Thursday, September 6, 2007

കണ്ണില്‍ച്ചോരയില്ലാതെ...

സ്കൂള്‍ വിട്ടുവരുമ്പോള്‍ ദൂരെ നിന്നേ കണ്ടു;
മുറ്റത്ത്‌ ആരൊക്കെയോ..
"എന്താ നിന്റെ വീട്ടില്‍ ഒരു..?"..കൂട്ടുകാരിയുടെ മുഖത്തും ചോദ്യഭാവം.
ഒരു കൈ കൊണ്ട്‌ പുസ്തകസഞ്ചി ഒതുക്കിപ്പിടിച്ച്‌ കഴിയാവുന്നത്ര വേഗത്തില്‍ ഓടി, മുറ്റത്തേയ്ക്ക്‌ കയറുമ്പോള്‍....

ആകെ തളര്‍ന്നു പോയി.

ചിതറിത്തെറിച്ച ചോരത്തുള്ളികള്‍..
ഒടിഞ്ഞുനുറുങ്ങിയ ഉടല്‍..
സഹിയ്കാന്‍ വയ്യ.
ഞാന്‍ നിലത്ത്‌, വെറും മണ്ണിലിരുന്നു.
ചുറ്റും നില്‍ക്കുന്നവരുടെ, സഹതാപവും ദു:ഖവും കലര്‍ന്ന നോട്ടങ്ങള്‍, കണ്ണീര്‍മറയ്കപ്പുറത്ത്‌, തെളിയാത്ത മഴക്കാല ചിത്രങ്ങള്‍ പോലെ അവ്യക്തമായിരുന്നു.

കാലത്ത്‌ യാത്രപറയുമ്പോള്‍, ആ കവിള്‍ തലോടിയ എന്റെ കൈത്തലം നനഞ്ഞിരുന്നുവല്ലോ..
ദൈവമേ..
കൂട്ടുകാരികളോട്‌, പ്രഭാതത്തില്‍ എനിയ്ക്കു സമ്മാനമായി കിട്ടിയ ആ പനിനീര്‍ പുഞ്ചിരിയെപ്പറ്റി, തെല്ലൊരു അഹങ്കാരത്തോടെ പറയുമ്പോള്‍....
ഒരു 'കണ്ണേറി'നെപ്പറ്റി ഓര്‍ത്തുപോലുമില്ല.

അമ്മ എന്നെ പിടിച്ചെഴുനേല്‍പ്പിച്ചു; ആശ്വസിപ്പിച്ച്‌ അകത്തേയ്ക്കു കൊണ്ടുപോയി.
അടുക്കളഭാഗത്തെത്തിയപ്പോളാണത്‌ കണ്ടത്‌;
മാധവ്യേച്ചി, ഈ കൊടുംപാതകം ചെയ്തവനെ, വടയ്കേ മുറ്റത്തിട്ട്‌ തുണ്ടം തുണ്ടമാക്കി വെട്ടുന്നു.
പിന്നെ താമസിച്ചില്ല;
ഓടിച്ചെന്ന്‌ വെട്ടുകത്തി പിടിച്ചുവാങ്ങി, കൊടുത്തു രണ്ട്‌ വെട്ട്‌ !!
അത്രയെങ്കിലും ചെയ്തില്ലെങ്കില്‍ ഞാന്‍ പിന്നെ..

അരുമയായി നട്ടുനനച്ചുണ്ടാക്കിയ ചെമ്പനീര്‍ച്ചെടി, ആദ്യമായി ഹൃദയം തുറന്ന്‌ വിടര്‍ത്തിയ, കടുംചുകപ്പ്‌ പുഷ്പം, മഞ്ഞിന്‍കണങ്ങളണിഞ്ഞ്‌, സുന്ദരിയായി നില്‍ക്കുന്ന കാഴച്ചയും കണ്ട്‌ സ്കൂളില്‍ പോയതാണ്‌ ഞാന്‍.
തിരിച്ചുവരുമ്പോളേയ്ക്കും, തൊട്ടടുത്തുള്ള തെങ്ങിലേ ഓലമടല്‍, കാറ്റിനൊപ്പിച്ച്‌ ഊഞ്ഞാലാടി, വന്നുവീണത്‌ എന്റെ പാവം ചെടിയുടെ നെഞ്ചില്‍.
ഇതളുകളെല്ലാം ചിതറി, ചില്ലകളെല്ലാം ഒടിഞ്ഞു നുറുങ്ങി..
നാളെ വിടരേണ്ടിയിരുന്ന ഒരു പൂമൊട്ടും കൂടിയുണ്ടായിരുന്നു എന്നോര്‍ക്കുമ്പോള്‍..

ഓലമടലിനെ വെട്ടിനുറുക്കി കത്തിക്ക്യല്ലേ വെണ്ടത്‌?

