Sunday, May 11, 2008

അത്താണി

വളഞ്ഞ മുതുകുകള്‍ നിവര്‍ന്നതും
കാല്‍വിരല്‍വട്ടത്തില്‍
ഒതുങ്ങുന്ന കാഴ്ച
മാനം മുട്ടി നിന്നതും
മൂവന്തിച്ചോപ്പ്‌
അണികളായ്‌ കുതിച്ചതും
ഭാരം ഏറ്റെടുക്കും
നെഞ്ചിന്റെ ബലത്തില്‍ മാത്രം.

പുകച്ചുരുള്‍ നനച്ച്‌
എറിഞ്ഞുടച്ച ചില്ലുകള്‍
മൂര്‍ച്ച ഒളിച്ചിരിയ്ക്കും ചാക്കുകള്‍
ഈച്ചയാര്‍ക്കും ചോരത്തുണികള്‍
തുപ്പലുണങ്ങിയ കരിയിലകള്‍..
പുതുമകളുടെ കാവല്‍ക്കാര്‍ നല്‍കിയ
അലങ്കാരക്കൂട്ടുകളില്‍..
തേഞ്ഞുപോകുന്ന കാരുണ്യം..

വൃദ്ധസദനങ്ങളില്‍
ചുമര്‍ച്ചായം നനയ്ക്കും മനസ്സിലേയ്ക്കും..
വിറയ്ക്കും ഊന്നുവടിയിലേയ്ക്കും..
ഇന്നിന്റെ വികലാക്ഷരങ്ങള്‍
മൊഴിമാറ്റം നടത്തുമ്പോള്‍
കൈത്താങ്ങു നല്‍കാന്‍

അനുഭവങ്ങളുടെ തഴമ്പു വീണ
സഹനശിലകളില്‍..
കനിവു ബാക്കി കാണുമോ..

**********************

28 comments:

ചന്ദ്രകാന്തം said...

അനുഭവിച്ചു വരുന്ന നന്മകളെ, പഴഞ്ചന്‍ എന്നു തള്ളിപ്പറയുന്ന വികലമനസ്സുകള്‍...
സ്വയം പഴമയിലേക്കു തള്ളപ്പെടുന്ന നാളുകളില്‍ ഒന്നു ആശ്വസിയ്ക്കാന്‍, അത്താണിയായി എന്തു ബാക്കിയുണ്ടാകും എന്നു ചിന്തിയ്ക്കുന്നുവോ..

ആഗ്നേയ said...

ചന്ദ്രേ..,ചിന്തിക്കും തോറും,ചര്‍ച്ചചെയ്യപ്പെടും തോറും വേദനയുടെ ആഴം കൂട്ടുന്ന ഒരു വിഷയം ആണിത്.
നിസ്സഹായത നിസ്സംഗതക്കുവഴിമാറിയ മുഖങ്ങള്‍ പലപ്പോഴും ഉറക്കം കെടുത്താറുണ്ട്.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

പഴമയുടെ നന്മയും , അനുഭവിച്ചു വന്ന സൌഭാഗ്യങ്ങളും തള്ളിപ്പറയുന്ന ഒരു ശൈലി,നമ്മള്‍ മറുനാടന്‍ മലയാളികളില്‍ കൂടുതല്‍ ആണന്നു ചിലപ്പോള്‍ തോന്നിപ്പോകാറുണ്ട്..ഈകവിതയുടെ സന്ദേശം അങ്ങിനയും കാണാന്‍ ആഗ്രഹിക്കുന്നു.

ഹരിയണ്ണന്‍@Hariyannan said...

പഴമയെ തള്ളിപ്പറയുകയും പുതുമയെന്തെന്നും പഴമയെന്തെന്നും അറിയാതെ പഠിക്കാതെ അഹങ്കരിക്കുകയും ചെയ്യുമ്പോള്‍...
ഈ അത്താണിയെവിടെയെന്ന് ഞാനും അന്വേഷിച്ചിറങ്ങുന്നു..
ഒടുവില്‍ ആ വൃദ്ധസങ്കേതത്തിലോ..പട്ടടയിലോ..

[ nardnahc hsemus ] said...

പഴുത്തയില വീഴുമ്പോള്‍ പച്ചയില ചിരിക്കാറുണ്ടത്രെ!

വിതച്ചതല്ലേ കൊയ്യാനൊക്കൂ?


(വെറുതെ, ഓരോന്നു പറഞ്ഞ് മനുഷ്യനെ പേടിപ്പിക്കല്ലേ...)

:)

Unknown said...

