Tuesday, May 3, 2011

കുടഞ്ഞെറിയുന്തോറും ചുറ്റിപ്പിടിയ്ക്കുന്ന വിരല്‍ത്തണുപ്പുകള്‍

ജീവിതത്തിന്റെ അതിശൈത്യമേഖലയില്‍ നിന്നും
കാറ്റ്‌ വീശിവീശിക്കയറുമ്പോളെല്ലാം
തടുത്തു നിര്‍ത്തണമെന്നുണ്ട്‌

വെളിച്ചമിറങ്ങാത്ത വാഴത്തോപ്പില്‍ പൊട്ടിച്ചിരിച്ച,
പിന്നെ ചോര പൊടിഞ്ഞ വളപ്പൊട്ടുകള്‍
മുളങ്കൂട്ടില്‍ ലഹരി പൂഴ്ത്തിയ ചപ്പിലകള്‍
കിതപ്പുകള്‍ ഒളിച്ചുകടന്നു കടന്ന്‌
മുള്ളുപതിഞ്ഞ വേലികള്‍..

മൂത്തുമൂത്ത്‌ കലര്‍ന്നുപോയ ശീലക്കേടുകളെ
അരിച്ചുമാറ്റാനാവാത്തതിനാല്‍
ശീതീകരിച്ചു മറയിട്ട ഇടങ്ങളാണെല്ലാം

ഒളിക്കണ്ണുകള്‍,
സദാചാരമാപിനിയിലെ സൂചകങ്ങളുടെ
കടപറിയ്ക്കുന്ന കൊടുങ്കാറ്റുകളെ
ലോകത്തെക്കാട്ടുമ്പോഴൊക്കെ,
ഉള്ളിന്റെയുള്ളില്‍
ശീതീകരണിയുടെ മൂടിയിളകാന്‍ തുടങ്ങും
വളപ്പൊട്ടുകള്‍ ചങ്കില്‍ കൊരുക്കും
വിളര്‍ത്ത ടോര്‍ച്ചുലൈറ്റുകള്‍ കണ്ണുതുളയ്ക്കും

ഉപ്പുനീര്‍ക്കയങ്ങളില്‍ നിന്ന്‌
ശാപക്കലമ്പല്‍ ചുഴിയിട്ട്‌ പൊങ്ങിപ്പറക്കും
നീണ്ട പനനിരകളിലെ
യക്ഷിസഞ്ചാരം പോലെ..

കണ്ണും കാതും കൊട്ടിയടയ്ക്കണമെന്നുണ്ട്‌
തൊലിയിലെ സൂചിപ്പഴുതുകള്‍ വരെ
പൂട്ടി വയ്ക്കണമെന്നുണ്ട്‌

*****************************
കൃതിയുടെ "കാ വാ രേഖ?" യില്‍ നിന്ന്‌

12 comments:

ചന്ദ്രകാന്തം said...

വീണ്ടും വീണ്ടും തണുപ്പ്‌ തൊടുന്നു..

അനൂപ്‌ .ടി.എം. said...

നല്ല കവിത.
കാ വാ രേഖ? വാങ്ങണമെന്നുണ്ട്.

ശ്രീനാഥന്‍ said...

നല്ല കവിത. ഈ ശീതീകരിണി ഒരു മനശ്ശല്യമാവുന്നുണ്ടല്ലേ? കാവാരേഖ എന്റെ കയ്യിലുണ്ട്.

yousufpa said...

ഞാനും കൂടിയേ....

മുകിൽ said...

nalla kavitha.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഓർമ്മകളുടെ പഴയൊരു വേലിക്കെട്ടിനുള്ളിൽ മനസ്സിനെ തളച്ചിടുന്നു,കവിത..

Manoraj said...

മികച്ച ഒരു രചന തന്നെ.. ഒട്ടേറെ വായിച്ചത് കാരണം മനസ്സില്‍ പതിഞ്ഞിട്ടുണ്ട് ഈ കവിത :)

Krithi Publications said...
This comment has been removed by the author.
Krithi Publications said...

കൃതി പബ്ലിക്കേഷന്‍സിന്റെ കാ വാ രേഖ?യില്‍ അണിചേര്‍ന്നതിന് ചാന്ദ്നിക്ക് അഭിനന്ദനങ്ങള്‍. പുസ്തകത്തിന് ഒരു മുതല്‍ക്കൂട്ടാണ് ഈ കവിത.

@അനൂപ്‌ .ടി.എം : കാ വാ രേഖ? വാങ്ങണമെന്നുണ്ടെങ്കില്‍ sales@krithipublications.com എന്ന ഇമെയിലില്‍ ഞങ്ങളുടെ സെയിത്സ് വിങുമായി ബന്ധപ്പെടൂ!

അനില്‍കുമാര്‍ . സി. പി. said...

കണ്ണും കാതും കൊട്ടിയടയ്ക്കരുത്; മനസ്സും, അവ ഇപ്പോഴും തുറന്നു തന്നെയിരിക്കട്ടെ.
ഇഷ്ടമായി ഈ നല്ല കവിത. ആശംസകള്‍

Unknown said...

ഉള്ളു തോടുന്നുണ്ടാ നനുത്ത വാക്കിന്‍ വിരലുകള്‍..
ആശംസാ പൂര്‍വ്വം..
UAE മീറ്റിനിടക്ക് ചേച്ചിയെ ഇത്തിരി അകലം പാലിച്ചു കണ്ടിരുന്നു..
:)
പരിചയപ്പെടാന്‍ മുതിര്‍ന്നില്ല
അത് പിന്നീട് വരികളിലൂടെ ആകാം എന്ന് കരുതി
http://alifkumbidi.blogspot.com/

രാജേഷ്‌ ചിത്തിര said...

ഓര്‍മ്മകളുടെ കൊടും ശൈത്യവിരല്‍സ്പര്ശം...