Thursday, September 13, 2007

ചിത്ര കലാപം

ഞാന്‍ എന്റെ വീട്ടിലെ 'ലാസ്റ്റ്‌ എഡീഷനാണ്‌''. ഒരു നീണ്ട ഇടവേളയ്ക്കു ശേഷമുണ്ടായ ഒരു വിപ്ലവപ്പിറവി.

എനിയ്ക്കു മുന്‍പ്‌ വെളിച്ചം കണ്ടവര്‍, കോളേജിലും, ഹൈസ്കൂളിലും മുദ്രാവാക്യം വിളിയ്ക്കാന്‍ മാത്രം വലുതായിരുന്നു അപ്പോഴേയ്ക്കും.

അച്ഛന്‍ സര്‍ക്കാര്‍ ജോലിക്കാരനായതോണ്ട്‌ 8 മണിയാവുമ്പോഴേയ്ക്കും ഓഫീസില്‍പ്പോകേണ്ട തിരക്കു തുടങ്ങും.

അമ്മയ്ക്ക്‌ അച്ഛനേയും, ചേച്ചിയേയും, ചേട്ടനേയും നേരത്തിന്‌ പറഞ്ഞയയ്ക്കാനുള്ള തിരക്കാണ്‌ കാലത്ത്‌; അതൊന്ന്‌ ഒതുങ്ങിയാല്‍, ഞാനടക്കമുള്ള ഇതര ചരാചരങ്ങളെ പരിപാലിയ്ക്കുന്ന തിരക്കായി.

ചുരുക്കിപ്പറഞ്ഞാല്‍.. യാതൊരുവിധ തിരക്കും, ജോലിയും ഇല്ലാത്തതായി അവിടെ 'ഞാന്‍ ഞാന്‍ മാത്രമേ' ഉള്ളൂ..

കാലത്തെ കുളിച്ച്‌ ദാവണിയൊക്കെ ചുറ്റി, ചെവിയ്ക്കു പിന്നിലായി ഒരു റോസാപ്പൂവും തിരുകി 'സ്റ്റെയിലി' ആയി ചേച്ചി കോളേജിലേയ്ക്കും, മുണ്ട്‌ പത്തുപ്രാവശ്യത്തോളം വീണ്ടും വീണ്ടും ഉടുത്ത്‌ തൃപ്തി വരുത്തി, നാവ്‌ വായിലിട്ടുരുട്ടിക്കടിച്ച്‌ മുടിയിലൊരു കുരുവിക്കൂടും ഫിറ്റാക്കി ചേട്ടന്‍ സ്കൂളിലേയ്ക്കും പോയാല്‍ പിന്നെ..

ഒറ്റയ്ക്ക്‌ വെറുതെയിരിയ്ക്കാന്‍.. എന്റെ സമയം വീണ്ടും ബാക്കി.

അഞ്ചാറ്‌ വീടപ്പുറത്തുള്ള ചേച്ചിമാരും ചേട്ടന്മാരും സ്കൂളില്‍ പോണത്‌ കാണാനും, അവര്‍ക്ക്‌, വേണെങ്കിലും വേണ്ടെങ്കിലും ഒരു 'റ്റാ റ്റാ' കൊടുക്കാനും പടിയ്ക്കല്‍ പോയിരിക്കും കുറെ നേരം.
ആരെങ്കിലും ഇടയ്ക്ക്‌ കുശലം ചോദിയ്ക്കും.

ആ സെഷനും കൂടി കഴിഞ്ഞാല്‍.. നേരെ അമ്മേടെ അടുത്ത്‌ 'എന്നെ മാത്രം എന്താ സ്കൂളില്‍ വിടാത്തേ.. എനിയ്ക്കും പഠിയ്ക്കാന്‍ പോണം..' എന്നു തുടങ്ങുന്ന പല്ലവിയും അനുപല്ലവിയും സാധകം ചെയ്യും.

അവസാനം..
' വയസ്സു മൂന്നെങ്കിലും തികയട്ടെ, അപ്പൊളേയ്ക്കും കുട്ടിയ്ക്ക്‌ പഠിയ്ക്കാന്‍ പോവാണ്ടാണിപ്പോള്‍..'
എന്ന വാചകം പകുതി എന്നോടും, പകുതി ആത്മഗതവും ആയി അവതരിപ്പിച്ചുകൊണ്ട്‌..
അമ്മ, കുത്തിവരച്ച്‌ ചിത്രമെഴുതാന്‍ ഒന്നുരണ്ട്‌ പേപ്പറും പെന്‍സിലും എടുത്തു തരും.

