Thursday, August 23, 2007

...ഇങ്ങനേം സംവദിയ്കാം !!

പണ്ടൊരിക്കല്‍ വിശാല്‍ജി പറഞ്ഞപോലെ, 'ഷാര്‍ജ - ജബല്‍ അലി വാഹനപ്രചരണജാഥയില്‍' ഒരു സ്ഥിരാംഗത്വം എനിക്കുമുണ്ട്‌. ജോലിസമയത്തിനനുസരിച്ച്‌ ഒരു കാര്‍ലിഫ്റ്റ്‌ തരപ്പെട്ടുകിട്ടിയതു തന്നെ വലിയൊരു സമാധാനം.
പിന്നെ, വഴിമദ്ധ്യേ രുചിയ്കുന്ന 'ട്രാഫിക്‌ ജാമിന്റേയും, ജെല്ലിയുടേയും' അളവ്‌, കാണുന്ന കണി, ശകുനം, വാരഫലം എന്നിവയുമായി ബന്ധപ്പെടുത്തി ചിന്തിക്കാത്തത്‌, അവയെല്ലാം തന്നെ ഒരു നിത്യാഘോഷമായതു കൊണ്ടാണ്‌.

ഒരു ദിവസം ഉച്ചക്ക്‌ 2 മണിയോടെ കാര്‍ലിഫ്റ്റ്‌ തരുന്ന പയ്യന്‍സ്‌ വിളിച്ചു; "ഇന്ന്‌ സര്‍വീസ്‌ ഉണ്ടാകില്ല; വണ്ടിക്കു ജലദോഷം, റേഡിയേറ്ററിന്റെ പൈപ്പിന്‌ ചെറിയൊരു..."
മുഴുവന്‍ കേല്‍ക്കുന്നതുനു മുന്‍പു തന്നെ ഇനി ഇന്നെങ്ങനെ വീടുപറ്റും എന്ന വേവലാതിയായി. ഇത്തരം ജലദോഷങ്ങള്‍ നമുക്കും സമയദോഷം തന്നെ.
സഹപ്രവര്‍ത്തകരില്‍ ഒന്നുരണ്ടുപേര്‍ ഷാര്‍ജ നിവാസികളാണെങ്കിലും, ആറര-ഏഴ്‌ മണിയായേ അവരിറങ്ങൂ.
ഇനീപ്പോള്‍ ബസ്സിനു പോകാമെന്നു വെച്ചാല്‍.. രണ്ട്‌ ബസ്സ്‌ മാറിക്കേറീട്ട്‌ വേണം അങ്ങെത്താന്‍. നിറുത്തിക്കൊട്ടിയുള്ള പോക്കും, ദുബായ്‌ സ്റ്റാന്റിലെ ക്യൂവിന്റെ നീളവും ആലോചിച്ച്‌, പ്രശ്നപരിഹാരമെന്തെന്ന് ഈശ്വര്‍ന്മാരോട്‌ ചോദിക്കവേ, ഉത്തരം തന്നത്‌ ... എന്റെ തൊട്ടപ്പുറത്തിരുന്ന് അധ്വാനിയ്കുന്ന ഷാര്‍ജക്കാരന്‍ സുഹൃത്താണ്‌.
"ഞാനിന്ന് നാലരക്കിറങ്ങാ..ഇത്തിരി ഷോപ്പിങ്ങുണ്ട്‌."എന്റെ മനസ്സ്‌ തണുത്തു.
അദ്ദേഹം ഷോപ്പിങ്ങിന്‌ പോകുന്നത്‌ ഷാര്‍ജയില്‍ തന്നെയായതുകൊണ്ട്‌, അവിടെ നിന്നും ടാക്സിക്ക്‌ പോകാവുന്ന ദൂരമേ ഉള്ളൂ എനിക്ക്‌. (ഓഫീസില്‍ നിന്നും വീടുവരെ ടാക്സി കിട്ടൂല്യേ..ന്ന് ചോദിച്ചാല്‍.. കിട്ടും. ന്നാലും അതൊരു കടുംകൈയ്യാണേയ്..)
അങ്ങനെ, 'അന്‍സാര്‍മാളി'ന്‌ മുന്നില്‍ അദ്ദേഹം എന്നെ ഡ്രോപ്‌ ചെയ്തു.
"സാലിക്കിന്റെ" തൊടുകുറിയിട്ട വണ്ടികളും, മീറ്റര്‍ ടാക്സികളും നിരത്തില്‍ ഇറങ്ങുന്നതിന്‌ മുന്‍പുള്ള കാലമാണ്‌.

