കുരച്ച് പാഞ്ഞുകയറും ലോഹച്ചീളുകൾ
അനുവാദം ചോദിക്കില്ല;
പിടച്ചിലൊതുങ്ങാത്ത ജീവൻ
നക്കിയെടുക്കുന്ന തീനാവുകളും.
തുരുമ്പിച്ച ആയുധപ്പുരയിൽ
ശേഷിയ്ക്കുന്ന കരളുറപ്പിലേയ്ക്ക്,
വായ്യ്ക്കൊതുങ്ങും വിധം
ചതച്ചെടുത്ത വാദങ്ങൾ
അഖണ്ഡതാവാക്യങ്ങളായി
മുറുക്കിത്തുപ്പുന്നോർ...
കണ്ണ് ചോപ്പിച്ചും നനച്ചും
പുറത്തിറങ്ങും ഉറപ്പുകൾ,
സോദരസ്നേഹം കഷായംവച്ചുകുടിച്ച
ചുളിവീഴാത്ത കീശകളിൽ ഭദ്രം.
വെന്തൊടുങ്ങിയതിൻ ബാക്കി
വ്രണമായൊഴുകുമ്പോഴും,
വിഷചഷകം നിറച്ചുകൊടുത്ത കുറക്കന്
സുഖശയനഭംഗമരുതല്ലൊ.
................
ഇടവഴിയുടെ ഓരോ വളവിലും
ഭ്രാന്തൻ നായ്ക്കളുണ്ടാകാം.
ഇരുതലമൂർച്ച കയ്യിൽ കരുതണം.
തനിയ്ക്കു താൻ കാവലാവണം.
സ്ഫുടം ചെയ്ത മനസ്സിനെ
ഭയത്തിന്റെ പുകമറകൾ തീണ്ടില്ലൊരിയ്ക്കലും.
17 comments:
തീറ്റയരച്ച് മലമാക്കുന്ന
യന്ത്രങ്ങളെ പെറ്റുപോറ്റിയ നാടേ
അനുഭവിച്ചു കൊള്ളൂ
{{{{{(((ടിഷ്യൂം)))}}}}}
നഗരവീഥി.. ശ്ശേയ്.. അല്ല.. നരകവീഥിയുടെ തുടക്കത്തിലെത്തിയപ്പോള്‍ ഒരു വെടിയുണ്ട തലക്കു മുകളിലൂടെ ചീറിപ്പാഞ്ഞു പോയ ശബ്ദം!!!.
ഇവിടെ ഇരുതല മൂര്‍ച്ചയുള്ള വാളല്ല കുറേ ബോംബും പിടിച്ചു നടക്കണമെന്നാ തോന്നുന്നത്. !!! :)
ഇന്നത്തെ ലോകം ഒരു നഗരം ശ്ശേയ്.. വീണ്ടും നാക്കുളുക്കുന്നു.... നരകം തന്നെ. കൊള്ളാം വരികള്‍.
വെന്തും വേറിട്ടും പ്രജകളൊടുങ്ങുമ്പോള്,
ചില രേഖപ്പെടുത്തലുകളില്‍ ഉള്‍വലിയുന്ന
മഹാരാജാക്കന്മാര്......
കണക്കുകളിലൊതുങ്ങുന്നു കാണികളുടെ ജന്മങ്ങള്..
കെട്ടറ്റുവീഴുന്ന കെട്ടുറപ്പുകളും
കത്തിയെരിയുന്ന നാടും..
സത്യത്തില്‍ പേടിയാവുന്നു..ഈ പോക്ക് എങ്ങോട്ടേക്കാണ്??.
ഇനിയേത് അവതാരത്തിനാവും ഇതിനൊരറുതി ഉണ്ടാക്കാനാവുക..?
:(
കവിതയല്ലാത്ത ഈ കവിതയിലെ സന്ദേശത്തോടു പൂർണ്ണമായി
വിയോചിക്കുന്നു ചന്ദ്രകാന്തം.
ഇരുതലമൂർച്ച കയ്യിൽ കരുതി തനിക്കു താൻ കാവലാകണമെന്ന സത്യം അംഗീകരിക്കാൻ മനസ്സു പാകപ്പെടുന്നില്ല.
എനിക്കിനിയും പ്രതീക്ഷ പറ്റെ വറ്റിയിട്ടില്ല.
കലിംഗയുദ്ധത്തിനു ശേഷം പുതിയരശോകനുണ്ടായപോലെ,
സിദ്ധാർത്ഥനിൽ നിന്നു ശ്രീ ബുദ്ധനുടലെടുത്ത പോലെ എല്ലാ തിന്മകൾക്കും ശേഷം നന്മകളുടെ പൂക്കാലം വരും.
അതിന്റെ സൂചനകൾ കാണുന്നുണ്ട്.ശവം തീനികളെ അടുപ്പിക്കാതിരിക്കുകയും ആട്ടിയകറ്റുകയും ചെയ്യുന്നതു സഹികെട്ട ജനത്തിന്റെ പ്രതികരണത്തിന്റെ ആദ്യപടിയായിട്ടു വേണം വായിക്കാൻ..