അവിടന്നങ്ങോട്ട്‌ എന്റെ മാത്രം ലോകം..

നെല്ലുണക്കാനുള്ള തഴപ്പായ നെയ്തു കൊണ്ടുവരുന്ന കൊച്ചമ്മു ഉണ്ടാക്കിത്തന്നിട്ടുള്ള ഒരു കളിക്കുടുക്കയും കുഞ്ഞിപ്പായയൂമുണ്ട്‌ സ്വന്തമായി. വരാന്തയിലെ കോണിച്ചുവടോ, തിണ്ണയുടെ മൂലയോ ആവും കളിക്കളം. അവിടെ പായവിരിച്ച്‌, കുടുക്കയിലെ സ്ഥാവര ജംഗമവസ്തുക്കളൊക്കെ വെറുതെ ചുറ്റും നിരത്തിവയ്ക്കും.
പിന്നെ, ഇരുന്നും കിടന്നും.. കടലാസില്‍ വരയോടുവര.

ഈ കലോപാസനയ്ക്ക്‌ വിഘ്നം വരുന്നത്‌ കടലാസ്‌ തീര്‍ന്നുപോകുക, വല്ലതും കഴിയ്കാനോ കുളിക്കാനോ ആയി അമ്മേടെ വിളി വരിക എന്നീ സമയങ്ങളിലാണ്‌.


ഒരു ദിവസം ചേച്ചി ക്ലാസ്സ്‌ കഴിഞ്ഞ്‌ നേരത്തെ വന്നു. പടികയറി വരുമ്പോള്‍ തന്നെ അപ്പുറത്തെ വീട്ടിലെ ബിന്ദ്വേച്ചി നീട്ടി വിളിച്ചു ചോദിയ്ക്കുന്നത്‌കേട്ടു.
"എങ്ങനെ ഉണ്ടാര്‍ന്നൂ.. പരിപാടീ.."
കേട്ടപാതി, പുസ്തകക്കെട്ടും തിണ്ണയില്‍ വച്ച്‌, "യ്യോ..നല്ല രസായിരുന്നൂ ബിന്ദ്വേച്ച്യേ.. ചീഫ്‌ ഗസ്റ്റിന്റെ പ്രസംഗത്തിന്‌..." എന്നും പറഞ്ഞ്‌ ബാക്കി കഥ വിശദായിട്ട്‌ പറയാന്‍, ചേച്ചി വേലിയ്ക്കലേയ്ക്ക്‌ ഒറ്റ ഓട്ടം; കോളേജീന്ന്‌ വരുമ്പോള്‍ എന്നും പതിവുള്ള മുത്തം പോലും തരാതെ..

"ന്റെ കുട്ട്യേ, ആ വസ്ത്രൊക്കെയൊന്നു മാറ്റി, കയ്യും കാലും കഴുകി ചായ കുടിക്ക്‌; ..ന്നിട്ടാവാം പുരാണം പറച്ചില്‍".

അമ്മ അടുക്കളേന്ന്‌..

ആരും നമ്മളെപ്പറ്റി ചിന്തിയ്ക്കുന്നില്ല.

വേണ്ടാ.. ഞാനും അങ്ങോട്ട്‌ മിണ്ടാന്‍ പോണില്ല . എന്നൊക്കെ കരുതി തിരിഞ്ഞു നടക്കുമ്പോളാണ്‌ തിണ്ണയിലിരിയ്ക്കുന്ന പുസ്തകങ്ങള്‍ കണ്ണില്‍പ്പെട്ടത്‌.

ഹായ്‌.. നല്ലഭംഗീള്ള ചിത്രങ്ങള്‍. മെല്ലെ ഓരോ താളും മറിയ്ക്കുമ്പോള്‍, ഞാന്‍ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത എന്തൊക്കെയോ..

ഇതെന്താത്‌..ഒരു കട്ടിച്ചട്ടയുള്ള പുസ്തകം..?
ഹോ.. ചേച്ചി പൂവും ചെടിയുമെല്ലാം വരച്ചു വെച്ചിരിയ്ക്കുന്നു.
ഭംഗിയായി എഴുതീട്ടുണ്ട്‌, പക്ഷേ.. വര അത്ര പോര.

