Thursday, March 7, 2013

ആദ്യാക്ഷരമാല

സംഭാഷണങ്ങളേയില്ലാത്ത
നെടുനീളന്‍ നാടകംപോലൊരു വരാന്ത

ഒരറ്റം മുതല്‍ മറ്റേയറ്റം വരെ
തലപ്പില്‍ താമരയിതളും
താഴേയ്ക്ക്‌ മുന്തിരിവള്ളിയും ചുറ്റി
ചന്തം നരച്ച തൂണുകള്‍;
ദ്രവിച്ച കഴുക്കോല്‍കൂട്ടമെഴുതിയ
മേല്‍ക്കൂരയെത്താങ്ങിത്താങ്ങി
നിന്നനില്‍പ്പിലുറഞ്ഞുപോയവര്‍

പകലിതളുകള്‍
വെളുത്ത്‌
ചുകന്ന്‌
കരിഞ്ഞ്‌ തീരുന്ന താളത്തില്‍
ഒഴുകിപ്പരക്കുന്ന ഓരോ നിഴലും
സങ്കടത്തിന്റെ കൈവരി കടന്ന്‌
ഇപ്പോള്‍ പടിയിറങ്ങുമെന്ന്‌ തോന്നും;
ഒരു മിടിപ്പുനേരം
തമ്മില്‍ത്തമ്മില്‍ വിരല്‍കോര്‍ത്ത്‌
തന്നിലേയ്ക്ക്‌തന്നെ വറ്റിപ്പോകും

വെയിലൊളിയ്ക്കുന്ന തണലില്‍
മഴ എത്തിനോക്കിയാലും
പാടത്തിനക്കരെയിക്കരെ
മഞ്ഞ്‌ മുങ്ങാംകുഴിയിട്ടാലും
പൊട്ടിപ്പോകാത്ത നിഴല്‍രേഖ മുറിച്ച്‌

ആഴത്തില്‍ നുരചിതറും
ജലഭംഗിയിലേയ്ക്കുള്ള സ്വപ്നാടനം പോലെ

നിന്റെ കാഴ്ചയിലേയ്ക്കുള്ള വഴിയിലാണ്‌
വഴി നിറഞ്ഞ ആകാശവെളിച്ചത്തിലാണ്‌
കാലാഹരണപ്പെട്ടെന്നു കരുതിയ
വാക്കുകളുടെ വിത്തുകിളിര്‍ത്തത്‌
പൂത്ത്‌ ചുവന്ന്‌
കവിത ശ്വസിച്ചത്‌

Thursday, February 21, 2013

കൈപ്പട തെളിയാത്ത ശബ്ദങ്ങള്‍

മുഷിയാത്ത നോട്ടമായോ
മൊടപിടിയ്ക്കാത്ത ചൊല്ലായോ
ഒപ്പമുണ്ട്‌

മതിലിന്നപ്പുറം നിന്നെന്നപോലെ
മിണ്ടിപ്പറയാറുണ്ട്‌
മഴപ്പൂപ്പല്‍ വരച്ച ചിത്രങ്ങളില്‍
തേപ്പടര്‍ന്ന കല്‍വിടവില്‍
കുടഞ്ഞെണീയ്ക്കും പന്നല്‍ച്ചെടിയില്‍
കയ്യോ കണ്ണോ തട്ടാതെ
പറച്ചിലത്രയും
വാരിയെടുക്കാറുണ്ട്‌

പറഞ്ഞുനിര്‍ത്തുന്ന നിമിഷങ്ങള്‍
വീണ്ടും മിണ്ടുംവരെ
ഒടിച്ചുകുത്തിയാല്‍ ഉടല്‍പൊടിയ്ക്കുന്നത്ര
പച്ചനീരോടിക്കിടക്കാറുണ്ട്‌..

