Wednesday, February 25, 2009

വേലിയേറ്റത്തിനൊടുവില്‍

ചുറ്റിലും തിളയ്ക്കുന്ന തിരകള്‍ക്ക്‌
പിടികൊടുക്കാത്ത ഉള്‍ക്കടലിലാണ്‌
മുങ്ങിപ്പോകുന്നത്‌.

ആവര്‍ത്തനങ്ങളില്‍ നിന്ന്‌
പണിപ്പെട്ടു തിരിച്ചുപിടിച്ച ശ്വാസം
ഹൃദയത്തിലെ ആണിപ്പാടിലെ ചോരയ്ക്കൊപ്പം
ഇറങ്ങിപ്പോക്കിന്റെ വക്കോളമെത്തും.

അപ്പോഴും ശാന്തനായൊരു മണല്‍ത്തിട്ട
ഒഴുക്കിന്റെ മുറിപ്പാടുകളില്‍
മണലുണക്കി, തിളക്കം ചേര്‍ത്തുകൊണ്ടിരിയ്ക്കും.

സ്വന്തമെന്ന്‌ നട്ടുനനച്ചതൊക്കെ
അഹങ്കാരമായി കായ്ച്‌
നഷ്ടങ്ങളായി വീഴുന്നിടത്താണ്‌
മുനവച്ചു നോവിയ്ക്കുന്ന
ഈയാംപുല്ലുകളുണ്ടാവുന്നതെന്ന്‌
പറഞ്ഞുതരും.

21 comments:

ചന്ദ്രകാന്തം said...

ഈയാമ്പുല്ലുകളുണ്ടാവുന്നത്‌ എങ്ങനെയെന്ന്‌..

Kaithamullu said...

“ചുറ്റിലും തിളയ്ക്കുന്ന തിരകള്‍ക്ക്‌
പിടികൊടുക്കാത്ത ഉള്‍ക്കടലിലാണ്‌
മുങ്ങിപ്പോകുന്നത്‌“

- സാമ്പത്തികമാന്ദ്യം!

“ആവര്‍ത്തനങ്ങളില്‍ നിന്ന്‌
പണിപ്പെട്ടു തിരിച്ചുപിടിച്ച ശ്വാസം
ഹൃദയത്തിലെ ആണിപ്പാടിലെ ചോരയ്ക്കൊപ്പം
ഇറങ്ങിപ്പോക്കിന്റെ വക്കോളമെത്തും“

-ടെര്‍മിനേഷന്‍ ലെറ്റര്‍ ഡ്രാഫ്റ്റ് ചെയ്തു, ഡെലിവര്‍ ചെയ്തിട്ടില്ല!

“അപ്പോഴും ശാന്തനായൊരു മണല്‍ത്തിട്ട
ഒഴുക്കിന്റെ മുറിപ്പാടുകളില്‍
മണലുണക്കി, തിളക്കം ചേര്‍ത്തുകൊണ്ടിരിയ്ക്കും“

-ഗവ.ഡിപ്പാര്‍ട്ട്മെന്റിലായതിനാല്‍ ഭര്‍ത്താവിന്റെ ജോലിക്കാര്യത്തില്‍ ആശങ്കയില്ല.

“സ്വന്തമെന്ന്‌ നട്ടുനനച്ചതൊക്കെ
അഹങ്കാരമായി കായ്ച്‌
നഷ്ടങ്ങളായി വീഴുന്നിടത്താണ്‌
മുനവച്ചു നോവിയ്ക്കുന്ന
ഈയാംപുല്ലുകളുണ്ടാവുന്നതെന്ന്‌
പറഞ്ഞുതരും“

-ഇത് അധികാരികളുടെ ഭാഗത്തേക്ക് മാറിനിന്നുകൊണ്ടുള്ള ഒരു കാഴ്ചപ്പാട്!!


എന്താ?

Rose Bastin said...

“സ്വന്തമെന്നു നട്ടു നനച്ചതൊക്കെ
അഹങ്കാരമായി കായ്ച്
നഷ്ടങ്ങളായി വീഴുന്നിടത്താണ്
മുനവച്ചുനോവിയ്ക്കുന്ന ഈയാപുല്ലുകളുണ്ടാവുന്നതെന്ന്..."
നന്നായിരിക്കുന്നു!!

Ranjith chemmad / ചെമ്മാടൻ said...

ചന്ദ്രകാന്തത്തെ വായിക്കണോ, കൈതമുള്ള് മാഷെ വായിക്കണോ?
മാഷേ കലക്കി, കവീ ഒള്ളത് തന്നെ?...
ഓരോന്ന് പറഞ്ഞ് പേടിപ്പിക്കാതെ...

teepee | ടീപീ said...

വരികളിഷ്ടമായി.

ആശയം കൈതമുള്ള് മാഷ് പറഞ്ഞതുപോലെയാണെല്‍...

