Sunday, September 16, 2007

കളവില്‍ ചതിയില്ല

ചെമ്മണ്‍പാതയുടെ ഒരുവശത്തുള്ള ഉയര്‍ന്ന കരിങ്കല്ലിന്‍ മതിലിനു മുകളില്‍ ഒരു സുന്ദരവദനം. ആരും, ഒന്നും ഒന്നും രണ്ട്‌ പ്രാവശ്യം നോക്കിപ്പോകും. അങ്ങനെ രണ്ടാമത്തെ നോട്ടത്തിലാണ്‌ മനസ്സിലായത്‌ അവള്‍ക്ക്‌ സുന്ദരിമാരായ തോഴിമാരും ഉണ്ടെന്ന്‌.

"കിട്ട്യാല്‍ ഊട്ടി, അല്ലെങ്കില്‍..." എന്ന മഹദ്‌വചനത്തിന്റെ ആദ്യപകുതി മാത്രം നൂറ്റൊന്ന്‌ വട്ടം ഉരുവിട്ട്‌, രണ്ട്‌ ആണ്‍പ്രജകള്‍ തങ്ങളുടെ പുതിയ പദ്ധതിയ്ക്ക്‌ 'ഓപ്പറേഷന്‍ റോജാ' എന്നു പേരിട്ടു.

ആ നാട്ടിലെ ഒരേയൊരു കോണ്‍വെന്റ്‌ സ്കൂള്‍ + കന്യാസ്ത്രീ മഠം ആണ്‌ നേരത്തെ കണ്ട മതിലിനപ്പുറത്ത്‌.

ഒന്നുകൂടി 'സൂം' ചെയ്താല്‍.. ,

സ്കൂളിനോട്‌ ചേര്‍ന്നുള്ള ചെറുതെങ്കിലും വളരെ അപൂര്‍വ്വ സുന്ദരങ്ങളായ പൂക്കള്‍ നിറഞ്ഞ ഉദ്യാനം അവിടുത്തുകാരുടെയുള്ളില്‍ അസൂയപ്പൂക്കള്‍ വിടര്‍ത്തിയിരുന്നു. ആ പൂവനത്തിലെ ഏതോ സുന്ദരിയാണ്‌ കുറച്ചു മുന്‍പേ, മന്ദമാരുതന്റെ കയ്യും പിടിച്ച്‌ മതിലിനു മേലെ എത്തിനോക്കിയത്‌.

കുമാരന്മാരിലൊരുവന്‍ 'റ' ആകൃതിയിലുള്ള, കോണ്‍വെന്റ്ബോര്‍ഡിനു താഴെയുള്ള മെയിന്‍ ഗേറ്റ്‌ വഴി അകത്തു കടന്നു; സന്ദര്‍ശകരുണ്ടെന്ന്‌ അറിയിയ്ക്കാനുള്ള മണിയുടെ നീണ്ട വാലില്‍ പിടിച്ച്‌ വലിച്ചു....
പുലിവാലാവല്ലേ ... എന്ന പ്രാര്‍ത്ഥനയോടെ.

വെള്ള വസ്ത്രധാരിയായ, പ്രായമുള്ള ഒരു സിസ്റ്റര്‍ , വാതിലിന്റെ നാലില്‍ ഒരു പാളി തുറന്നു; കാര്യമന്വേഷിച്ചു.

"ഇവിടത്തെ ഹെഡ്‌മിസ്റ്റ്രസ്സിനെയൊന്ന്‌ കാണണം. ഒരു അഡ്മിഷന്റെ കാര്യത്തിനാണ്‌."

'കൊല്ലത്തിന്റെ പകുതിയാകാറായിട്ടാണോ.. അഡ്‌മിഷന്‍..' എന്നൊരു അര്‍ഥത്തിലുള്ള നോട്ടം കൊണ്ട്‌ ആകെയൊന്നുഴുഞ്ഞിട്ട്‌, അകത്ത്‌ വിവരമറിയിയ്ക്കാന്‍ തിരിഞ്ഞുനടന്നു അവര്‍.

ഹെഡ്‌മിസ്റ്റ്രസ്സ്‌ വന്നു; അവന്‍ ആവശ്യം ആവര്‍ത്തിച്ചു.

