Tuesday, September 11, 2007

ഇവന്‍.. ആനന്ദന്‍

എന്റെ ചെറുപ്പത്തില്‍ വീട്ടില്‍ അമ്മയെ സഹായിയ്ക്കാന്‍ വന്നിരുന്ന ലീലേച്ചി എനിയ്ക്ക്‌ അമ്മയെപ്പോലെയായിരുന്നു.

ലീലേച്ചീടെ മോനാണ്‌ ആനന്ദന്‍.

എന്നേക്കാള്‍ കഷ്ടിച്ച്‌ 6 മാസം മുന്‍പ്‌ അവന്‌ സ്വാതന്ത്ര്യം കിട്ടിയിരുന്നുവെങ്കിലും ഞങ്ങള്‍ പഠിച്ചിരുന്നത്‌ ഒരേ ക്ലാസ്സിലായിരുന്നു.
കാലത്ത്‌ എന്നെ കുളിപ്പിച്ച്‌ സ്കൂളില്‍ പോകാന്‍ ഒരുക്കുന്നത്‌ ലീലേച്ചിയാണ്‌. എനിയ്കും ആനന്ദനും ഒന്നിച്ച്‌ ഭക്ഷണം വാരിത്തരും.

അമ്മ അച്ഛന്‌ ഓഫീസില്‍ പോകാനുള്ളതൊരുക്കുന്ന തിരക്കിലാവും.

ഒമ്പതേകാലാവുമ്പോള്‍, ആനന്ദന്‍ - ഞാന്‍ - ഞങ്ങളുടെ ബാഗും കുടയും വാട്ടര്‍ബോട്ടിലും തൂക്കി ലീലേച്ചി എന്ന ക്രമത്തില്‍ വീട്ടില്‍ നിന്നിറങ്ങും. പടിവരെ അമ്മയും വരും.

ഇത്തിരി വല്യൊരു പാടം കടന്നു വേണം സ്കൂളിലെത്താന്‍. ബാലവാടിയില്‍ പോയിരുന്ന കാലത്ത്‌, കുറച്ച്‌ നടക്കുമ്പോഴേയ്കും കാല്‌ വേദനിച്ചുതുടങ്ങും. ലീലേച്ചി ഒരാളെ ആദ്യം എടുക്കും; (മിക്കവാറും അവനെയാവും). കുറച്ചുകഴിഞ്ഞാല്‍ രണ്ടാം നമ്പ്ര് ആയ എന്നെ. അങ്ങനെ മാറി മാറി എന്റെ അവസാന ഊഴം വരുമ്പോളേയ്കും സ്കൂളെത്തും. (ലാസ്റ്റ്‌ ചാന്‍സ്‌ കൈവിട്ടുപോകുന്നതില്‍ എനിയ്ക്‌ അസാരം സങ്കടം വരാറുണ്ടെങ്കിലും..നോ രക്ഷ.)

നാലുമണിയ്ക്‌ മടക്കയാത്രയില്‍, വീട്ടിലേയ്കുള്ള ദൂരം, അങ്ങോട്ടു പോകുമ്പോളുള്ളതിനേക്കാള്‍ കുറവേ തോന്നൂ എന്നതിനാല്‍ എടുത്തില്ലെങ്കില്‍ക്കൂടി സങ്കടം തോന്നാറുമില്ല.

മൂന്നാം ക്ലാസ്സില്‍ എത്തിയപ്പോള്‍ കൂട്ടിന്‌ ലീലേച്ചി വരാതായി.
നടത്തത്തില്‍ ഒരിയ്കലും ഞാനവനൊപ്പമെത്തിയിരുന്നില്ല. വഴിയില്‍ വച്ച്‌ ഏതെങ്കിലും ഇഷ്ടക്കാരെ കണ്ടാല്‍, അവന്‍ അവരോടു കൂടെ തമാശയൊക്കെപ്പറഞ്ഞ്‌ നടക്കും; ഞാന്‍ ഒറ്റയ്കും.