ആവില്ലായീരിക്കാം..എന്ന് കരുതി സ്വയമാശ്വസിച്ചോട്ടെ..?

പകല്‍കിനാവന്‍ | daYdreaMer said...

കവിതയും കൈതമുള്ളും... !!
:)

തണല്‍ said...

മുനവച്ചു നോവിയ്ക്കുന്ന ഈയാംപുല്ലുകള്‍..
-ആക്ച്വലീ എന്താണ് പ്രശ്നം..? മടിയ്ക്കാതെ പറഞ്ഞോളൂന്നേയ്..ഉം..ഉം.
(പ്രയോഗങ്ങളൊക്കെ അസാദ്ധ്യം.)

കുറുമാന്‍ said...

കൈതമുള്ളിന്റെ കമന്റുകൂടിയായപ്പോഴാ എല്ലാം മനസ്സിലായത് :)

ഞാന്‍ ഇരിങ്ങല്‍ said...

വായിച്ച് കഴിഞ്ഞപ്പോള്‍ ഒരു പുക വന്നു രണ്ട് ചെവിയില്‍ നിന്നും :):)

എന്നാലുമെന്‍ റെ ശശിയേട്ടാ.. നിരൂപക സാഹിത്യത്തിന് മുതല്‍ക്കൂട്ടാവുന്ന കണ്ടുപിടുത്തം തന്നെ.
രണ്ടാം വായനയില്‍ ലൈറ്റിടാതെ തന്നെകത്തി പലതും

സ്വന്തമെന്ന് നട്ടു നനച്ചതൊക്കെ
അഹങ്കാരമായ കയ്പ്..

കുറച്ച് കൂടി ആശയ വ്യക്തത ഉണ്ടെങ്കില്‍ കൂടുതല്‍ വായനക്കാര്‍ ഇഷ്ടെപ്പെട്യും എന്ന് കരുതുന്നു.
തീര്‍ച്ചയായും നല്ല കവിതകള്‍ പ്രതീക്ഷിക്കുന്നു.

സ്നേഹപൂ‍ര്‍വ്വം
ഇരിങ്ങല്‍

കരീം മാഷ്‌ said...

വേലിയിറക്കത്തിനിടക്കു കുഴികളില്‍ ബാക്കിയായ വെള്ളം വറ്റിത്തീരുമ്പോള്‍ പിടഞ്ഞുപിടഞ്ഞവസാനിക്കുന്ന ചില ജീവികള്‍.....!

സുല്‍ |Sul said...

ദേ.. ഈ ഇയ്യാമ്പുല്ലുണ്ടാകുന്നതെങ്ങനെയെന്ന് ഇപ്പപുടികിട്ടി. ബാക്കി സുല്ലിട്ടു.

കവിതയെ തട്ടിയെടുത്ത കമെന്റായിപ്പോയി കൈതേ അത്. ഇത്രേം വേണ്ടിയിരുന്നില്ല.

-സുല്‍

പാമരന്‍ said...

"സ്വന്തമെന്ന്‌ നട്ടുനനച്ചതൊക്കെ
അഹങ്കാരമായി കായ്ച്‌
നഷ്ടങ്ങളായി വീഴുന്നിടത്താണ്‌
മുനവച്ചു നോവിയ്ക്കുന്ന
ഈയാംപുല്ലുകളുണ്ടാവുന്നതെന്ന്‌
പറഞ്ഞുതരും."

ഉഗ്രനാവുന്നുണ്ടേ!

ശ്രീ said...

രണ്ടു തവണ വായിച്ചിട്ടും കാര്യമായി ഒന്നും കത്തിയില്ല. കൈതമുള്ള് മാഷുടെ കമന്റ് കണ്ടപ്പോ ഏതാണ്ട് ക്ലിക്കി. അതു തന്നെ ആണോ ഉദ്ദേശ്ശിച്ചത്?

ഗിരീഷ്‌ എ എസ്‌ said...

ചന്ദ്രേ
മനോഹരം


ആശംസകള്‍

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കവിത കലക്കി

കൈതമുള്ളിന്റെ കമന്റിന് ഓസ്കാര്‍ കൊടുക്കണം

meegu2008 said...

നല്ല രചന,നന്നായിട്ടുണ്ട്

ദയവു ചെയ്‌തു എന്റെ കവിതകള്‍ വായിച്ചാലും

സുനില്‍ ജയിക്കബ്ബ്, ചിറ്റഞ്ഞൂര്‍ കവിതകള്‍

Kaithamullu said...

ആരോ എറിഞ്ഞ ചൂണ്ട ചങ്കിലേറ്റി, അഗാധമായ ഏതോ ചുഴിയിലേക്കാഴ്ന്ന് പോകുന്ന അനുഭവമാണ് ചന്ദ്രകാന്തത്തിന്റെ കവിതകള്‍ സമ്മാനിച്ചിട്ടുള്ളത്.

