Thursday, November 29, 2007

അസ്തമയം

മിഴിവാര്‍ന്ന ചിത്രങ്ങളത്രയും മിഴികള്‍ക്കു-
മതിവരാഞ്ഞുടയവന്‍ തേയ്ച്ചുമായ്ച്ചൂ...

തൂലിക നീട്ടിക്കുടഞ്ഞതില്‍ ശേഷിച്ച
മൂവന്തി വര്‍ണ്ണവും തൂത്തെറിഞ്ഞൂ...

പലവട്ടമാഞ്ഞിട്ടു,മോതുവാനാകാഞ്ഞ
പ്രണയ സന്ദേശമായ്‌ സന്ധ്യ മാഞ്ഞൂ..

ചന്തം മറഞ്ഞൂ; മറിഞ്ഞൂ കരിഞ്ചായ-
മാകെപ്പടര്‍ന്നതും നോക്കി നോക്കി

അലസമായാലസ്യ ലേശമന്യേ,യിന്നു-
മിതുവഴി,ക്കതിരോന്‍ കടന്നു പോയീ..

മേഘത്തിരശ്ശീല,യപ്പുറത്തുള്ളൊരാ-
ത്താരകക്കുഞ്ഞിന്‍ മുഖം മറയ്ക്കെ,

ഇഴ നേര്‍ത്ത വെണ്ണിലാച്ചേലയില്‍ രാവിന്റെ
മിഴിനീരു പോലിളം മഞ്ഞു വീണൂ...

ചിറകറ്റ ചിന്തകളിലിഴയുന്ന നോവിന്റെ
വിടരുന്ന ഫണമൊന്നുയര്‍ന്നു താണൂ..

മിന്നും പ്രതീക്ഷതന്‍ കണ്ണുകള്‍ മിന്നാ-
മിനുങ്ങിനെപ്പോലെപ്പറന്നകന്നൂ...

മറവിതന്‍ മാറാല മറയിലെന്നോര്‍മകള്‍
വീര്‍പ്പിടാനാകാതെ വീണുടഞ്ഞൂ..

മുടിയഴിച്ചാടുന്ന നിഴലുകള്‍ ജീവിത-
ച്ചുമരിന്‍ നിറച്ചാര്‍ത്തഴിച്ചെടുത്തൂ..

പുലരിയ്ക്കു ദീപം തെളിയ്ക്കുവാനുമ്മറ-
ത്തുരുകുന്ന കൈത്തിരി കാത്തു നിന്നൂ...

26 comments:

വല്യമ്മായി said...

നല്ല വരികള്‍.
മനോഹരമായ സന്ധ്യകളാണ് ജെബല്‍ അലിയില്‍ പൊതുവേ,പിങ്ക് കലര്‍ന്ന ഒരു നിറമാണ് ആനേരത്ത് മേഘങ്ങള്‍ക്ക്. ജോലി കഴിഞ്ഞ് വിട്ടില്‍ പോകുന്നത് കൊണ്ടാകാം സന്ധ്യകള്‍ ഉന്മേഷവും തരാറുണ്ട് പലപ്പോഴും :)

G.MANU said...

ഇഴ നേര്‍ത്ത വെണ്ണിലാച്ചേലയില്‍ രാവിന്റെ
മിഴിനീരു പോലിളം മഞ്ഞു വീണൂ...


haai.manOharam. eeNavum thaaLavum iNangunnath

Murali K Menon said...

ജീവിതപ്രതീക്ഷകളും, പ്രകൃതി സൌന്ദര്യവും ചാലിച്ച് എഴുതിയ ഈ മനോഹര കവിത എനിക്കൊരുപാടിഷ്ടമായി. അഭിനന്ദനങ്ങള്‍!!

അപ്പു ആദ്യാക്ഷരി said...

ചേച്ച്യേ.... അഭിനന്ദനങ്ങള്‍! കൊടുകൈ!
ഇതാണു കവിത. ഈണവും, താളവും, വൃത്തവുമുള്ള ഒറിജിനല്‍ മലയാള കവിത. കഴിവും വാസനയുമുള്ളവര്‍ക്ക് കവിതാരചന സുന്ദരമായി വഴങ്ങും എന്നതിന്റെ ഉത്തമോദാഹരണം. നന്നായിട്ടുണ്ട്.

ഓ.ടോ. ഇനി “ആധുനികന്‍” എഴുതേണ്ട ഈ ബ്ലോഗില്‍ കേട്ടോ.

സഹയാത്രികന്‍ said...

ചേച്ച്യേ..ഇഷ്ടായി...

ജീവിതത്തിന്റെ അവസന കാലഘട്ടങ്ങള്‍ ഞാനിതില്‍ കാണുന്നു...ചേച്ചി അത് തന്നെയാണോ ഉദ്ദേശ്ശിച്ചേ എന്നെനികറിയില്ല..

എന്തായാലും ഇഷ്‌ടായീ...
:)

പ്രയാസി said...

അസ്തമയം കണ്ട പോലെ നല്ല കവിത..

താരാപഥം said...