ആനന്ദനോട്‌ ഒരുസഹോദരനെപ്പോലെയോ കളിക്കൂട്ടുകാരനെപ്പോലെയോ, അതുമല്ല; അയല്‍വക്കത്തെ കുട്ടി എന്ന രീതിയിലോ പോലും ഒരിയ്ക്കലും ഒരടുപ്പവും തോന്നീട്ടില്ല.

വീട്ടില്‍, എന്തെങ്കിലും സ്പെഷ്യല്‍ ഉണ്ടാക്കീട്ടുണ്ടെകില്‍, തരാനായിട്ട്‌ അമ്മേടെ ഒരു വിളിയുണ്ട്‌; അവനെ, "മോനേ.. ആനന്ദാ.."ന്നും, എന്നെ വെറുതെ പേരും.

"ഞാനമ്മേടെ മോളല്ലെ.." എന്ന കുശുമ്പു നിറഞ്ഞ ചോദ്യത്തിന്‌,
"രണ്ടാളും ഒരുപോലെന്യാ.." എന്ന എവിടേം തൊടാത്ത ഉത്തരമാണ്‌ കിട്ടാറ്‌.
അതെന്നെ കൂടുതല്‍ ശുണ്ഠി പിടിപ്പിയ്കാറേ ഉള്ളൂ..

സ്കൂളിലാണെങ്കില്‍, അവന്‌ വല്യ ജാഡയായിരുന്നു. എന്തെങ്കിലും ചോദിച്ചാല്‍പ്പോലും, ഞങ്ങളൊക്കെ 'വല്യ ആങ്കുട്യോള്‍' എന്ന ഭാവത്തില്‍ ഒറ്റവാക്കിലുത്തരം തരും. അതുകൊണ്ടൊക്കെത്തന്നെ അവനോടും, മഠം വക കശുമാവില്‍ കല്ലെറിഞ്ഞതിന്‌, സിസ്റ്റേഴ്സിന്റെ ചൂരല്‍പ്രയോഗത്തിനും അപ്രീതിയ്കും പാത്രമായിരുന്ന അവന്റെ കൂട്ടുകാരോടും എനിയ്ക്ക്‌ ദേഷ്യമായിരുന്നു.

നാലില്‍ പഠിയ്കുന്ന കാലം.

ഡ്രില്ലിന്റെ പിരീയഡാണ്‌. ഞങ്ങള്‍ പെണ്‍കുട്ടികള്‍ രണ്ട്‌ സെറ്റായി "പൂപ്പറിയ്ക്കാന്‍ പോരണോ.." എന്നു നീട്ടിപ്പാടി കളിയ്കുന്ന തിരക്കിലാണ്‌. ആണ്‍കുട്ടികള്‍, "ഉപ്പുംപക്ഷിയും" "കൊറ്റംകുത്തിയും" തകര്‍ക്കുന്നു. ഞങ്ങളെ മേയ്ക്കുന്ന സിസ്റ്റര്‍, കുറച്ചു ദൂരെ മഠത്തിലെ കാര്യസ്ഥ മറിയാമ്മച്ചേടത്തിയ്ക്‌ എന്തോ ഇന്‍സ്റ്റ്രക്ഷന്‍സ്‌ നല്‍കുന്നു.

പെട്ടെന്നാണ്‌ ആരോ അലറി വിളിച്ചത്‌.

"ആനന്ദന്റെ കാലില്‍ ആണി കേറ്യേ.."

എല്ലാവരും ഒന്നായി അവിടേയ്ക്‌ പാഞ്ഞുചെന്നു.

വലതു കാല്‍പ്പാദം അമര്‍ത്തിപ്പിടിച്ച്‌ നിലത്തിരിയ്ക്കുകയാണവന്‍.
ഉള്ളംകാലില്‍ തുളഞ്ഞുകയറിയിരിയ്കുന്ന വലിയൊരാണി. ചോര ചെറുതായി പൊടിഞ്ഞിട്ടേ ഉള്ളൂ.. വേദനകൊണ്ടാകാം, മുഖം വിളറിയിട്ടുണ്ട്‌.

