Tuesday, September 18, 2007

അരങ്ങൊഴിയുമ്പോള്‍...

പിന്നണിയിലൊഴുകും

മധുര സംഗീതം

കാതുകള്‍ക്കന്യമായി.



പിന്നെയും പാദങ്ങള്‍

‍പരിചിതമാം

രണ്ടു പദം കൂടിയാടി.



കാണികള്‍

കണ്മുന്നിലില്ലാതായി

കൂടെയാടിയവര്‍

അപരിചിതരായി.



ഇതവസാന കളി;

അറിയാമെങ്കിലും

അരങ്ങൊഴിയാനൊരു മടി.



മൃദുവായ്‌...

അവരെന്റെ ചുട്ടിയഴിച്ചു

ഉടുത്തുകെട്ടും അലങ്കാരങ്ങളും

മാറ്റി വച്ചു.



ഇനിയുമൊന്നും ചെയ്യുവാനില്ലാതെ,

അടുത്ത കളിക്കളം തേടി,

പൊറുതിയ്ക്കൊരിടം തേടി,

ഞാനുമവരോടു കൂടി.



തിരശ്ശീല വീണു,

ആട്ടവിളക്കണഞ്ഞു



പിന്നെയാരോ..

തലയ്ക്കു പുറകില്‍

‍പകുത്ത നാളികേരത്തില്‍

‍തിരി തെളിയിച്ചു.



*************

13 comments:

ചന്ദ്രകാന്തം said...

"അരങ്ങൊഴിയുമ്പോള്‍..." പുതിയ പോസ്റ്റ്‌.
-ചന്ദ്രകാന്തം.

സുല്‍ |Sul said...

കളിവിട്ട് കാര്യത്തിലേക്കു കടന്നോ
നന്നായിട്ടുണ്ട്. ഇനിയും എഴുതൂ.

-സുല്‍

പരിത്രാണം said...

സമയം ആര്‍ക്കും വേണ്ടി കാത്തിരിക്കുകയില്ല എന്ന സത്യം തിരിച്ചറിയുമ്പോഴേക്കും നമ്മുടെ വിലപ്പെട്ട സമയം തീര്‍ന്നിരിക്കും അതിനും മുന്‍പ് ചെയ്യേണ്ട കാര്യങ്ങള്‍ എല്ലാം വളരെ വ്യക്തമായി അവതീര്‍ണ്ണപ്പെട്ടിരിക്കുന്ന കാര്യം വിസ്മരിച്ചു പോകരുത്.
വചനങ്ങളെ സ്നേഹിക്കുന്നവരേ വചനങ്ങളേ തിരിച്ചറിയൂ...
ഈ വിഷയം ഇവിടെ കണ്ടപ്പോള്‍ എന്റെ മനസ്സില്‍ ഉദിച്ചതു പറഞ്ഞു അത്രമാത്രം.

ആഡൂരാന്‍ said...

വാശി പിടിച്ചാല്‍, അരങ്ങൊഴിയാതെരിക്കാന്‍ പറ്റുമൊ?


നന്നായിട്ടുണ്ട്

ശ്രീ said...

ചേച്ചീ...

വളരെ നന്നായിട്ടുണ്ട്. നല്ല ആഴമുള്ള ചിന്ത.

എല്ലാവര്‍‌ക്കും ഒരിക്കല്‍‌ അരങ്ങൊഴിയാതെ നിവൃത്തിയില്ലല്ലോ. എങ്കിലും, അനിവാര്യമായ ആ സത്യം അംഗീകരിക്കാനൊരു മടി!
(അതു വരെ ആഘോഷിക്കുക തന്നെ, അല്ലേ?)
:)

ഉഷശ്രീ (കിലുക്കാംപെട്ടി) said...

പേടിയായി വായിച്ചപ്പോള്‍. എന്തു പറ്റിയടാ. നന്നായിരിക്കുന്നു

താരാപഥം said...

അനിവാര്യമായ മരണത്തെ നമ്മള്‍ ഭയപ്പെടേണ്ടതില്ല

മുസ്തഫ|musthapha said...

നന്നായിട്ടുണ്ട്...

അരങ്ങൊഴിയുവോളം കാണികളെ രസിപ്പിക്കുക!

ചന്ദ്രകാന്തം said...

ഏതു നിമിഷവും, മംഗളഗാനം പാടി അരങ്ങൊഴിയേണ്ടവരാണ്‌ നമ്മള്‍. അതിനിടയില്‍, അരങ്ങിലും അണിയറയിലും സദസ്സിലും ഉത്സാഹക്കമ്മറ്റിയിലും ഒക്കെയായി കണ്ടെത്തുന്നതോ, വീണുകിട്ടുന്നതോ ആയ കുറെ സൗഹൃദങ്ങള്‍. അവയാണ്‌ അരങ്ങിലെ പ്രകടനത്തിന്‌ ശക്തി പകരുന്നത്‌...
.... എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.

ഹരിശ്രീ said...

നന്നായിരിക്കുന്നു...

അനിലൻ said...

പിന്നെയാരോ..

തലയ്ക്കു പുറകില്‍

‍പകുത്ത നാളികേരത്തില്‍

‍തിരി തെളിയിച്ചു...

വരികളില്‍ കവിതയുടെ വിളക്ക് കത്തുന്നുണ്ട്.
നല്ല കവിത

വേണു venu said...

ഒന്നുരിയാടുവാനിട നല്‍കാ....
ചന്ദ്രകാന്തം, ഇഷ്ടപ്പെട്ടു. അരങ്ങൊഴിയണം എന്നറിഞ്ഞു കൊണ്ടു് തന്നെ ആട്ടവിളക്കിനു മുന്നില്‍‍...:)

ആവനാഴി said...

അവസാനകളിയാണിതെങ്കിലും തളരാതെ
ചടുലമാം ചുവടുവക്കൂ വിളക്കണയോളം!