Wednesday, December 12, 2007

അക്ഷരങ്ങള്‍

അക്ഷരങ്ങള്‍ ഉറുമ്പുകളെപ്പോലെയാണ്‌...
ഏതെങ്കിലും അര്‍ത്ഥങ്ങളില്‍
കൂടുവയ്ക്കാന്‍
ഒതുക്കുകള്‍ കയറിയിറങ്ങും...

ചിലനേരങ്ങളില്‍
ചിന്തകളില്‍
പഞ്ചസാരത്തരി ഇട്ടുവയ്ക്കും...

താങ്ങാനാകാത്ത
ഭാരം പൊക്കിയെടുത്ത്‌
മല കയറി വരും...

അതുള്‍ക്കൊള്ളാനാവാതെ
തലച്ചോറിലെ ചുളിവുകള്‍
ഞെരിപിരി കൊള്ളും...

കട്ടുറുമ്പുകള്‍
കടിച്ചു വേദനിപ്പിയ്ക്കും...
വിഷം കുത്തിവച്ച്‌
ആനന്ദിയ്ക്കും...
ഓര്‍മകളെ വലിച്ചിഴച്ച്‌
കണ്മുന്നിലിട്ട്‌
തോടു മാത്രമാക്കും...

ചുറ്റുമിരുന്ന്‌
തേന്‍തുള്ളി നുകര്‍ന്ന്‌,
കൊച്ചുവര്‍ത്തമാനം പറയുന്ന
കരിയുറുമ്പുകളെ
കണ്ടിട്ട്‌ ഏറെ നാളായി..

സ്നേഹം പകര്‍ന്നെഴുതാന്‍
അക്ഷരങ്ങള്‍ പിറക്കാതായോ ?

18 comments:

ദിലീപ് വിശ്വനാഥ് said...

വളരെ നല്ല വരികള്‍.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അക്ഷരങ്ങളെ വിവരിച്ചത് മനോഹരമായി...

അക്ഷരങ്ങളും സ്നേഹത്തെ സൃഷ്ടിക്കും...

അഭിനന്ദനങ്ങള്‍

മയൂര said...

അക്ഷരങ്ങളെ മനോഹരമായി ഉറുമ്പുകളാക്കിയിരിക്കുന്നു...:)

ശ്രീ said...

ചേച്ചീ...
വളരെ നല്ല ആശയം... അക്ഷരങ്ങള്‍‌ ഉറുമ്പുകളേപ്പോലെ...

നന്നായിരിക്കുന്നു.

:)

ഏ.ആര്‍. നജീം said...

അക്ഷരങ്ങള്‍, സ്‌നേഹിച്ചാല്‍ എന്നും നമ്മോടോട്ടി നില്‍ക്കുന്ന , നന്മയിലേയ്ക്ക് നയിക്കുന്ന ഒരു നല്ല ഉപദേശകന്‍, സുഹൃത്ത്, കാമുകി...അങ്ങിനെ അങ്ങിനെ...

അതേ അക്ഷരത്തെ നന്നായി കവിതയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു,
അഭിനന്ദനങ്ങള്‍

അപ്പു ആദ്യാക്ഷരി said...

കടിക്കാത്ത കരിയുറുമ്പുകള്‍ ഒരുപാടുണ്ടല്ലോ നമ്മുടെ ചുറ്റും. പാവങ്ങള്‍!

നല്ല ആശയം, നല്ല അവതരണം.

ഓ.ടോ. അത്രയ്ക്കങ്ങ് ശരിയായില്ല ചേച്യേ.

സുല്‍ |Sul said...

ചന്ദ്രേ
കരിയുറുമ്പുകളേ കാണാത്തത്
ഫോണ്ട് കളര്‍ നീലയായത് കൊണ്ടായിരിക്കും.
ഇവിടെ നല്ല ജീവനുള്ള
പഞ്ചാര തൂവുന്ന, ഭാരം വഹിക്കുന്ന
നീല്‍ ഉറുമ്പുകളെ കണ്ടു.

“അക്ഷരങ്ങള്‍ ഉറുമ്പുകളെപ്പോലെയാണ്‌“ ഇത് പണ്ട് ടാര്‍സന്‍ പറഞ്ഞതാ :)

-സുല്‍

സണ്ണിക്കുട്ടന്‍ /Sunnikuttan said...

അക്ഷരങ്ങള്‍ അളിയന്മാരെ പോലെയാണന്ന് ആരോ പറഞ്ഞത് ഓര്‍ത്ത് പോയി.

ചന്ദ്രകാന്തം, കൊള്ളാം ട്ടോ. നല്ല ചിന്ത.

G.MANU said...

താങ്ങാനാകാത്ത
ഭാരം പൊക്കിയെടുത്ത്‌
മല കയറി വരും...


nalla kavitha mashey

ഉപാസന || Upasana said...

എന്നേം ഉറുമ്പു കടിച്ചു.
നല്ല വരികള്‍ അക്കാ
:)
ഉപാസന

സു | Su said...

സ്നേഹവും തൂക്കിയെടുത്ത് വരുമ്പോള്‍, എന്തെങ്കിലും തടസ്സം ഉണ്ടായിക്കാണും. വരി മുറിഞ്ഞുപോകുന്ന, എങ്ങോട്ട് പോകുമെന്നറിയാതെ വിഷമിക്കുന്ന ഉറുമ്പുകളെപ്പോലെ, ചിലപ്പോള്‍ അക്ഷരങ്ങളും.

ചീര I Cheera said...

ഇഷ്ടമായി..

മുസ്തഫ|musthapha said...

അക്ഷരങ്ങളെകുറിച്ചുള്ള ഈ കവിത മനോഹരമായിരിക്കുന്നു... ഇഷ്ടമായി!

ഉറുമ്പേളെപ്പോലെ ആയതോണ്ടാണല്ലേ ചില അക്ഷരങ്ങളൊക്കെ വായിക്കുമ്പോ ചൊറിച്ചില്‍ വരുന്നത് :)

Unknown said...

ചുറ്റുമിരുന്നു തേന്‍ തുള്ളിനുകര്‍ന്നു
കൊച്ചുവര്‍ത്തമാനം പറയുന്ന കരിയുറുമ്പുകളെ
കണ്ടിട്ട് ഏറെ നാളായി..:-)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

നല്ല ഭാവന.

പ്രയാസി said...

“അതുള്‍ക്കൊള്ളാനാവാതെ
തലച്ചോറിലെ ചുളിവുകള്‍
ഞെരിപിരി കൊള്ളും...“

ചില ബ്ലോഗുകളില്‍ ചെല്ലുമ്പോള്‍ ഈ അനുഭവം ഉണ്ടാകാറുണ്ട്..

നന്നായി..മാഡം..:)

ചന്ദ്രകാന്തം said...

ഈ അക്ഷരക്കൂട്ടങ്ങളെ വായിച്ച എല്ലാ നല്ല മനസ്സുകള്‍ക്കും....
എന്റെ സന്തോഷം അറിയിയ്ക്കുന്നു.

-ചന്ദ്രകാന്തം.

ഗീത said...

ഈ കവിതയില്‍ എല്ലാത്തരം അക്ഷര ഉറുമ്പുകളും ഉണ്ടല്ലോ....