സമീപകാല കവിതകള്‍ നോക്കൂ:

“മേളപ്പരപ്പിന്റെ ചായങ്ങൾ മേലോട്ടൊഴുക്കി,
കുന്നുകയറി വരുന്ന കാവടികൂട്ടങ്ങളിൽ
കവിൾ തുളച്ച്‌, നാരങ്ങ നുണഞ്ഞ്‌
ശൂലങ്ങൾ പിടയും..“


“ചാരം പുതഞ്ഞ സൂര്യ മുഖങ്ങള്‍..
കാലടിയില്‍, കൊഴുത്ത ചുവപ്പില്‍,
കടല്‍ ഒതുക്കി, വീര്‍പ്പിട്ട്‌ വിങ്ങും നോട്ടങ്ങള്‍..
ചങ്കില്‍ കൊളുത്തിട്ടു തൂക്കും പിടച്ചില്‍..“


“വിളക്കണയാത്ത വഴികളിലെ
ചിറകുപോയ ഈയാമ്പാറ്റകളില്‍ നിന്നും,
കണ്ണുവെന്ത കാത്തിരിപ്പിലേയ്ക്കായിരുന്നു യാത്ര.“

“ഇടവഴിയുടെ ഓരോ വളവിലും
ഭ്രാന്തൻ നായ്ക്കളുണ്ടാകാം.
ഇരുതലമൂർച്ച കയ്യിൽ കരുതണം.
തനിയ്ക്കു താൻ കാവലാവണം.“

എന്നിട്ട് ഒടുവില്‍ പറയുന്നൂ:
‘...കൂട്ടിക്കൊണ്ടുപോകണമത്രെ..!!!“
എന്ന്!

ആ വേദന ഉള്‍ക്കൊള്ളാനുള്ള മടി കൊണ്ടാണ്
‘വേലിയേറ്റത്തിനൊടുവിലിനെ’ ഹാസ്യാത്മകായി സമീപിച്ച് ശ്രദ്ധ തിരിച്ച് വിടാന്‍ ഞാനൊരു ശ്രമം നടത്തിയത്.

ഇരിങ്ങല്‍, പ്രിയാ: എന്നിലെ നിരൂപകനെ കണ്ടെത്തിയതില്‍ സന്തോഷം!

ചന്ദ്രേ:
ഇത്തരം കവിതകള്‍ക്ക് കുറച്ച് കാലത്തേക്കെങ്കിലും ഒരവുധി ...പ്ലീസ്!
അല്ലെങ്കില്‍...?

yousufpa said...

ഒരടിച്ചുപൊളി ജീവിതത്തിന്‍റെ ബാക്കിപത്രം ഈ കവിതയില്‍ ഈയാമ്പുല്ലായ് വന്ന് കഥ പറയുന്നു.

മുസാഫിര്‍ said...

വേലിയേറ്റങ്ങളില്‍ ഇളകുന്ന കടലു പോലുള്ള മനസ്സിന്റെ പിടച്ചില്‍ മാറ്റുന്ന സൌഹൃദങ്ങളെയാണ് എനിക്ക് കവിതയയില്‍ കാണാനായത്(കണ്ണുപൊട്ടനും ആനയും)
ഓട്ടോ.കൈതമുള്ളിനു താമരശ്രീ ആയാലോ , പ്രിയ ? അതാണ് ഇപ്പോള്‍ ദിര്‍ഹത്തിന് പന്ത്രണ്ട് വെച്ച് കിട്ടുന്നത്,പ്രവാസികള്‍ക്ക്.

ഹന്‍ല്ലലത്ത് Hanllalath said...

വായനക്കാരനു വായിച്ചെടുക്കാവുന്ന സ്വന്തമായ അര്‍ഥ തലങ്ങള്‍ തരുന്ന കവിത


ഹസ്യാത്മകമായാണോ കവിത എഴുതിയതെന്നു എനിക്കറിയില്ല..
നല്ല ഒരു കവിതയായിട്ടാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്.
അതിനെ കമന്റുകളില്‍ വികലമാക്കിയത് കാണുമ്പോള്‍ വിഷമം തോന്നുന്നു..
ഇതിനു മുമ്പും കണ്ടിരുന്നു ഇത്തരം ശ്രമങ്ങള്‍..
എന്‍റെ വായനയില്‍ ഇ കവിത ഗൌരവമുള്ളതായാണ് തോന്നിയത്.
ഒരു പക്ഷെ എഴുതിയ ആളുടെ ദൃഷ്ടിപഥത്തിലൂടെ ആവില്ല ഞാന്‍ കാണുന്നത് അതാവാം..

ആശംസകള്‍...

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

"അപ്പോഴും ശാന്തനായൊരു മണല്‍ത്തിട്ട
ഒഴുക്കിന്റെ മുറിപ്പാടുകളില്‍
മണലുണക്കി, തിളക്കം ചേര്‍ത്തുകൊണ്ടിരിയ്ക്കും."

നെഞ്ചോട് ചേര്‍ത്ത്..