Wednesday, February 29, 2012

കോഴിയങ്കം

വെയില്‍ ചാഞ്ഞു മയങ്ങുമ്പോള്‍
അപ്പുറത്തെ കെട്ടിടച്ചായ്പ്പില്‍
എരിഞ്ഞുണരുന്ന തീക്കൂട്‌
ഏറെക്കാലമായി കാണുന്നുണ്ടെന്റെ ജനലുകള്‍

കാഴ്ചയുടെ തനിയാവര്‍ത്തനത്തില്‍
ഭയമോ ആകുലതയോ സഹതാപമോ എന്ന്‌
കനംതൂങ്ങും വികാരങ്ങള്‍
തിരിയന്‍കമ്പിയിലെ
പൊള്ളുന്ന കോഴികളില്‍ വീണു;
മേല്‍വരിയില്‍ നിന്ന്‌ താഴേയ്ക്ക്‌ താഴേയ്ക്ക്‌
താവഴികളിലേയ്ക്ക്‌ തീച്ചാലുകീറി

പച്ചിലയും തക്കാളിച്ചുണ്ടും അലങ്കരിച്ച്‌
തീറ്റപ്പണ്ടങ്ങളുണ്ടായ്‌വരുന്നു

തീന്‍മേശ എറിഞ്ഞ
കോഴിത്തുണ്ടുകള്‍ കൊത്തിത്തിന്ന്‌,
കയ്യനക്കത്തിനൊത്ത്‌ കൊക്കി,
കസേരക്കാല്‍ വലംവെയ്ക്കാറുണ്ടൊരങ്കവാലന്‍

ഷവര്‍മക്കടയില്‍ വെളിച്ചമുറങ്ങുംവരെ,
ആര്യവേപ്പിന്‍തടം ചിക്കിയും
അങ്കത്തൂവലൊതുക്കിയുമുലാത്തും മന്നന്‍

വെട്ടുചോര മോന്തും തോമയെ ഓര്‍ത്തു;
ബെല്‍റ്റും വയറും വീര്‍ത്ത
അങ്ങാടിപ്പിരിവുകാരനെയോര്‍ത്തു;
കത്തിമുനകൊണ്ട്‌ താടിചൊറിയും
മറ്റനേകരെയോര്‍ത്തു..

എന്തുകൊണ്ടോ...
പച്ചതിളങ്ങും വെയിലുനോക്കി
ചിറകടിച്ചുകൂവുന്ന
നാടന്‍പൂവനെ ഓര്‍മ്മവന്നില്ല...

****************************
വര്‍ഷങ്ങള്‍ക്കുമുന്‍പ്‌, അബുധാബിയില്‍ ഒരു ഷവര്‍മക്കടയിലെ നിത്യക്കാഴ്ചയായിരുന്ന പൂവന്‍കോഴിയ്ക്ക്‌...

13 comments:

അപ്പു said...

നന്നായിട്ടുണ്ട് കവിത. മിക്കവരും ബ്ലോഗ് ഉപേക്ഷിച്ചു പോകുന്ന ഈ കാലഘട്ടത്തിലും ഇങ്ങനെ വല്ലപ്പോഴും എഴുതാനുള്ള മനസ്സിനു പ്രണാമം. !!

ശ്രീനാഥന്‍ said...

kകവിതയിൽ നാട്ടുപൂവനെ ഓർമ്മ വന്നല്ലോ! നന്നായി കവിത

മിര്‍സ said...

ഞാന് വായിച്ചു.എന്നെ വായിപ്പിച്ചില്ല.

Manickethaar said...

കൂവി ഉണർത്തുന്നവർക്കായി....നന്നായി

Bhanu Kalarickal said...

മനസ്സില്‍ ഇപ്പോള്‍ പൂവന്‍ കോഴിയില്ല. ഷവര്‍മ്മയുടെ രുചിയും വിശപ്പും മാത്രം.

ശ്രീ said...

നന്നായി, ചേച്ചീ

മുരളി മേനോന്‍ (Murali K Menon) said...

താക്കോല്‍ കൊടുക്കാതരുണോദയത്തില്‍
താനേ മുഴങ്ങി വലിയോരലാറം!

ഇപ്പോള്‍ സമയത്തും, അസമയത്തും മുഴങ്ങുന്നത് കഴുത്തില്‍ കത്തിവീഴുമ്പോഴുള്ള കോഴികളുടെ പിടഞ്ഞുകൊണ്ടുള്ള രോദനമാണ്...
ചന്ദ്രകാന്തത്തിന്റെ കവിതയ്ക്ക് ഒരു കോഴിത്തൂവല്‍!

yousufpa said...

ഫ്രോസന്‍ കോഴികളെ ആ ചേവലിന് മനസ്സിലായിട്ടുണ്ടാവില്യ. പൂട പോലും മുളക്കാത്ത ഫ്രോസന്‍ ജീവിതത്തില്‍ ആ നരകക്കൊഴികളും പ്രവാസികളും ഒരേ ഗണത്തില്‍ പെടുന്നു.

DEJA VU said...

നല്ല കവിതയ്ക്ക് അഭിനന്ദനങ്ങള്‍.......

മുകിൽ said...

veendumoru nalla kavitha!

അനില്‍കുമാര്‍ . സി. പി. said...

വായിച്ചു, ഈ കോഴിയങ്കം ...

രാമചന്ദ്രന്‍ വെള്ളിനേഴി said...

"ഷവര്‍മക്കടയില്‍ വെളിച്ചമുറങ്ങുംവരെ,
ആര്യവേപ്പിന്‍തടം ചിക്കിയും
അങ്കത്തൂവലൊതുക്കിയുമുലാത്തും മന്നന്‍"


പാവം പൂവനെ ആരും ഓര്‍ക്കാറില്ല....ഈ ഞാനും.....സഹ ജീവികളെ കൊന്നു തിന്നാന്‍ നാം എന്തേ ഇത്ര ഉത്സാഹം കാണിയ്ക്കുന്നു.... ഒരു നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഞാന്‍ ഈ വഴി വരുന്നത്...കവിത നന്നായിട്ടുണ്ട് എന്നു പറയേണ്ടതില്ലല്ലോ എങ്കിലും പറയുകയാണ് ..അസ്സലായിട്ടുണ്ട്

രാമചന്ദ്രന്‍ വെള്ളിനേഴി said...

"ഷവര്‍മക്കടയില്‍ വെളിച്ചമുറങ്ങുംവരെ,
ആര്യവേപ്പിന്‍തടം ചിക്കിയും
അങ്കത്തൂവലൊതുക്കിയുമുലാത്തും മന്നന്‍"


പാവം പൂവനെ ആരും ഓര്‍ക്കാറില്ല....ഈ ഞാനും.....സഹ ജീവികളെ കൊന്നു തിന്നാന്‍ നാം എന്തേ ഇത്ര ഉത്സാഹം കാണിയ്ക്കുന്നു.... ഒരു നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഞാന്‍ ഈ വഴി വരുന്നത്...കവിത നന്നായിട്ടുണ്ട് എന്നു പറയേണ്ടതില്ലല്ലോ എങ്കിലും പറയുകയാണ് ..അസ്സലായിട്ടുണ്ട്