Sunday, March 20, 2011

നിന്നെ മനസ്സിലാവുന്നില്ല, ചിലപ്പോഴെങ്കിലും എന്നെയും

കുടിനീരിലേയ്ക്ക്‌
തൊട്ടി മുക്കുമ്പോളാകും
നീ കിണര്‍ തന്നെ മാച്ചുകളയുന്നത്‌
നെല്ലിയ്ക്കച്ചവര്‍പ്പ്‌ തൊണ്ടയിലിരുന്ന്‌ പെരുക്കും
കിട്ടാത്ത ജലമധുരം
പ്രതീക്ഷയുടെ വേനല്‍പ്പടിയില്‍ നിന്ന്‌ കിതയ്ക്കും

കണ്ണുനിറച്ചുമുള്ള മുള്‍ക്കള്ളിയില്‍ നിന്നും
മനസ്സൊന്നു നനച്ചിടാന്‍
മഷിത്തണ്ടു തേടുമ്പോള്‍..
കാഴ്ച്ചപ്പാടത്തു നിറയെ നീ
മണല്‍ക്കുന്നുകള്‍ വിതറും

ഒടുക്കം
ഏതൊക്കെയോ ശാപഭാഷയില്‍
ചിറികോട്ടി മുഷ്ടിചുരുട്ടി
ഉപ്പുപാത്തിയിലൊതുങ്ങുന്ന എനിയ്ക്കായി,
വരണ്ട ശിരോവസ്ത്രമൊളിപ്പിച്ച
മരുപ്പച്ചയില്‍ നിന്ന്‌
ഈന്തപ്പഴച്ചാറ്‌
ഇറ്റിത്തരുന്നവളേ.. നിന്നെയും..

പച്ചതീണ്ടാത്ത മണ്ണില്‍ അടഞ്ഞുതീരുന്ന
ജീവിതത്തവണകളെണ്ണിയെണ്ണി
പാതിയുണങ്ങിയ കരുവാടുപോലെ കൈകാലടുക്കി,
അടപറ്റിയ തലയിണയുടെ സ്വപ്നത്തിലേയ്ക്ക്‌
വലിഞ്ഞുകയറുന്ന എന്നെയും..

ഒരു മഴത്തുള്ളിയില്‍
കുതിര്‍ന്നുപോയേക്കാവുന്ന മനസ്സിന്‌
മനസ്സിലാകാതെ പോകുന്നതില്‍ എന്താണ്‌ തെറ്റ്‌?
**********************

15 comments:

T.A.Sasi said...

''കുടിനീരിലേയ്ക്ക്‌
തൊട്ടി മുക്കുമ്പോളാകും
നീ കിണര്‍ തന്നെ മാച്ചുകളയുന്നത്‌
നെല്ലിയ്ക്കച്ചവര്‍പ്പ്‌ തൊണ്ടയിലിരുന്ന്‌ പെരുക്കും
കിട്ടാത്ത ജലമധുരം
പ്രതീക്ഷയുടെ വേനല്‍പ്പടിയില്‍ നിന്ന്‌ കിതയ്ക്കും''

ചന്ദ്രകാന്തത്തിന്റെ കവിത
കുറുകി കുറുകി എന്തു മാത്രം മാറിയിരിക്കുന്നു..
പല തവണ വായിക്കണം ഈ കവിത

കരീം മാഷ്‌ said...

മനസ്സെന്നൊരവയവമില്ലാത്തതിനാലാവും
മനസ്സിലാവാത്തത്.
അല്ലെങ്കിൽ മനസ്സിനകത്ത് കയറ്റാൻ മനസ്സില്ലാത്തതിനാലാവും.

Rare Rose said...

ഇതൊരുപാടിഷ്ടായി ചേച്ചീ.ഓരോ വരിയും,വാക്കും മനസ്സോട് ചേര്‍ത്തു വെക്കുന്നു..

ശ്രീനാഥന്‍ said...

ഒരിറ്റു ജലം, മണൽ കൂമ്പാരങ്ങൾക്കപ്പുറത്ത് ഒരു നല്ല കാഴ്ചക്കീറ്- പിന്നെയാ നീട്ടിയ ഈന്തപ്പഴച്ചാറ് ഇറ്റിച്ചവൾ, അടപറ്റിയ തലയിണയിലേക്ക് വലിഞ്ഞ ഞാൻ-ഒരു മഴത്തുള്ളിയില്‍
കുതിര്‍ന്നുപോയേക്കാവുന്ന രണ്ടും മനസ്സിലാക്കാത്ത ആ മനസ്സേത്? ഒരു വായനക്കാരൻ ഉറക്കെയൊന്നു ചിന്തിച്ചതാണ്. അവ്യക്തതകളിലൂടേ കവിത സ്പർശിക്കുന്നുണ്ട് !