അനുഭവങ്ങളുടെ തഴമ്പു വീണ
സഹനശിലകളില്‍..
കനിവു ബാക്കി കാണുമോ.?
എവിടെ മനുഷ്യബന്ധങ്ങള്‍ക്ക് പോലും
ഇന്ന് വിലയില്ലാത്ത കാലമാണ്

മുസാഫിര്‍ said...

മരിക്കുന്ന സമയത്ത് മക്കളെല്ലാവരും അടുത്തുണ്ടാവണമെന്നതൊക്കെ ഈ കാലത്ത് അത്യാഗ്രഹമാണ്.നീങ്ങള്‍ എവിടെയൊക്കെയാ‍യാലും നല്ല നിലയില്‍ ജീവിക്കുന്നുവെന്ന് അറിഞ്ഞ് മരിച്ചാല്‍ മതീ എന്നു ഒരവധിക്കാലത്ത് പറഞ്ഞ സുഹൃത്തിന്ന്റ്റെ അച്ഛന്‍ ആരെയും ബുദ്ധിമുട്ടിക്കാതെ ഉറക്കത്തില്‍ കണ്ണടച്ചു.അവരും ജീവിത സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നു എന്നു തോന്നി.
-അമ്മ ദിനത്തീന്റെ ഓര്‍മ്മപ്പെടുത്തല്‍ നന്നായി,ചന്ദ്രകാന്തം.
-വളഞ്ഞ മുതുകുകള്‍ നിവര്‍ന്നതും
കാല്‍വിരല്‍വട്ടത്തില്‍
ഒതുങ്ങുന്ന കാഴ്ച
മാനം മുട്ടി നിന്നതും.
- പതിവ് തെറ്റിച്ച് ഇന്ന് അമ്മയെ വിളിച്ചു.

അജയ്‌ ശ്രീശാന്ത്‌.. said...

വൃദ്ധ സദനത്തിന്റെ
ഇടുങ്ങിയ മുറിയില്‍
തളയ്ക്കപ്പെട്ട
വാര്ധക്യങ്ങള്‍
സ്വപ്നം കാണുന്നത്
മരണത്തെയാണ്..
ആകാംഷയോടെ
മറ്റു ചിലപ്പോള്‍
പ്രതീക്ഷയോടെയും
കാത്തിരിക്കുന്നത്
മണ്ണിനു ശരീരം സമര്‍പ്പിക്കാന്‍
തുടങ്ങുന്ന ആ നിമിഷത്തെയാവും
കാരണം മറ്റൊന്നും തന്നെയില്ല
അവര്‍ക്കീ ലോകത്തില്‍
പ്രതീക്ഷിക്കാന്‍.....

അപ്പു ആദ്യാക്ഷരി said...

വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍
വയ്യാത്ത‘കിടാങ്ങളേ’
ദീര്‍ഘദര്‍ശനം ചെയ്യും
ദൈവജ്ഞരല്ലോ നിങ്ങള്‍

മഴത്തുള്ളി said...

ചന്ദ്രകാന്തം,

“അനുഭവങ്ങളുടെ തഴമ്പു വീണ
സഹനശിലകളില്‍..
കനിവു ബാക്കി കാണുമോ..“

ഇന്ന് ചുറ്റും നടക്കുന്ന പല സംഭവങ്ങളും വിളിച്ചോതുന്നത് ഇല്ല എന്നുതന്നെയാണ്. എന്നാലും ഒരു നല്ല നാളെക്കായി പ്രതീക്ഷിക്കാം.

G.MANU said...

ഒരു നടന്ന സംഭവം ഓര്‍മ്മ വരുന്നു..
ന്യൂദില്ലി റെയില്‍‌വേ സ്റ്റേഷനില്‍ യാത്ര അയക്കാന്‍ പൊയതാണു ഞാന്‍. കുറെ നാളുകള്‍ മുമ്പ്..
വൃദ്ധ ദമ്പതിയെ.

മക്കളാല്‍ ത്യജിക്കപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നു അവര്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് വന്നപോലെ. പരസ്പരം തുണ..

കണ്ണുനനച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു ‘എന്റെ മോന്‍.. അവനെ ഞാന്‍.... മറന്നേക്കം അല്ലേ മനു.”

മറുപടി പറഞ്ഞു “മറക്കരുത്.. അയാള്‍ മടങ്ങി വരും. മാഷിന്റെ ഇപ്പൊഴത്തെ പ്രായം ആവുന്നതിനു മുമ്പേ.. മക്കാളാല്‍ ഉപേക്ഷിക്കപ്പെട്ട്.. ആയുസിനുവേണ്ടി പ്രാര്‍ഥിക്കൂ.. ഒരു മുറി അവിടെ ഒഴിച്ചിട്ടേക്കൂ...”

വണ്ടി നീങ്ങി..