"ഇനിയിപ്പോള്‍ പുതിയ ആരേം ചേര്‍ത്താന്‍ വയ്യ. അരക്കൊല്ലം തീരാറായില്ലേ.. ആട്ടെ, ചേരേണ്ട ആള്‍ക്ക്‌ എത്ര വയസ്സായി?"

"അത്‌ ഒരു..ഒരു.. മൂന്ന്‌"

"അത്രേ ഉള്ളൂ.. എന്നാല്‍ അടുത്ത കൊല്ലമാവട്ടെ."

"അത്‌.. , വീട്ടില്‍ എപ്പോഴും സ്ക്കൂളില്‍ പോണമെന്ന്‌ പറഞ്ഞ്‌ കരച്ചിലാണ്‌. അതോണ്ട്‌, ബാലവാടിയില്‍ വെറുതെ കൊണ്ടിരുത്തിക്കോട്ടെ ?"

മറുപടി, 'യെസ്‌' ആക്കാനുള്ള കഠിനയജ്ഞത്തിന്റെ ഭാഗമായി, 'ഞാന്‍ ഇന്ന ആളുടെ മോനാ.. അച്ഛന്‍ പറഞ്ഞൂ..സിസ്റ്ററോട്‌ എങ്ങിനെയെങ്കിലും..' എന്നു തുടങ്ങി ചെറിയൊരു പ്രസംഗവും കൂട്ടിച്ചേര്‍ത്തു.

ഒടുവില്‍, അടുത്ത വര്‍ഷവും കൂടി ബാലവാടിയില്‍, അടിത്തറ ഉറപ്പിച്ച്‌ മുന്നോട്ട്‌ നീങ്ങാം എന്ന അലിഖിതമായ ഒരു ധാരണയില്‍, ചര്‍ച്ച നല്ല ഫലം കണ്ടു.

ഈ സമയംകൊണ്ട്‌ , അപ്പുറത്തെ തോട്ടത്തില്‍ നിന്നും, കൂട്ടുകാരന്‍, ആശിച്ച പൂക്കളെല്ലാം പറിച്ചെടുത്ത്‌, മുണ്ടിന്റെ മടക്കിലൊളിപ്പിച്ച്‌, തിരികെ റോഡിലിറങ്ങിയിരുന്നു.

********************************

അങ്ങിനെ, എഴുത്തിനിരുത്തലും, അച്ഛന്റെ കയ്യില്‍ത്തൂങ്ങി സ്കൂളില്‍ ചേരാനുള്ള ഔപചാരികമായ പോക്കും, പിന്നെ ക്ലാസ്സിലിരുത്തീട്ട്‌ പോരുമ്പോളുള്ള കച്ചേരിയുടെ അകമ്പടിയും... ഒന്നുമില്ലാതെ......

ഞാന്‍, ജീവിതത്തിന്റെ സ്ലേറ്റില്‍, സ്വപ്നാക്ഷരങ്ങള്‍ വരച്ചുവയ്ക്കാന്‍ തുടങ്ങി.

17 comments:

ചന്ദ്രകാന്തം said...

കല്ലും കരടും നീക്കിയെടുക്കാന്‍ ശ്രമിച്ചവയില്‍ ഒന്നുകൂടി...

വിഷ്ണു പ്രസാദ് said...
This comment has been removed by the author.
വിഷ്ണു പ്രസാദ് said...

ഇതപ്പോ ഒരു ‘തുടരന്‍’ആണല്ലേ...ഇതു മാത്രം വായിച്ച് എന്തെങ്കിലും പറയാന്‍ വയ്യ.വായിച്ചു കെട്ടോ..
ആരാണാ കൂട്ടുകാര്‍ എന്ന് പറഞ്ഞിട്ടില്ല.താങ്കളുടെ സഹോദരനും ചങ്ങാതിയും...?

Sethunath UN said...

കൊള്ളാം സുഹൃത്തേ. രചനാസങ്കേതം തെറ്റിദ്ധരിപ്പിക്കലാണെങ്കിലും..:)

കുഞ്ഞന്‍ said...

അമ്പടാ ചേട്ടായി....

പൂക്കള്‍ നിഷ്കരുണം ചവിട്ടിയരച്ച് കശ്മലനായൊ ?

സുല്‍ |Sul said...

കൊള്ളാം. ബാക്കി കൂടി പോരട്ടെ.
-സുല്‍

സഹയാത്രികന്‍ said...