മെല്ലെ എന്റെ പെന്‍സിലെടുത്ത്‌ ചെറുതായൊന്ന്‌ മോടി കൂട്ടാന്‍ നോക്കി.
ശരിയാവാത്തതെന്ന്‌ തോന്നിയതൊക്കെ ചേച്ചീടെ ബോക്സീന്ന്‌ റബ്ബര്‍ എടുത്ത്‌ മായ്ച്ചു.
സ്വന്തം വകയായി പറ്റാവുന്നത്ര സംഭാവനയും നടത്തി.

"യ്യോ..അമ്മേ..ഇവള്‍..എന്റെ റെക്കോഡ്‌ ബുക്ക്‌ നശിപ്പിച്ചൂലോ....... "

ചേച്ചി ആര്‍ത്തലച്ചുകൊണ്ട്‌ ഓടി വരുന്നു.

ഇത്ര ബഹളം വയ്ക്കാന്‍ മാത്രം എന്താ.. പ്പൊ ഉണ്ടായെ.. , നമ്മളിതൊക്കെ നിത്യോം എത്ര നേരമിരുന്ന്‌ ചെയ്യുന്നതാ .... എന്ന മട്ടില്‍ ഞാന്‍.

ദേ..അമ്മേം ഓടിവരുന്നു..

ചേച്ചി ദേഷ്യം കൊണ്ട്‌ കരയുകയും, തലയ്ക്കിടിയ്ക്കുകയും ഒക്കെ ചെയ്യുന്നുണ്ട്‌.

അമ്മ ഞങ്ങളെ രണ്ടാളേയും, പുസ്തകവും മാറി മാറി നോക്കി.

മൊത്തത്തില്‍ രംഗം പന്തിയല്ലെന്ന്‌ എനിയ്ക്കും തോന്നി; എന്തെങ്കിലും സംഭവിച്ചാലോ......

പക്ഷേ..

എന്നെ അമ്പരപ്പിച്ചുകൊണ്ട്‌, അമ്മ ഉറക്കെ ചിരിച്ചു.

"നിന്നോട്‌ ഞാന്‍ അപ്പോഴേ പറഞ്ഞതല്ലേ.. അവനവന്‍ ചെയ്യേണ്ട കാര്യങ്ങള്‍ നേരത്തിന്‌ ചെയ്യാതേം, സൂക്ഷിക്കാതേം, അയലോക്കത്ത്‌ പഞ്ചായത്തിന്‌ പോയാല്‍ ഇതെന്ന്യാ ഫലം. നന്നായിപ്പോയി.."

ചേച്ചിയ്ക്കൊരു ഉപദേശം ഫ്രീ.

ചേച്ചി പിന്നെയും എന്തൊക്കെയോ.. പറയാന്‍ തുടങ്ങുകയാണ്‌ കണ്ണീരോടെ..

ബാക്കികളൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ, ഞാന്‍ മെല്ലെ.. മെല്ലെ.. അവിടെ നിന്ന്‌ തലയൂരി; ആരെന്തൊക്കെപ്പറഞ്ഞാലും, എന്നെക്കൊണ്ടാവുന്ന പോലെ, ചെയ്തിടത്തോളം ഭംഗിയായ്ക്കി എന്ന സംതൃപ്തിയോടെ...!!

15 comments:

ചന്ദ്രകാന്തം said...

എന്നെക്കൊണ്ട്‌ പറ്റുന്നപോലെ നടത്തിയ മറ്റൊരു പരീക്ഷണം...

ശ്രീ said...

പിന്നല്ലാതെ... നമുക്ക് പറ്റാവുന്ന രീതിയിലൊക്കെ കയ്യില്‍‌ കിട്ടുന്നവര്‍‌‌ക്കൊക്കെ പണി കൊടുക്കുക എന്നത് കുട്ടിക്കാലത്ത് ഞാനും വളരെ നിഷ്ടയോടെ ചെയ്തു വന്നിരുന്ന ഒരു കാര്യമാണ്‍...(നമുക്കത്രയൊക്കെയേ ചെയ്യാന്‍‌ പറ്റൂ!)
:)

പാവം ചേച്ചി. ആദ്യം മുതല്‍‌ വീണ്ടും വരയ്ക്കേണ്ടി വന്നു കാണുമല്ലേ? (പെന്‍‌സിലു കൊണ്ടായതു നന്നായി. പേനയും കളറും വല്ലോമായിരുന്നേല്‍‌ കാണാരുന്നു, ഹിഹി)

അയ്യോ, ഒരു തേങ്ങ കരുതിയിരുന്നൂ, എന്തായാലും അതങ്ങ് ഉടച്ചേക്കാം.
“ഠേ!”
(ഒരു കഷ്ണം മാറ്റി വച്ചോ, ചമ്മന്തി അരയ്ക്കാം)

കുഞ്ഞന്‍ said...

