Monday, May 30, 2011

മരത്തല(പ്പു)കളെക്കുറിച്ച്‌

രാവിന്‌ ഊടും പാവും നെയ്ത മിന്നാമിന്നികള്‍
പുലരുവോളം കൂട്ടിരുന്ന മഞ്ഞുതുള്ളികള്‍
മേലു ചുളുങ്ങി മഞ്ഞ മഞ്ഞച്ച ഇല
പേറ്റുമുറിയ്ക്ക്‌ പുറത്ത്‌
കൈ പിന്നില്‍ കെട്ടിയും നീര്‍ത്തിയും
തലകുടഞ്ഞ്‌ അടിയളന്ന കാറ്റ്‌

ആരുമറിയുന്നില്ലല്ലോ...

ഇതളും കാമ്പും തുരന്നുപോകുന്നത്‌
ആരുമറിഞ്ഞിരുന്നില്ലല്ലോ..

കയ്യത്താകൊമ്പില്‍
കണ്ണെത്താദൂരത്തില്‍
ഇലപൊതിഞ്ഞൊളിപ്പിച്ച മൊട്ടായിരുന്നു
വിടര്‍ന്ന ചില്ലയൊന്നാകെ
മണ്ണിലേയ്ക്ക്‌ ചുരുണ്ടുപോകുന്നത്‌
ആരുമാരുമറിഞ്ഞില്ലെന്നാണോ...

സൗന്ദര്യശാസ്ത്രത്തിനേറ്റ പുഴുക്കുത്താണെന്ന്‌
തേന്‍കുടിയന്മാര്‍

വിളവെടുപ്പല്ലേ കേമം
വളം ചെയ്യല്‍ ഉത്സവമല്ലല്ലോ എന്ന്‌
മണ്ണിരകള്‍

വെള്ളക്കാരന്റെതായിരുന്നു
പുഴുതൊടാത്ത തോട്ടങ്ങളെന്ന്‌
വെള്ളമൂടിയിരിയ്ക്കുന്നോര്‍

പുഴുക്കളെ കല്ലെറിയണമെന്ന്‌
ചുരുട്ടിയ മുഷ്ടികള്‍

അമരത്തടത്തിലും
ആലിന്‍ചോട്ടിലുമുണ്ട്‌
പുഴുസഞ്ചികള്‍
മണ്ണുതൊട്ട്‌ ഇലത്തുമ്പുവരെ
കണ്ണുവച്ചവര്‍

വേരോളമിറങ്ങിപ്പോയി,
നല്ലജീവനെ വീണ്ടെടുക്കേണ്ടതുണ്ടെന്ന്‌
ഓരോ മഴത്തുള്ളിയോടും
തവളകള്‍ കരഞ്ഞുകൊണ്ടേയിരിയ്ക്കുന്നു
വയല്‍വരമ്പില്‍ ചീവീടുകള്‍
കാതു തുളയ്ക്കുന്നു..

ഇഴഞ്ഞുകേറ്റങ്ങളെ പ്രതിരോധിയ്ക്കാന്‍
തണ്ടുനിറയെ മുള്ളുകള്‍ മുളയ്ക്കുമായിരിയ്ക്കുമെന്ന്‌
ഒറ്റക്കാലില്‍ ഒരു കൊടിമരം

19 comments:

Anurag said...

വെള്ളക്കാരന്റെതായിരുന്നു
പുഴുതൊടാത്ത തോട്ടങ്ങളെന്ന്‌
വെള്ളമൂടിയിരിയ്ക്കുന്നോര്‍

Rasheed Chalil said...

പാടത്തും പറമ്പിലും വീട്ടിലും നാട്ടിലും വ്യതിജീവിത്തിലും സാമുഹ്യജീവിതത്തിലും രഷ്ടീയത്തിലും നീതിന്യായത്തിലുമെല്ലാം വിഷമിറക്കാന്‍ വാങ്ങിച്ചത് കൊടും വിഷമാണെന്ന തിരിച്ചറിവ്...

ഒത്തിരി പറയുന്ന ഇച്ചിരി വരികള്‍... ഇഷ്ടായി :)

ഭാനു കളരിക്കല്‍ said...

ഈ രാഷ്ട്രീയ എഴുത്തിനു അഭിനന്ദനങ്ങള്‍ .

Kaithamullu said...

