Sunday, September 13, 2009

ഓണം വന്നെന്നും പോയെന്നും

മങ്ങുന്ന ഉച്ചവെയിലിനോട്‌
ബസ്സ്റ്റാന്റിന്‍ ചുറ്റുവഴിയിലെ
ഓണച്ചന്തയ്ക്കെന്നും മുറുമുറുപ്പാണ്‌

വസ്ത്രമേള മുതല്‍
ഉപ്പിലിട്ട അരിനെല്ലി വരെ
'വിലകുറച്ചെന്നു' തൊണ്ടപൊട്ടിക്കുമ്പോള്‍
ചൂടുചായയും കപ്പലണ്ടിയും
ചോര്‍ച്ചയൊതുക്കിയിരിയ്ക്കും

ഫുഡ്‌പാത്തില്‍ ബാക്കിയായ സ്ലാബുകളില്‍
കുഞ്ഞുടുപ്പിന്‍ അത്തക്കളമുണ്ടിപ്പോഴും

വീടെത്താന്‍ ഇരട്ടിവേഗത്തില്‍
ധൃതിപ്പെടും കൈകാലുകളും,
ചെളിക്കുഴമ്പു തുപ്പും
ചക്രസഞ്ചാരങ്ങളും,
പെയ്യുന്ന ഓരോ മഴയും
എത്ര കുതിര്‍ത്തിട്ടും അലിയാതെ
കരുവാളിച്ച ഒരു നോട്ടമുണ്ട്‌;

എടുത്താല്‍ പൊങ്ങാത്ത പൂജ്യങ്ങളുമായി,
ചാരിച്ചാരി മിനുസപ്പെട്ട
തട്ടുകടച്ചായ്പ്പിലെ കസേരത്തുണ്ടില്‍,
ഓണം വന്നതും പോയതും കേട്ടറിയുകയാവും
'നാളത്തെ ഭാഗ്യ'ത്തിന്‍ വില്‍പ്പനക്കാരന്‍

***************************

16 comments:

ചന്ദ്രകാന്തം said...

ഓണം വന്നാലും പോയാലും

Kaithamullu said...

അരിഞ്ഞൂടാ തോഴീ....
അരിഞ്ഞൂടാ!

(ഓണം ഉണ്ടെന്നും പായസം കുടിച്ചെന്നും കേട്ടത് പൊയ്യാണോ എന്തോ?)

പകല്‍കിനാവന്‍ | daYdreaMer said...

ആരൊക്കെയോ പറയണത് കേട്ട്. വന്നെന്നും പോയെന്നും..

Steephen George said...

vayichu

വാഴക്കോടന്‍ ‍// vazhakodan said...

ഓണം വന്നെന്നും പോയെന്നും! എന്തരോ എന്തോ!!!

തൃശൂര്‍കാരന്‍ ..... said...

എടുത്താല്‍ പൊങ്ങാത്ത പൂജ്യങ്ങളുമായി,
ചാരിച്ചാരി മിനുസപ്പെട്ട
തട്ടുകടച്ചായ്പ്പിലെ കസേരത്തുണ്ടില്‍,
ഓണം വന്നതും പോയതും കേട്ടറിയുകയാവും
'നാളത്തെ ഭാഗ്യ'ത്തിന്‍ വില്‍പ്പനക്കാരന്‍

കൊള്ളാം..:-)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

കാട്ട് കോഴിക്കെന്ത് സംക്രാന്തി?

Vinodkumar Thallasseri said...

കവിതയുടെ മിന്നലാട്ടം. കൊള്ളാം.

കനല്‍ said...

ഒട്ടിയ വയറിനെ, വിട്ടുമാറി പോകുന്ന
പൊട്ടിയ നിക്കറിനെ, വലിച്ചുകേറ്റി
അരയില്‍ തോണ്ടി, കൈത്തണ്ട നീട്ടി
വഴി തടയുന്നൊരു കറുത്ത ചെക്കനെ

കണ്ടില്ലെ അവിടേ?
ഇല്ലെങ്കില്‍ ഓണം വന്നത് കേരളത്തിലാവില്ല

വയനാടന്‍ said...

നല്ല വരികൾ.

ശ്രീ said...

ഇന്നത്തെ സാധാരണക്കാരന്റെ ഓണക്കാലത്തിന്റെ ഒരു നേര്‍ക്കാഴ്ച.

നന്നായിട്ടുണ്ട്, ചേച്ചീ.

പാമരന്‍ said...

"ചാരിച്ചാരി മിനുസപ്പെട്ട.." athaanu point!

ശ്രീലാല്‍ said...

വരാതെ പോയ ഓണം..
നല്ല കവിത.

yousufpa said...

ഞാങ്കണ്ടു ഇഴഞ്ഞു നടക്കുന്ന പാന്‍പുകളെ..

മാണിക്യം said...

എടുത്താല്‍ പൊങ്ങാത്ത പൂജ്യങ്ങളുമായി,
ചാരിച്ചാരി മിനുസപ്പെട്ട
തട്ടുകടച്ചായ്പ്പിലെ കസേരത്തുണ്ടില്‍,
ഓണം വന്നതും പോയതും കേട്ടറിയുകയാവും
'നാളത്തെ ഭാഗ്യ'ത്തിന്‍ വില്‍പ്പനക്കാരന്‍


നാളെയാണ് നാളെയാണ് നാളെയാണ്
നറുക്കെടുപ്പ്....
വന്നാലും പോയാലും
ചുരുക്കത്തില്‍ അതാണ് ഓണം!!

ഗിരീഷ്‌ എ എസ്‌ said...

ചന്ദ്രേ
മനോഹരം
ആശംസകള്‍