Sunday, June 22, 2008

എപ്പോഴെങ്കിലും..

പൂവാകച്ചോട്ടില്‍,
ഒരുപിടി വിറക്‌
ചാരിവച്ചപോലെയാണിരിപ്പ്‌...
അരയില്‍ കെട്ടിയുറപ്പിച്ച തുണി,
പല തുണ്ടമായ്‌ അലങ്കരിച്ച്‌
മുഴുക്കൈ, പാതി പറിച്ചെടുത്ത-
തോലോടൊട്ടിയ കുപ്പായത്തിനുള്ളില്‍,
ഒന്നും മിണ്ടാതെ,
ഓരോ ഇലയനക്കത്തിലും
കണ്ണെറിഞ്ഞങ്ങനെ...

പൊരിവെയിലില്‍ കുന്തിച്ചിരുന്ന്‌
പൂഴി, വാരിവാരി വായിലിടും;
കൂക്കി വിളിയോടും കല്ലേറിനോടും
ഉമിനീരൊഴുക്കി ചിരിയ്ക്കും.

സഹതാപം തേച്ച തുട്ടുകളില്‍
കണ്ണു വീഴാതെ, കൈതൊടാതെ..
ദാനം കിട്ടും വറ്റില്‍പ്പാതി-
കാക്കയ്ക്കും കിളിക്കും വീതിയ്ക്കും;

ഒരു കീറച്ചാക്കില്‍,
മുഷിഞ്ഞ ജീവിതം
പൊതിഞ്ഞെടുക്കുവോളവും,
കണ്ണുകളില്‍
മങ്ങാത്ത വെളുപ്പ്‌
സൂക്ഷിച്ചിരുന്ന ഒരുവനെ...
നിങ്ങളും കണ്ടിട്ടുണ്ടാവും

23 comments:

തണല്‍ said...

ഒരു കീറച്ചാക്കില്‍,
മുഷിഞ്ഞ ജീവിതം
പൊതിഞ്ഞെടുക്കുവോളവും,
കണ്ണുകളില്‍
മങ്ങാത്ത വെളുപ്പ്‌
സൂക്ഷിച്ചിരുന്ന ഒരുവനെ...
നിങ്ങളും കണ്ടിട്ടുണ്ടാവും
-കണ്ടിട്ടുണ്ട്..കണ്ടുകൊണ്ടേയിരിക്കുന്നു..
സമ്മതിച്ചു പോകുന്നു:)

പാമരന്‍ said...

കണ്ടിട്ടുണ്ട്‌.. പക്ഷേ ഇത്ര മിഴിവോടെയില്ല..

ഗോപക്‌ യു ആര്‍ said...

കാണാന്‍ കഴിയാതെ
വേദനയോടെ മുഖം
മാറ്റുകയാണു പതിവു

Unknown said...

കൊള്ളാം പൊള്ളൂന്ന ജീവിത ദര്‍ശനങ്ങള്‍
ചിന്തകളെ പിടിച്ചു മുറുക്കുന്നു.
യാഥാര്‍ത്ഥ്യങ്ങളിലേക്ക് എത്തി നോല്ക്കാന്‍ വിമുഖത കാണിക്കുന്ന മനസ്സ്.സ്വയം തിരിച്ചറിവ് എന്താണ്
മനുഷ്യന്‍ അതാണ് അതിനുള്ള ഉത്തരം.
ജീവിതം മുഴുവന്‍ എരിതീയുമായി കഴിഞ്ഞു കൂടാന്‍ വിധിക്കപ്പെട്ടു പോകുന്ന ചില മനുഷ്യ കോലങ്ങള്‍
അവര്‍ ജീവിച്ചാലെന്ത് മരിച്ചാലെന്ത്.ഇവിടെ മരണം മനുഷ്യനെ സ്വന്ത്രനാക്കുന്നു.മറ്റൊന്നിലേക്ക് അവനെ നയിക്കുന്നു.
മുഴിഞ്ഞു കീറിയ ചാക്കില്‍ കുത്തി നിറച്ച മുഷിഞ്ഞു നാറിയ ജീവിതത്തിന് മരണം അക്ഷരാര്‍ഥത്തില്‍ വലിയൊരര്‍ഥം തന്നെയാണ് സമ്മാനിക്കുന്നത്.
എല്ലാത്തില്‍ നിന്നുമുള്ള മോചനം.

ഹരിയണ്ണന്‍@Hariyannan said...

വിറകുകെട്ടുകള്‍ പോലെ ...
കണ്ടിട്ടുണ്ട്...ജീവിതത്തിന്റെ പെരുവഴിയോരത്ത് പലരെയും പലവട്ടം!!

