ചേറണിക്കൈകള്‍ വിതച്ച പുളകങ്ങള്‍
വാരിപ്പുതച്ചു മുള നീട്ടി കുതുകങ്ങള്‍..
തൊട്ടുതൊട്ടില്ലെന്നു പച്ചപ്പരപ്പില്‍
ഞൊറിയിട്ടു കുളിരാര്‍ന്ന കാറ്റിന് കരങ്ങള്‍..
പുലരി മുകുളങ്ങള്‍ വിടര്‍ത്തി ദിവസങ്ങള്‍
സാന്ധ്യസിന്ദൂരം പടര്‍ത്തി കുസുമങ്ങള്‍...
കിന്നരിക്കസവിന്‍ പരാഗം മറഞ്ഞെന്റെ-
നെഞ്ചിലെത്താളത്തിലാടുന്നു മണികള്‍..
നെന്മണിക്കതിരിന്നു പൊന്നാട ചാര്‍ത്തീ-
മാനത്തുണര്‍ന്ന പൊന്‍കതിരിന്റെ കൈകള്‍
കൊയ്തെടുത്തില്ലം നിറയ്ക്കും കളങ്ങളില്‍
കണ്ണുചിമ്മാത്തവര്‍ മണ്ണിന്റെ മക്കള്‍..
ആര്‍ത്തലയ്ക്കും മഴക്കോളിന്നിരമ്പം
ചിതറുന്ന ചിന്തയില്‍ തീമാരി വീഴ്ത്തീ..
വഴിവിട്ടു മേയുന്ന കെടുതികള്‍ വീണ്ടുമീ
കുരുതിക്കളത്തില്‍ മുഖക്കോപ്പു കെട്ടീ..
പ്രളയമായ് വേനലില്‍ വന്നു വിളവെല്ലാം
കാര്‍ന്നെടുത്തുണ്ടു കാര്‍മേഘക്കിരാതന്‍..
അലയടിച്ചെത്തുന്നു തേങ്ങലെന്‍ കാതില്‍
പിടയുന്നു പട്ടിണിക്കയറില്‍ കിടാങ്ങള്‍..
ജീവിതപ്പെരുവഴിയിലഴലിന്നിരുട്ടില്‍-
കടമായി മാറുന്നു കണ്ണീരു കൂടി
വാതില്ക്കലെത്തി കണി വയ്ക്കുന്ന കൊന്നയ്ക്കു-
കൈനീട്ടമൊന്നെന്റെയാത്മാവു മാത്രം..
24 comments:
ആരൊക്കെയോ ചവിട്ടിമെതിച്ച പാടം.
പെരുമഴയും, നഷ്ടങ്ങളും, യന്ത്രവും, രാഷ്ട്രീയവും.....
തിന്നാനുള്ള അരിയ്ക്ക് പൊന്നുവിലകൊടുത്താലും കിട്ടാത്ത ഒരു കാലം വരും. അന്ന് എലലരും പഠിച്ചോളും
അലയടിച്ചെത്തുന്നു തേങ്ങലെന്‍ കാതില്‍
പിടയുന്നു പട്ടിണിക്കയറില്‍ കിടാങ്ങള്‍..
തേങ്ങ എന്റെ വക
കാലിക പ്രസക്തി ഉള്ള മനോഹര കവിത പെങ്ങളേ
മനുഷ്യന്റെ കൈകള്‍ മെതിയന്ത്രവേഗം
തടുക്കുന്ന കൈകള്‍ കൊടും പട്ടിണിക്കിന്ന്
കൊടിയേന്തിയന്തിക്കുറയുന്ന കൈകള്‍
(ചുള്ളിക്കാടന്‍ വരികള്‍ക്ക് ഒരു ടിപ്പണി)
"വാതില്ക്കലെത്തി കണി വയ്ക്കുന്ന കൊന്നയ്ക്കു-
കൈനീട്ടമൊന്നെന്റെയാത്മാവു മാത്രം.."
കൊന്നപ്പൂപോലും ചിരിക്കാന്‍ മറക്കുന്നു , മാനം പൊട്ടിക്കരയുന്നു ,എന്താണടുത്തത്, എങ്ങോട്ടാ ഈ യാത്ര?
പരസ്പരം ചോദിക്കാം ല്ലേ?
“വാതില്ക്കലെത്തി കണി വയ്ക്കുന്ന കൊന്നയ്ക്കു-
കൈനീട്ടമൊന്നെന്റെയാത്മാവു മാത്രം..“
ചന്ദ്രകാന്തം, വളരെ ശരിയാണ്. അപ്പു പറഞ്ഞത് വളരെ സത്യം. കഴിഞ്ഞ ദിവസം അരിവില കേട്ടു ഞെട്ടി. അപ്പോള്‍ കടക്കാരന് പറയുന്നു “ഞെട്ടേണ്ട, വടിവെട്ടാന്‍ പോയിട്ടേയുള്ളൂ എന്ന്”
എന്തായാലും നാട്ടിലെ പാടങ്ങളെല്ലാം വാഴ, കപ്പ, കമുക്, തെങ്ങ് മുതലായ കൃഷികള്‍ക്ക് വഴിമാറിക്കൊടുക്കുന്നത് പലയിടത്തും കാണാം. അവയും പരാജയമാവുന്ന അവസ്ഥയും.
