കാത്തിരിപ്പുമുറിയുടെ
ചില്ലുവാതിലിനപ്പുറം
ഹൃദയതാളങ്ങളെ
നേര്‍ത്തും കൂര്‍ത്തുമുള്ള വരകളിലേയ്ക്ക്
വിവര്‍ത്തനം ചെയ്യുകയാണ്
ശബ്ദമരുതെന്ന്
ചുവപ്പക്ഷരങ്ങള്‍ വിരലുയര്‍ത്തുന്നു
സൂചിതുളച്ച് ചോരയും നീരും കേറ്റുന്നതിന്റെ,
യന്ത്രസമൂഹം ചുറ്റുമിരുന്ന്
വള്ളിക്കൈകള്‍കൊണ്ട് വരിഞ്ഞ്
അനങ്ങാതെ കിടത്തുന്നതിന്റെ, സങ്കടം
ദൈവത്തോട് നേരിട്ട് പറയുകയാവാം
കാഴ്ച അയഞ്ഞ കണ്ണുകള്‍
ഭൂമിയ്ക്ക് ലംബമായിരുന്ന ജീവിതം
കല്ലിലും മുള്ളിലും തേഞ്ഞ് തേഞ്ഞ്
തികച്ചും തിരശ്ചീനമായൊതുങ്ങുന്ന
ഗാഢവേദനയില്‍
ശരീരം പിരിഞ്ഞുമുറുകുന്ന ഞരക്കം
വാതിലിനിക്കരെയുള്ള ഉല്‍ക്കണ്ഠയില്‍
വന്നലയ്ക്കുന്നുണ്ട്
മസ്തിഷ്ക്കത്തിലൊരു വേലിയേറ്റമുണ്ടായിരിയ്ക്കാം
നെഞ്ചിനുള്ളിലൊരു കാട്ടുതീ
അടിവയറ്റില്‍ പൊട്ടിയൊഴുകുന്നൊരഗ്നിപര്‍വ്വതം
എഴുതിയെഴുതി മടുത്ത വികൃതിയെപ്പോലെ
വെറുമൊരു നീളന്‍വരയില്‍
ഓടിപ്പോകുന്ന ഹൃദയം,
അരുതേയെന്ന് വീണ്ടും വീണ്ടും
ഈ ചില്ലുചതുരം തുരന്ന്ചെന്ന
യാചനയില്‍ കാല്‍കഴുകി
ഒരു ഒറ്റവരിക്കവിത പോലെ
നീണ്ടുനീര്‍ന്ന് വെള്ളമൂടിക്കിടന്നു
*****************************
9 comments:
mukalilekkuuuuuuuuuuuuu
വേദന...
മസ്തിഷ്ക്കത്തിലൊരു വേലിയേറ്റം
നെഞ്ചിനുള്ളിലൊരു കാട്ടുതീ
അടിവയറ്റില്‍ പൊട്ടിയൊഴുകുന്നൊരഗ്നിപര്‍വ്വതം!
-നിമിഷ സൂചിയുട്രെ നിശ്ശബ്ദമായ അലറല്‍ പോലെ ഒരു ആശുത്രി സ്നാപ്!
കവിതയെ ഒരു രോഗിയോളം പ്രയാസപ്പെടുത്തേണ്ട.
“കാത്തിരിപ്പുമുറി
ചില്ലുവാതിൽ
ഹൃദയം...
ഒരു വര
നേർക്കു വന്നു തൊടുകയാണ് “
കവിത നേർത്താലെന്താ
പോലീസു പിടിക്കുമോ ?
പല വരികളും പലവട്ടം വായിക്കാനുള്ള പലതും കരുതിയിരിക്കുന്നു. എസ് എ നോഡിൽ നിന്നു തുടങ്ങി ഇസിജി വരകളുടെ നിമ്നോന്നതങ്ങൾ കയറിയിറങ്ങുന്ന ജീവിതത്തിന്റെ വിദ്യുത് കണികകൾ, ഭൂമിയും ജീവിതവും തമ്മിലുള്ള ഓർഥോഗണാലിറ്റി ഇല്ലാതെയാക്കുന്ന വേലിയേറ്റങ്ങളും കാട്ടുതീയും ജ്വാലാമുഖികളും. നന്ദി, ഇങ്ങനെ കുറച്ചേറെ ചിന്തിപ്പിച്ചു ഈ കവിത.
ഇതൊത്തിരിയിഷ്ടായി ചേച്ചീ..
ഞാനുമൊരു ആശുപത്രിക്കുള്ളില്‍ കടന്നു.
ഒറ്റവരിക്കവിത.
nannayittund...Keep writing
Post a Comment