ചോപ്പും കറപ്പും കുപ്പായമിട്ട്‌
ദൈവത്തിന്‌ എണ്ണ കൊടുക്കാന്‍
അരികുപറ്റിയിഴയും പുഴുവാണ്‌ പറഞ്ഞത്‌;
ഇപ്പുറത്ത്‌
വേനല്‍പ്പാടുകള്‍
വരഞ്ഞു വരഞ്ഞ്‌ തീപ്പിടിയ്ക്കുമ്പോഴും
മതിലിന്നപരലോകത്ത്‌
സ്ഥായിയായ ശൈത്യമാണെന്ന്‌
ഉറഞ്ഞുപോയ വാക്കുകളാണെന്ന്‌

പണ്ടേ പ്രകാശിച്ചു തീര്‍ന്ന ചൊല്ലുകള്‍
നക്ഷത്രദൂരം കടന്നുവന്നാണ്‌
ഇത്രകാലവും കൈപിടിച്ചതെന്ന്‌

ഹൃദയത്തിന്റെ തെക്കോട്ടുള്ള ചില്ലയില്‍
ഒരു പരിഹാസം പൂത്തു നില്‍ക്കുന്നോയെന്ന്‌
ഞാനെന്നോട്‌ സംശയിച്ചത്‌ അന്നാണ്‌

-------------------------------------

Tuesday, January 29, 2013

ഒറ്റമുറിവിദ്യാലയം


ശരീരദ്വീപിന്നകത്തളത്തില്‍
പലവഴി ചിന്നും മനസ്സിന്‍
വിരലെഴുത്തില്ലാച്ചുമരുപറ്റി
ജീവിച്ച ശീലങ്ങളെത്രയോ പേര്‍

കല്ലും കരടും മാറ്റി
ചൊല്ലും ചേലും ചേറ്റി
കൈവെള്ളയില്‍ കനത്ത കാലത്തെ
കൂട്ടക്ഷരങ്ങളില്‍ക്കെട്ടി
ചങ്കൂറ്റക്കലപ്പ താഴ്ത്തി
തലയ്ക്കുള്ളില്‍ തീകൂട്ടി
തുള്ളിനൂല്‍പ്പരുവത്തിലുതിരും
മഞ്ഞുകവിത നീര്‍ത്തി
പരുക്കനഴിയുള്ള ജനാലയില്‍
കണ്ണീര്‍ മുക്കിയുണക്കി
പൂമരച്ചോപ്പിന്റെ വഴിയില്‍
വെയില്‍ച്ചൂട്‌ നീന്തി
പുസ്തകക്കാടിന്‍ തുന്നാംചില്ലയില്‍
കണ്ണും കരളും തൂക്കി
ജീവിതനീളത്തില്‍ ഒറ്റമുറിയില്‍
പാഠഭേദങ്ങളായവരെത്രയോ പേര്‍

അവസാനപാഠത്തിനേകാന്തനിമിഷത്തില്‍
ശീലത്തില്‍ ശീലക്കേടില്‍
വെള്ളമുണ്ടൊന്നായ്‌ച്ചുറ്റി
അഗ്നിപരീക്ഷിയ്ക്കും ആത്മവിദ്യാലയം!
.....................................
അറിവിന്‍ കനല്‍ക്കൂട്ടം
ഇന്നോളമെഴുതിത്തീര്‍ത്ത
പുസ്തകങ്ങളില്‍നിന്നിടയ്ക്കിടെ
മഞ്ഞും മഴയും വെയിലും
ഇറങ്ങി നടക്കുന്നു

അക്ഷരമാലയായ്‌
എന്റെ ഒറ്റമുറിയിലേയ്ക്ക്‌ കൂട്ടുവരുന്നു

തൂക്കുകലണ്ടര്‍ത്താളില്‍
കുതറി നില്‍ക്കുമക്കങ്ങളില്‍
വീണ്ടും സമയമുരുകുന്നു

********************

Thursday, January 17, 2013

ജനിതകം

അച്ഛന്റെ കണ്ണും കാതും
അമ്മതന്‍ കൈനീട്ടവും
എഴുതിപ്പതിച്ചപോലുണ്ടത്രേയെന്നില്‍
കൂട്ടുകാരുടെ കണ്ണില്‍