ചന്ദ്രകാന്തത്തിന്റെ ഈ കവിത ഇങ്ങനെ പല ചിന്തകളും മനസ്സിലേക്കോടിയെത്താന്‍ സഹായിച്ചു. അതോടൊപ്പം പഴയ പാടശേഖരങ്ങളും, കൃഷിയും, കൊയ്ത്തും, മെതിയും ആഘോഷങ്ങളുമെല്ലാം ഓര്‍ക്കാനും ഇന്നവയെല്ലാം ഓര്‍മ്മകള്‍ മാത്രം ആവുന്നതിനാലുള്ള ദുഖവും :(
എന്തായാലും കവിത വളരെ നന്നായിരിക്കുന്നു. :-)
നല്ലവരികള്‍. ആരെങ്കിലും പാടി പോസ്റ്റ് ചെയ്തിരുന്നെങ്കില്‍...
'വാതില്ക്കലെത്തി കണി വയ്ക്കുന്ന കൊന്നയ്ക്കു-
കൈനീട്ടമൊന്നെന്റെയാത്മാവു മാത്രം..'
ലോകത്താകമാനം ആയിരക്കണക്കിനു ആത്മാക്കള്‍ ചവിട്ടിമെതിക്കപ്പെടുന്ന അവസരത്തില്‍ ഈവരികള് ചൂണ്ടുപലകയാകുന്നു..
മണ്ണും,പാടവും,കൃഷിയും,കര്‍ഷകനും എല്ലാവരും എന്നാണ് ആ പഴയ പ്രതാപം വീണ്ടെടുക്കുക !
“ജീവിതപ്പെരുവഴിയിലഴലിന്നിരുട്ടില്‍-
കടമായി മാറുന്നു കണ്ണീരു കൂടി
വാതില്ക്കലെത്തി കണി വയ്ക്കുന്ന കൊന്നയ്ക്കു-
കൈനീട്ടമൊന്നെന്റെയാത്മാവു മാത്രം...”
നല്ല വരികള്‍, ചേച്ചീ.
കൊച്ചു കുട്ടികള്‍ പിച്ച നടക്കുന്നത് നോക്കിനില്ക്കുന്ന കൌതുകത്തോടെ വായിച്ചു തുടങ്ങിയിട്ട് അവസാനമെത്തിയപ്പോള്‍ വിഷമിപ്പിച്ച് കളഞ്ഞല്ലോ , ചന്ദ്രകാന്തം.
പുലരി മുകുളങ്ങള്‍ വിടര്‍ത്തി ദിവസങ്ങള്‍
സാന്ധ്യസിന്ദൂരം പടര്‍ത്തി കുസുമങ്ങള്‍...
കിന്നരിക്കസവിന്‍ പരാഗം മറഞ്ഞെന്റെ-
നെഞ്ചിലെത്താളത്തിലാടുന്നു മണികള്‍..
എന്തായാലും നല്ല വരികള്‍ ചേച്ചീ,
ആശംസകള്‍
:)
ചന്ദ്രേ,
അവസാന വരികള്‍ ഹൃദയത്തില്‍ തട്ടി.
(പാടവും നെല്ലും, കൊയ്ത്തും കൊയ്ത്ത് പാട്ടും, മെതിക്കളവും പൊലിയളക്കലുമൊക്കെ മനസ്സിലുള്ള ഒരാളുടെ മാത്രം ചിന്തയില്‍ തെളിയുന്ന വരികള്‍)
നന്നായിരിക്കുന്നു ഈ കവിത
എനിക്ക് മനസ്സിലാവുന്ന കവിതകള്‍ വളരെകുറച്ചേ കാണാറുള്ളൂ.
വിളവെടുക്കാറാവുന്നതിനുമുന്പ് ആരോടോ വാശിതീര്ക്കാനെന്നത് പോലെ പെയ്തിറങ്ങി വിളവെല്ലാം നശിപ്പിച്ച് മണ്ണിന്റെ മക്കളെ ഒരു ചാണ് വയറ് നിറക്കാന്‍ ഗതിയില്ലാതാക്കി ഒരു മുഴം കയറില്‍ ജീവിതം അവസാനിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രകൃതിയോടോ,അതോ അവരെ ബലിയാടാക്കുന്നം, മുതലെടുപ്പു നടത്തുനന് രാഷ്ട്രീയ കോമരങ്ങളേയോ, ആരെ പഴിക്കണം എന്നറിയാത്ത അവസ്ഥ.... (ചുമ്മാ പറഞ്ഞതാട്ടാ)
വാതില്ക്കലെത്തി കണി വയ്ക്കുന്ന കൊന്നയ്ക്കു-
കൈനീട്ടമൊന്നെന്റെയാത്മാവു മാത്രം..
!!!