“---കയ്യത്താകൊമ്പില്‍
കണ്ണെത്താദൂരത്തില്‍
ഇലപൊതിഞ്ഞൊളിപ്പിച്ച മൊട്ടായിരുന്നു
വിടര്‍ന്ന ചില്ലയൊന്നാകെ
മണ്ണിലേയ്ക്ക്‌ ചുരുണ്ടുപോകുന്നത്‌
ആരുമാരുമറിഞ്ഞില്ലെന്നാണോ...“

എന്ന രോദനം എത്ര പ്രസക്തം എന്ന് ചിന്തിച്ചതേയുള്ളു; അപ്പോഴതാ‍:

“--വിളവെടുപ്പല്ലേ കേമം
വളം ചെയ്യല്‍ ഉത്സവമല്ലല്ലോ ..‍“

ഈ rhetoric നും cocophany ക്കും (sorry for english)ഇടയില്‍:

‘--ഇഴഞ്ഞുകേറ്റങ്ങളെ പ്രതിരോധിയ്ക്കാന്‍
തണ്ടുനിറയെ മുള്ളുകള്‍ മുളയ്ക്കുമായിരിയ്ക്കുമെന്ന്‌
ഒറ്റക്കാലില്‍ ഒരു കൊടിമരം“

മരത്തല(പ്പു)കള്‍ പച്ചയ്ക്കുന്നത് എന്ത് കൊണ്ട് ?

“‘--പുഴുസഞ്ചികള്‍
മണ്ണുതൊട്ട്‌ ഇലത്തുമ്പുവരെ!”

കവിതക്കെന്ത് പ്രകാശം എന്നിനിയും ഞാന്‍ പറയണോ?

Manickethaar said...

പേരു നന്നായി,പിന്നെ വരികൾ....
ഇഴഞ്ഞുകേറ്റങ്ങളെ പ്രതിരോധിയ്ക്കാന്‍
തണ്ടുനിറയെ മുള്ളുകള്‍ മുളയ്ക്കുമായിരിയ്ക്കുമെന്ന്‌
ഒറ്റക്കാലില്‍ ഒരു കൊടിമരം.....വളരെ ശരിയാണു...വേദന....

yousufpa said...

മനുഷ്യർ അറിഞ്ഞും കൊണ്ടും ചുരുണ്ടും പിന്നെ പ്പിന്നെ താഴോട്ട് തന്നെ. ഒരിക്കലും മാറാത്ത, താന്തോന്നിത്തം ഒട്ടിയ ജന്മങ്ങൾ..
കവിത എന്റെ രോഷത്തെ ഒന്നുകൂടി പെരുപ്പിച്ചു.

രാജേഷ്‌ ചിത്തിര said...

പച്ചച്ചു പച്ചയ്ക്കേണ്ട കാലമാണു
മഞ്ഞളിച്ച് മഞ്ഞപ്പിന്‍ തഴപ്പേ...

നന്നായി കണ്‍വേ ചെയ്തു.

Manoraj said...

കിടിലന്‍ പേരാണ് കവിതക്ക്.. ആ പേരിനോളം വരികള്‍ നീതിപുലര്‍ത്തിയോ എന്ന സംശയം ഉണ്ട്. എന്തോ മനസ്സില്‍ “കുടഞ്ഞെറിയുന്തോറും ചുറ്റിപിണക്കുന്ന...” കിടക്കുന്നത് കൊണ്ടാവും :) പിന്നെ കവിതയും. അത് വിലയിരുത്താന്‍ അത്രയായില്ല..

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

വിളവെടുപ്പല്ലേ കേമം
വളം ചെയ്യല്‍ ഉത്സവമല്ലല്ലോ ..

ജയിംസ് സണ്ണി പാറ്റൂർ said...

വായിച്ചു വളരെ ഇഷ്ടമായി

ഏറനാടന്‍ said...

ഹൃദ്യമായി.

ശ്രീജിത് കൊണ്ടോട്ടി. said...

ശക്തമായ വരികള്‍..

ശ്രീനാഥന്‍ said...

നല്ല കവിത!

ഉസ്മാന്‍ പള്ളിക്കരയില്‍ said...

എല്ലാ തർക്കങ്ങൾക്കുമൊടുവിൽ “ഇലപൊതിഞ്ഞൊളിപ്പിച്ച മൊട്ട്” വിടർന്ന് വിലസി സുഗന്ധം പരത്തിയെങ്കിൽ.....

നമുക്ക് ശുഭാപ്തി വിശ്വാസികളാകാം.

വരികൾക്ക് ശക്തിയുണ്ട്.

ആശംസകൾ.

http://ozhiv.blogspot.com/

മുകിൽ said...

നല്ലൊരു കവിത!

umbachy said...

പുഴുവിന് അതിന്റെ വഴി വിട്ടു തന്നിരിക്കുന്നു...

Rajeeve Chelanat said...

പുഴുക്കളുടെ അതിജീവനതന്ത്രങ്ങൾ അറിയാത്ത മരത്തല(പ്പു)കൾക്ക് പരമസുഖം..
എങ്കിലും ഒരു തിരിച്ചറിവിന്റെ സുഖമുണ്ട് കവിതക്ക്.
അഭിവാദ്യങ്ങളോടെ

ജയരാജ്‌മുരുക്കുംപുഴ said...

nannayittundu......... aashamsakal..........

ഭാനു കളരിക്കല്‍ said...

വീണ്ടും വായിച്ചു. തികച്ചും ശരിയായ തിരിച്ചറിവുകള്‍.