Pranavam Ravikumar a.k.a. Kochuravi said...

നന്നായിരിക്കുന്നു!

മുസാഫിര്‍ said...

ഇവിടെ ജന‍ലിലൂടെ കാണുന്ന വാശിയോടെ പെയ്യുന്ന മഴയുടെ കാഴ്ച കവിത ഉണര്‍ത്തുന്ന നൊമ്പരങ്ങളെ ശമിപ്പിക്കുന്നില്ല.മരുഭൂമിയുടെ ഓര്‍മ്മപ്പാടുകളെ വീണ്ടും ഉണര്‍ത്തുക മാത്രം ചെയ്യുന്നു.

Manickethaar said...

മനസ്സൊന്നു നനച്ചിടാന്‍
മഷിത്തണ്ടു തേടുമ്പോള്‍..
കാഴ്ച്ചപ്പാടത്തു നിറയെ നീ
മണല്‍ക്കുന്നുകള്‍ വിതറും.......

പകല്‍കിനാവന്‍ | daYdreaMer said...

!
കുടിനീരിലേയ്ക്ക്‌
തൊട്ടി മുക്കുമ്പോളാകും
നീ കിണര്‍ തന്നെ മാച്ചുകളയുന്നത്‌
നെല്ലിയ്ക്കച്ചവര്‍പ്പ്‌ തൊണ്ടയിലിരുന്ന്‌ പെരുക്കും
കിട്ടാത്ത ജലമധുരം
പ്രതീക്ഷയുടെ വേനല്‍പ്പടിയില്‍ നിന്ന്‌ കിതയ്ക്കും

മുകിൽ said...

നന്നായിരിക്കുന്നു.

പാമരന്‍ said...

great!

കുടിനീരിലേയ്ക്ക്‌
തൊട്ടി മുക്കുമ്പോളാകും
നീ കിണര്‍ തന്നെ മാച്ചുകളയുന്നത്

യൂസുഫ്പ said...

ഒടുക്കം
ഏതൊക്കെയോ ശാപഭാഷയില്‍
ചിറികോട്ടി മുഷ്ടിചുരുട്ടി
ഉപ്പുപാത്തിയിലൊതുങ്ങുന്ന എനിയ്ക്കായി,
വരണ്ട ശിരോവസ്ത്രമൊളിപ്പിച്ച
മരുപ്പച്ചയില്‍ നിന്ന്‌
ഈന്തപ്പഴച്ചാറ്‌
ഇറ്റിത്തരുന്നവളേ.. നിന്നെയും..

ഈ വരികളിലാണ്‌ കവിതയുടെ ഹൃദയം എന്നു തോന്നുന്നു.

എപ്പോഴോ ലഭിക്കുന്ന മഴനനവിൽ നിന്ന് ഊറ്റിയെടുത്ത നീർ ഈത്തപ്പഴച്ചാറായ് ലഭിക്കുന്ന പ്രതിഭാസം ഉണ്ടല്ലോ..? അവിടെയാണ്‌ മനുഷ്യനെന്ന നിസ്സാരന്റെ കൈമലർത്തലുകൾക്ക് അർത്ഥം കൊടുക്കുന്നത്.

ശ്രീദേവി said...

നിന്നെ മനസ്സിലാകുന്നില്ല..എന്നാല്‍ പലപ്പോളും എന്നെ തന്നെയും മനസ്സിലാകുന്നില്ല എന്ന് തന്നെ അല്ലെ.മൂന്നു തവണ വായിച്ചിട്ടും ചിലയിടങ്ങളില്‍ ആശയ കുഴപ്പം.എന്റെ വായനയുടെ പ്രശനമാകും കേട്ടോ.

Rajeeve Chelanat said...

മനസ്സിലാകായ്‌കക്കും ചിലപ്പോൾ ഒരു സുഖമുണ്ട് ചന്ദ്രകാന്തം.
കവിത നന്ന്.
അഭിവാദ്യങ്ങളോടെ

Vayady said...

"ഒരു മഴത്തുള്ളിയില്‍
കുതിര്‍ന്നുപോയേക്കാവുന്ന മനസ്സിന്‌
മനസ്സിലാകാതെ പോകുന്നതില്‍ എന്താണ്‌ തെറ്റ്‌?"

ഒരു തെറ്റുമില്ല..അല്ലെങ്കിലും തെറ്റും ശരിയും ആപേക്ഷികമല്ലേ?
നല്ല വരികള്‍. ഇഷ്ടമായി.

രാജേഷ്‌ ചിത്തിര said...

good...
ishtam...:)