കാണാന്‍ ഇത്തിരി 'മൊഞ്ചൊ'ക്കെയുള്ള ഒരു ടാക്സിക്ക്‌ കൈകാട്ടി. പതിഞ്ഞ ശബ്ദത്തില്‍ 'പുസ്തു'സംഗീതം ഒഴുകുന്നു. ഒറ്റനോട്ടത്തില്‍, ഒരുവിധം വൃത്തിയൊക്കെയുണ്ട്‌. എന്നാലും, സീറ്റുകള്‍ക്കിടയിലും മറ്റും സുഖവിശ്രമം നടത്താനിടയുള്ള മൂട്ടകളെ ഉണര്‍ത്താതെ, വളരെ സൂക്ഷിച്ച്‌ ഒതുങ്ങിയിരുന്നു, പോകേണ്ട സ്ഥലം പറഞ്ഞു; വണ്ടി നീങ്ങി.
സാരഥി പഠാണ്‍/പഠാണി.
നല്ല ട്രാഫിക്കുണ്ട്‌. ഷാര്‍ജയിലെ "സെയില്‍സ്‌ട്രീറ്റ്" എന്നു പറയാവുന്ന 'അല്‍ വഹ്ദ' സ്‌ട്രീറ്റിലൂടെ ഓരോ ഇഞ്ചും അളന്നു നീങ്ങുകയാണ്‌ ഞങ്ങള്‍.
"മീന്‍ കിട്ട്യാലും തന്തോയം, കിട്ടീല്ലേലും തന്തോയം" എന്ന ഡയലോഗ്‌ ഓര്‍മിപ്പിക്കുന്ന; വെയിലായാല്‍ 'സമ്മര്‍ സെയില്‍', മഞ്ഞായാല്‍ 'വിന്റര്‍ ബൊനാന്‍സ' എന്നിങ്ങനെ കൊല്ലത്തിലെല്ലാദിവസവും ഓരോരോ പേരില്‍ 10 മുതല്‍ 70% വരെ ആദായ(ആര്‍ക്ക്‌) വില്‍പനയുടെ ബോര്‍ഡ്‌ തൂക്കുന്ന ഇവിടത്തെ ബിസിനസ്സ്‌ ട്രിക്കിനെക്കുറിച്ച്‌ വെറുതേ ആലോചിക്കുന്നതിനിടയില്‍....,
ഞാനൊരു കാര്യം ശ്രദ്ധിച്ചു.
പഠാണി ഡ്രൈവര്‍ ഒരു ഇംഗ്ലീഷ്‌ പത്രം നിവര്‍ത്തി നോക്കുന്നു !!
കാര്യമായ ഗൗരവത്തോടെ പേജുകള്‍ മറിക്കുന്നു !!
കീഴ്ചുണ്ടില്‍ 'നസ്വാര്‍' തിരുകിവെച്ച്‌, കാറിന്റെ മുന്നിലും പിന്നിലും കുറെ പൂക്കള്‍ പരത്തി അലങ്കരിച്ച്‌, തൊങ്ങലുകള്‍ ചാര്‍ത്തി..... അങ്ങനെ രൂപഭാവങ്ങള്‍ കൊണ്ട്‌ അയാളൊരു 'റ്റിപിക്കല്‍' പഠാണിയാണ്‌.
വാഹനം മുന്നോട്ടെടുക്കാനാവാത്തവിധം ട്രാഫിക്‌ ആകുമ്പോള്‍, വീണുകിട്ടുന്ന വിശ്രമവേളകള്‍ വിജ്ഞാനപ്രദമാക്കുന്നതാവാം.
എന്നാലും..
ഒരു പഠാണി ഇത്ര കൂളായിട്ട്‌ ഇംഗ്ലീഷ്‌ പത്രം വായിക്യാന്ന് പറഞ്ഞാല്‍.. ????
ഇനീപ്പൊ, ചിത്രം കാണ്വാവോ.. ?
... ശ്ശേ.. അങ്ങിനെ ചിന്തിക്യാമോ..
ഓ..എന്തോ ആവട്ടെ.
സ്ലോവില്‍ നീങ്ങാമെന്നായപ്പോള്‍ പേപ്പര്‍ മടക്കി. വീണ്ടും നിന്നപ്പോള്‍ നീര്‍ത്തി.
ഇതു പലവട്ടം നടന്നു.
'ഏതു ജീവിത സാഹചര്യത്തിലായാലും, ഒരുവന്റെ വിജ്ഞാനദാഹത്തിന്റെ അനര്‍ഗളപ്രവാഹത്തെ തടുത്തു നിര്‍ത്താനാവില്ല' എന്ന, എടുത്താല്‍ പൊന്താത്ത ചിന്തയുമായിരുന്ന എന്നെ, തിരിഞ്ഞൊന്നു നോക്കി, കറവീണ പല്ലുകളില്‍ കുറച്ചെണ്ണം പുറത്തു കാട്ടി, അയാളൊന്നു ചിരിച്ചു.
എന്നിട്ട്‌,
..ദേ ഇപ്പൊ പത്രത്തീന്ന് കിട്ടീതാ എന്ന മട്ടില്‍ ഒരു പ്രസ്താവന.
"ആജ്‌ റ്റൂ ഹോട്ട്‌".
ദൈവമേ...ഹിന്ദി-ഇംഗ്ലീഷ്‌ മണിപ്രവാളം.
ഇയാളൊരു 'പഠാണിപ്പുലി' തന്നെയെന്ന് മനസ്സില്‍ കരുതി; 'അതെ' എന്ന അര്‍ത്ഥത്തില്‍ ഞാനൊന്ന് മൂളി.
Al Yarmouk (മലയാളത്തില്‍ പറഞ്ഞാല്‍ 'മ്മടെ അലിയാരുമുക്ക്‌' ) സിഗ്നലില്‍ രണ്ട്‌ സുഡാനി കുമാരിമാര്‍ "ക്യാറ്റ്‌ വാക്‌" നടത്തി കടന്നു പോയി. അയാളെന്തോ ആത്മഗതം നടത്തിയോ.. തോന്നിയതാവാം.
റോഡിലെ തിരക്കിന്‌ അയവുവന്നു. അയാളുടെ പത്രപാരായണം മുടങ്ങി.

