Sunday, January 8, 2012

അന്നേരം മല്‍സ്യത്തിന്റെ കണ്ണിലേയ്ക്ക്‌ നോക്കിയിട്ടുണ്ടോ..

മനസ്സുമാത്രമനങ്ങുന്ന
പതിഞ്ഞ ഈണത്തില്‍
പ്രണയമെന്നൊരു പുഴ

ഓളവിരിപ്പിലേയ്ക്ക്‌ നീന്തിക്കയറി
ജലമിടിപ്പുകളില്‍
ഉമ്മവെയ്ക്കുന്ന മല്‍സ്യങ്ങള്‍

ഒറ്റനോട്ടത്തില്‍ തെളിയാത്ത
ചിത്രങ്ങളിലൂടെ
ഉടലാകെയൊഴുകുന്ന തോണി

എത്രതവണ ആഴമളന്നാലും
മതിവരില്ല തുഴക്കോലിന്‌!

ഇലയില്‍ നിന്നും ഇലയിലേയ്ക്ക്‌ ഇറ്റുന്ന
നിലാവില്‍ നിന്നൊരു മഞ്ഞുതുള്ളി,
കൂട്ടുവന്ന കാറ്റിനെക്കൂട്ടാതെ
നനഞ്ഞിറങ്ങി
തഴുകിത്തഴുകി മൂര്‍ച്ചമാഞ്ഞ
കല്ലൊതുക്കിലൂടെ മുങ്ങാംകുഴിയിട്ടു

മണല്‍ത്തട്ടിന്‍ ഹൃദയഭിത്തിയില്‍
ദൈവം വാതില്‍ തുറന്നുവച്ചു

----------------------------------

10 comments:

മനോജ് കെ.ഭാസ്കര്‍ said...

നോക്കേണ്ട മിഴികളും കൂമ്പി നില്‍ക്കുകയാണെങ്കില്‍ പിന്നെങ്ങനെ കാണും.

അഭിനന്ദനങ്ങള്‍......

Manickethaar said...

നന്നായിട്ടുണ്ട്‌....ആശംസ്കൾ

രാജേഷ്‌ ചിത്തിര said...

രണ്ടു കവിതകളുടെ സുഖം

Vinodkumar Thallasseri said...

സുഖമുള്ള ചിന്ത, വരികള്‍...

ശ്രീനാഥന്‍ said...

ഹാ,സുഖദമീ വരികൾ!

സേതുലക്ഷ്മി said...

എന്നേരമാണ് നോക്കേണ്ടതെന്നു കവിത വായിച്ചിട്ട് മനസ്സിലായില്ല...

Rejeesh Sanathanan said...

നല്ല വരികൾ.......

അനില്‍കുമാര്‍ . സി. പി. said...

പതിഞ്ഞ ഈണത്തില്‍ മന്ദമായൊഴുകുന്ന
പുഴപോലെ ഒരു കവിത.

എന്നാലും ഈ തലക്കെട്ടും കവിതയുമായുള്ള ബന്ധം അങ്ങോട്ട്‌ .... !!!

Kaithamullu said...

തഴുകി മൂര്‍ച്ചമാഞ്ഞ കല്ലൊതുക്കിലൂടെ അമര്‍ന്നിഴുകി മുങ്ങാംകുഴിയിട്ട മഞ്ഞുതുള്ളിയെപ്പോലെ, ക്ഷണികമെങ്കിലും ഹൃദയഭിത്തിയിലെ ദൈവം തുറന്ന് വച്ച അദൃശ്യഭിത്തിയില്‍ ലയിച്ചില്ലാതാകുന്നതിന്റെ ഒരു സുഖം....

-നല്ല കുറെ ബിംബങ്ങള്ക്ക് നന്ദി !

(മത്സ്യത്തിന്റെ കണ്ണുകള്‍ മാത്രം കണ്ടു!)

നാമൂസ് said...

അന്നേരമാ കണ്ണിലൊരു
സന്തോഷത്തിര കാണാം .