ഏടുപോയ പ്രണയവേദങ്ങള്‍
ആശകള്‍ ആശയങ്ങള്‍
ചോരയോട്ടദിശകള്‍ ഉന്മാദകാലങ്ങള്‍
ചൂഴ്‌ന്ന മാംസത്തിനുണങ്ങാക്കുഴികള്‍
വിണ്ടുപൊട്ടിയും ഇഴയിട്ടുവെട്ടിയും
വഴിനടന്നു തിണര്‍ത്ത പാടുകള്‍
ഒളിഞ്ഞുകുത്തുവാന്‍ ചിരിച്ച മൂര്‍ച്ചകള്‍
തെളിഞ്ഞുനില്‍പ്പുണ്ടെന്റെമാത്രം കണ്ണില്‍

മഴയും വെയിലും മാറ്റിമാറ്റിയെഴുതി
നിറങ്ങളന്യോന്യമിണഞ്ഞ തണലുകള്‍
ഞാനെന്ന്‌ നീയെന്ന്‌ വേറിടാപ്പേജുകള്‍
തമ്മില്‍ക്കുതിര്‍ന്ന വരികള്‍ വേരുകള്‍
നനഞ്ഞപൂഴിയില്‍ ഒട്ടിക്കിടക്കുന്നു
വസന്തം നോക്കാതിടയ്ക്കു പൂക്കുന്നു

കെട്ടകാലത്തിനാവാസഭീതിയില്‍
സര്‍പ്പവൃക്ഷങ്ങള്‍ വിഷംചേര്‍ത്ത ചിന്തകള്‍
നുള്ളിപ്പറിച്ച കണ്ണുകള്‍ കൈകാലുകള്‍
ഉടഞ്ഞ ചങ്കിനെപ്പിളര്‍ന്ന നാവുകള്‍
ചേര്‍ത്തുവച്ചോരടയാളവാക്കുപോല്‍
വരും ഋതുക്കളില്‍ തളിര്‍ത്തുകായ്ക്കുമ്പോള്‍,

കൂട്ടുകാര്‍ കൂട്ടിവായിയ്ക്കാമിന്നേപ്പോലെ
കുരുന്നു കാല്‍വയ്പ്പില്‍, കാഴ്ചയില്‍ മുന്‍ഗാമിയെ!
കടന്ന കാലത്തിന്‍ കരിന്തിരി കത്തി-
പുകഞ്ഞ ശീലത്തിന്നൂരാക്കുടുക്കിനെ!!

--------------------------------



Monday, December 31, 2012

മഴത്തുള്ളിദൂരം

ഇറ്റുവീണതേ ഉള്ളു
ഇലമെത്തയില്‍
കൈകാലടിച്ച്‌ തുളുമ്പുന്നു

സൂര്യനോളം തിളങ്ങി
കാറ്റില്‍ പിച്ചവയ്ക്കുന്നു

അന്നോളമടിഞ്ഞ പൊടിപ്പരപ്പില്‍
തെന്നിത്തെന്നിയൊരു പുഴ വരയ്ക്കുന്നു

മീനും മീന്‍കണ്ണികളും
നക്ഷത്രത്തെരുവുകളും
ആകാശമൈതാനവും
മേഘത്താഴ്‌വരയും
മാന്തളിരും മധുരക്കനിയും
ഉള്ളുനുരയും തേന്‍നിലാവും
ഉള്ളൊതുക്കിയ ഞാറ്റുപാട്ടും
മുറുക്കിത്തെറിച്ച ചെമ്പന്‍നീരും
വളഞ്ഞും തെളിഞ്ഞുമൊഴുകി
പുഴ നിറയുന്നു

പുഴയിറമ്പിലൂടെ
ഇലദൂരത്തിനുമപ്പുറമെത്തും സ്വപ്നങ്ങളെ
കാണെക്കാണെ കരയെടുക്കും
സങ്കടത്തിട്ടയിലുണക്കാനിടും

ഒട്ടുവറ്റി,
നിറവും നിറഭേദങ്ങളും ചോര്‍ന്ന്‌
ഇലത്തടത്തിലിടറിയിടറി
കാണാക്കാറ്റിന്നൂഞ്ഞാല്‍ത്തുമ്പില്‍ ചിതറും വരെ
വെയില്‍മിനുക്കത്തില്‍ കണ്ണുചുളിയ്ക്കും
നൂലിഴ പലതായ്‌പകുത്തപോല്‍
നേര്‍ത്തൊരു നനവ്‌
------------------------