12 comments:

ചന്ദ്രകാന്തം said...

ചിതറിത്തെറിച്ച ചോരത്തുള്ളികള്‍..
ഒടിഞ്ഞുനുറുങ്ങിയ ഉടല്‍..

സഹിയ്കാന്‍ വയ്യ.
ഞാന്‍ നിലത്ത്‌, വെറും മണ്ണിലിരുന്നു.

....ഒരു പരീക്ഷണം കൂടി.

ശ്രീ said...

അയ്യോ....
ഞാന്‍‌ ആദ്യം വായിച്ചു തുടങ്ങിയപ്പോള്‍‌ ഞെട്ടി. പിന്നെ പകുതിയായപ്പോള്‍‌ അന്ധാളിച്ചു, ഇതെന്താ സംഭവം എന്നോര്‍‌ത്ത്. അവസാനമായപ്പോഴേയ്ക്കും പൊട്ടിച്ചിരിച്ചു പോയി...

നല്ല ഉഗ്രന്‍‌ അനുഭവം തന്നെ...
ഇതുപോലുള്ള പൊടിക്കഥകള്‍‌ ഇനിയും കാണുമല്ലോ ചേച്ചീ... ഓരോന്നായി പോരട്ടേ...
:)

വല്യമ്മായി said...

നല്ല കഥ!

മുസ്തഫ|musthapha said...

ചെയ്തത് കൊടുംപാതകമായിരുന്നെങ്കിലും അറിയാതെ പറ്റിപ്പോയ ഒരബദ്ധം ആയിരുന്നല്ലോ അത്... വെറുതെ വിടാമായിരുന്നു...
ആ... അതെങ്ങനെ അല്ലേ...!


കഥ കൊള്ളാം!

കുഞ്ഞന്‍ said...

ഹഹ.. ഓലമടല്‍ വന്ന് ചെമ്പനീര്‍ച്ചെടിയില്‍ വീണാലും, ചെമ്പനീര്‍ വന്ന് ഓലമടയില്‍ വീണാലും, കുറ്റം,കുഴപ്പം ഓലമടലിന് ! ഇതു എവിടെത്തെ ന്യായം?

നല്ല കുഞ്ഞിക്കഥ.. : )

സഹയാത്രികന്‍ said...

അപ്പൊ ആ കാര്യത്തിനൊരു തീരുമാനായി... അപ്പൊന്നാ ഞാന്‍ പോയിട്ട് വരാം...

നന്നായിരിക്കുണൂട്ടോ....

ചന്ദ്രകാന്തം said...

ശ്രീ, വല്യമ്മായീ, അഗ്രു ജീ, കുഞ്ഞന്‍സ്, സഹയാത്രികന്‍, മനുജീ....,
എന്റെ ബാല്യകാല സങ്കടം പങ്കുവെയ്കാനെത്തിയ എല്ലാര്‍ക്കും നന്ദി.
....വീണ്ടും വരുമല്ലോ...

‌സ്നേഹപൂര്‍‌വ്വം,
ചന്ദ്രകാന്തം.

കണ്ണൂരാന്‍ - KANNURAN said...

വിവരണം നന്നായി... ഇനിയും പ്രതീക്ഷിക്കുന്നു ഹൃദയം തൊട്ടുണര്‍ത്തുന്ന ഇത്തരം പോസ്റ്റുകള്‍

ഉപാസന || Upasana said...

ചന്ദ്രകാന്തം,
ആ പട്ടമടല്‍ എന്ത് തെറ്റ് ചെയ്തു. നേരെ നില്‍ക്കാന്‍ പറ്റാതായാല്‍ ആരാണ് വീഴാത്തത്.
:)
സുനില്‍

ഗിരീഷ്‌ എ എസ്‌ said...

നന്നായിട്ടുണ്ട്‌
ആസ്വദിച്ചു വായിച്ചു..
അഭിനന്ദനങ്ങള്‍

ഏ.ആര്‍. നജീം said...

പാവം ഓലമടല്‍...
:(
എല്ലാവരും പനിനീര്‍ ചെടിയെ ഓര്‍ത്ത് കണ്ണീരൊഴുക്കുമ്പോള്‍ അറിയാതെ ചെയ്തു പോയ തെറ്റിന് തുണ്ടം തുണ്ടം ആക്കപ്പെട്ട ഓലമടലിനു വേണ്ടി ഞാനെങ്കിലും അല്പം കണ്ണീരൊഴുക്കട്ടെ..

ചന്ദ്രകാന്തം said...

പ്രിയപ്പെട്ടവരെ..,
ഈ വഴി വന്നതിലും, മിണ്ടിയതിലും ഏറെ സന്തോഷം.
ഇനിയും വരുമല്ലോ...
സ്നേഹപൂര്‍‌വ്വം,
ചന്ദ്രകാന്തം.