നല്ല കവിത!

പിന്നെ ഇപ്പോള്‍ വേഷത്തിലൊന്നും കാര്യമില്ലെന്നായി!
അഴകുള്ള പല ചക്കകളിലും ചുളയില്ലെന്നാവുന്നു!

ഓഫ്:കവിതക്ക് ആദ്യം ഇട്ടിരുന്ന “ആത്മകഥ”എന്നപേര് മനഃപൂര്‍വ്വം മാറ്റിയതാണോ?! :)

അപ്പു ആദ്യാക്ഷരി said...

വായിച്ചു.
പ്രതീക്ഷകള്‍ അസ്തമിക്കാതിരിക്കട്ടെ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കാണാറുണ്ട്...

ചേച്ചീ കവിതയുടെ രീതി ഒന്നു മാറ്റിപ്പിടിച്ചൂടെ? എല്ലാത്ത്തിനും ഒരേ ശൈലി.തെറ്റെങ്കില്‍ ക്ഷമിക്കൂ ട്ടോ

കരീം മാഷ്‌ said...

സത്യം
കണ്ടിരുന്നു നിത്യവും
ഇക്കൂട്ടത്തിൽപെട്ടയൊരുത്തനെ!
പള്ളിക്കൂടത്തിലേക്കുള്ള യാത്രയിൽ
വള്ളിപൊട്ടിയ നിക്കറിടക്കു വലിച്ചു കേറ്റിയോടുമ്പോൾ
ഞങ്ങളുടെയങ്ങാടിയിൽ പേരു കേട്ട ആലിഞ്ചുവട്ടിൽ,
ഇതുപോലൊരു വിറകു കൊള്ളിയെ പാളിനോക്കിയിരുന്നു.
മാസാദ്യത്തിലാദ്യം മൂന്നാലു ദിവസം അപ്രത്യക്ഷനാവുന്ന അയാൾ
തിരിച്ചു വരുമ്പോൾ മുഖത്തെ താടിരോമങ്ങളും അതിൽ ഉണങ്ങിപ്പറ്റിയ ഹോട്ടലുച്ഛിഷ്ടങ്ങളിലെ മഞ്ഞയും ചെമപ്പും കറുപ്പും വെടിപ്പാക്കിയിരിക്കും.
മാസാവസാനമാകുമ്പോഴേക്കും പൂർവ്വ സ്ഥിതിയിലാവുമ്പോൾ ഒരു വില്ലീസ്‌ ജീപ്പു വന്നയാളെ കയറ്റി എങ്ങോട്ടോ കൊണ്ടു പോകുന്നതു കണ്ടിട്ടുണ്ട്‌.
പിന്നെ ഏറെ വലുതായതിനു ശേഷമാണെനിക്കു മനസ്സിലായതു അതയാളുടെ സ്വന്തക്കാരാണെന്നും പെൻഷൻ തുക ഒപ്പിട്ടവർ വാങ്ങി പിന്നെയും യാചകത്തെരുവിൽ വിട്ടവർ യാത്രയാവുകയായിരുന്നെന്നും.

ശ്രീ said...

തീര്‍ച്ചയായും എല്ലാവരും കണ്ടിട്ടുണ്ടാകണം ചേച്ചി...

“സഹതാപം തേച്ച തുട്ടുകളില്‍
കണ്ണു വീഴാതെ, കൈതൊടാതെ..
ദാനം കിട്ടും വറ്റില്‍പ്പാതി-
കാക്കയ്ക്കും കിളിക്കും വീതിയ്ക്കും”

ഇത് അനുഭവവുമുണ്ട്.

വളരെ ഇഷ്ടപ്പെട്ടു, ചേച്ചീ.

രാമചന്ദ്രന്‍ വെള്ളിനേഴി said...

ആശയവും
വേഷവിധാനങ്ങളും രംഗവും അതികേമായി.

"ഒരു കീറച്ചാക്കില്‍,
മുഷിഞ്ഞ ജീവിതം
പൊതിഞ്ഞെടുക്കുവോളവും"

സത്യത്തില്‍ അതിനു പോലും ആരുമുണ്ടാകില്ലായിരുന്നു(മുന്‍സിപ്പാലിറ്റി ഇല്ലായിരുന്നെങ്കില്‍)

G.MANU said...

ഞാന്‍ ഇവിടെ ഇതേ കാണുന്നുള്ളൂ

കൊള്ളുന്ന കവിത

Kaithamullu said...

കണ്ടിട്ടുണ്ട്, ധാരാളം,
പലപ്പോഴും!