Sunday, December 9, 2012

ദൂരദേശം തന്ന ചുമരെഴുത്തുകള്‍



മഞ്ഞുകൊണ്ടു തലപ്പു പോയ മലയുടെ
ചുമലിലുമൊക്കത്തും
കൈവിരല്‍ തുമ്പത്തുമുണ്ട്
കുഞ്ഞു മേഘങ്ങള്‍

മലമ്പാതയില്‍,
ചിമ്മിനി വെട്ടത്തില്‍
ചിറകുകരിഞ്ഞ ഈയലുകളെപ്പോലെ
അന്തിച്ചോപ്പ് മുങ്ങി
ഇഴയുന്ന വാഹനങ്ങള്‍


ചോരപൂത്ത ശോകമരങ്ങള്‍ക്കിടയിലൂടെ
ഇരുട്ട് നടക്കാനിറങ്ങവെ,
തെരുവിന്റെ വാതിലുകള്‍
നിലവിളികളെ നിശബ്ദരാക്കി
അകത്തേയ്ക്ക് വലിക്കുന്നു

വരണ്ട തൊണ്ടയില്‍ നിന്ന്
താരാട്ടുപാട്ടിനെ ഒളിച്ചു കടത്തേണ്ടത്
ഏത് ദേശത്തേക്കാണെന്ന്
വെടിയുണ്ട തിന്ന ചുവരുകള്‍
ആകാശം നോക്കുന്നു

മെല്ലെ മെല്ലെ
മലഞ്ചെരിവുകളെ മുഴുവനായും
വെള്ളമൂടുകയാണ് മഞ്ഞ്

കട്ടപിടിച്ച കാറ്റ് നിശ്ചലരാക്കിയ
മേഘക്കുഞ്ഞുങ്ങള്‍ക്കുമേല്‍
ചുറ്റുവഴികള്‍ ചിതറിയ വെളിച്ചം
ഉറുമ്പുവരികളാകുന്നു
.......................................................

Sunday, November 25, 2012

ഇതള്‍ പൊഴിയുമൊരു ശലഭത്തിന്നാത്മഭാഷണം

ശരീരദേശത്തിനുള്‍വഴികള്‍
നുഴഞ്ഞുകയറ്റക്കാരെക്കൊണ്ട്‌
നിറഞ്ഞിരിയ്ക്കുന്നു

ചുമലില്‍നിന്നും തലയിലേയ്ക്ക്‌
ആര്‍ത്തുകയറുകയാണ്‌ ഭ്രാന്തുകള്‍

നെഞ്ചിന്‍ മദ്ധ്യഭൂമിക
ചതുപ്പും ചരലുംകൊണ്ട്‌
അനേകം വന്‍കരകളായി
സൂക്ഷ്മദ്വീപുകളായി
പിരിച്ചെഴുതിയിട്ടിരിയ്ക്കുന്നു

കൈക്കരുത്തിന്റെ കോട്ടയില്‍
കുന്തമുന കയറിയിറങ്ങുന്നു

വിരല്‍മടക്കുകളില്‍,
ഞരമ്പുണങ്ങിയ കൈത്തണ്ടില്‍
കടല്‍ച്ചൊരുക്കേറ്റ ശ്വാസനാളിയില്‍
കരളേയെന്നൊരു കരിമ്പിന്‍തോപ്പില്‍,
തിരിഞ്ഞും വളഞ്ഞുമിഴയുന്ന
അനേകം പ്രാണവഴികളില്‍
വേദന തറച്ച്‌
പ്രതിരോധത്തിന്‍ പടവുകള്‍
കുഴഞ്ഞുവീഴുന്നു

പൂക്കാലം ഒഴിഞ്ഞുപോയ അസ്ഥിയില്‍
ജീവപദമൂന്നി
ഏതുനേരവും തകര്‍ന്നേക്കാവുന്ന
ചില്ലുകൂടാരത്തിലുമ്മവയ്ക്കുന്നു
ഹൃദയഭിത്തിയോടൊട്ടിയ
പഴയൊരു പ്രണയഗാനം
***********************