപ്പിയുടെ അകക്കണ്‍പ്രണയത്തെ,
മണ്‍തിട്ടയില്‍ അമര്‍ത്തിയമര്‍ത്തിയെഴുതി,
തിരയിട്ട മുഖപടത്തില്‍
പതിനാലാം രാവു തെളിയിയ്ക്കും

ആ നിമിഷം വരെ
അടിഞ്ഞുകൂടിയ പരിഭവക്കറകള്‍
ആലിംഗനശതങ്ങളില്‍
അലിയിച്ചൊഴുക്കിക്കളയും
ഉടലാകെ നക്ഷത്രം വിതറും

ഓളത്തിന്‍ ഉയിര്‍പ്പുകള്‍
വിരല്‍കോര്‍ക്കും പൂഴിയില്‍ നിന്നും
വേലിയിറക്കത്തിന്‍ കിതപ്പ്‌
ഞണ്ടിന്‍ മാളങ്ങളിലൂടെ നിലവറയിലേയ്ക്കൂര്‍ന്നിറങ്ങുമ്പോള്‍
അയഞ്ഞ താളത്തില്‍
ജലരേഖകള്‍ തെറുത്തെടുത്ത്‌
തീരത്ത്‌ നിലാവുണങ്ങും

നനഞ്ഞ ഓര്‍മ്മകളില്‍,
മുഖമടര്‍ന്ന കക്കയും
വക്കുപൊട്ടിയ ശംഖും
കാലദേശങ്ങളുടെ കണക്കുമായി
കുരുങ്ങിക്കിടക്കുകയാകുമപ്പോഴും...

*********************

Wednesday, January 6, 2010

ആത്മവൃക്ഷം

കുന്നിന്‍പുറങ്ങള്‍ക്ക്‌,
ഇലപൂത്ത്‌ നില്‍ക്കും വിതാനത്തിന്‍
ഒറ്റക്കാഴ്ചയാണ്‌ താഴ്‌വാരം

ആഴം തേടിപ്പോയ ചോലകള്‍ക്കറിയാം
തുളസി തൊട്ടു തളിച്ചാല്‍
കീഴാര്‍നെല്ലിയും
കണിക്കൊന്നയും
കൈതയും
ഏഴിലംപാലയും
ഉയിര്‍കൊള്ളുന്ന കോശങ്ങളെ

വള്ളികള്‍ സിരകളായ്‌ പടര്‍ന്ന്‌
ഏണുകളിലൊക്കെയും പൊടിച്ച മരങ്ങളെ,
ഒരു മരമെന്ന്‌ കരുതുമ്പോഴേയ്ക്കും
ഉണര്‍ന്നു വരും കാടിനെ

മേഘമേലാപ്പും ഇലനിരപ്പും ചോര്‍ന്ന്‌
ഈറന്‍മണ്ണില്‍ ജീവന്‍ വരയ്ക്കും
വെയില്‍നൂലുകളില്‍,
വാക്കേ വാക്കേ എന്ന്‌
ചിറകു വിരുത്തും അക്ഷരങ്ങളെ..
അവ കൂടുവയ്ക്കും കവിതയെ..

************************************