അന്തംവിട്ടുനില്‍ക്കുന്ന ഞങ്ങളെ മാറ്റിനിര്‍ത്തി, സിസ്റ്ററും, മറിയച്ചേട്ടത്തിയും കൂടി അവനെ താങ്ങി, ക്ലാസ്സുമുറിയിലെ ബഞ്ചില്‍ കൊണ്ടു കിടത്തി.

തൊട്ടപ്പുറത്തുള്ള ഗവ: ആശുപത്രീന്ന്‌ ഡോക്ടറെ കൊണ്ടുവന്നു.
ഇടയ്കു മെല്ലെ ഞരങ്ങുന്നതൊഴിച്ചാല്‍..അവന്‍ ശബ്ദമൊന്നുമുണ്ടാക്കാതെ കിടപ്പാണ്‌.

ഡോക്ടര്‍ സ്പിരിറ്റ്‌, പഞ്ഞി, പ്ലാസ്റ്റര്‍, കത്രിക... ഇത്യാദികള്‍ മേശമേല്‍ നിരത്തിവച്ചു.

എന്നിട്ട്‌ അവനോടായി, "മോന്‍ പേടിയ്കണ്ടാ..ട്ടൊ. വേദനിപ്പിക്കില്ല" എന്നു പറഞ്ഞു.

ദയനീയമായി തലയാട്ടുമ്പോള്‍ അവന്റെ കണ്ണില്‍ നിന്നും ഒരു തുള്ളി ചെവിയിലേയ്ക്‌ ഒലിച്ചിറങ്ങി.

സിസ്റ്ററും ഹെഡ്മിസ്റ്റ്രസ്സും അടക്കം ഞങ്ങളെല്ലാം ശ്വാസം വിടാതെ നില്‍പ്പാണ്‌.

ഡോക്ടര്‍ ഗ്ലൗസിട്ടു. കാലില്‍ അവിടവിടെ മെല്ലെ മെല്ലെ തൊട്ടുനോക്കി.

അടുത്ത നിമിഷം ആണി വലിച്ചൂരിയെടുത്തു; ചോര ചീറ്റിയൊഴുകി.

അതേ നിമിഷത്തില്‍ത്തന്നെ, ഒരു കാതടപ്പിക്കുന്ന കരച്ചില്‍ കേട്ട്‌ എല്ലാരും ഞെട്ടിത്തിരിഞ്ഞ്‌ നോക്കി.

ഞാന്‍ രണ്ടുകയ്യും തലയില്‍ വച്ച്‌ അലറിക്കരയുകയാണ്‌.

എത്ര വലിയ വേദനയോ, സങ്കടമോ ആയാലും മറ്റുള്ളവരുടെ മുന്നില്‍ ഉറക്കെ കരയുന്നത്‌ മാനക്കേടായി തോന്നിയിരുന്ന ആളാണ്‌ ഞാന്‍.

അത്തരം സ്ഥലകാലബോധമൊന്നും അന്നേരം എനിയ്കില്ലായിരുന്നു.

എല്ലാവരും ആശ്വസിപ്പിച്ചെങ്കിലും, മുറിവ്‌ കെട്ടിയശേഷം അവന്‍ അടുത്ത്‌ വിളിച്ച്‌ ചെറുപുഞ്ചിരിയോടെ.. "നീ കരയണ്ടാ...ട്ടൊ; എനിയ്ക്‌ വേദനയില്ല" എന്നു പറഞ്ഞ ശേഷമാണ്‌ എനിയ്കു സമാധാനമായത്‌.

എന്തുകൊണ്ട്‌ അങ്ങിനെ കരഞ്ഞു എന്ന്‌, ഇപ്പോഴും അറിയില്ല.

