Thursday, February 3, 2011

പാത്തുമ്മാമ

ബോധവുമബോധവും കൂട്ടിത്തുന്നിയ ഇടവഴിയിലൂടെ
ഭൂതകാലമിഴപിണഞ്ഞ നടത്തത്തിനിടയില്‍,

പ്രകാശം കണ്ണെഴുതിച്ച
ഏതോ നിമിഷത്തിനോര്‍മയെ എന്നപോലെ,
തിമിരക്കണ്ണുകൊണ്ടാണെങ്കിലും
സൂക്ഷ്മമായൊരു
വെള്ളാരംകല്ലിനെ നുള്ളി,
മാനം കാട്ടാതെ
കാല്‍വിരലില്‍ ഇറുക്കിപ്പിടിയ്ക്കും
പാത്തുമ്മാമ

പിഞ്ഞിയ കാച്ചിയൊന്നു മുറുക്കി,
ഓരോ കല്‍ത്തുണ്ടിനേയും
വീടുകാണിയ്ക്കും, പുതപ്പിച്ചുറക്കും

സ്വപ്നനാഴികകളില്‍,
മിന്നാമിന്നികള്‍ മേലാപ്പിട്ട ആകാശമുറ്റത്ത്‌
മയിലാഞ്ചിക്കൈകള്‍ക്കൊപ്പം
കൊട്ടിപ്പാടാന്‍ പോകും

മേലാകെ തളിര്‍ത്ത ചിറകുകരിഞ്ഞ്‌
കീറപ്പായിലെ പഴമ്പുതപ്പിനടിയിലേയ്ക്ക്‌
നാടുകടത്തപ്പെടുമ്പോള്‍
പാത്തുമ്മാമയുടെ പീളകെട്ടിയ പകലിനെ
മുറ്റത്തെ മാവില പല്ലു തേപ്പിയ്ക്കും
പാളത്തൊട്ടി തുളുമ്പി നില്‍ക്കും

പുള്ളിവീണ രണ്ടോട്ടുപാത്രവും
വക്കില്ലാ പിഞ്ഞാണവും
പൊളിഞ്ഞ ചാണകത്തറയില്‍
നിര്‍ത്താതെ വെടി പറയുകയാവും;
മടിയന്മാര്‍!

പണ്ടെന്നോ
ഭാഗ്യം തേടിപ്പോയ തോഴന്റെ
കൈതപ്പൂക്കും ഉറുമാല്‍ത്തുണ്ടെടുത്ത്‌
പാത്തു കസവുതട്ടമിടും,
സുറുമയെഴുതാനവന്റെ വിരല്‍ തേടും

കെട്ടിമേയാത്ത പുരയില്‍
ചിതറുന്ന മഴയിലും ചോരുന്ന വെയിലിലും
മുല്ലപ്പൂമണക്കുന്ന കെസ്സുപാട്ടൊഴുകും

പിന്നെപ്പിന്നെ
മുട്ടോളമിട്ട കുപ്പിവള പൊട്ടിപ്പൊട്ടി
കല്ലിച്ച ഓര്‍മ്മക്കൂമ്പാരത്തില്‍ കലരുമ്പോള്‍
കാറ്റിലൊരു തേങ്ങലുയരും

ഒരു സന്ധ്യയ്ക്ക്‌
മഴവില്ലിറങ്ങിയെത്തിയ
മിന്നല്‍ത്തോണിയില്‍ കയറിപ്പോയതാണ്‌;
പുലര്‍ന്നിട്ടും, മാവില കുഴഞ്ഞു വീണിട്ടും
തൊട്ടി വരണ്ടിട്ടും
പാത്തുമ്മാമ വന്നില്ല

വെള്ളാരം കുന്നുകളില്‍
മലക്കുകള്‍ പാറിനടന്നു
മഴയുണക്കാനിട്ട മൈതാനം കടന്ന്‌
മയിലാഞ്ചിക്കാട്ടിലേയ്ക്ക്‌ വഴി വളര്‍ന്നു

കേട്ടു കേട്ടു വന്ന്‌,കണ്ണുതുടച്ചവരോട്‌,
എന്റെ പാത്തു
മേഘം മുറിച്ച്‌ നീന്തി വരുന്നല്ലോ എന്ന്‌
ഓര്‍മ്മക്കല്ലുകള്‍ക്കിടയില്‍ നിന്നും
ഉറുമാലുചുറ്റിയ ഒരു പൊന്‍പണം
തിളങ്ങിക്കൊണ്ടിരുന്നു..

