Tuesday, February 26, 2008

പീലിചാര്‍ത്തും പുഞ്ചിരി.




കുഴലൂതും പ്രതിമകള്‍ക്കിടയില്‍,
പൊഴിയും പകലുപോലെ
തളര്‍ന്ന ശബ്ദം.

"പത്തു രൂപയ്ക്കൊരു കൃഷ്ണന്‍.."

ഒട്ടുന്ന വ്രണങ്ങള്‍
കൂടുകെട്ടിയ മുഖം,
ഉരുകുന്ന വെണ്ണനിറമുള്ള
ദാവണിത്തുമ്പാല്‍ മറച്ച്‌,
പ്രതീക്ഷാദീപം കണ്ണിലേന്തും പെണ്‍കുട്ടി.

ചാണകം അടര്‍ന്ന കോലായില്‍
കരിന്തിരി കത്തും വിളക്കും വയറും,
വായു കുറുകി വലിയ്ക്കും നെഞ്ചും
കൃഷ്ണപാദത്തില്‍ അര്‍പ്പിച്ചവള്‍ക്ക്‌,
വാടിയ സ്വപ്നത്തിന്‍
നിര്‍മ്മാല്യമല്ലാതെ
ശേഷിപ്പുകളില്ലെങ്കിലും...

വെയില്‍ പിന്‍വാങ്ങുന്ന വഴികളില്‍
ചുണ്ടില്‍ വാള്‍ത്തല തിളക്കും
കശാപ്പുകാരുടെ
ചോര മണക്കുന്ന
പങ്കു വയ്പ്പുകളില്‍ നിന്ന്‌...

നിശ്ശബ്ദയാക്കപ്പെടുന്ന ഇരയുടെ
കണ്ണു തുളച്ച്‌ തോരണം തൂക്കും
പത്രത്താളുകളുടെ
ആഘോഷങ്ങളില്‍ നിന്ന്‌...

വിണ്ടുകീറിയ ജീവിതം
മുഖത്തെഴുതി,
വിരൂപമാം കോലം ചാര്‍ത്തി,
നിന്റെ പാല്‍ക്കുടം
കാക്കുന്നുവല്ലോ.. കണ്ണന്‍.

*********************************
കൃഷ്ണനെവില്‍ക്കും കരിമഷിക്കോലങ്ങള്‍ എന്ന വരിയിലൂടെ, ഇങ്ങനെയൊരു മുഖത്തിന്റെ പ്രതിഫലനം പകര്‍ത്താന്‍ പ്രചോദനമേകിയ ശ്രീ. മനുവിനോടുള്ള കടപ്പാട്‌, വാക്കുകളിലൊതുക്കാന്‍ ശ്രമിയ്ക്കാതെ, സ്നേഹപൂര്‍‌വ്വം ബാക്കി വയ്ക്കുന്നു...

22 comments:

ശ്രീ said...

ചേച്ചീ... കുറച്ചു വാക്കുകളില്‍ കുറേ കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചു. ബസ്സ് സ്റ്റാന്‍ഡുകളിലും വഴിയോരങ്ങലിലും നിത്യവും കാണുന്ന പ്രതീക്ഷ നിറഞ്ഞ നോട്ടങ്ങളും കുഞ്ഞിക്കയ്യില്‍ നിറയെ വില്പന വസ്തുക്കളുമായി നിത്യേന എത്ര കുട്ടികള്‍...
നന്നായി, ഈ പോസ്റ്റ്.
:)

G.MANU said...

ഈശ്വരാ..ഒരു സ്പാര്‍ക്കിനെ വേദനയുടെ വെടിക്കെട്ടാക്കി മാറ്റിയല്ലോ പെങ്ങളേ..

മായാത്ത ചിത്രം മനസില്‍..

:) അതോ :( എന്താ ഇടേണ്ടേ..

ഉപാസന || Upasana said...

Good Lines chEchchi...
Liked Much
:-)
upaasana

പരിത്രാണം said...

നിശ്ശബ്ദയാക്കപ്പെടുന്ന ഇരയുടെ
കണ്ണു തുളച്ച്‌ തോരണം തൂക്കും
പത്രത്താളുകളുടെ
ആഘോഷങ്ങളില്‍ നിന്ന്‌...

:(

അപ്പു ആദ്യാക്ഷരി said...

ഒട്ടുന്ന വ്രണങ്ങള്‍
കൂടുകെട്ടിയ മുഖം,
ഉരുകുന്ന വെണ്ണനിറമുള്ള
ദാവണിത്തുമ്പാല്‍ മറച്ച്‌,
പ്രതീക്ഷാദീപം കണ്ണിലേന്തും പെണ്‍കുട്ടി...

കുറഞ്ഞവാക്കുകളില്‍ നന്നായി വരച്ചിട്ടിരിക്കുന്നു ആ ദയനീയ മുഖങ്ങളെ. കവിതയോടൊപ്പം ഉള്ള ചിത്രം ആരും ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു. കവയത്രിതന്നെ വരച്ചതാ‍ണത്, അല്ലേ? അഭിനന്ദനങ്ങള്‍!