"ആജ്‌ ആപ്‌ ഹൗ ആര്‍ യൂ?"

ങ്‌ഹേ...
വീണ്ടും "ഹിംഗ്ലീഷ്‌".
"ഫൈന്‍"
തീരെ പ്രതീക്ഷിക്കാത്ത ചോദ്യമായതിനാല്‍ ഒരു നിമിഷമെടുത്തു മറുപടി പറയാന്‍.
ഇനീപ്പൊ, കയ്യിലുള്ള ഭാഷാപരിജ്ഞാനം മുഴുവന്‍ എന്റെ നേരെ എറിഞ്ഞു കഷ്ടപ്പെടുത്താനാണോ പ്ലാന്‍?
കൂടുതല്‍ വേവലാതിപ്പെടുന്നതിനു മുന്‍പ്‌ അടുത്ത ചോദ്യം വന്നു.

"ആപ്‌ കാ ഫേമിലി ഹൗ ആര്‍ യൂ?"

എന്റീശ്വരാ... ഇയാളിത്‌ എന്തു ഭാവിച്ചാ..?
ഈ സങ്കരയിനം ചോദ്യത്തിന്റെ ശരിയായ രൂപം പറഞ്ഞുകൊടുക്കാന്‍ മുതിരുന്നത്‌ ബുദ്ധിയല്ല. വളരെ ആത്മാഭിമാനത്തോടെ, സ്വപ്രയത്നംകൊണ്ട്‌ (?) ആര്‍ജിച്ചെടുത്ത ജ്ഞാനം പ്രകടിപ്പിയ്കാന്‍, പറഞ്ഞൊപ്പിച്ച വാചകങ്ങളെ ചോദ്യം ചെയ്തൂന്ന് തോന്നിയാല്‍...
ഒട്ടും ശരിയല്ല.
പക്ഷേ...
ഇനിയും ഹിംഗ്ലീഷ്‌ ചോദ്യശരങ്ങളെ നേരിടാനുള്ള മനക്കട്ടി എനിക്കില്ല. ഇതുവരെ അടക്കി നിര്‍ത്തിയ ചിരിയെങ്ങാന്‍ പുറത്തുവന്നാല്‍..... അതിലുമപകടം.
അതോണ്ട്‌, തികഞ്ഞ സംയമനം പാലിച്ച്‌, ഞാന്‍ അടുത്ത "ഫൈന്‍" പറഞ്ഞു.
ഭാഗ്യത്തിന്‌, ഇറങ്ങാനുള്ള സ്ഥലം എത്താറായി. അറിയുന്ന 'മുറിഹിന്ദി'യില്‍ വണ്ടി നിര്‍ത്തിക്കോളാന്‍ പറഞ്ഞു.
കൊടുത്ത പൈസയുടെ ബാക്കി തരുന്നതിനിടയില്‍..
ഇനിയുമൊരവസരമില്ലല്ലോ എന്നു കരുതീട്ടാവണം, ഉദ്വേഗം നിറഞ്ഞ ഒരന്വേഷണം കൂടി അയാള്‍ ധൃതി പിടിച്ചു നടത്തി.

ഒതുക്കാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ട ചിരി, ഏതെങ്ങിലും വികൃത ശബ്ദമായി രൂപാന്തരപ്പെട്ട്‌ പുറത്തു വരുന്നതിനു മുന്‍പേ...
മറുപടിയായി ഒരു തലചെരിയ്കലോ, കുലുക്കലോ നടത്തി, ഞാന്‍ ഇറങ്ങി ഡോര്‍ അടച്ചു.
എന്തായിരുന്നു ആ അവസാനത്തെ ചോദ്യം? ഊഹിയ്കാമോ?
"ആജ്‌ മോസം ഹൗ ആര്‍ യൂ?" !!!