ഹഹ അതു കലക്കീ, ചേച്ചിയുടെ വര തകര്‍ത്തത്!

ഏതു ബോണ്‍‌വിറ്റായാണു കുടിക്കുന്നത്? എന്റെ മെമ്മറി ഒന്നു പ്ലസ്സ് ചെയ്യിപ്പിക്കണം!

ഓ.ടോ. ശ്രീകുട്ടാ, തേങ്ങയുടക്കാതെ നാളികേരം ഉടയ്ക്കൂ..

സുല്‍ |Sul said...

ചന്ദ്രകാന്തേ,
“ഞാന്‍ എന്റെ വീട്ടിലെ 'ലാസ്റ്റ്‌ എഡീഷനാണ്‌''. ഒരു നീണ്ട ഇടവേളയ്ക്കു ശേഷമുണ്ടായ ഒരു വിപ്ലവപ്പിറവി.“ നല്ല എഴുത്ത്. പുരാണം പറച്ചിലും കൊള്ളാം.

എന്നാലും ഈ രണ്ടു വയസ്സു പ്രായത്തിലുള്ളതെല്ലാം ഇങ്ങനെ കിറുകിറുത്യമായി ഓര്‍ത്തെഴുതുക എന്നുവച്ചാല്‍. :)

ഇനിയും പോരട്ടെ വിശേഷങ്ങള്‍.

-സുല്‍

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: നന്നായി (ഈ ചേച്ചി ചാത്തന്റെ മെമ്മറി പിന്നേം പൊടിതട്ടിപ്പിക്കുമെന്നാ തോന്നണത്)

സഹയാത്രികന്‍ said...

ഹ...ഹ... ഹ... ഉം..കൊള്ളാം...കൊള്ളാം

നന്നായിരിക്കുന്നൂ....

വിഷ്ണു പ്രസാദ് said...

ഇങ്ങനെയുള്ള കലാകാരികളുടെ/കലാകാരന്മാരുടെ ഒരു പാട് ചേച്ചിമാരേയും ചേട്ടന്മാരേയും ഞാനും പരിചയപ്പെട്ടിട്ടുണ്ട്.മാഷായിപ്പോയി...


ആ കല(മുറിക്കലയല്ല) വല്ലതും ബാക്കിയുണ്ടോ...?

ഉറുമ്പ്‌ /ANT said...

നന്നായിരിക്കുന്നൂ

ഉപാസന || Upasana said...

ഓര്‍മയുടെ നിനവുകളിലേക്ക് ചന്ദ്രകാന്തം എന്നെ കൂട്ടിക്കൊണ്ട് പോയല്ലോ. ഒരു രണ്ട് വയസ്സുകാരിയുടെ മനസ്സിലേക്ക് പരകായപ്രവേശനം നടത്തിയുള്ള ഈ എഴുതല്‍ വളരെ ഹൃദ്യമായി...
:)
ഉപാസന

ഓ. ടോ:
“അച്ഛന്‍ സര്‍ക്കാര്‍ ജോലിക്കാരനായതോണ്ട്‌ 8 മണിയാവുമ്പോഴേയ്ക്കും ഓഫീസില്‍പ്പോകേണ്ട തിരക്കു തുടങ്ങും“
മുഴുത്ത വെടിയാണെന്ന് പറയണ്ടല്ലാ. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ 8 മണിക്യേ..? എന്താ കഥ.

താരാപഥം said...