Good. നല്ല ആശയം.
"മിന്നും പ്രതീക്ഷതന്‍ കണ്ണുകള്‍ മിന്നാ-
മിനുങ്ങിനെപ്പോലെപ്പറന്നകന്നൂ..."


പ്രതീക്ഷ കൈവെടിയേണ്ട.
നമുക്ക്‌ കാത്തിരിക്കാം.

"പുലരിയ്ക്കു ദീപം തെളിയ്ക്കുവാനുമ്മറ-
ത്തുരുകുന്ന കൈത്തിരി"
..പോലെ.

ശ്രീ said...

നല്ല മനോഹരമായ വരികള്‍‌...

എല്ലാ വരികളും നല്ല താളത്തില്‍ തന്നെ... എല്ലാ വരിയുമിഷ്ടമായി...

“മുടിയഴിച്ചാടുന്ന നിഴലുകള്‍ ജീവിത-
ച്ചുമരിന്‍ നിറച്ചാര്‍ത്തഴിച്ചെടുത്തൂ..

പുലരിയ്ക്കു ദീപം തെളിയ്ക്കുവാനുമ്മറ-
ത്തുരുകുന്ന കൈത്തിരി കാത്തു നിന്നൂ...”

:)

മന്‍സുര്‍ said...

ചന്ത്രകാന്തം

നന്നായിരിക്കുന്നു

നന്‍മകള്‍ നേരുന്നു

ഉപാസന || Upasana said...

മറവിതന്‍ മാറാല മറയിലെന്നോര്‍മകള്‍
വീര്‍പ്പിടാനാകാതെ വീണുടഞ്ഞൂ..

Good Poem Madam
:)
ഉപാസന

സണ്ണിക്കുട്ടന്‍ /Sunnikuttan said...

ചന്ദ്രകാന്തം, കാവ്യാത്മകമായി ഒരു കമന്റ് തരാനറിയില്ല. എന്നിരുന്നാലും പലപ്രാവശ്യം വായിച്ച് കവിത മനസ്സിലാക്കി. കൊള്ളാം നന്നായിട്ടുണ്ട്

ചീര I Cheera said...

മനോഹരം
വായിയ്ക്കാന്‍, ചൊല്ലാന്‍ നല്ല സുഖം, നല്ല ഒഴുക്ക്..

Unknown said...

അതിമനോഹരം....

lost world said...

വരികള്‍ക്ക് നല്ല ഈണമുണ്ട്.

മയൂര said...

കവിത എനിക്കൊരുപാടിഷ്ടമായി...:)

ദിലീപ് വിശ്വനാഥ് said...

മനോഹരമായ വരികള്‍.

ഏ.ആര്‍. നജീം said...

മിഴിവാര്‍ന്ന ചിത്രങ്ങളത്രയും മിഴികള്‍ക്കു-
മതിവരാഞ്ഞുടയവന്‍ തേയ്ച്ചുമായ്ച്ചൂ...

തൂലിക നീട്ടിക്കുടഞ്ഞതില്‍ ശേഷിച്ച
മൂവന്തി വര്‍ണ്ണവും തൂത്തെറിഞ്ഞൂ...

ഇത് ഉടയോന്‍ (ദൈവം )ചെയ്തു എന്നാണോ ഉദ്ദേശിച്ചത്..?


കവിത നന്നായിട്ടോ

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എത്ര മനോഹരമായ വരികള്‍!!!

ഹരിശ്രീ said...

മറവിതന്‍ മാറാല മറയിലെന്നോര്‍മകള്‍
വീര്‍പ്പിടാനാകാതെ വീണുടഞ്ഞൂ..
മനോഹരമായ വരികള്‍

മുസ്തഫ|musthapha said...

“തൂലിക നീട്ടിക്കുടഞ്ഞതില്‍ ശേഷിച്ച
മൂവന്തി വര്‍ണ്ണവും തൂത്തെറിഞ്ഞൂ...“

മനോഹരമായിരിക്കുന്നു കവിത...
വളരെ നന്നായിട്ടുണ്ട് - അഭിനന്ദനങ്ങള്‍!

സുല്‍ |Sul said...

ഈണവും താളവും ചന്തത്തിലടുക്കിയ
ഈ ഈരടികളേറെ മനോഹരികള്‍...

വര്‍ണ്ണചിത്രങ്ങള്‍ വരയും നിന്‍ തൂലികയില്‍
നിര്‍ത്താതെ നിലക്കാതെ പിറക്കട്ടെ വരികള്‍...

-സുല്‍

[ nardnahc hsemus ] said...

മനോഹരം!

Mahesh Cheruthana/മഹി said...

ചന്ദ്രകാന്തം,
മനോഹരമായ വരികള്‍!
വളരെ ഇഷ്‌ടായീ!
അഭിനന്ദനങ്ങള്‍!

sUnIL said...
This comment has been removed by the author.
sUnIL said...
This comment has been removed by the author.
sUnIL said...

മനോഹരം! ഒരു ചെറിയഭാഗം ചിത്രത്തോടൊപ്പം ചേര്‍ക്കുന്നു.