മുസ്തഫ|musthapha said...

നന്നായിരിക്കുന്നു...

പെണ്‍കുട്ടിയുടെ ചിത്രം ശരിക്കും പകര്‍ത്തി തരുന്ന വരികള്‍!

കാവലാന്‍ said...

"വിണ്ടുകീറിയ ജീവിതം
മുഖത്തെഴുതി,
വിരൂപമാം കോലം ചാര്‍ത്തി,
നിന്റെ പാല്‍ക്കുടം
കാക്കുന്നുവല്ലോ.. കണ്ണന്‍."

ങാനം കണക്കെയുടനഞ്ചക്ഷരങ്ങളുടെ-
യൂനം വരുത്തിയൊരു നക്തഞ്ചരിയ്ക്കു ബത,
കൂനോരു ദാസിയെ മനോജ്ഞാംഗിയാക്കിയതു-
മൊന്നല്ലെയാളു ഹരി നാരായണായ നമഃ....
(ഹരി നാമ കീര്‍ത്തനം)

ശ്രീ said...

അപ്പുവേട്ടന്റെ കമന്റ് കണ്ടപ്പോഴാ ശ്രദ്ധിച്ചത്... ആ ചിത്രം പരാമര്‍ശിയ്ക്കപ്പെടേണ്ടത് തന്നെ. നന്നായി ചേച്ചീ... കവിതയ്ക്കു വളരെ യോജിച്ചതു തന്നെ.
:)

Sharu (Ansha Muneer) said...

വളരെ നല്ല വരികള്‍...ഹൃദയസ്പര്‍ശിയായ കവിത.... ഒരുപാട് ഇഷ്ടമായി

ഫസല്‍ ബിനാലി.. said...

കമ്മല്‍ദ്വാരം അടഞ്ഞ കാതില്‍ തലോടി
വരണ്ട കണ്ണുള്ള കീറിയപ്പാവടക്കാരി..

കവിത നന്നായിരുന്നു ചേച്ചീ

Kaithamullu said...

ഈ കൃഷ്ണന്റെ ഒരു കാര്യം!
(അവസാന വരികള്‍...)

വരയും വരച്ചതും നന്നായി, ചന്ദ്രേ!

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

വരിയും, വരയും നന്നായി.

ചിത്രത്തിന്റെ ബോര്‍ഡര്‍ മാറ്റിയാല്‍ കുറേക്കൂടി നന്നാകുമായിരുന്നു.അതിനെന്തോ കുന്ത്രാണ്ടം ചെയ്താല്‍ മതിയെന്ന് എവിടെയോ വായിച്ചു, ഓര്‍മ്മയില്ല.

ഗിരീഷ്‌ എ എസ്‌ said...

ചന്ദ്രേ...
നിന്റെ വരികളില്‍ നിന്ന്‌ തെരുവോരത്തെ ദയനീയമുഖങ്ങള്‍ എന്റെയാത്മാവിലേക്ക്‌ കത്തിപടരുന്നു...
ഉള്ളരുക്കങ്ങളില്‍ നിന്നെല്ലാം ഒളിച്ചോടാന്‍ ശ്രമിക്കുന്ന കണ്ണുകള്‍ ഒടുവില്‍ കാഴ്ചയുടെ ധാരാളിത്തത്തിന്‌ മുന്നില്‍ തോറ്റടിയേണ്ടി വരുമ്പോള്‍ ആര്‍ദ്രമാവുന്ന മിഴികളാണെന്റേത്‌...

ചന്ദ്രയുടെ ഓരോ കവിതകളും ആഴത്തില്‍ സംവദിക്കുകയാണ്‌..ആയിരം അമര്‍ഷങ്ങള്‍ നെഞ്ചിലേറ്റുന്ന ഒരാളുടെ തൂലികതുമ്പിലെ കനല്‍ എങ്ങനെ കാണാതിരിക്കാനാവും കൂട്ടുകാരി...

എന്നും നന്മകള്‍ നേര്‍ന്നുകൊണ്ട്‌

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വേദനയുള്ളൊരു കവിത...

മഴത്തുള്ളി said...

ചന്ദ്രകാന്തം,

ഈ ഭൂമിയില്‍ ജനിച്ച് വഴിയോരങ്ങളില്‍ ജീവിച്ച് അവിടെത്തന്നെ ജീവിതം അവസാനിപ്പിക്കുന്ന ഇത്തരം പാവപ്പെട്ട ജന്മങ്ങളെപ്പറ്റി ആരാണ് ഓര്‍ക്കുന്നത്. ചൂടും തണുപ്പും സഹിച്ചുകഴിയുന്ന ഉറ്റവരും ഉടയവരുമില്ലാത്തവര്‍ :(

ഒരിക്കല്‍ ഞാന്‍ ജ്യൂസ് കുടിച്ചുനില്‍ക്കുമ്പോള്‍ വരണ്ടുണങ്ങിയ ചുണ്ടുകളുമായി 2 കൊച്ചുകുട്ടികള്‍ മുഖത്തേക്ക് നോക്കി നില്‍ക്കുന്നു. മറ്റൊരെണ്ണം വാങ്ങി 2 ഗ്ലാസ്സിലൊഴിച്ച് അവര്‍ക്ക് നല്‍കിയപ്പോള്‍ അവരുടെ മുഖം തെളിഞ്ഞതോര്‍മ്മ വരുന്നു.