അതേയ്‌, വളരെ നന്നായിട്ടുണ്ട്‌ - സ്മരണകള്‍ . ആളുകള്‍ കമന്റെഴുതുന്നതുകൊണ്ട്‌ ഇതൊന്നും നിറുത്തികളയരുത്‌. മുത്തശ്ശിമാര്‍ ഓരോന്ന് പറഞ്ഞുകൊടുത്ത്‌ അവസ്സാനം വട്ടാവുന്നത്‌ നമ്മള്‍ കണ്ടതല്ലെ - മണിച്ചിത്രത്താഴില്‌. അത്രേള്ളു കാര്യം. സുല്ലിന്റെ സംശയം തീര്‍ന്നോ. എനിക്കാണെങ്കില്‍ സംഭവബഹുലമായ ഇരുപതാം വയസ്സിലെ കാര്യങ്ങള്‍ പോലും ഓര്‍മ്മ വരുന്നില്ല.

ഗിരീഷ്‌ എ എസ്‌ said...

വായിക്കാന്‍ സുഖമുള്ള എഴുത്ത്‌
അഭിനന്ദനങ്ങള്‍...
കഥാപാത്രങ്ങള്‍ മനസില്‍
അറിയാതെ
തെളിഞ്ഞുവന്നു...

മയൂര said...

“ഞാന്‍ എന്റെ വീട്ടിലെ 'ലാസ്റ്റ്‌ എഡീഷനാണ്‌''. ഒരു നീണ്ട ഇടവേളയ്ക്കു ശേഷമുണ്ടായ ഒരു വിപ്ലവപ്പിറവി“

നല്ല രസം ഉള്ളം എഴുത്ത്...:)

ഏ.ആര്‍. നജീം said...

ഹഹഹാ......രസിച്ചു
അണ്ണാറക്കണ്ണനും തന്നലായത്..ഹല്ലപിന്നെ,

ചന്ദ്രകാന്തം said...

ശ്രീ, നാളികേരം കൂട്ടീട്ട്‌, നല്ല മാങ്ങാച്ചമ്മന്തി അരച്ചു..ട്ടൊ.

കുഞ്ഞാ, സുല്ലെ..., ഇതൊക്കെ, ഒരു പകര്‍ത്തിയെഴുത്ത്‌ കളിയല്ലേ..
നാട്ടുവഴീലെ സ്റ്റ്രീറ്റ് ലൈറ്റ്‌ പോലെ, വല്ലപ്പോഴും മിന്നുന്ന ഓര്‍മകള്‍..
ഇടയ്ക്കുള്ള കുടുംബസദസ്സുകളില്‍, ഇതിലെ കഥാപാത്രങ്ങള്‍ അവയ്ക്ക്‌ ഒന്നുകൂടി തെളിച്ചം പകരും.
പിന്നെ ആ വെളിച്ചത്തിലിരുന്ന്‌ എഴുതേണ്ട പണിയേ ഉള്ളൂ.

ചാത്താ.., ഓര്‍മ്മകളില്‍, തട്ടിക്കളയാന്‍ മാത്രം പൊടിയുണ്ടോ..
മെല്ലെ ഒന്ന്‌ ഊത്യാല്‍ പോരേ..

വിഷ്ണുമാഷേ, ഈ വഴി കണ്ടതില്‍ സന്തോഷം.
കല എന്ന്‌ പറയാന്‍ വയ്യെങ്കിലും, അളന്നു മുറിച്ച വരകളാണ്‌ ഇന്നെനിയ്ക്ക്‌ അന്നത്തിനുള്ള വക നേടിത്തരുന്നത്‌.

ഉറുമ്പ്‌, സ്കന്ദന്‍, മയൂര, ദ്രൗപതി, നജീം..., നല്ല വാക്കുകള്‍ക്ക്‌ നന്ദി.

..ന്റെ ഉപാസനേ.., ഞാന്‍ പറഞ്ഞത്‌ നേരാ. അച്ഛന്‌ കഷ്ടി മുക്കാല്‍ മണിക്കൂര്‍ വേണമായിരുന്നു ബസ്സില്‍ ഓഫീസിലെത്താന്‍. ഒമ്പത്‌ മണിയ്ക്ക്‌ സീറ്റില്‍ ചെന്നിരിയ്ക്കണമെങ്കില്‍ പിന്നെ... നേരത്തിന്‌ പോവ്വേം വേണ്ടേ..

സസ്നേഹം,
ചന്ദ്രകാന്തം.

പരിത്രാണം said...

അവതരണ ശൈലി അപാരം. ഇതു പുലി തന്നെ സംശയില്ല...