Kaithamullu said...

പുകച്ചുരുള്‍ നനച്ച്‌
എറിഞ്ഞുടച്ച ചില്ലുകള്‍
മൂര്‍ച്ച ഒളിച്ചിരിയ്ക്കും ചാക്കുകള്‍
ഈച്ചയാര്‍ക്കും ചോരത്തുണികള്‍
തുപ്പലുണങ്ങിയ കരിയിലകള്‍..
-നല്ല ബിംബങ്ങള്‍!
----
ഒരച്ഛന്റെ മനസ്സറിയാന്‍ നീയുമൊരച്ഛനാകണം എന്ന് പറഞ്ഞ അച്ഛനെ ഓര്‍ക്കുന്നൂ, ഞാന്‍!
----
അമ്മ ദിനത്തില്‍ പേടിപ്പെടുത്തുന്ന ആമുഖം, ചന്ദ്രേ.
----
കാര്യങ്ങള്‍ മുസാഫിറും ജി.മനുവും പറഞ്ഞു കഴിഞ്ഞല്ലോ എന്നും ചിന്തിക്കുന്നു!

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അനുഭവങ്ങളുടെ തഴമ്പു വീണ
സഹനശിലകളില്‍..
കനിവു ബാക്കി കാണുമോ..

എല്ലാം ഒരു പ്രതീക്ഷയല്ലെ മാഷെ..
ഓരോന്ന് ആലോചിക്കുമ്പോള്‍ വേദനയുടെ കറുത്ത ജാലകം മുന്നിലെത്തുന്നു,,

ഹരിശ്രീ said...

അനുഭവങ്ങളുടെ തഴമ്പു വീണ
സഹനശിലകളില്‍..
കനിവു ബാക്കി കാണുമോ..

അനുഭവിച്ചു വരുന്ന നന്മകളെ, പഴഞ്ചന്‍ എന്നു തള്ളിപ്പറയുന്ന വികലമനസ്സുകള്‍...
സ്വയം പഴമയിലേക്കു തള്ളപ്പെടുന്ന നാളുകളില്‍ ഒന്നു ആശ്വസിയ്ക്കാന്‍, അത്താണിയായി എന്തു ബാക്കിയുണ്ടാകും????
ചേച്ചി,

വളരെ ശരി... ആലോചിച്ചാല്‍ ദു:ഖം തോന്നും...

ഹരിശ്രീ said...

അനുഭവങ്ങളുടെ തഴമ്പു വീണ
സഹനശിലകളില്‍..
കനിവു ബാക്കി കാണുമോ..

അനുഭവിച്ചു വരുന്ന നന്മകളെ, പഴഞ്ചന്‍ എന്നു തള്ളിപ്പറയുന്ന വികലമനസ്സുകള്‍...
സ്വയം പഴമയിലേക്കു തള്ളപ്പെടുന്ന നാളുകളില്‍ ഒന്നു ആശ്വസിയ്ക്കാന്‍, അത്താണിയായി എന്തു ബാക്കിയുണ്ടാകും????
ചേച്ചി,

വളരെ ശരി... ആലോചിച്ചാല്‍ ദു:ഖം തോന്നും...

ശ്രീലാല്‍ said...

തിരക്കു പിടിച്ച് എന്തെന്നില്ലാത്ത വേഗതയില്‍ ഓടുന്നതിനിടയില്‍ അല്പം വേഗത കുറച്ച്, ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. വരികള്‍.

നമ്മളെല്ലാം അറിയുന്ന പശ്ചാത്തലങ്ങളും നമ്മളെല്ലാം അറിയുന്ന വാക്കുകളും - അതുകൊണ്ടാണ് നിങ്ങളുടെ കവിതകള്‍ എനിക്കിഷ്ടമാവുന്നത്.

ജി. മനുവേട്ടന്റെ കമന്റ് വീണ്ടും വായിക്കുന്നു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എന്തേലുമൊക്കെ ബാക്കിയുണ്ടാവട്ടെ...

മനൂജിയുടെ കമന്റ്......

ഉഷശ്രീ (കിലുക്കാംപെട്ടി) said...

പുതിയ തലമുറയിലെ മിക്ക മനസ്സുകളിലും ഈ ചിന്തകള്‍ ഉണ്ട്.പലരും പലതും തിരികെ കൊണ്ടു വരാനും ശ്രമിക്കുന്നും ഉണ്ട് എന്നു എനിക്കു തോന്നിയിട്ടുണ്ട്.എന്നാലും കവിത വായിച്ചപ്പോള്‍ വാല്ലത്ത ഒരു ഭയം ആണ് തോന്നിയതു...നമ്മള്‍ നഷ്ടപ്പെടുത്തുന്ന നല്ലതിനെയെല്ലാം ഓര്‍ത്ത്.