“കേരളമെന്ന പേര് കേട്ടാലഭിമാന പൂരിതമാകണം അന്തരംഗം” എന്നു പാടിയ കവി ,( വിതക്കാതെ കൊയ്യാതെ ഒരു അദ്ധ്വാനവും ഇല്ലാതെ കിട്ടിയിരുന്ന കൊന്നപ്പൂക്കള്‍ പോലും വിലക്കു വാങ്ങുന്നതു കാണുമ്പോള്‍)ആ കവിത തിരുത്തിയെഴുതാനായി വീണ്ടും ജനിക്കും. ഇനി എന്നാണാവോ ആ ആത്മാവും പോയികിട്ടുക..
കവിത സുന്ദരം, ഉള്ളടക്കം സങ്കടകരം
നല്ല കവിത.
ഇത് ഇപ്പോള്‍ തന്നെ പോസ്റ്റണമായിരുന്നു.സമയോചിതം!
So nice poem....
ചന്ദ്രേ
ഈ വരികളും
ഇഷ്ടങ്ങളുടെ പട്ടികയിലേക്ക്....
ആശംസകള്‍
കവിത കൊള്ളാം, ലളിതം.
ഈ,വേനല്‍ കൊടുംമഴ,
കനിവുള്ളൊരമ്മയുടെ കയ്യോണ്ട് ഒരീര്ക്കില്പ്പെട.
കുറച്ചുനേരത്തേയ്ക്കൊരു നീറ്റല്‍,തെറ്റു ചെയ്തോ എന്നു ചിന്തിക്കാന്‍ മലയാളിക്കൊരവസരം.
തെലുങ്കന്റെനെല്ല്,അണ്ണന്റെ ചിക്കനും പാലും പഴങ്ങളും,പ്രവാസീടെ കാശും കുറച്ചു റബറുമുണ്ടായാല് പിന്നെ എന്നും ഓണമുണ്ടും,വെട്ടിയും കൊന്നും, സീരിയല്ക്കണ്ണീര് പൊഴിച്ചും കഴിയാമെന്നു കരുതുന്ന മലയാളിക്ക് ഒരവസരം.
എന്നേ കയറിപ്പോന്ന പാടത്തേയ്ക്കൊന്നു തിരിഞ്ഞു നോക്കാന്‍.
കവിത ഒരുപാട് പറയുന്നുണ്ട്.. വേനലില്‍ പൊള്ളുന്ന ചൂടിനെക്കുറിച്ചും, മഴവന്നാല്‍ ചളി നിറയുന്ന റോഡുകളെക്കുറിച്ചും മാത്രം പറഞ്ഞു നടക്കുന്ന ആളുകള്‍ക്കിടയില്‍ വേനല്‍മഴ കണ്ണീര് മാത്രം സമ്മാനിച്ച് പെയ്ത് പോകുമ്പോള്‍..
മഴക്കെടുതികളെക്കുറിച്ചുള്ള വാര്‍ത്തകളോ, ടിവി റിപ്പോര്‍ട്ടുകളോ, കേന്ദ്രസംഘം വാഗ്ദാനം ചെയ്യുന്ന കോടികളെക്കുറിച്ചുള്ള വാര്‍ത്തകളോ ഒന്നും പലപ്പോഴും മഴ പെയ്തൊടുക്കിയ സ്വപ്നങ്ങളെയും കടങ്ങളെയും മറ്റുള്ളവരുടെ മനസ്സില്‍ എത്തിക്കാറില്ല. പക്ഷേ ഈ കവിത അവരുടെ നൊമ്പരം പങ്കുവെക്കുന്നു.
ഇതു മനസ്സിലായി
ലളിതം.
മൂര്‍ച്ചയുള്ളത്.
കാലിക പ്രസക്തിയുള്ളത്!
കവികള്‍ പറയാന്‍ മറക്കറുതാത്തത്!
നന്ദി.
ഉള്ളൊലൊരു തീക്കൂട്ടിയതിന്!
കവിത നന്നായി ചന്ദ്രെ. സന്ദര്‍ഭത്തിനനുയോജ്യവും.
"വാതില്ക്കലെത്തി കണി വയ്ക്കുന്ന കൊന്നയ്ക്കു-
കൈനീട്ടമൊന്നെന്റെയാത്മാവു മാത്രം"
:-)
ഒരുമൂര്ച്ചയേറിയ വാളിനേക്കാള്‍ ശക്തിയുണ്ട് വരികള്‍ക്ക്..
വാതില്ക്കലെത്തി കണി വയ്ക്കുന്ന കൊന്നയ്ക്കു-
കൈനീട്ടമൊന്നെന്റെയാത്മാവു മാത്രം..
ആത്മാവ് കൈനീട്ടം നല്കു! ആത്മാവും, മനസ്സും ധാനം ചെയ്യുക എന്നത് എല്ലാവര്ക്കും കഴിയുന്ന കാര്യമല്ലല്ലോ. ഇതിലധികം എന്ത് കൈനീട്ടം നല്കാന് കഴിയും?
Post a Comment