Tuesday, June 2, 2009

അലങ്കാരങ്ങളില്ലാതെ

വലതുകവിളും പാതിചുണ്ടും
കാറ്റോട്ടം മറന്ന മൂക്കും
മണ്ണിന്‍ മണത്തിലാഴ്ത്തി
ഒരക്ഷരം

വാക്കിന്‍ സ്ഥിരതാളം പുറംതള്ളിയ
വെറുമൊരക്ഷരമല്ലേ;
മാറ്റുനോക്കാന്‍ മെനക്കെടാതെ
അര്‍ത്ഥങ്ങള്‍ പലവഴിപോയി

മുറുകിയ ഞരമ്പിന്‌ പുറത്തേയ്ക്ക്‌
ഹൃദയതാളം അയഞ്ഞു.. ഒഴുകി നേര്‍ത്തു..

ചരല്‍പ്പൊടി ഒരു മലയെന്ന്‌
കയറിയിറങ്ങി വന്ന
വരിമുറിയാ ജാഥകള്‍
കുതിര്‍ന്ന മണ്‍തരി വിട്ട്‌
പുല്‍ത്തുമ്പിലെ നനവില്‍ വട്ടം ചുറ്റി

പറക്കലൊതുക്കി, മൂളലുകള്‍
ചെവിക്കുഴിയിലിറങ്ങി

പുതിയ കളിപ്പാട്ടം കിട്ടിയപോലെ..

കണ്ണില്‍ത്തൊട്ട്‌ ഇമയിളക്കിയിട്ടും,
വെള്ളമഷി മൂടുവോളം
പൊഴിഞ്ഞുതീര്‍ന്നിരുന്നില്ല
പീലിക്കണ്ണിലെ കൗതുകം.

19 comments:

ചന്ദ്രകാന്തം said...

അലങ്കാരങ്ങളില്ലാതെ ഒരു പ്രണയാക്ഷരം..
:(

G.manu said...

തേങ്ങ എന്റെ വക...

കരീം മാഷ്‌ said...

അക്ഷരത്തിനു നിറം കൂട്ടാനും മായ്ക്കാനും നടന്നവര്‍ അക്ഷരത്തിനപ്പുറത്തു ത്യാഗം സഹിച്ചൊരാത്മാവിനെ കണ്ടില്ല.
എന്നെങ്കിലും ആ അക്ഷരങ്ങള്‍ ചേര്‍ന്നൊരു വാക്കാവുമായിരിക്കും
വാക്കിനു പിറകെ ഒരു സത്യവും തെളിയുമായിരിക്കും.
അല്ലെങ്കില്‍ ഒളിച്ചുവെച്ചവര്‍ തന്നെ മനസാക്ഷിക്കുത്തുകൊണ്ടതേറ്റു പറയുമായിരിക്കും.

ശ്രീഇടമൺ said...

കണ്ണില്‍ത്തൊട്ട്‌ ഇമയിളക്കിയിട്ടും,
വെള്ളമഷി മൂടുവോളം
പൊഴിഞ്ഞുതീര്‍ന്നിരുന്നില്ല
പീലിക്കണ്ണിലെ കൗതുകം.

വരികള്‍ ഹൃദ്യം...
കവിത മനോഹരം.

ശ്രീഇടമൺ said...
This comment has been removed by the author.
T.A.Sasi said...

പൊഴിഞ്ഞു
തീര്‍ന്നിരുന്നില്ലല്ലൊ
കണ്ണിലെ കൗതുകം..

kaithamullu : കൈതമുള്ള് said...

ആരു പറയുമിന്നാരു പറയുമീ
പ്രണയാക്ഷരക്കടംകഥക്കുത്തരം?

മുക്കുറ്റി said...

മാറ്റുനോക്കാന്‍ മെനക്കെടാതെ
അര്‍ത്ഥങ്ങള്‍ പലവഴിപോയി

ആശംസകള്‍.

ബിനോയ്//Binoy said...

മരണത്തിലും കെടാതെ പീലിക്കണ്ണിലെ കൗതുകം..
നന്നായി വരികള്‍ :)

മുസാഫിര്‍ said...