ഒരു പക്ഷേ..
ജന്മം കൊണ്ടല്ലെങ്കിലും അവന്‍ എന്റെ കൂടപ്പിറപ്പുതന്നെയല്ലേ.. എന്ന ഉള്‍വിളി ആ രൂപത്തില്‍ പുറത്തു വന്നതാകാം...

16 comments:

സുല്‍ |Sul said...

ചന്ദ്രകാന്തം
വളരെ സന്തോഷം തോന്നി ഇതു വായിച്ചപ്പോള്‍. നമ്മുടെയുള്ളില്‍ എന്താണുള്ളതെന്ന് നമ്മുക്കു തന്നെ മനസ്സിലാവാത്ത അവസ്ഥ. ദുരൂഹം തന്നെ. എപ്പോഴാണതിന്റെ തനിരൂപം പുറത്തുകാണിക്കുന്നതെന്ന് കാത്തിരുന്നു കാണണം. അല്ലെങ്കിലും നമ്മളെല്ലാം വെറും ജാഡകളല്ലേ.

ഒരു തേങ്ങ ഇവിടെ “ഠേ......”

-സുല്‍

ശ്രീ said...

“ഒരു പക്ഷേ..
ജന്മം കൊണ്ടല്ലെങ്കിലും അവന്‍ എന്റെ കൂടപ്പിറപ്പുതന്നെയല്ലേ.. എന്ന ഉള്‍വിളി ആ രൂപത്തില്‍ പുറത്തു വന്നതാകാം...”

അതാകണം. ജന്മം കൊണ്ടേ സാഹോദര്യം ഉണ്ടാകൂ എന്നു പറയുന്നതില്‍‌ പ്രസക്തിയില്ല.
ചെറുപ്പത്തില്‍‌ ചെറിയ കുശുമ്പ് തോന്നിയിരുന്നു എന്നു കരുതി സഹോദരങ്ങള്‍‌ വളര്‍‌ന്നു വരുമ്പോള്‍‌ ആ അകല്ച്ച ഉണ്ടാകാറില്ലല്ലോ.

ഇനിയും കുട്ടിക്കാലത്തെ ഇത്തരം കഥകള്‍‌ പ്രതീക്ഷിക്കാമല്ലോ, അല്ലേ ചേച്ചീ?
:)

Murali K Menon said...

അനുഭവങ്ങള്‍ വാക്കുകളിലൂടെ തെളിയുമ്പോള്‍ അതിനു പ്രസരിപ്പ് കൂടുതലുണ്ടാവും... അസ്സലായിട്ടുണ്ട്.. കൂടുതല്‍ പ്രതീക്ഷകളോടെ,

R. said...

വളരെ ഇഷ്ടപ്പെട്ടു.
ഹൃദയത്തിന്റെ ആര്‍ദ്രത തൊട്ടറിയാം.

വിഷ്ണു പ്രസാദ് said...

എല്ലാ അനുഭവങ്ങളും നമുക്ക് നമ്മെ തിരിച്ചറിയാന്‍ സഹായിക്കുന്നുണ്ടാവും അല്ലേ...
നന്ദി.

ചീര I Cheera said...

ഇഷ്ടമായി ട്ടൊ ഇത്..

പരിത്രാണം said...

നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടു...
ഒരുപാടു നന്ദി ചേച്ചീ വളരെ നന്നായിട്ടുണ്ട്. ജീവനുള്ള കഥകള്‍ സൃഷ്ടിക്കാനുള്ള കഴിവു ചേച്ചിക്കു നന്നായിട്ടുണ്ട്. ഇനിയും ചേച്ചിയുടെ അനുഭവകഥകള്‍ക്കായി കാത്തിരിക്കുന്നു.

ഉപാസന || Upasana said...

ചന്ദ്രകാന്തം എന്തിനാ കരഞ്ഞേന്ന് എനിക്കും മനസ്സിലായില്ല.
കഥ കൊള്ളാം കേട്ടോ...
:)
ഉപാസന

ഓ. ടോ: ആ ആണിയില്‍ ഏതേലും യക്ഷിയുണ്ടായിരുന്നോ.