ഈ കവിത മനു പറഞ്ഞതുപോലെ വേദനയുടെ വെടിക്കെട്ടുതന്നെയാക്കി മാറ്റിയിരിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു ചന്ദ്രകാന്തം. അഭിനന്ദനങ്ങള്‍.

ശെഫി said...

വാങ്മയ ചിത്രം

Unknown said...

ചന്ദ്രേ.കണ്ണും, മനസ്സും നിറഞ്ഞു..
ഓരോ വാക്കിലും ഓരോ കടല്‍ നിറക്കാനുള്ള ചന്ദ്രയുടെ കഴിവ് ഈ കവിതയിലും വ്യക്തമാണ്..അക്ഷരങ്ങളെ കൊരുത്തെടുക്കുന്ന ആ ജാലവിദ്യ..
ആ ചിത്രവും അതിമനോഹരം!പ്രത്യേകിച്ചും ആ കണ്ണൂകള്‍..
(ബ്ലോഗ് വായിക്കുന്ന സ്വഭാവമില്ലാത്ത ആളാണ് എന്റെ ഭര്‍ത്താവ്..
ഒരുപാട് പുസ്തകങ്ങള്‍ വായിക്കുന്ന കൂട്ടത്തിലും..
എന്റെ പോസ്റ്റ് തന്നെ നിരാഹാരം നടത്തിയിട്ടാണ് വായിപ്പിക്കാറ് :(
എന്നാല്‍ ചന്ദ്രയുടെ പോസ്റ്റ് ഉണ്ടെന്നു പറഞ്ഞാല്‍ താല്പര്യത്തോടെ വന്നിരുന്നു വായിക്കുന്ന കാണാം.“ഇതാണ് എഴുത്ത്” എന്നു പറയും)

സുല്‍ |Sul said...

നന്നായിരിക്കുന്നീ തീക്ഷ്ണമായ വരികള്‍.

ഈ കണ്ണന്റേ ഓരോ ഏര്‍പ്പാടുകളേയ്...

-സുല്‍

മുസാഫിര്‍ said...

ഗോപികമാരുടെ നെഞ്ചിനുള്ളില്‍ നഖക്ഷതങ്ങള്‍ അവശേഷിപ്പിച്ച് മറഞ്ഞു പോ‍കുന്ന കണ്ണന്റെ വ്യത്യസ്തമായ ഒരു മുഖം.

-വിണ്ടുകീറിയ ജീവിതം
മുഖത്തെഴുതി,
വിരൂപമാം കോലം ചാര്‍ത്തി,
നിന്റെ പാല്‍ക്കുടം
കാക്കുന്നുവല്ലോ.. കണ്ണന്‍.

ഇഷ്ടമായി കണ്ണന്റെ വെണ്ണയുടെ മണമുള്ള ഈ കവിത.

ഹരിശ്രീ said...

ചേച്ചീ,

വരികളിലൂടെ ചിത്രം മനോഹരമായി വരച്ചു കാട്ടിയിരിയ്കുന്നു....

:)

ഹരിയണ്ണന്‍@Hariyannan said...

വെണ്ണിലാവിറ്റുവീഴുന്നൊരാക്കൂരതന്‍
തിണ്ണമേലുണ്ണാതുറങ്ങാതിരുന്നവള്‍
കണ്ണനെത്തന്നെനിനച്ചിരുക്കുമ്പൊഴും
കണ്ണുനീരറ്റുപോകുന്നതില്ലൊട്ടുമേ!!

...
ആ പെണ്‍കുട്ടിയുടെ ചിത്രം ചന്ദ്ര ശരിക്കും വരച്ചിട്ടപ്പോള്‍ അറിയാതെ മനസ്സില്‍ തോന്നിയ നാലുവരി ഞാനും ഇവിടെക്കുറിക്കുന്നു...
വഴിയോരങ്ങളില്‍ കണ്ടുകടന്നുപോകുമ്പൊഴും മനസ്സിലെവിടെയോ ഒരു ചോദ്യചിഹ്നം വലിച്ചെറിഞ്ഞ് നമ്മളെ മുറിവേല്‍പ്പിക്കുന്നവരെക്കുറിച്ച്...

മയൂര said...

ഹൃദയസ്പര്‍ശിയായ കവിത, ചിത്രവും മനോഹരം :)




ഓ.ടോ.
ഹരിയണ്ണാ..അടുത്ത പോസ്റ്റിന്റെ വരികള്‍ കാണുന്നൂ :)