മാന്നാര്‍ മത്തായിയോടും കൂട്ടുകാരോടും കൊള്ളക്കാര്‍ തോക്കു ചൂണ്ടിയിട്ട് : ആ‍രും ഒരക്ഷരം മിണ്ടി പോകരുത്.
മാന്നാ‍ര്‍ മത്തായി :അതേതാ ആ ഒരക്ഷരം ? ആരും മിണ്ടാന്‍ പാടില്ലാത്തത് ?

പറഞ്ഞു വരുന്നതെന്താന്ന് വച്ചാല്‍ മാന്നാര്‍ മത്തായിയെപ്പോ‍ലെ കവിതയിലെ ആ ഒരക്ഷരം എനിക്കും പിടിത്തം കിട്ടിയില്ല.

hAnLLaLaTh said...

ആശംസകള്‍..

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

"കണ്ണില്‍ത്തൊട്ട്‌ ഇമയിളക്കിയിട്ടും,
വെള്ളമഷി മൂടുവോളം
പൊഴിഞ്ഞുതീര്‍ന്നിരുന്നില്ല
പീലിക്കണ്ണിലെ കൗതുകം."

കണ്ട് കൊതി തീരാത്ത കാഴ്ചകളെ തൊട്ട് നോവിക്കല്ലേയെന്ന്...

സുല്‍ |Sul said...

ഈ അക്ഷരങ്ങളുടെ ഒരു കാര്യേ... മൂക്കും കുത്തി മണ്ണി കെടക്കാന്നു പറഞ്ഞാ... ഇങ്ങനെ കെടന്നാ അര്‍ത്ഥങ്ങള്‍ പലവഴിക്കല്ലാതെ എവിടെക്ക് പോകും... :)

നല്ല വരികള്‍.
-സുല്‍

നസീര്‍ കടിക്കാട്‌ said...

"വലതുകവിളും പാതിചുണ്ടും
കാറ്റോട്ടം മറന്ന മൂക്കും
മണ്ണിന്‍ മണത്തിലാഴ്ത്തി
ഒരക്ഷരം....."

എത്ര അനായാസമായാണ്
ഒരക്ഷരം
മണ്ണിലേക്ക് തിരിച്ചുപോകുന്നതെന്ന്
മാധവിക്കുട്ടിയുടെ സംസ്കാരചടങ്ങിന്റെ വാര്‍ത്തയും,ഈ വരികളും...
അലങ്കാരങ്ങളില്ലാതെ!

ഇന്നലെ ദീപികയില്‍ വന്ന വാര്‍ത്തയിലിങ്ങനെ:
“...അവസാന മയ്യത്ത് നമസ്കാരത്തിന് ശേഷം
ഖബറിലെ മണ്ണിലേക്ക് എടുത്ത്കിടത്തിയ കമലാസുരയ്യയുടെ മ്ര്‌ദദേഹത്തിന്റെ തലക്കെട്ട്
അല്പം നീക്കി വലതുകവിള്‍ മണ്ണോട് ചേര്‍ത്തുവെച്ചു.....”

ഒരക്ഷരം!
http://www.deepika.com/Archives/archivepage.asp?Date=06/03/2009

T.A.Sasi said...

കണ്ണീരും ചോരയും
മണ്ണും ചേര്‍ന്നുള്ള കവിതയുടെ
വിജയം

പാമരന്‍ said...

ഹൌ! നസീര്‍ജിയുടെ കമന്‍റു കണ്ടില്ലായിരുന്നെങ്കില്‍ ഞാനത്രയടം വരെ പോകുമായിരുന്നില്ല.

ശ്രീ said...

നന്നായി, ചേച്ചീ

അനൂപ്‌ കോതനല്ലൂര്‍ said...

വാക്കിന്‍ സ്ഥിരതാളം പുറംതള്ളിയ
വെറുമൊരക്ഷരമല്ലേ;
മാറ്റുനോക്കാന്‍ മെനക്കെടാതെ
അര്‍ത്ഥങ്ങള്‍ പലവഴിപോയി
നന്നായിരിക്കുന്നു ചേച്ചി

jayanEvoor said...

Manoharam....!

അലങ്കാരങ്ങളില്ലാതെ ഒരു പ്രണയാക്ഷരം..!

http://www.jayandamodaran.blogspot.com/