കുഞ്ഞന്‍ said...

അല്ലെങ്കിലും പെണ്ണുങ്ങള്‍ സഹോദര സ്നേഹം കാണിക്കുമ്പോള്‍, ആണുങ്ങള്‍ ചിന്തിക്കുന്നത്......


ഓ.ടോ. ഹൊ ബാലവാടിയില്‍ പോയിരുന്ന കാലഘട്ടമൊക്കെ ഓര്‍ത്തിരിക്കുന്നു. ഈയുള്ളവനു 5ആം ക്ലാസിനു മുമ്പുണ്ടായിരുന്ന കാര്യങ്ങള്‍ ക്ലാവുപിടിച്ചു പോയിരിക്കുന്നു.

സ്കന്ദന്‍ said...

അതേയ്‌ സംഗതി നന്നായിട്ടുണ്ട്‌. കരച്ചില്‍ കേട്ടപ്പോള്‍ ഒന്നു പരിഭ്രമിച്ചു - - പിന്നെ ആശ്വസിച്ചു.' സുല്ലിനെ അംഗീകരിച്ചുകൊണ്ട്‌' - സത്യസന്ധതയുടെ മുന്നില്‍ ജാഡ ഉണ്ടാകുകയില്ല. പിന്നെ നമ്മള്‍ എല്ലാവരും അഭിനയിക്കുകയല്ലെ - ജീവിതത്തില്‍. (ഓഫീസ്സില്‍ - സിംഹം / സ്നേഹിതര്‍ക്കിടയില്‍ - കുരങ്ങന്‍ / മക്കളുടെ അടുത്ത്‌ - ആന / ഭാര്യയുടെ അടുത്ത്‌ - പൂച്ച., അങ്ങിനെ അങ്ങിനെ .....)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ചാത്തനൊന്നും പറയുന്നില്ല ഇതു വളരെ ചെറുപ്പത്തിലെ കഥയല്ലേ... ചാത്തന്റെ കാര്യം....:)

ഓടോ : സ്കന്ദന്‍ ചേട്ടോ ബാച്ചികള്‍ എവിടെം പുലികളാട്ടോ :)

സഹയാത്രികന്‍ said...

നന്നായിരിക്കുണൂട്ടോ... ഈ ബാല്യകാലസ്മരണാകള്‍

:)

ഏ.ആര്‍. നജീം said...

നന്നായിരിക്കുന്നു ചന്ദ്രകാന്തന്‍,
പലരുടേയും ബാല്യത്തില്‍ ഇതേപോലെ ലീലെച്ചിമാരും ആനന്ദന്‍മാരും ഉണ്ടാകില്ലേ...ഉണ്ട്

ചന്ദ്രകാന്തം said...

...ആനന്ദനെ പരിചയപ്പെടാനും, തിളങ്ങി നില്‍ക്കുന്ന ഓര്‍മ്മകളിലെ സന്തോഷം പങ്കുവെയ്ക്കാനും വന്ന എല്ലാ നല്ല മനസ്സുകള്‍ക്കും.......നന്ദി.

- ചന്ദ്രകാന്തം.

Sethunath UN said...

നന്നായിട്ടുണ്ട് ചന്ദ്രകാന്താ.
നേരെചൊവ്വേ കാര്യം പറഞ്ഞു... സാമാന്യം ഹൃദയസ്പര്‍ശ്ശിയായി.

ബാജി ഓടംവേലി said...

ഒരു പക്ഷേ..
ജന്മം കൊണ്ടല്ലെങ്കിലും അവന്‍ എന്റെ കൂടപ്പിറപ്പുതന്നെയല്ലേ.. എന്ന ഉള്‍വിളി ആ രൂപത്തില്‍ പുറത്തു വന്നതാകാം...