"ലറ്റസ് ഹോപ്പ് ഫോർ ഗൂഡ്"
ഇപ്രാവശ്യത്തെ കവിതയിലെ ദുരൂഹമായ വരികളില്‍ അര്‍ത്ഥം തേടി അലയേണ്ടി വരുന്നില്ല.മറിച്ച് അറിവിന്റെ മുറിവുകളും നിസ്സഹായതയും വീണ്ടും വീണ്ടും മനസ്സിനെ മഥിച്ചു കൊണ്ടിരിക്കുന്നതേയുള്ളു.
ശവം തീനികളെ അടുപ്പിക്കാതിരിക്കുകയും ആട്ടിയകറ്റുകയും ചെയ്യുന്നതു സഹികെട്ട ജനത്തിന്റെ പ്രതികരണത്തിന്റെ ആദ്യപടിയായിട്ടു വേണം വായിക്കാന്‍.
-
കരീം മാഷ്ടെ അഭിപ്രായം എനിക്കും.
-
ഈ കവിത ഒരു പ്രമേയവും സന്ദേശവും ആഹ്വാനവുമായതിനാല്...........
-സന്തോഷമായി നാട്ടില്‍ പോയി വരൂ!
ആശംസകള്‍!
സമയോചിതമായ പോസ്റ്റ്.
"കലിംഗയുദ്ധത്തിനു ശേഷം പുതിയരശോകനുണ്ടായപോലെ"
"എല്ലാ തിന്മകൾക്കും ശേഷം നന്മകളുടെ പൂക്കാലം വരും."
രാവിനു പകലും,വെളിച്ചത്തിനു നിഴലും,കയറ്റത്തിനിറക്കവുമെന്ന പോലെ, യുദ്ധത്തിനും രക്തപ്പുഴകള്ക്കു മൊടുവില്‍ ആര്‍ക്കു വേണ്ടിയാണു മാഷേ ആ രക്തം കിനിയുന്ന അളിഞ്ഞ ശവം മണക്കുന്ന പൂക്കള്‍ അവശേഷിച്ച കണ്ണുനീരിന്റെ തടാകത്തില്‍ വിരിയുന്നത്? ഏതശോകനാണു അരുംകൊലയ്ക്കൊടുവിലിനി മനം മാറാന്‍ കാത്തിരിക്കുന്നത്? വിഷം തീണ്ടിയ മനസ്സുകള്‍ക്കു ചികിത്സയാണാവശ്യം പേയിളകിയ നായ്ക്കള്‍ക്കു ചങ്ങലയാണാവശ്യം. അജ്ഞതയെ ശസ്ത്രക്രിയ്യചെയ്യാന് ആയുധം തന്നെ കരുതണം കയ്യില്‍,അറിവിന്റെ മൂര്‍ച്ചകുറയാത്ത ആയുധം.
അഭിപ്രായങ്ങളെ ഉള്‍ക്കൊണ്ടുതന്നെ ഇത്രയും പറയട്ടെ.....
സഹനകാലത്തിന്റെ തെളിവെടുപ്പു കഴിഞ്ഞ്, ഇനിയുമൊരാപത്തിന്റെ വിളവെടുപ്പു വരെ.. ഒരാഘോഷം പോലെയോ, ഏതാണ്ടൊരാചാരം പോലെയോ നീണ്ടുപോകുന്ന കൊട്ടും പാട്ടും.
അതിനുമപ്പുറം?
കഴുത്തില്‍ കയറിട്ട കുറേ ജീവിതങ്ങള്‍, മറുകരണവും കഴിഞ്ഞ്, തോക്കുകള്‍ അരിപ്പയാക്കിയ നെഞ്ചുമായി മുന്നില്‍ കിടക്കുമ്പോള്‍..
ആത്മരക്ഷ എന്ന പദത്തിന് വായ്ക്കരിയിടാന്‍ കയ്യും മനസ്സും അനുവദിയ്ക്കുന്നില്ല.
തനിയ്ക്കു താൻ കാവലാവേണ്ടി വരുന്ന കാലത്തിന്റെ അവസ്ഥാന്തരങ്ങള്‍
വരുമൊരുപുലരൊളിവീണ്ടും..എന്നോര്‍ത്ത് സമാധാനിക്കാം..
പതിവുപോലെ മനോഹരംസ്..
ചുറ്റിനും കൂറ്റന്‍ കഴുകന്മാര് വട്ടമിട്ട് പറക്കുന്നു.
ഭീകരതയുടെ നിഴല്പാടൂകളുമായി കാലത്തിന്റെ കുത്തൊഴുക്കില്‍ അകപ്പെട്ട ചില മനുഷ്യക്കോലങ്ങളും അതിനിടയില്‍...
ശക്തമായ വരികൾ
വെന്തൊടുങ്ങിയതിൻ ബാക്കി
വ്രണമായൊഴുകുമ്പോഴും,
വിഷചഷകം നിറച്ചുകൊടുത്ത കുറക്കന്
സുഖശയനഭംഗമരുതല്ലൊ.
മനുഷ്യന് മനുഷ്യനെ സ്നേഹിക്കാന്‍ ,
സ്വന്തം എന്ന് കരുതാന്‍ മറക്കുമ്പോള്‍
അവിടെ ഈശ്വരനും പടിയിറങ്ങുന്നു..
മനസ്സിനെ നുറുക്കുന്ന വരികള്‍...
manoharam.................
ശശിയേട്ടനും കരീം മാഷും പരഞ്ഞേടത്തു തന്നെയാണ് എന്റേയും എത്തിനോട്ടം.
നന്നായി ഈ വരികള്‍
Post a Comment