പ്രിയ പറഞ്ഞതിനോട് എനിക്കും യോജിപ്പുണ്ട്...വഴിയൊന്ന് മാറി നടന്ന് നോക്കരുതോ?
(ഏത് വഴിയേ നടന്നാലും ഭദ്രമായി വീട്ടിലെത്തും എന്നുറപ്പുള്ളത് കൊണ്ടാ )

:-)

കാവലാന്‍ said...

"നിങ്ങളും കണ്ടിട്ടുണ്ടാവും"

കാണാതെ പോകുവതെങ്ങിനെ?കണ്‍കളില്‍-
സ്വാര്‍ത്ഥതിമിരത്തിന്‍ പാടകളില്ലെങ്കില്‍?

Rare Rose said...

ഈ കാഴ്ച എപ്പോഴെങ്കിലുമൊക്കെ കാണേണ്ടി വരാറുണ്ട്.....ആ കണ്ണുകളിലെ മങ്ങാത്ത വെളുപ്പിനെ അഭിമുഖീകരിക്കാന്‍ വയ്യാതെ ,തുട്ടുകള്‍ പരതി നല്‍കി ജീവിതത്തിന്റെ തിരക്കുകളിലേക്ക് ഓടിയൊളിക്കുന്നവരല്ലേ എല്ലാരും...
മിഴിവോടെ ആ കാഴ്ച മനസ്സില്‍ കോറിയിട്ടതിനു അഭിനന്ദനങ്ങള്‍.. ....

Sarija NS said...

വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ :(

ഹരിശ്രീ said...

സഹതാപം തേച്ച തുട്ടുകളില്‍
കണ്ണു വീഴാതെ, കൈതൊടാതെ..
ദാനം കിട്ടും വറ്റില്‍പ്പാതി-
കാക്കയ്ക്കും കിളിക്കും വീതിയ്ക്കും;

ചേച്ചീ
നല്ല വരികള്‍

Sharu (Ansha Muneer) said...

മനസ്സില്‍ തൊടുന്ന ഒരു ചിത്രം വരയ്ക്കുന്നുണ്ട് ഈ കവിത. ആ രൂപം കണ്ടിട്ടുള്ള, കണ്ടില്ലെന്ന് നടിക്കുന്ന നമ്മുടെ ഒക്കെ കണ്ണുകളില്‍ ഒരിക്കലും കാണാത്ത ആ മങ്ങാത്ത വെളുപ്പ്.

siva // ശിവ said...

ഞാനും കാണുന്നുണ്ട്....ഇതുപോലെ ഒരുപാട് ജന്മങ്ങളെ....എന്നാല്‍ ഞാനും നിസ്സാഹയനാണ്....വെറുതെ സഹതപിക്കാന്‍ മാത്രമേ ഇപ്പോള്‍ എനിക്കും കഴിയുന്നുള്ളൂ....ഇപ്പോള്‍ ഞാനൊന്നു പിടിച്ചുകയറിക്കോട്ടെ....ഒരുപക്ഷെ എനിക്ക് ചിലപ്പോള്‍ ഇവര്‍ക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാനാകും....

സസ്നേഹം,
ശിവ.

ദിലീപ് വിശ്വനാഥ് said...

വളരെ നല്ല വരികള്‍. എവിടെയൊക്കെയോ കൊള്ളുന്നു.

മുസാഫിര്‍ said...

ഒരു കറുപ്പ് & വെളുപ്പ് ചിത്രം പോലെ നമ്മള്‍ കണ്ടിട്ടും കാണാതെ പോകുന്ന കാഴ്ചകള്‍ കവി വര്‍ണ്ണപ്പൊലിമയോടെ കാട്ടിത്തരുന്നു.പ്രിയയും കൈതമുള്ളും പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.ഉള്‍ക്കാമ്പുള്ള സാധങ്ങള്‍ക്കായി കാത്തിരിക്കുന്നു. :-)

thoufi | തൗഫി said...

കണ്ടിട്ടുണ്ട്,പലവട്ടം
കാണുമ്പോഴെല്ലാം മുഖം തിരിച്ചിട്ടുമുണ്ട്.
ഹൃദയത്തിലേക്ക് തുളച്ചുകയറുന്ന,
ഉള്ളുലക്കുന്ന വരികള്‍

നസീര്‍ കടിക്കാട്‌ said...

kantdirikkanam.....

ഒരു സ്നേഹിതന്‍ said...

കണ്ടിട്ടുണ്ട്, ധാരാളം,
പലപ്പോഴും!

കവിത ന്നന്നാ‍യിട്ടുന്ദ്...ആശംസകൾ...