18 comments:

ചന്ദ്രകാന്തം said...

പാത്തുമാമ..
അരികുപറ്റി കടന്നുപോയവരില്‍ ഒരാള്‍.

നീതു said...

ഞങ്ങള്‍ക്കുമുണ്ടായിരുന്നു..
ഇങ്ങനെയൊരു പാത്തുമാമ

yousufpa said...

കെസ്സ് പാട്ടിന്റെ രാജ്ഞി ആയിരുന്ന ഉമ്മാവുമ്മയെ ഓർമ്മ വന്നു കവിത വായിച്ചപ്പോൾ.കവിത ലവലേശം പോലും മാപ്പിള സ്ംസ്കാരത്തിൽ നിന്നും വ്യതിചലിച്ചിട്ടില്ല. സന്തോഷം തോന്നി വായിച്ചപ്പോൾ.

Appu Adyakshari said...

കെട്ടിമേയാത്ത പുരയില്‍
ചിതറുന്ന മഴയിലും ചോരുന്ന വെയിലിലും
മുല്ലപ്പൂമണക്കുന്ന കെസ്സുപാട്ടൊഴുകും wow !!!

ഇത്രയും ആസ്വദിച്ച് ഒരു ചന്ദ്രകാന്തക്കവിതയും വായിച്ചിട്ടില്ല.. ഒരു വീഡിയോ ചിത്രം പോലെ എല്ലാം വ്യക്തം....

Abhi-gratulations

kichu / കിച്ചു said...

മേഘം മുറിച്ച്‌ നീന്തിവരട്ടെ :))

കുസുമം ആര്‍ പുന്നപ്ര said...

പാത്തുമാമ കൊള്ളാം

മുകിൽ said...

പാത്തുമാമയുടെ ഗന്ധമുള്ള കവിത. നന്നായി ആസ്വദിച്ചു.

Kalavallabhan said...

നന്നായിട്ടുണ്ട്

കാട്ടിപ്പരുത്തി said...

എല്ലാ ഗ്രാമത്തിനുമുണ്ടാകും ഇത് പോലെയൊരു ഉമ്മാമ- പഴയ ഓർമകളെ പൊടി തട്ടാൻ ഇതൊരു വലിയ കാരണമായി- നന്ദിയുണ്ട്:

sUnIL said...

nice! like it!

Manickethaar said...

കാണാൻ കഴിയതെ പോയ പാത്തുമാമക്കു, കവിതയിലൂടെ ഒരു ഓർമ്മ്കുറിപ്പ്‌.

കരീം മാഷ്‌ said...

വൈധവ്യവും നിരാശ്രയത്വവും അനുഭവിക്കുന്ന പാത്തുമ്മാമമാരെ പ്രകൃതിക്കു തന്നെ ദയ തോന്നി വിളിച്ചു കൊണ്ടു പോയി കൂട്ടക്കാരുടെ അടുത്തെത്തിക്കും.
ആരോരുമില്ലാതെ ഒറ്റക്കു ജീവിച്ചു, ദുരന്തം വിളിച്ചു കൊണ്ടുപോയ
ഒരു പാടു പാത്തുമ്മാമമാർക്കു വേണ്ടി ഈ കവിത സമർപ്പിക്കാം നമുക്ക്!

മയൂര said...

കവിതയ്ക്കുമ്മ :)

Manoraj said...

വരികള്‍ ശരിക്ക് കവിത്വമുള്ളവ. മനോഹരമായിരിക്കുന്നു.

ശ്രീജ എന്‍ എസ് said...

ഓര്‍മ്മകളിലൂടെ...

ശ്രീനാഥന്‍ said...

നല്ല മിഴിവുള്ള ചിത്രം , മനോഹരമായ ഭാഷ, മാപ്പിള സ്ത്രി ഇത്ര നന്നായി കവിതയില്‍ കണ്ടതായി ഓര്‍ക്കുന്നില്ല

ഭാനു കളരിക്കല്‍ said...

മനോഹരമായി ഈ ഓര്‍മ്മ...

SASIKUMAR said...

Chandni,

This portrait is fantastic.