കവിത ഗംഭീരം ........നന്നായിരിക്കുന്നു മോളേ..

സുല്‍ |Sul said...

നല്ല കവിത.

-സുല്‍

കാവലാന്‍ said...

കൊള്ളാം.....

ആശ്വാസത്തിന്റെ നെടുവീര്‍പ്പുകളും ,ശാപവചനങ്ങളുടെ ഏറുകളും ഒരു പാടു കണ്ട്, കാലത്തിന്റെ
ഉമ്മറക്കോണിലങ്ങനെ കഥപറഞ്ഞും കദനങ്ങളൊക്കെ ‍മുറുക്കിത്തുപ്പിയും അവര്‍ അത്താണികള്‍.

തറവാടി said...

വയസ്സെന്ന് കേള്‍ക്കുമ്പൊള്‍ വല്ലാത്ത വിഷമമാണ് , പഴയതലമുറയിലെ പലരും മണ്‍‌മറഞ്ഞിരിക്കുന്നു
നാട്ടില്‍ പോകുമ്പൊള്‍ ഇനിയുള്ളവരെ കാണാന്‍ പറ്റനേ എന്നൊരു ആഗ്രഹവും സ്വാര്‍ത്ഥതയും.

കരീം മാഷ്‌ said...

സിദ്ദാര്‍ത്ഥന്‍ പണ്ടു എന്റെ "പിച്ചളകോളാമ്പി" എന്ന കഥക്കിട്ട ഹൃദയസ്പൃക്കായ കമന്റു തന്നെ ഞാന്‍ കുറച്ചു നേരത്തേക്കു കടം നല്‍കുന്നു.ഞാന്‍ ഏറ്റവും ഉള്‍കൊണ്ട, കമണ്ടുകളില്‍ ഒന്നാണത്.

"തട്ടിന്‍പുറത്തേക്കു് വലിച്ചെറിയപ്പെട്ട പിച്ചളക്കോളാമ്പികള്‍ മസ്തിഷ്കത്തിനകത്തുണ്ടാക്കുന്ന ശബ്ദകോലാഹലങ്ങള്‍ അലട്ടാത്ത ഒരു ദിവസം പോലുമെനിക്കുണ്ടായിട്ടില്ല കരീം. ഈ കഥ തട്ടിയതു് പുണ്ണിലാണു്. നല്ല വേദന."

"പിച്ചളക്കോളാമ്പി"

റീനി said...

പലതിനെക്കുറിച്ച് ചിന്തിപ്പിക്കുന്നൊരുകവിത!

ജീവിതത്തിന്റെ പഴന്തുണികള്‍ വാരിക്കെട്ടി, ഒരു ഭാണ്ഠക്കെട്ടായി, ആര്‍ക്കുമൊരു ഭാരമാവാതെ.......
എങ്കില്‍ എത്രനന്നായിരുന്നു.

ശ്രീ said...

നല്ല കവിത, ചേച്ചീ.
മനുവേട്ടന്റെ കമന്റും കൂടിയായപ്പോള്‍... ടച്ചിങ്ങ്

yousufpa said...

കരിയില വീഴുമ്പോള്‍ പച്ചില
ചിരിക്കുന്നതു പോലെ...അല്ലേ....?

yousufpa said...

സുമേഷിന്‍റെ കമന്‍റു ഞാന്‍ ശ്രദ്ധിച്ചില്ല-
നമ്മുടെ ശരീരത്തില്‍ ഒരു ചെറിയ പാട് വീഴുമ്പോള്‍ നാമെത്ര പ്രയാസപ്പെടാറുണ്ട്.

ഗീത said...

അതേ പഴഞ്ചരായ മുത്തച്ഛന്‍, മുത്തശ്ശി, അവരുടെ ഭാഷാശൈലി‍, ജീവിതരീതി, വസ്ത്രങ്ങള്‍ എല്ലാമെല്ലാം പഴഞ്ചന്‍. നാലാളെ കാണിക്കാന്‍ കൊള്ളാത്തത്...
അവര്‍ അതിഥികള്‍ വന്നാല്‍ മുന്‍‌വശത്തേക്കു വന്നു പോകരുത്....
ഇങ്ങനൊക്കെ സൂക്ഷിക്കാന്‍ പ്രയാസമല്ലെ. അതുകൊണ്ട് അവരെയങ്ങു വൃദ്ധസദനത്തില്‍ തള്ളാം. നാളെ നമുക്കും പോകാം അങ്ങോട്ടുതന്നെ.......

Sunith Somasekharan said...

theerchayaayum orithiri kanivu kaanathirikkilla...