Monday, February 22, 2010

വെളിച്ചത്തിന്റെ അക്ഷരമാല

തലങ്ങും വിലങ്ങും അഴിയിട്ടുമുറിച്ച്‌
ചുമരില്‍ തിങ്ങി നിറഞ്ഞൊരു ജനല്‍

ഒരൊറ്റ നീക്കം കൊണ്ടൊരാകാശമൊതുക്കാന്‍
വലത്തേ മുകള്‍ക്കള്ളിയില്‍
തെന്നിത്തെന്നിയൊരു സ്വപ്നമേഘം

ചടച്ചുണങ്ങിയിട്ടും
നുള്ളു പച്ചപ്പുകോര്‍ത്തൊരു ചില്ല
ഇടത്ത്‌ നടുക്കളത്തില്‍ എത്തിപ്പിടിച്ചിട്ടുണ്ട്‌

മഴവില്ല്‌മായ്ച്ച്‌ പെയ്ത മഴയില്‍
അതിന്‍ നിറത്തുള്ളികളില്ലല്ലോ എന്ന്‌
തരിച്ചു നില്‍ക്കും പുല്‍ത്തുമ്പുകളാണ്‌ താഴെ

കുന്നോളം കൂട്ടിവച്ചതു
മഴയെടുത്തെന്ന്‌,
ദ്രവിച്ചൊരു ശലഭപ്പാതിയും തൂക്കി
ജനല്‍പ്പടിയില്‍ ഉറുമ്പുകള്‍

അഴികള്‍ക്കിപ്പുറം,
പൂഴ്‌ന്നൊരു തേര്‍ച്ചക്രമോ
ഒരുപിടി മണ്ണോ ഇല്ലാതെ,
കളങ്ങളറുപത്തിനാലിനോടും പൊരുതി,
കുഴഞ്ഞുപോയ ചിറകുപേക്ഷിയ്ക്കാന്‍
കൂടുകാണാതെ നിന്നൊരു കരച്ചില്‍,
വീതം വയ്ക്കാത്ത വെളിച്ചം
കണ്ണില്‍ക്കോരി
ജീവിതമെഴുതി വായിയ്ക്കുന്നു.

12 comments:

ചന്ദ്രകാന്തം said...

അക്ഷരമാല..

Unknown said...

ചടച്ചുണങ്ങിയിട്ടും
നുള്ളു പച്ചപ്പുകോർത്തൊരു ചില്ല
ഇടത്ത്‌ നടുക്കളത്തിൽ എത്തിപ്പിടിച്ചിട്ടുണ്ട്‌

സഹയാത്രികന്‍ said...

ചേച്ച്യേ... ഗൊള്ളാം... ഇതല്ലാതെ ഞാനെന്ത് പറയാന്‍.....!

ശ്രീ said...

നന്നായിട്ടുണ്ട് ചേച്ചീ.
(സഹന്‍ ഇങ്ങോട്ടും എത്തീല്ലേ? നന്നായി)
:)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ദ്രവിച്ചൊരു ശലഭപ്പാതിയും തൂക്കി
ജനല്‍പ്പടിയില്‍ ഉറുമ്പുകള്‍'

ഈഅക്ഷരപ്പാതി എനിക്ക്.

manalezhuthukal smith said...

വീതം വയ്ക്കാത്ത വെളിച്ചം
കണ്ണില്‍ക്കോരി
ജീവിതമെഴുതി വായിയ്ക്കുന്നു....

njaanum.

പകല്‍കിനാവന്‍ | daYdreaMer said...

അഴികള്‍ക്കിപ്പുറം!!

Rare Rose said...

ഈ അഴികള്‍ക്കിടയിലൂടെ നോക്കുമ്പോള്‍ അളന്നു മുറിച്ചിട്ട ജീവിതം എങ്ങനെയെല്ലാമാണു വായിക്കപ്പെടുന്നത് എന്നേയുള്ളൂ അത്ഭുതം..

തണല്‍ said...

അകത്താര്..?
പുറത്താര്...?
-വീതം വെയ്ക്കാത്ത വെളിച്ചം..വാഹ്!
:)

മിര്‍സ said...

പൂഴ്‌ന്നൊരു തേര്‍ച്ചക്രമോ
ഒരുപിടി മണ്ണോ ഇല്ലാതെ,
കളങ്ങളറുപത്തിനാലിനോടും പൊരുതി,
കുഴഞ്ഞുപോയ ചിറകുപേക്ഷിയ്ക്കാന്‍
കൂടുകാണാതെ നിന്നൊരു കരച്ചില്‍

nannaayittundu

പാമരന്‍ said...

damn good.

Manickethaar said...

മഴവില്ല്‌മായ്ച്ച്‌ പെയ്ത മഴയില്‍
അതില്‍ നിറത്തുള്ളികളില്ലല്ലോ എന്ന്‌
തരിച്ചു നില്‍ക്കും പുല്‍ത്തുമ്പുകളാണ്‌ താഴെ