കൊള്ളാം...

:)

മൂര്‍ത്തി said...

ഞാനീ വഴി വന്നിട്ടില്ല

ബാജി ഓടംവേലി said...

ok ok

ഉപാസന || Upasana said...

:(
ഉപാസന

ശ്രീ said...

ഹോ! പഠിക്കാനുള്ള ഓരോരോ ആഗ്രഹങ്ങളേയ്...
ഹി ഹി!

(ഈ ത്വര അവസാനം വരെ ഉണ്ടായിരുന്നോ ചേച്ചീ...? ഹിഹി)

താരാപഥം said...

കൊള്ളാം, മനസ്സില്‍ നന്മയുള്ള ചേട്ടന്‍. ഞങ്ങളായിരുന്നെങ്കില്‍ ചെടിച്ചട്ടിയോ ചുരുങ്ങിയപക്ഷം രണ്ടു കൊമ്പെങ്കിലും.....

Rasheed Chalil said...

കുട്ടിക്കാലത്ത് സ്കൂളിനടുത്തുള്ള വീട്ടില്‍ നിന്ന് പേരയ്ക്ക അടിച്ചു മാറ്റാന്‍ ഇത് പോലെ പ്ലാന്‍ തയ്യാറാക്കി. ‘കുടിവെള്ളം‘ ചോദിക്കാം എന്നും വെള്ളം എടുക്കാന്‍ പോവുമ്പോള്‍ അടിച്ചുമാറ്റം എന്നുമായിരുന്നു തീരുമാനം‍. പക്ഷേ വീട്ടുകാരി പറ്റിച്ചു കളഞ്ഞു... വെള്ളം ചോദിച്ചപ്പോള്‍ കിണറ് കാണിച്ച് തന്നു. വേണ്ടത്ര കുടിക്കാന്‍ ഒരു ഉപദേശവും...

Murali K Menon said...

ഒരു ശരാശരി മലയാളിയെ പറ്റിക്കാന്‍ ഇത് ധാരാളം മതി....
നന്നായിരിക്കുന്നു.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

എഴുത്തുകരി ഒന്നും അല്ല.നിങ്ങളുടെ ഒക്കെ ബ്ലോഗുകള്‍ വായിച്ചു അത്ഭുതപ്പെട്ടു പൊയി.മലയാളം ബ്ലോഗിലെ വഴിപോക്കന്‍ ആണെന്നേ കൂടെ ഇതിലേക്ക് കൂട്ടിക്കൊണ്ട് വന്നത്.ആ സുഹ്രുത് ബദധ്ത്തിന്റെ ഭലമായിട്ടാണ്ഞാനും നിങ്ങളില്‍ ഒരാളായത്.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

മരുഭുമിലെ ചൂടിനൊന്നും മലയാളീടെ മനസ്സിലെ നീരുറവകളെ വറ്റീച്ചു കളയാന്‍ ഒരിക്കലും കഴിയില്ല എന്നു മലയാളം ബ്ലോഗ് വയിച്ചപ്പോള്‍ തോന്നി.വളരെ നന്നായിരിക്കുന്നു കഥകള്‍.കുട്ടീടെ കഥകള്‍ വായിച്ചു കഴിഞ്ഞപ്പോഴേക്കും നാട്ടില്‍ എവിടെ ഒക്കയോ ഒന്നു പോയിവന്ന പോലെ.ഞാനും ഒരു ദുബായ് വാസിയാണേ.

പരിത്രാണം said...

"ഒന്നുകൂടി 'സൂം' ചെയ്താല്‍.. , "
ഇപ്പോഴും സൂം ചെയ്യറുണ്ടോ.. ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ളകലം. എന്തായാലും സംഗതി കലക്കി. ഓവര്‍ ഓള്‍ പെര്‍ഫോര്‍മെന്‍സ് .ഒ.കെ.
ഇനിയും കൂടുതല്‍ സൂം ചെയ്തു പുതിയതെന്തെങ്കിലും കിട്ടിയാല്‍ എത്രയും പെട്ടെന്ന് പോസ്റ്റ് ചെയ്യാന്‍ അപേക്ഷ. വായനാക്കാരായ ഞങ്ങളെ അതികം കാത്തിരിപ്പിക്കരുത്..