*****************

12 comments:

ചന്ദ്രകാന്തം said...

"ഇവനാള്‌... പഠാണിപ്പുലി തന്നെ." ഞാന്‍ മനസ്സില്‍ കരുതി.
.........ചെറിയൊരു യാത്രാനുഭവം.

G.MANU said...

kasaran anubhavam kaantham

ശ്രീ said...

ഹയ്യോ...
പാവം പുലി!

:)

മൂര്‍ത്തി said...

ഹൌ ആര്‍ യൂന്ന്!

ഏ.ആര്‍. നജീം said...

ഹഹാ ആ വണ്ടിയുടെ വിവരണം കേട്ടപ്പോഴേ മനസിലായി പഠാണിയെ..!
ഇന്നു വേറെവിടെയോ വായിച്ച ഒരു ഫലിതം ഓര്‍ത്തു പോയി.
ഒരു തമഴന്‍ ഒരിടത്തേക്ക് ഫോണ്‍ ചെയ്തിട്ട് ചോദിച്ചു.."തമിഴ് തെരിമാ..?"
ഫോണ്‍ അറ്റന്റ് ചെയ്തതോ ഒരു സര്‍ദാര്‍ജീ. അയാള്‍ കരുതിയത് അമ്മക്ക് വിളിച്ചതാണെന്നാ അയാള്‍ ഉടന്‍ മറുപടിയും പറഞ്ഞു. "ഹിന്ദി തേരി ബാപ്പ്"
( ഇതു ഇതിനകം വായിച്ചിട്ടുള്ളവര്‍ അങ്ങ് ഷമീര് )

ഏ.ആര്‍. നജീം said...

ആച്വലീ , ആ പഠാണിയെ പിന്നെ കണ്ടോ അയാളിപ്പോ ഹൗ ആര്‍ യൂ...?

ബയാന്‍ said...

:) മല്ലുവിനോടു ഇംഗ്ലീഷ് പറയാനുള്ള പഠാണിയുടെ ഒരു ധൈര്യേ...ഇംഗ്ലീഷ് ആരു പറഞ്ഞാലും മല്ലു ഒന്നു പരുങ്ങും.. അത്രയ്ക്കുണ്ടു മല്ലുവിന്റെ എല്ലുറപ്പു.

നല്ല ഒഴുക്ക്; ഇനിയും പരീക്ഷിക്കണം.

ചന്ദ്രകാന്തം said...

പഠാണിപ്പുലിയെ പരിചയപ്പെടാന്‍ വന്ന എല്ലാര്‍ക്കും നന്ദി..
മനു, ശ്രീ, മൂര്‍ത്തി, ബയാന്‍.. ഇത്തരം പ്രതീക്ഷിയ്കാത്ത ഫലിതങ്ങള്‍ മുന്നിലേയ്കെടുത്തു ചാടുമ്പോള്‍, ഒന്ന് പകച്ചിട്ടായാലും അറിയാതെ ചിരിച്ചുപോകും. അതുതന്നെയായിരുന്നു എന്റെ പേടിയും. പഠാണിയല്ലേ...!!
നജീം, ആരോ ഫോര്വേര്‍ഡ് ചെയ്ത് എനിയ്കും ഈ മെയില്‍ കിട്ടിയിരുന്നു. സര്‍ദാര്‍- തമിഴന്‍ "സംസാരം". ഓരോരോ തമാശകള്‍..!!

വല്യമ്മായി said...

നല്ല വിവരണം.അപ്പോള്‍ ഈ പരിസരത്തൊക്കെയാണല്ലേ.

ചന്ദ്രകാന്തം said...

വല്യമ്മായീ..,
ഈ വഴി വന്നതില്‍ വല്യ സന്തോഷം.
ഞാന്‍ വല്യമ്മായീടെ അയല്‍വക്കത്ത്‌ തന്നെയാണ്‌.
വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ...
- ചന്ദ്രകാന്തം.

മുസാഫിര്‍ said...

ഹ ഹ രസികന്‍ പഠാണി !

രാമചന്ദ്രന്‍ വെള്ളിനേഴി said...

എന്റെ ചേച്ചി !!! ഇതിനു " പച്ചകള്‍" മാത്രമല്ല മലയാളികളും കേമന്മാര്‍ ആണ്!! മലയാളികള്‍ അറബിയിലും,ഹിന്ദിയിലും ,ഇംഗ്ലീഷിലും മലയാളം " മിക്സ് ചെയ്യും

നമ്മള്‍ ദോനോം, അന മാലൂം നഹീ ഹൈ!! അങ്ങനെ അങ്ങനെ.......